Image

ദേ, അമ്മായി ആ പൂച്ച ( കഥ: പോളി പായമ്മൽ)

Published on 28 July, 2022
ദേ, അമ്മായി ആ പൂച്ച ( കഥ: പോളി പായമ്മൽ)

അമ്മായി മീൻ നന്നാക്കി കൊണ്ടിരിക്കുമ്പോഴാണ് എവിടെ നിന്നോ പമ്മി പമ്മി ആ പൂച്ച വന്നത്.അഞ്ചാറ് മ്യാവു വിളികളോടെ അത് അമ്മായിക്ക് ചുറ്റും തേരാ പാരാ നടന്നു. 

അമ്മായിയാകട്ടെ അതൊന്നും മൈൻഡ് ചെയ്തില്ലെന്നു മാത്രമല്ല ഒരു തലയോ ചെകിളയോ പോയിട്ട് മുറിച്ച് മാറ്റിയ വാല് പോലും അതിന് തിന്നാൻ ഇട്ടു കൊടുത്തില്ല. 
മീൻ ചട്ടിയിലേക്കും അമ്മായിടെ മുഖത്തേക്കും മാറി മാറി നോക്കി അത് അങ്ങനെ അമ്മിക്കല്ലിൽ ചാടിക്കയറി വെള്ളമൊലിപ്പിച്ചിരുന്നു.

മുൻപൊക്കെ അമ്മായിക്ക് ആ പൂച്ചയെ വലിയ ഇഷ്ടമായിരുന്നു. എങ്ങു നിന്നോ തെണ്ടി തിരിഞ്ഞു വന്നതാണെങ്കിലും കാണാൻ വല്യ ചന്തമൊന്നുമില്ലെങ്കിലും അതിന് തിന്നാൻ കൊടുക്കാൻ ഒരു മടിയുമില്ലായിരുന്നു. എന്തിന് പറയണ് മുഴുത്ത മീൻ പോലും ചുമ്മാതങ്ങ് ഇട്ടു കൊടുക്കുമായിരുന്നു. 

ആ അമ്മായിയാണ് ഇപ്പോ ഒരു ദയയുമില്ലാതെ ഇങ്ങനെ പെരുമാറണത്. 
മനുഷ്യരായാലും ജന്തുക്കളായാലും വിശപ്പ്, വിശപ്പ് തന്നെയാണെന്ന് അമ്മായിക്കൊക്കെ ഏതൊരു തത്വശാസ്ത്രത്തിന്റെയും പിൻബലമില്ലാതെ ബോധ്യമുള്ളതാണ്.

പിന്നെന്താ കണ്ണിൽ ചോരയില്ലാത്ത ഈ നടപടിക്ക് അമ്മായിയെ പ്രേരിപ്പിച്ചത്. കൂടുതൽ ഒന്നും പറയേണ്ടല്ലോ അത് പൂച്ച ചെയ്ത തെറ്റ് കാരണമാണെന്ന് അമ്മായി എവിടെ വേണേലും പറയും. വേണ്ടി വന്നാൽ തെളിവുകൾ സഹിതം തന്റെ വാദങ്ങൾ ജയിപ്പിച്ചെടുക്കും. 

അമ്മായിയോടാണോ പൂച്ചേടെ കളി.
കട്ട് തിന്നുക ന്ന് വച്ചാ അമ്മായിക്ക് സഹിക്കില്ല. അത് പൂച്ചയായാലും മനുഷ്യനായാലും. അതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ അമ്മായിക്ക് ഒരു തരം പ്രാന്താ.
ചോദിച്ച് വാങ്ങി തിന്നുടെ എന്തിനാ നാണിക്കണേ എന്നതാണ് അമ്മായിടെ ഒരു തിയറി.

അമ്മായി അമ്മായി ഒരു കഷണം മീൻ തരോ വിശന്നിട്ടാണേ ന്ന് പൂച്ചയെങ്ങനാ ചോദിക്ക്യാ. അതിന് അമ്മായി പറയണത് ഓരോ നോട്ടത്തിലും ഭാവത്തിലും ആരുടേതായാലും ഉള്ളിലിരുപ്പ് മനസ്സിലാകും എന്നു തന്നെയാണ്.

മീനൊക്കെ നന്നാക്കിയ ശേഷം കഴുകിയ വെള്ളം തെങ്ങിൻ ചോട്ടിലേക്ക് വീശിയൊഴിച്ച് കളഞ്ഞ് അമ്മായി അടുക്കളയിലേക്ക് നടക്കുമ്പോഴാണ് ഉണങ്ങിയ ഒരു തേങ്ങ വീണത്. ജമ്മാന്ത്രം ഇത്തിരി മുൻപാണെങ്കിൽ അത് തലയിലെങ്ങാനും വീണേനെ. ആ..തെങ്ങ് ചതിക്കില്ലാന്ന് കാർന്നന്മാര് പറയണത് എത്ര ശരിയല്ലേ ന്റെ ഭഗവാനേ.

ഈ പഞ്ഞം പിടിച്ച പൂച്ച പോയില്ലേ ന്ന് പറഞ്ഞ് അമ്മായി പോയി അടുപ്പത്ത് തീ കൂട്ടി. പിന്നെ പറമ്പിൽ നിന്നും വേപ്പില പറിക്കാൻ പോയി.തോട്ടി കൊണ്ട് കമ്പൊടിച്ച് തിരിച്ചു വന്നപ്പോ പൂച്ചയെ കാണാനില്ല. ഒന്നും കിട്ടാണ്ടായപ്പോ അത് വണ്ടി വിട്ടിട്ടുണ്ടാവുമെന്ന് വിചാരിച്ച് അമ്മായി കൂട്ടാനുള്ള മാങ്ങ ചെത്താൻ തുടങ്ങി.

മുറിച്ച മാങ്ങക്കഷണങ്ങൾ മൂടി തുറന്ന് ചട്ടിയിലിടാൻ നോക്കിയപ്പോ ഒരു കഷണം മീനൊഴിച്ച് മറ്റൊന്നും കാണാനില്ല.

ചതിച്ചല്ലോ ..ആ കള്ള പൂച്ച ന്ന് പറഞ്ഞ് അമ്മായി തലയിൽ കൈവച്ചു വിഷമിച്ചു നിന്നു.
അമ്മായിടെ ദു:ഖം കണ്ട് വിറകു പുരയിൽ വിശന്നു കിടന്നിരുന്ന ആ പൂച്ച അടുക്കള വാതിൽക്കൽ വന്ന് മ്യാവു മ്യാവു എന്ന് അമ്മായിയെ സാന്ത്വനിപ്പിക്കാൻ ശ്രമിച്ചു.

അമ്മായി പിന്നെ ഒന്നും നോക്കിയില്ല. ചൂലും കെട്ടെടുത്ത് അതിനെ തല്ലി തല്ലി ഒരു പരുവമാക്കി.

അടി കൊണ്ട് മൃതപ്രായനായ ആ പൂച്ചക്ക് ഞാനല്ല അമ്മായേ കട്ടു തിന്നത് അയൽപക്കത്തെ പൂച്ചയാണെന്ന് പറയണമെന്നുണ്ടായിരുന്നു. അതിന് ആ പൂച്ചക്ക് മലയാളം പറയാൻ അറിയില്ലല്ലോ..

അത് അപ്പോഴും അതിന്റെ ഭാഷയിൽ മ്യാവു..മ്യാവു.. എന്ന് നിലവിളിച്ചു കൊണ്ടേയിരുന്നു.

ജയൻ വാസു 2022-08-01 10:33:43
, മനോഹരമായിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക