വേണു ജി നായർ എഴുതുന്ന നോവൽ

Published on 28 July, 2022
വേണു ജി നായർ എഴുതുന്ന നോവൽ

ഇ മലയാളി ഡോട്ട് കോമിൽ  ആരംഭിക്കുന്നു   വേണു ജി നായർ എഴുതുന്ന നോവൽ "സച്ചിൻ" ആരംഭിക്കുന്നു.

അനാഥനായ സച്ചിൻ ഒരു ചെറിയ  അപകടത്തെത്തുടർന്ന്  ലൂമിനസ് ഓട്ടോസ് എന്ന കമ്പനിയുടെ എം ഡി ദേവൻ ശർമ്മയുമായി കണ്ടുമുട്ടുന്നു. ആ കമ്പനിയുടെ  ശോചനീയമായ അവസ്ഥ മനസ്സിലാക്കിയ സച്ചിൻ ദേവൻ ശർമ്മയേയും ആ കമ്പനിയെയും രക്ഷിക്കാനായി അദ്ദേഹത്തിന്റെ സെക്രട്ടറി ആയി.

ജനറൽ മാനേജർ ചേതൻ ബജാജ് ആണ്  കമ്പനി നടത്തുന്നത്. അയാളോടൊപ്പം ചേർന്ന് മറ്റു ചിലരും കമ്പനിയുടെ വരുമാനം അടിച്ചെടുക്കുകയായിരുന്നു.  കമ്പനി നഷ്ടത്തിലേക്ക്  കൂപ്പുകുത്തുകയും.  ഒരു പാട് എതിർപ്പുകൾ   നേരിടേണ്ടി വന്നെങ്കിലും തികഞ്ഞ ഉത്സാഹത്തോടെ സച്ചിൻ തന്റെ പ്രത്യേക വാക് ചാതുര്യവും കഴിവും ഉപയോഗിച്ച് അത്ഭുതകരമാം വിധം ആ കമ്പനിയിലെ വരുമാനം ഉയർത്തി.  അതോടൊപ്പം  കമ്പനിയിലെ എല്ലാവരുടെയും പ്രിയങ്കരൻ ആയി മാറുകയും ചെയ്യുന്നു.  

അതിനിടയിൽ നല്ലൊരു ഫാമിലി ഡ്രാമയും ഉണ്ട്.  തികച്ചും വായനക്കാരെ ബോറടിപ്പിക്കാതെ ഒന്നിനൊന്ന് ആകാംക്ഷയോടെ  ഓരോ ലക്കവും വ്യാഴാഴ്ച   നിങ്ങളുടെ മുന്നിൽ എത്തുന്നു.  
സ്‌നേഹപൂർവം
പത്രാധിപർ 

ഒന്ന്

 സമയം സന്ധ്യയോടടുത്തിരിക്കുന്നു. ഡൽഹി മെട്രോ സിറ്റിയിൽ താൻ ആറു മാസങ്ങൾക്ക്  ശേഷം വീണ്ടും എത്തിയിരിക്കയാണ്. ആറു മാസക്കാലം മുംബെയിൽ ജോലി ചെയ്തു. തന്നെ ആരോ മാടി വിളിച്ച പോലെ വീണ്ടും ഡൽഹിയിൽ എത്തിയിരിക്കയാണ് സച്ചിൻ.  ഇനി ഇവിടെ ഒരു ജോലി കണ്ടു പിടിക്കണം. 

ആസാദ് പൂർ കഴിഞ്ഞു ശുകൂർപൂർ ബസ്തിയിലെ റെയിൽവേ സ്റ്റേഷന്റെ അടുത്തുള്ള ജുഗ്ഗി ജോപ്പടി (ചാക്കും ഷീറ്റും ഒക്കെ കൊണ്ട് കെട്ടി ഉണ്ടാക്കിയ പാവപ്പെട്ടവർ താമസിക്കുന്ന ചെറിയ വീട്) ആണ് ലക്‌ഷ്യം.  അവിടെ നിറയെ ഇത്തരം ജുഗ്ഗി ജോപ്പടികൾ ആണ്. തന്റെ ജീവിതം തുടങ്ങിയതും അവിടെ നിന്നല്ലേ !

അവിടെ തന്റെ കൂട്ടുകാർ ഒരുപാടുണ്ട്. അതിൽ വിദ്യാഭ്യാസം നേടിയത് താൻ മാത്രമേ ഉള്ളു. ഇപ്പോൾ ഒന്ന് രണ്ടു കുട്ടികൾ പഠിക്കാനുള്ള ശ്രമത്തിലാണ്. എല്ലാം തന്നെപ്പോലെ അനാഥർ. അവർക്കെല്ലാം താൻ സച്ചിൻ ഭയ്യയാണ്. ഇന്ന് തന്നെ കണ്ടു കഴിഞ്ഞാൽ എല്ലാവർക്കും കൂടി ആഘോഷമായിരിക്കും. സച്ചിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

ടൌണിൽ നിന്നും മാറിയുള്ള റോഡ്‌ ആയതുകൊണ്ട് അധികം വണ്ടികളൊന്നും ഓടുന്നില്ല അതുവഴി. എങ്കിലും സച്ചിൻ സൈഡ് ചേർന്ന് നടക്കുകയാണ്. ഒരു കാർ പിന്നിലൂടെ വരുന്ന ശബ്ദം അവൻ കേട്ടു. തിരിഞ്ഞു നോക്കാൻ പറ്റിയില്ല, അതിനു മുന്നേ ആ കാറിന്റെ ഒരു സൈഡ് തട്ടി സച്ചിൻ കുറച്ചപ്പുറത്തുള്ള മണ്ണിലേക്ക് വീണു.

സച്ചിൻ പൊടിതട്ടി എണീറ്റു. കാലിലും കൈത്തണ്ടയിലും ബ്ലേഡ് കൊണ്ട പോലെ മുറിഞ്ഞിരിക്കുന്നു. സാരമില്ല എന്ന് കരുതി തിരിഞ്ഞ സച്ചിൻ ഞെട്ടി. തന്നെ തട്ടിയ ആ കാറിനെ ആളുകൾ തടഞ്ഞു നിർത്തിയിരിക്കയാണ് !!

ആളുകൾ കൂടിക്കൊണ്ടിരിക്കുന്നു.  കാറിൽ മാന്യനായ ഒരാൾ ഇരിക്കുന്നു. പലരും ഉറക്കെ ചീത്ത വിളിക്കുന്നു. അയാളോട് ഇറങ്ങാൻ പറയുന്നു. സച്ചിന് അത്ഭുതം തോന്നി. കാറ് തട്ടിയിട്ടത് തന്നെ. നാട്ടുകാര് തന്റെ നേരെ നോക്കുന്നുപോലുമില്ല.  കാറിലുള്ള ആളോട് എന്തോ ദേഷ്യം ഉള്ളതു പോലെ എല്ലാവരും അയാളെ വളഞ്ഞിരിക്കയാണ്.

സച്ചിൻ വീണിടത്ത് നിന്നും എണീറ്റു. കുറച്ചു ദൂരെ തെറിച്ചു വീണ തന്റെ ബ്രീഫ്കേസ് എടുത്ത് ആ ആൾക്കൂട്ടത്തിലേക്ക് കുതിച്ചു അവൻ. കയ്യിലോ കാലിലോ എവിടെയൊക്കെയോ തൊലി പൊട്ടി ചോര വരുന്നുണ്ട്. അതൊന്നും അവൻ കാര്യമാക്കിയില്ല.

ആളുകൾ കയർക്കുകയാണ്. അതിനിടയിൽ കാറിൽ നിന്നിറങ്ങാനാവാതെ ഒരു പാവം മനുഷ്യൻ. അയാൾ പറയുന്നതൊന്നും ആരും കേൾക്കുന്നില്ല.

"താഴെ ഇറങ്ങടോ. താൻ കാറിടിച്ച് ഒരാളെ തള്ളിയിട്ടിരിക്കയാണ്. ഇതിനു സമാധാനം പറഞ്ഞിട്ട് പോയാൽ മതി. " 

ആളുകൾ കൂടിക്കൊണ്ടിരിക്കുന്നു. ചിലർ പറയുന്നു.

"പൈസ എടുക്കെടോ, ചുരുങ്ങിയത് അയ്യായിരം രൂപയെങ്കിലും വേണം. ഇയാളെ ആശുപത്രിയിലാക്കണം. " 

സഹികെട്ട് സച്ചിൻ ഉറക്കെ ചോദിച്ചു:

"ആരെയാ കാറിടിച്ചത്.  എന്നെയല്ലേ ? എനിക്ക് പരാതിയില്ല. .നിങ്ങളെല്ലാം പിരിഞ്ഞു പോണം. ഒരു പാവം മനുഷ്യനെ ശല്യം ചെയ്യാതെ. "

അപ്പോഴാണ്‌ ജനങ്ങളിൽ ചിലർ വണ്ടി ഇടിച്ചു താഴെ വീണ ആളെ നോക്കുന്നത്. ചിലരൊക്കെ പതുക്കെ വലിയാൻ തുടങ്ങി. അതിൽ നേതാവെന്നു തോന്നിയവൻ പറഞ്ഞു :

"ഇതങ്ങനെ വിടാൻ പറ്റില്ല. ഇവരുടെയൊക്കെ തോന്നൽ ഇവിടെ എന്തും ആവാമെന്നാ.  പോലീസിനെ വിളിക്കണം. "

സച്ചിൻ അയാളുടെ തോളിൽ തട്ടി. 

"തന്റെ പേരെന്താ ? കാറ് തട്ടിയിട്ടത് എന്നെയാ.  അതിനെനിക്ക് പരാതിയില്ലെങ്കിൽ തനിക്കെന്താ ? മര്യാദക്ക് സ്ഥലം വിട്ടോ..."

"ഇല്ലെങ്കിൽ നീ എന്ത് ചെയ്യും ....? നിനക്കൊക്കെ വേണ്ടിയാ ഞാൻ ഒച്ചയെടുത്തത്. ഇവിടെ നീതിയും നിയമങ്ങളും ഉണ്ട്.."

"എന്നാൽ വിളിക്കെടോ പോലീസിനെ. പോലിസ് വന്ന് എന്നെ തട്ടിയിട്ടത് ആരാന്നു ചോദിച്ചാൽ ഞാൻ തന്റെ പേര് പറയും. " 

സച്ചിനും വിട്ടില്ല.  അപരൻ ഒന്ന് ഞെട്ടി. 

"ശരി ശരി ...തനിക്ക് വേണ്ടെങ്കിൽ എനിക്കെന്താ..." 

കിട്ടിയ വഴിയിലൂടെ അയാളും ഊളിയിട്ടപ്പോൾ കാണികളായി നിന്ന പലരും അവരവരുടെ വഴിക്ക് നീങ്ങി.  കാറിന്റെ അകത്തിരുന്ന ആൾ തന്റെ നേരെ നോക്കി ആശ്വാസത്തോടെ തൊഴുതു.

"ഒരു പാട് നന്ദി. അല്ലെങ്കിൽ ഇവരെല്ലാം കൂടി എന്നെ ...."

മുഴുമിക്കാൻ അയാൾക്ക് കഴിഞ്ഞില്ല. കണ്ണിൽ ജലം നിറഞ്ഞു കണ്ണുകൾ മൂടി. കുറച്ചു നേരം അയാൾ തലയും താഴ്ത്തി ഇരുന്നു.

അയാളെ വിട്ടിട്ടു പോവാൻ സച്ചിന് തോന്നിയില്ല. എന്തോ വലിയ പ്രയാസമുണ്ട്. അതാവും ഡ്രൈവിങ്ങിൽ പാളിയത്. അല്ലെങ്കിൽ താൻ വെറും സൈഡ് ചേർന്നാണ് നടന്നത്. ഒന്നു  രണ്ട് നിമിഷങ്ങൾ കഴിഞ്ഞ് കാറിലുള്ള ആൾ ഇറങ്ങി സച്ചിന്റെ അടുത്തെത്തി.

"സോറി. എന്റെ ഡ്രൈവിങ്ങിലെ ശ്രദ്ധക്കുറവുകൊണ്ട്‌ സംഭവിച്ചതാ. എന്തെങ്കിലും പറ്റിയോ...?"

അയാൾ സച്ചിനെ സൂക്ഷിച്ചു നോക്കി.  "അയ്യോ........  അവിടവിടെ ചോര പൊടിഞ്ഞിട്ടുണ്ടല്ലോ !!"

"അതൊന്നും സാരമില്ല സാറേ...സച്ചിന് ഇതൊന്നും ഒരു പുത്തരിയല്ല. "

"സച്ചിൻ എന്നാണല്ലേ പേര് ..?" .അയാൾ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.

"അതെ ...സാറിന്റെ പേരോ....?

"എന്റെ പേര് ദേവൻ ശർമ്മ...ഷാലിമാർ ബാഗിലാണ് എന്റെ ബംഗ്ളാവ്. 
എവിടെയാ സച്ചിന്റെ വീട്...? ഞാൻ ഡ്രോപ്പ് ചെയ്യാം. .."

"എനിക്ക് വീടൊന്നുമില്ല സാറേ...വീണിടം വിഷ്ണുലോകം എന്ന് പറയാറില്ലേ. .ഞാനൊരു അനാഥനാ.." സച്ചിൻ ഉറക്കെ ചിരിച്ചു.

"ഓ അയാം സോറി...എങ്കിൽ എന്റെ കൂടെ വരൂ...ഏതെങ്കിലും ക്ലിനിക്കിൽ കയറി മുറിവിൽ മരുന്ന് വെയ്ക്കാം..."

"അതൊന്നും വേണ്ട സാറേ....സാറ് പൊയ്ക്കോള്ളൂ..."

പക്ഷെ സച്ചിനെ അവിടെ വിട്ടിട്ടു പോവാൻ ദേവൻ ശർമ്മക്ക് തോന്നിയില്ല.

അയാൾ പറഞ്ഞു: "പ്ളീസ് അത് പറ്റില്ല. സച്ചിൻ ഇന്ന് എന്റെ കൂടെ വരണം. ഇന്ന് എന്റെ അഥിതി ആയി കഴിയാം. സച്ചിന്റെ കൈയിലും കാലിലും ഒക്കെ ചെറിയ മുറിവുകൾ ഞാൻ കാരണം പറ്റിയിട്ടുണ്ട്. വീട്ടിൽ ചെന്ന് ഫസ്റ്റ് എയിഡ് ചെയ്യാം. "

അയാൾ കൂടുതൽ നിർബന്ധിച്ചപ്പോൾ സച്ചിൻ പറഞ്ഞു:

"പക്ഷേ ഒരു കണ്ടീഷൻ, വണ്ടി ഞാൻ ഓടിക്കാം. സാറിനെന്തോ വലിയ ടെൻഷൻ ആണെന്ന്  മനസ്സിലായി. സാറ് വണ്ടി ഓടിച്ചാൽ ശരിയാവില്ല. "

"ഓ സച്ചിന് വണ്ടി ഓടിക്കാൻ അറിയാമോ...?"

"അറിയാമോന്നോ… സാറേ, ഞാൻ എല്ലാ തരം വണ്ടികളും ഈ ഡൽഹി നഗരത്തിൽ ഓടിച്ചിട്ടുണ്ട്. ബസ് വരെ. സാറ് വണ്ടിയിലോട്ടു കയറിയാട്ടെ. "

അയാൾ പിന്നെ ഒന്നും പറഞ്ഞില്ല. സച്ചിൻ ഡ്രൈവിംഗ് സീറ്റിൽ കയറി. മുന്നിലെ ഇടതു സീറ്റിൽ ദേവൻ ശർമ്മയും. സച്ചിൻ ഒരു സാധാരണ സ്പീഡിൽ വണ്ടി മുന്നോട്ടെടുത്തു. ഒതുക്കത്തിലുള്ള അവന്റെ ഡ്രൈവിംഗ് കണ്ട് ദേവൻ ശർമ്മ വിചാരിച്ചു : 

"ഇവൻ ആളു കൊള്ളാം. "

ദേവൻ ശർമ്മയെ സച്ചിൻ പഠിക്കുകയായിരുന്നു. ഏതോ വലിയ കുടുംബത്തിലെ അംഗം. നല്ല കുലീനത പെരുമാറ്റത്തിലും കാഴ്ചയിലും. എന്തോ ഗഹനമായ ചിന്തയിൽ ആണെന്ന് തോന്നി.

"തിരിയേണ്ട ഭാഗങ്ങൾ വരുമ്പോൾ സാറ് പറയണം. "

"ഓ ശരി, ഞാൻ പറയാം. വണ്ടി സ്ട്രൈറ്റ്‌ തന്നെ പോട്ടെ..."

"സാറിനെന്താ വലിയ ടെൻഷൻ. എന്നോട് പറയാൻ പറ്റുന്നതാണോ. അല്ലെങ്കിൽ വേണ്ടാ.."

അയാളുടെ മുഖം വലിഞ്ഞു മുറുകി. വല്ലാത്ത ഹൃദയ വേദന അനുഭവിക്കുന്ന പോലെ ആ മുഖത്ത് സമ്മിശ്ര വികാരങ്ങൾ വന്നു മാറിക്കൊണ്ടിരുന്നു.

"ഇപ്പൊ എന്നോട് ഒന്നും ചോദിക്കരുത് ...പ്ളീസ്..." 

അയാൾ സീറ്റിലേയ്ക്ക് ചാരിക്കിടന്നു, കണ്ണുകൾ അടച്ചു. സച്ചിൻ പിന്നെ ഒന്നും ചോദിച്ചില്ല. വണ്ടി കുറച്ചു ദൂരം ഓടി. ഷാലിമാർ ബാഗിലേക്ക്‌ തിരിയുന്ന റോഡ്‌ എത്തിയപ്പോൾ സച്ചിൻ ചോദിച്ചു. 

"ഇതല്ലേ സാർ റൂട്ട്..." 

അയാൾ ചിന്തയിൽ നിന്നുണർന്നു...പെട്ടെന്ന് ചുറ്റും നോക്കി.

"അതെ അതെ...  സച്ചിൻ ഇവിടെ വന്നിട്ടുണ്ടോ..."

"പിന്നില്ലാതെ സാർ... ഡൽഹിയിലെ ഏതു വഴിയും എനിക്ക് മന:പാഠമാണ്.." സച്ചിൻ ചിരിച്ചുകൊണ്ട് വണ്ടി മുന്നോട്ടെടുത്തു.

"ഇനി ഒരു മൂന്നു മിനിറ്റ് യാത്ര................ അത്രേ ഉള്ളു...."

അപ്പോഴും അയാളുടെ മുഖത്ത് സന്തോഷം ഇല്ലെന്ന് സച്ചിൻ അറിഞ്ഞു. വലിയൊരു കൂറ്റൻ ബംഗ്ളാവിന്റെ ഗേറ്റിൽ കാർ എത്തി. ഗെയിറ്റ് തുറന്നു കിടക്കുകയായിരുന്നു. അതിലൂടെ കാർ അകത്തേക്ക് കേറ്റി സച്ചിൻ ഗാരേജിൽ കാർ നിർത്തി ഡോർ തുറന്ന് ഇറങ്ങി. അപ്പോൾ ആ വീട്ടിലെ എല്ലാ ലൈറ്റുകളും തെളിഞ്ഞു.

ഗാരേജിനു തൊട്ടടുത്ത്‌ വലതു വശത്ത്‌ ഒരു ചെറിയ ഔട്ട്‌ ഹൌസ് കണ്ടു. സച്ചിൻ നോക്കി നില്ക്കെ ബംഗ്ളാവിൽ നിന്നും ഒരു പെണ്‍കുട്ടി കരഞ്ഞു കൊണ്ട് ഓടി വന്നു സച്ചിനെ കെട്ടിപ്പിടിച്ചു. പത്തു പതിനാലു വയസ്സായിക്കാണും. പെട്ടെന്നുള്ള ആ സംഭവത്തിൽ സച്ചിനും ഞെട്ടിപ്പോയി. അപ്പോൾ ദേവൻ ശർമ്മ കാറിൽ ഇന്നും ഇറങ്ങി വരികയായിരുന്നു. ആ പെണ്‍കുട്ടി വല്ലാതെ പേടിച്ചിട്ടുണ്ട്. സച്ചിന്റെ മേലുള്ള പിടുത്തം മുറുകുകയാണ്. 

"പപ്പാ....പപ്പക്ക് എന്താ പറ്റിയത്...." അവൾ കരച്ചിലിടയിൽ ചോദിച്ചു.

"ഞാൻ ഒരു സ്വപ്നം കണ്ടു പേടിച്ചു...പപ്പക്ക് എന്തോ അപകടം പറ്റീന്ന്....ഐ മിസ്സ്‌ യൂ പപ്പാ....പപ്പാ ഇനി എങ്ങും പോണ്ട..." 

അപ്പോഴും അവൾ തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് സച്ചിന് മനസ്സിലായി. പിന്നാലെ എത്തിയ ദേവൻ ശർമ്മ വിളിച്ചു...

"റീനു മോളെ ..എന്ത് പറ്റി..." 

ശബ്ദം കേട്ട് അവൾ സച്ചിനടുത്തു നിന്നും പിടി വിട്ടു ഞെട്ടി മാറി. തനിക്കു ആള് തെറ്റിയിരിക്കുന്നു. അവൾക്ക് അല്പം ജാള്യം തോന്നി. തന്റെ പപ്പാ ഇതാ പിറകിൽ നില്ക്കുന്നു. പിന്നെ അവൾ നിന്നില്ല, ഓടി വന്നു ദേവൻ ശർമ്മയുടെ കൈ പിടിച്ചു, അയാളുടെ നെഞ്ചിൽ തല ചായ്ച്ചു നിന്നു.

"ഇപ്പോഴാ എനിക്ക് സമാധാനം ആയത്‌...പപ്പാ ഞാൻ ഒരു പേടി സ്വപ്നം കണ്ടു....ഞാനാകെ പേടിച്ചിരിക്കയായിരുന്നു. " 

അയാൾ മോളെ ചേർത്ത് പിടിച്ചു കൊണ്ട് ബംഗ്ളാവിലേക്ക് നടന്നു. തിരിഞ്ഞു നോക്കി സച്ചിനോട് പറഞ്ഞു....

"വരൂ..." 

ഉടനെ റീനു എന്ന ആ പെണ്‍കുട്ടി ചോദിച്ചു.
"പപ്പാ ഇതാരാ...??"

"ഇതോ ഇത് മോളുടെ സച്ചിൻ അങ്കിൾ. നമ്മുടെ അതിഥി ആണ് ഇന്ന്. മോള് ഓടിച്ചെന്ന് ഫസ്റ്റ് എയിഡ് ബോക്സ്‌ കൊണ്ട് വരൂ...കണ്ടില്ലേ അങ്കിളിന്റെ കൈ മുറിഞ്ഞത്. "

"അയ്യോ ..:!!" അപ്പോഴാണ്‌ അവൾ അത് ശ്രദ്ധിച്ചത്.

"ഞാനിപ്പോ കൊണ്ട് വരാം. "

അവൾ അകത്തേക്ക് ഓടി. ദേവൻ ശർമ്മ സച്ചിനെയും കൂട്ടി ബംഗ്ളാവിലേക്ക് പ്രവേശിച്ചു. അപ്പോഴാണ്‌ ദേവൻ ശർമ്മയുടെ പത്നി ശ്രീമതി ലക്ഷ്മി ശർമ്മയും പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മകൻ കൈലാഷും അവരെ അത്ഭുതത്തോടെ നോക്കി നില്ക്കുന്നത് കണ്ടത്.

ബംഗ്ളാവിലെ പൂമുഖത്തേക്ക്‌ സച്ചിൻ കാലെടുത്തു വെച്ചതും ഒരു കാലൻ പൂച്ച " മ്യാവൂ..." എന്ന് വലിയ വായിലേ കരഞ്ഞു കൊണ്ട് ഓടിപ്പോയി.

ഈ വീടുമായി തനിക്ക് എന്തോ അവാച്യമായ ബന്ധം ഉണ്ടെന്നു സച്ചിന് തോന്നി. ആരോ തന്നെ അകത്തു നിന്നും മാടി വിളിക്കുന്നുണ്ടോ... ? അവൻ ചെവിയോർത്തു.

"ശർമ്മാജി ആരാ ഇന്ന് കൂടെ....എന്താ ഇന്ന് നേരം വൈകിയത്. ഞങ്ങളൊക്കെ ഭയന്നിരിക്കയായിരുന്നു. "

"ഇത് നമ്മുടെ അഥിതി സച്ചിൻ.   ഇന്ന്  ഒരപകടം പറ്റേണ്ടതായിരുന്നു.. എന്റെ കാറിന്റെ ഒരു വശം തട്ടി ഇയാൾ റോഡിൽ വീണു. ആളുകള് ഓടിക്കൂടി. പക്ഷെ ഇയാൾ ഓടി വന്ന് ആളുകളെ അമ്പരപ്പിച്ചു കളഞ്ഞു. അവരെയെല്ലാം ഓടിച്ചു വിട്ടു."

"എന്നിട്ട്, എന്തെങ്കിലും പറ്റിയോ..?."  ലക്ഷ്മി ശർമ്മ ആകാംക്ഷയോടെ ചോദിച്ചു.

"കാര്യമായി ഒന്നും പറ്റിയില്ല, അല്ലെ സച്ചിൻ..." അയാൾ സച്ചിനെ നോക്കി..

"ഓ ഒന്നുമില്ലെന്നേ..തൊലി അവിടവിടെ ഒന്ന് രണ്ടിടത്തു പൊട്ടി...അതൊക്കെ പെട്ടെന്ന് ഉണങ്ങിക്കോളും."

അപ്പോഴേക്കും റീനു മോൾ ഫസ്റ്റ് എയിഡ് ബോക്സ്‌ കൊണ്ടുവന്നു. സച്ചിൻ ഡറ്റോൾ എടുത്തല്പം പഞ്ഞിയിൽ മുക്കി മുറിവുള്ള ഭാഗം നന്നായി തുടച്ചു. പിന്നെ ഒന്നുരണ്ടിടത്ത് ചെറിയ ചെറിയ ബാൻറ്റേജ് ഒട്ടിച്ചു.

"ഇത്രേ ഉള്ളു സാർ കാര്യം " സച്ചിൻ ഫസ്റ്റ് എയിഡ് ബോക്സ്‌ റീനു മോളെ തിരിയെ ഏൽപ്പിച്ചു.

"താങ്ക്സ് .." അവനൊന്നു പുഞ്ചിരിച്ചു.

"അങ്കിളിനു വേദനിക്കുന്നുണ്ടോ ...? " അവൾ ചോദിച്ചു...

ഇപ്പോൾ ഒട്ടുമില്ലെന്ന് അവൻ ചുമൽ കൂച്ചി കാണിച്ചു. ലക്ഷ്മി ശർമ്മ പറഞ്ഞു:

"ഇരിക്കൂട്ടോ. ഞാൻ ചായ എടുക്കാം. " 

അവർ അകത്തേക്ക് പോയി...സച്ചിനും ദേവൻ ശർമ്മയും ഓരോ സോഫകളിൽ അഭിമുഖമായി ഇരുന്നു.

"സാർ ഒരു കാര്യം ചോദിക്കട്ടെ. എന്നെ ഒരു അന്യനായി കാണില്ലെങ്കിൽ, എന്ത് വിഷമം ആണെങ്കിലും എന്നോട് പറയൂ. എന്ത് വിഷമവും ഒരാളോട് തുറന്നു പറഞ്ഞാൽ അല്പം വിഷമം കുറയും എന്നല്ലേ. " 

അവൻ പ്രതീക്ഷയോടെ അയാളെ നോക്കി. അയാൾ നിഷേധമായി തല കുടഞ്ഞു.

"ഞാൻ എന്താണ് പറയേണ്ടത് ?? ലുമിനസ് എന്ന ഓട്ടോ ലൈറ്റ്സ്നെപ്പറ്റി കേട്ടിട്ടുണ്ടോ ? നിർഭാഗ്യവശാൽ ഞാൻ ആ കമ്പനിയുടെ എം ഡി ആണ്..." 

അയാൾ വല്ലാത്ത മനോവേദന അനുഭവിക്കുന്നുണ്ടായിരുന്നു.

"എന്ത് ???" 
സച്ചിൻ ചാടി എണീറ്റു...!!! ഭാരതത്തിൽ ഓട്ടോ ലൈറ്റ്സിൽ പ്രഥമ സ്ഥാനത്ത് നിൽക്കുന്ന ആ വലിയ കമ്പനി ഉടമയുടെ മുന്നിലാണോ താൻ. പക്ഷെ അയാളുടെ തളർന്ന അടുത്ത വാക്ക് കേട്ട് സച്ചിൻ ഇരുന്നു പോയി.

" കേൾക്കാൻ നല്ല സുഖമുള്ള പേര് എം. ഡി. പക്ഷെ ഞാനിന്ന് വല്ലാത്തൊരു പ്രതിസന്ധിയിലാണ്. ഏതു നിമിഷവും മുങ്ങിപ്പോകാവുന്ന ഒരു കമ്പനി ആണ് എന്റേത്. എന്റെ പ്രയാസങ്ങൾ പറഞ്ഞു ഞാൻ സച്ചിനെക്കൂടി ബോറടിപ്പിക്കണോ ?

"വേണം സാർ. എനിക്ക് ബോറടിക്കില്ല.   മറിച്ച്‌, എല്ലാം കേട്ട് കഴിഞ്ഞാൽ എന്തെങ്കിലും രീതിയിൽ സാറിനെ സഹായിക്കാൻ എനിക്ക് കഴിഞ്ഞാലോ.."

"ഇല്ല സച്ചിൻ, ആർക്കും എന്നെ സഹായിക്കാനാവില്ല ഈ ഘട്ടത്തിൽ, ഞാൻ തളർന്നു പോയി..." 

അയാൾ ഒന്ന്കൂടി കൂനിക്കൂടി സോഫയിലേക്ക് ചാരി ഇരുന്നു.  സച്ചിൻ അയാളുടെ അടുത്ത് ചെന്ന് ഇരുന്നു. 

"ഇല്ല സാർ. പറയണം. പ്രതിവിധി ഇല്ലാത്ത ഒന്നും ഈ ഭൂമിയിൽ ഇല്ലാ എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ. സാർ പറയൂ...ഞാൻ കേള്ക്കട്ടെ. "

"എങ്കിൽ കേട്ടോളൂ” 

അയാൾ ആ കഥ പറയാൻ തയ്യാറായി.  വിവിധ വികാരങ്ങൾ അയാളുടെ മുഖത്ത് പ്രകടമായി.   മുന്നിലുള്ള ടീപ്പോയിയിൽ  ലക്ഷ്മി ശർമ്മ ആവി പറക്കുന്ന ചായ കൊണ്ടുവെച്ചത് അയാൾ കണ്ടില്ല. അയാൾ ആ വേദനാ നിർഭരമായ കഥ പറയാൻ തുടങ്ങി:

തുടരും...

Sudhir Panikkaveetil 2022-07-29 19:52:15
ശ്രീ വേണു ജി നായർ, താങ്കളുടെ നോവൽ വായിച്ചു. തുടക്കം കൊള്ളാം. ഒടുക്കം വരെ നന്നാകട്ടെ എന്നാശംസിക്കുന്നു.
Suresh Nair 2022-07-31 14:08:33
Very good beginning! All the best.
VIJAYAKUMARAN 2022-07-31 14:47:38
ഒന്നാം ലക്കം വായിച്ചു. തുടക്കം നന്നായിട്ടുണ്ട്.
Joy G 2022-07-31 15:05:46
മനോഹരം! തുടരുക.. അഭിനന്ദനം
MOHANDAS.M 2022-07-31 15:17:01
ആശംസകൾ മാഷേ തുടരൂ
Mohandas 2022-08-03 05:40:32
നല്ല തുടക്കം. അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.
Mohammad K Puram 2022-08-03 16:38:39
വളരെ നല്ലൊരു വായനാ അനുഭവമായിരിക്കും സച്ചിന്‍ എന്ന ഈ നോവല്‍ തരികയെന്ന് തുടക്കഭാഗം വായിച്ചപ്പോള്‍ തോന്നി...! വേണു ജി യുടെ മറ്റു രചനകള്‍ വായിച്ചിട്ടുള്ളതുകൊണ്ട് നല്ല പ്രതീക്ഷയുണ്ട്...അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... ആശംസകള്‍ സുഹൃത്തെ...!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക