Image

ഒരു സഹധർമ്മിണിയുടെ അക്ഷരോപഹാരം (സുധീർ പണിക്കവീട്ടിൽ)

Published on 29 July, 2022
ഒരു സഹധർമ്മിണിയുടെ അക്ഷരോപഹാരം (സുധീർ പണിക്കവീട്ടിൽ)

പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ മുങ്ങി തപ്പി അവർക്കായി മരണശേഷം ഒരു ഉപഹാരം സമർപ്പിക്കുമ്പോൾ നമ്മൾ അവരെ അനശ്വരരാക്കുന്നു. പണ്ടത്തെ രാജാക്കന്മാരും, ബാദുഷമാരും അവരുടെ പ്രണയിനികൾക്കായി സ്നേഹ സ്മാരകങ്ങൾ നിർമ്മിച്ച് വരും തലമുറകളെ അതിശയിപ്പിച്ചിട്ടുണ്ട്.   മുടന്തനായ ടൈമൂറിന്റെ പ്രിയപ്പെട്ട സുൽത്താന ഖന്നു ബീഗം വിജയശ്രീലാളിതനായി അദ്ദേഹം വരുമ്പോൾ സന്തോഷം പകരാനായി ഒരു വെണ്ണക്കൽ കൊട്ടാരം കെട്ടിയത്രേ. ഇത് ഇന്നത്തെ ഉസ്‌ബെക്കിസ്ഥാനിൽ ആണ്. ഈ സംഭവത്തെ ആസ്പദമാക്കി എസ് കെ പൊറ്റെക്കാട് പ്രേമശില്പി എന്ന പേരിൽ ഒരു കാവ്യം രചിച്ചിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോഴും സമ്മാനങ്ങളും, പുസ്തകങ്ങളുമൊക്കെ സമർപ്പിക്കുന്നത് സാധാരണയാകുന്നു. പ്രണയത്തിന്റെ നിത്യസ്മാരകമായി നിലകൊള്ളുന്ന ടാജ്‌മഹലും സ്നേഹിക്കുന്നവരെ മോഹിപ്പിക്കുന്ന ഒരു വെണ്ണക്കൽസ്മാരകമാണ്.  ഇത്തരം സ്മാരകങ്ങൾ പക്ഷെ നേരിയ വിഷാദത്തിന്റെയും ദുഖത്തിന്റയെയും പ്രതീകവുമാണ്.  അതുകൊണ്ടായിരിക്കും രവീന്ദ്രനാഥ് ടാഗോർ ടാജ്മഹലിനെ കാലത്തിന്റെ കവിളിൽ ഒരു തുള്ളി കണ്ണുനീർ എന്ന് വിളിച്ചത്.


അമേരിക്കൻ മലയാളികൾക്കും നാട്ടിലുള്ളവർക്കും വളരെ സുപരിചിതരാണ് നമ്മെ വിട്ടുപിരിഞ്ഞ അഭിവന്ദ്യ ഡോക്ടർ യോഹന്നാൻ ശങ്കരത്തിൽ എപ്പിസ്കോപ്പയും ശ്രീമതി എൽസി യോഹന്നാൻ ശങ്കരത്തിലും. രോഗബാധിനായ അച്ചനെ പ്രമുഖ ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സാവിധികളിൽ വന്ന പിഴയാണ് അച്ചന്റെ  ജീവനെ അപഹരിച്ചതെന്നു അവർ വിശ്വസിക്കുന്നു. തന്മൂലം അച്ചന്റെ ആകസ്മികവിയോഗം അവരെ വല്ലാതെ തളർത്തി. അവർക്ക് ചുറ്റും അച്ചന്റെ ഓർമ്മകൾ സജീവമായി നിലനിൽക്കുമെങ്കിലും അവർ അച്ചൻ അന്ത്യവിശ്രമം കൊള്ളുന്ന അച്ചന്റെ ഇടവകപ്പള്ളിയിൽ ഒരു സ്മാരകശില സ്ഥാപിച്ചു. ഒരു കവയിത്രികൂടിയായ അവർ അവരുടെ കണ്ണുനീർത്തുള്ളികൾ അക്ഷരങ്ങളായി പെറുക്കിയെടുത്ത് കവിതകളും അനുഭവങ്ങളും എഴുതി. അച്ചനെ സ്നേഹിക്കയും ബഹുമാനിക്കയും ചെയ്തിരുന്ന ബന്ധു മിത്രാദികളും അവർക്കൊപ്പം ഓർമ്മകൾ പങ്കിട്ടു. അങ്ങനെ സുഗന്ധസ്മൃതികൾ എന്ന സോവനീർ പ്രിയതമനായി അവർ തയ്യാറാക്കി പ്രസിദ്ധീകരിച്ചു. മുപ്പത്തിയൊമ്പത് പേരുടെ അനുഭവങ്ങൾ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ പ്രിയപ്പെട്ട സഹധർമ്മിണിയും മകനും, മറ്റു ബന്ധുമിത്രാദികളും ഉൾപ്പെടുന്നു. ഇതിൽ ചേർക്കാൻ കഴിയാതെപോയ എത്രയോ പേരുടെ പ്രാർത്ഥനകളും ഓർമ്മകളും അച്ചന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി കൂട്ടായുണ്ട്.
ജീവിതയാത്രയിലെ  സംഭവവികാസങ്ങൾ ചിത്രത്തിലാക്കിയതിന്റെ ചെറിയ ഒരു ശേഖരം പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.

 വൈദികവൃത്തിയിലേക്ക് പ്രവേശിക്കുന്ന യുവാവ് മുതൽ കോർ എപ്പിസ്‌കോപ്പ പദവി അലങ്കരിക്കുന്ന കൂടുതൽ ഉത്തരവാദിത്തമുള്ള പട്ടക്കാരൻ വരെയുള്ള ചിത്രങ്ങൾ, കുടുംബവുമായുള്ള ചിത്രങ്ങൾ അങ്ങനെ ഓർമ്മകളുടെ പ്രകാശം പരത്തുന്ന മുഹൂർത്തങ്ങൾ.  അച്ചനെ ആദരിച്ചുകൊണ്ട് ഇ-മലയാളി നൽകിയ പുരസ്കാരം സ്വീകരിച്ചപ്പോൾ അച്ചൻ ഇമലയാളിയുമായി നടത്തിയ അഭിമുഖവും ഇതിൽ ചേർത്തിട്ടുണ്ട്. അതിൽ അച്ചൻ വിനയാന്വിതനായി പറയുന്നു "ഒന്നും നേടിയതല്ല  എല്ലാം ദൈവദാനം".അതിൽ അച്ചൻ പ്രിയപത്നിയെപ്പറ്റി ഇങ്ങനെ പറഞ്ഞു " എൽസിയുടെയും ജീവിതവിജയത്തിന്റെ രഹസ്യം കഠിനാധ്വാനവും സേവനതല്പരതയും ലാളിത്യവും ദൈവഹിതമനുസരിച്ചുള്ള അർപ്പണ ജീവിതവുമാണ്. .. അക്ഷരാർത്ഥത്തിൽ എനിക്ക് താങ്ങും തണലുമായിരുന്നു. "ഒരാൾക്ക് മാറ്റാൻ തണലെന്ന മട്ടിലായിരുന്നു" അവരുടെ ജീവിതം എന്ന് നമുക്ക് മനസ്സിലാക്കാം.


ഈപുസ്തകത്തിന്റെ പ്രകാശനകർമ്മം നടന്ന വിവരം എല്ലാവരും ഇ-മലയാളിയിൽ വായിച്ചുകാണും. ശ്രെഷ്ഠനായ ഒരു വൈദികന്റെ ജീവിതവും അദ്ദേഹത്തിന്റെ സേവനങ്ങളും ഇതിൽ വിവരിച്ചിരിക്കുന്നു. ഇതിലെ ഓരോ ലേഖനങ്ങളും വായിക്കുമ്പോൾ അച്ചനെ കൂടുതൽ അറിയാൻ സഹായകമാകുന്നു..  ദൈവ വചനങ്ങളിൽ വിശ്വസിക്കുകയും അത് വിശ്വാസികൾക്ക് പകർന്നു നൽകുകയും ചെയ്തുകൊണ്ട് ജീവിത സാഫല്യം അച്ചന് നേടാൻ കഴിഞ്ഞു. 


യോഹന്നാൻ എന്ന അച്ചന്റെ പേര് അർത്ഥവത്തായിരുന്നുവെന്നു അച്ചന്റെ കർമ്മങ്ങൾ സാക്ഷ്യം വഹിക്കുന്നു. യോഹന്നാന്റെ സുവിശേഷം അദ്ധ്യായം ഒന്ന് ആറു മുതലുള്ള വാക്യങ്ങൾ അച്ചനെ സംബന്ധിച്ച് ശരിയായി. ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.7 അവൻ സാക്ഷ്യത്തിന്നായി താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ വന്നു.8 അവൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ.9 ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.


അച്ചന്റെ ഓർമ്മകൾക്ക് മുന്നിൽ അച്ചന്റെ പ്രിയതമ കാഴ്ചവയ്ക്കുന്ന ഈ സ്നേഹോപഹാരം അദൃശ്യനായി വന്നു അച്ചൻ സ്വീകരിക്കുന്നതായി നമുക്ക് സങ്കല്പിക്കാം. ബഹുമാനപ്പെട്ട പ്രിയ അച്ചന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കാം.
ശുഭം

Join WhatsApp News
Joseph Kariyaattil 2022-07-29 15:26:01
അമേരിക്കൻ മലയാളികളിൽ നിന്നും ധാരാളം കൃതികൾ ഉണ്ടാകുന്നത് അഭിമാനകാര്യമാണ്. ശ്രീമതി എൽസി യോഹന്നാൻ ശങ്കരത്തിലിന്റെ കവിതകൾ ഇ മലയാളിയിൽ വായിക്കാറുണ്ട്. മരിച്ചുപോയ ഭർത്താവിന്റെ ഓർമ്മയിൽ അവർ തയ്യാറാക്കിയ ഈ സോവനീറും മലയാള ഭാഷക്ക് ഒരു മുതൽക്കൂട്ടാകും. ശ്രീമതി എൽസി യോഹന്നാൻ ശങ്കരത്തിലിന് ഭാവുകങ്ങൾ നേരുന്നു. അച്ചന്റെ ആത്മാവിനു ശാന്തി നേരുന്നു.
Abdulpunnayurkulam 2022-07-30 01:32:22
Sudheer, heart touching easy reading Ormakkurip
Sreedevi Krishnan 2022-07-30 18:48:31
EicyKochamma’s touching souvenir about her beloved husband of four decades is truly commendable and greatly admirable.Elsy kochamma Equally admirable is Sudheer Panikkaveetil’s article on Sankarathil Acchan kudos to Mr. Sudheer
Elcy Yohannan Sankarathil 2022-07-30 23:17:33
Thank you so much dear Sudhir Panikkaveettil for writing such a heart-breaking write up on the souvenir 'Sugandha Smruthikal' I prepared for my beloved late husband, my hero and my greatest person of my life, my life in the 51 years of our blissful married life is always remembered with gratitude to the Almighty Father, I cherished & still cherishing those days. Thank you all who commented so lovingly in the EM, my sincere love and gratitude to you all, love always, Elcy Yohannan Sankarathil.,
jyothylakshmy nambiar 2022-07-31 15:00:39
സുഗന്ധസ്മൃതികൾ മുഴുവൻ വായിച്ചു. ഒരു വൈദികന്റെ നിസ്വാർത്ഥമായ സേവനങ്ങളുടെ വിവരങ്ങൾ അടങ്ങുന്ന നിരവധി പേരുടെ ലേഖനങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. എൽസി ചേച്ചി പ്രിയപ്പെട്ടവന് അർപ്പിക്കുന്ന ഈ സോവനീർ ഒരു സ്നേഹസ്മാരകം തന്നെയാണ്. . വിട്ടുപോയത് ഭൗതിക ശരീരമാണ് അനശ്വരമായ ആത്മാവ് കൂടെയുണ്ടെന്ന വിശ്വാസം വിരഹവേദനകളെ ശമിപ്പിക്കുന്നു. ചേച്ചി തയ്യാറാക്കിയ ഈ സ്നേഹാർപ്പണത്തിനെ ആദരവോടെ സ്വീകരിക്കുമ്പോൾ ദൈവത്തിന്റെ കരങ്ങൾ ചേച്ചിയെ എന്നും കരുതട്ടെ എന്ന് പ്രാര്ത്ഥിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക