Image

ജൈവ കൃഷിയും,  സീറോ കോസ്റ്റ് ഫാമിംഗും  അകറ്റിനിർത്തി;  ഇന്ത്യ ശ്രീലങ്കയായില്ല. രാഷ്ട്ര ശിൽപ്പികൾക്ക്  നമോവാകം (ജോസഫ് വെള്ളാശേരി)

Published on 29 July, 2022
ജൈവ കൃഷിയും,  സീറോ കോസ്റ്റ് ഫാമിംഗും  അകറ്റിനിർത്തി;  ഇന്ത്യ ശ്രീലങ്കയായില്ല. രാഷ്ട്ര ശിൽപ്പികൾക്ക്  നമോവാകം (ജോസഫ് വെള്ളാശേരി)

ചിലർക്കൊക്കെ സോഷ്യൽ മീഡിയയിൽ കൂടി മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ ഇന്നും വിമർശിക്കുന്നത് വലിയൊരു ഹരമാണ്. "ചന്തു ചേകവരോട് ഒരു വാൾ പൊരുതിയില്ലെങ്കിൽ കേളിയും കോപ്പും തികയിലില്ല ഇന്നത്തെ ചെറു ബാല്യകാർക്ക്" എന്നുള്ള വടക്കൻ വീരഗാഥയിലെ ഡയലോഗ് പോലെയാണ് ഇന്ദിരാ ഗാന്ധിക്കെതിരെ  'ഫാഷനബിൾ' ആയി ചിലരൊക്കെ ഇന്നും തൊടുക്കുന്ന വിമർശന ശരങ്ങൾ. ഇങ്ങനെ ഫാഷൻ പോലെ വിമർശന ശരങ്ങൾ എയ്യുന്നവർ ഇന്ദിരാ ഗാന്ധിയുടെ കാലഘട്ടം ഒട്ടുമേ മനസിലാക്കുന്നില്ല.

ഹരിത വിപ്ലവം, 1971-ൽ പാക്കിസ്ഥാനെതിരെ നേടിയ സൈനിക വിജയം, ബംഗ്ളാദേശിൻറ്റെ രൂപീകരണം, പൊഖ്‌റാനിൽ നടത്തിയ ആണവ പരീക്ഷണം - ഇവയൊക്കെ ഇന്ദിരാ ഗാന്ധിയുടെ നേട്ടങ്ങളാണ്. മിക്ക ഇന്ത്യക്കാരും ഇന്ന് മൂന്ന് നേരം ഭക്ഷിക്കുന്നത് ഇന്ദിരാ ഗാന്ധി ഹരിത വിപ്ലവം ഗവൺമെൻറ്റിൻറ്റെ ഒരു പ്രധാന പദ്ധതി ആയി 1966-ലെ ക്ഷാമത്തിന് ശേഷം നടപ്പിൽ വരുത്തിയതുകൊണ്ടാണ്. സഞ്ജയ്‌ ഗാന്ധിയുടെ മുഷ്ക്ക് കാരണം കുറച്ചെങ്കിലും കുടുംബാസൂത്രണം ഇന്ത്യയിൽ അംഗീകരിക്കപ്പെട്ടു. അല്ലായിരുന്നെങ്കിൽ ഇന്ത്യയുടെ പാരമ്പര്യ സമൂഹത്തിൽ കുടുംബാസൂത്രണം എന്ന പദ്ധതി അംഗീകരിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. പെറ്റു കൂട്ടുന്ന കാര്യത്തിൽ മതങ്ങൾ തമ്മിൽ ഇന്ത്യയിൽ മൽസരമാണ്; പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ. അതുകൊണ്ട് താമസിയാതെ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി തീരും എന്നിപ്പോൾ പലരും പ്രവചിക്കുന്നൂ.

ഇന്ത്യയിൽ ദാരിദ്ര്യവും, മത സ്വാധീനവും, ഉത്തരവാദിത്ത്വബോധമില്ലായ്മയും ജനസംഖ്യാ വർദ്ധനവിനുള്ള കാരണങ്ങളാണ്. ഒറ്റ മതക്കാരും കുട്ടികൾ ഇഷ്ടം പോലെ വേണം എന്ന മിഥ്യാബോധത്തിൽ നിന്ന് മുക്തരല്ല. ഹിന്ദു മതത്തിൽ മരണാനന്തര കർമങ്ങൾ ആൺമക്കളെ കൊണ്ട് ചെയ്യിക്കുന്നത് കൊണ്ട് തൻറ്റെ ആത്മാവിന് മോക്ഷം കിട്ടണമെങ്കിൽ ആൺകുഞ്ഞു ജനിക്കണം എന്നാണ് പല പിതാക്കൻമാരുടേയും ആഗ്രഹം. ഇത്തരത്തിൽ ആൺകുഞ്ഞുണ്ടാകാൻ ഭാര്യമാരെ അഞ്ചും, ആറും വരെ പ്രസവിപ്പിക്കുന്നതൊക്കെ ഉത്തരേന്ത്യയിൽ സാധാരണമാണ്. സ്ത്രീകളെ കൊണ്ട് മരണാനന്തര കർമങ്ങൾ ചെയ്യിപ്പിക്കുകയാണ് ഇതിനുള്ള ഏക പോംവഴി.

1947-നു മുമ്പുള്ള കൊളോണിയൽ സർക്കാർ ഒരിക്കലും ഒരു 'വെൽഫയർ സർക്കാർ' അല്ലായിരുന്നു. ജനാധിപത്യമാണ് ക്ഷേമ രാഷ്ട്രം എന്ന സങ്കൽപ്പത്തിന് തന്നെ അടിസ്ഥാന ശില പാകിയത്. ജനാധിപത്യ ഇന്ത്യ 'ഫുഡ് സഫിഷ്യൻറ്റ്' ആയിട്ട് അധിക കാലമൊന്നുമായിട്ടില്ല. നെഹ്രുവിനും, ഇന്ദിരാ ഗാന്ധിക്കുമാണ് ഇന്ത്യയുടെ 'ഫുഡ് സെൽഫ് സഫിഷ്യൻസിക്ക്' നന്ദി പറയേണ്ടത്. ഇന്ത്യയിൽ ധവള വിപ്ലവം നെഹ്രുവിൻറ്റെ കാലത്താണ് ആരംഭിച്ചത്. വർഗീസ് കുര്യൻറ്റെ നെത്ര്വത്ത്വത്തിൽ ഗുജറാത്തിലായിരുന്നു തുടക്കം. ഹരിത വിപ്ലവം പിന്നീട് ഇന്ദിരാ ഗാന്ധിയുടെ കാലത് ശാസ്ത്രജ്ഞനായ നോർമൻ ബെർലാഗിനെ കൂട്ട് പിടിച്ചും. 1966-ൽ ഇന്ത്യയിൽ കടുത്ത ഭക്ഷ്യ ക്ഷാമം ഉണ്ടായി. ഇതിനെ തുടർന്ന് അമേരിക്കയിൽ നിന്ന് ഭക്ഷ്യ ധാന്യങ്ങൾ കിട്ടുവാൻ അന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി അമേരിക്ക സന്ദർശിക്കുകയും പ്രെസിഡൻറ്റ് ലിൻഡൻ ജോൺസണിൻറ്റെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ലിൻഡൻ ജോൺസൺ ഇന്ത്യക്ക് അടിയന്തിരമായി 3 മില്യൺ ടൺ ഭക്ഷ്യ ധാന്യങ്ങളുടെയും, 9 ദശ ലക്ഷം ഡോളറിൻറ്റെ സഹായവും പ്രഖ്യാപിച്ചു. ഇതിനു ശേഷമാണ് ഇന്ദിരാ ഗാന്ധി ഹരിത വിപ്ലവത്തിലൂടെ ഭക്ഷ്യോൽപ്പാദനം കൂട്ടുക എന്നത് ഗവൺമെൻറ്റിൻറ്റെ മുഖ്യ അജണ്ടയാക്കി മാറ്റിയതും അതിൽ വിജയിച്ചതും.

1974, May 18-ന് പൊഖ്‌റാനിൽ നടത്തിയ ആണവ പരീക്ഷണം വഴി ചൈനക്ക് ശക്തമായ ഒരു മുന്നറിയിപ്പ് നൽകാൻ ഇന്ദിരാ ഗാന്ധിക്ക് സാധിച്ചു. 'ഓപ്പറേഷൻ സ്മൈലിങ് ബുദ്ധ' എന്നു പേരിട്ടിരുന്ന ആ ആണവ പരീക്ഷണത്തിലൂടെ ഇന്ത്യ ലോകത്തെ ആറാമത്തെ ആണവ ശക്തിയായി മാറി. ചൈനയെ ലക്‌ഷ്യം വെച്ചായിരുന്നു ഇന്ത്യയുടെ ആ ആണവ പരീക്ഷണം. രണ്ടു വർഷം മുമ്പ് നമ്മുടെ 20 പട്ടാളക്കാരെ ചൈന വധിച്ചതിന് ശേഷം മോഡിക്ക് പോലും ഇന്ദിരാ ഗാന്ധിയെ പോലെ ചൈനക്ക് ഇതുവരെ ശക്തമായ മുന്നറിയിപ്പ് കൊടുക്കാൻ സാധിച്ചിട്ടില്ല എന്നോർക്കുമ്പോഴാണ്, ഇന്ദിരാ ഗാന്ധിയുടെ 'ലീഡർഷിപ്പ് ക്വാളിറ്റി' മനസിലാക്കേണ്ടത്.

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ജനങ്ങളും പാർട്ടിയും തമ്മിലുള്ള 'കമ്മ്യൂണിക്കേഷൻ ഗ്യാപ്പാണ്' ജനങ്ങളുടെ വിശ്വാസം നേടുന്നതിൽ കോൺഗ്രസിന് തടസം. 2014 - ന് മുമ്പുള്ള കോൺഗ്രസിൻറ്റെ കാലത്തെ ചരിത്രമൊന്നും കോൺഗ്രസുകാർ ഇന്ത്യൻ ജനതയെ പഠിപ്പിക്കാത്തതാണ് ബി.ജെ.പി. നേട്ടമുണ്ടാക്കാൻ കാരണം. ഇന്ത്യ ജനിച്ചത് 2014 മുതൽ അല്ലാ. നെഹ്‌റുവിനെ കുറിച്ചും, ധവള വിപ്ലവത്തെ കുറിച്ചും, ഹരിത വിപ്ലവത്തെ കുറിച്ചും, രാജീവ് ഗാന്ധിയുടെ കംപ്യുട്ടറൈസേഷൻ പ്രോഗ്രാമിനെ കുറിച്ചും, സാം പിട്രോഡയുടെ ടെലിക്കോം റെവലൂഷനെ കുറിച്ചും, ഡോക്റ്റർ മൻമോഹൻ സിംഗിൻറ്റെ ആധാർ പദ്ധതിയേയും, തൊഴിലുറപ്പ് പദ്ധതിയെ കുറിച്ചുമെല്ലാം ഇന്നത്തെ യുവ തലമുറ മനസിലാക്കേണ്ടതുണ്ട്. ഷീലാ ദീക്ഷിത്തിൻറ്റെ ഡൽഹിയിലെ വികസന പ്രവർത്തനങ്ങളെ പറ്റിയുള്ള വിവരങ്ങളും ഇന്ന് മറ്റ്‌ നേതാക്കളുടെ സംഭാവനകൾ പോലെ തന്നെ പലരും മനസിലാക്കുന്നില്ല.

ഇന്ദിരാ ഗാന്ധിയെ കുറിച്ച് പറയുമ്പോൾ പലരും അടിയന്തിരാവസ്ഥയെ കുറിച്ച് പറയും. സത്യം പറഞ്ഞാൽ, അടിയന്തരാവസ്ഥയും സഞ്ജയ്  ഗാന്ധിയും ഇല്ലായിരുന്നെങ്കിൽ, മൂഢസങ്കൽപ്പങ്ങൾക്ക് അടിമപ്പെട്ടിരുന്ന  നക്സലയിറ്റുകാരും, സംഘ പരിവാറിലെ സ്വദേശി പ്രസ്ഥാനക്കാരും ഇന്ന് ശ്രീലങ്കയുടേത് പോലെയുള്ള ഒരു സാമ്പത്തികാവസ്ഥ ഇന്ത്യയിലും സൃഷ്ടിച്ചേനേ. “Chairman Mao is our Chairman” - എന്നതായിരുന്നു ഒരു കാലത്ത് നക്സലയിറ്റുകാരുടെ മുദ്രാവാക്യം. 1970 നവംബർ 14-ന് തിരുവനന്തപുരത്തെ അരിസ്റ്റോ ജങ്ഷനിലുള്ള നെഹ്രുവിൻറ്റെ പ്രതിമ ബോംബ് വെച്ച് തകർത്തിട്ട് മാവോയ്ക്കു ജയ് വിളിച്ച കൂട്ടരാണ് പലരും റൊമാൻറ്റിസൈസ് ചെയ്യുന്ന നക്സലയിറ്റുകാർ. 1990-കളിൽ പോലും കൊച്ചിയിൽ ലോകബാങ്ക് സംഘത്തെ വഴിയിൽ തടഞ്ഞു കഴുത്തിനു പിടിച്ചു തപ്പാളിച്ച കൂട്ടരാണ് പലരും ഇന്നും പൊക്കിപ്പിടിക്കുന്ന നക്സലയിറ്റുകാർ. യാഥാർഥ്യ ബോധം ഇവരുടെയൊന്നും തലയുടെ ഏഴയലത്തു പോയിട്ട്, നൂറയലത്തു പോലും 1990-കളിൽ പോലും പോയിരുന്നില്ല. 'ബഹുജന ലൈൻ' വേണോ അതോ 'സൈനിക ലൈൻ' വേണോ എന്നുള്ളതായിരുന്നല്ലോ 1990-കളിൽ പോലും കേരളത്തിലെ  നക്സലയിറ്റുകാരുടെ ഒരു വലിയ ഡിബേറ്റ്. സൈന്യമില്ലാ; ആയുധങ്ങളില്ലാ; സൈനിക പരിശീലനവും ഇല്ലാ. പക്ഷെ വാചകമടിക്ക് മാത്രം അവർക്ക് അന്നൊന്നും ഒരു കുറവുമുണ്ടായിരുന്നില്ലാ. ഈ വാചകമടിയൊക്കെ വിശ്വസിച്ച കുറെ ചെറുപ്പക്കാരുടെ ജീവിതം നഷ്ടപ്പെടുത്തി എന്നുള്ളത് മാത്രമാണ് നക്സലയിറ്റുകാരുടെ ഏക സംഭാവന.

നക്സലയിറ്റുകാരെ പോലെ തന്നെ വേറൊരു രീതിയിൽ മൂഢസങ്കൽപ്പങ്ങൾക്ക് അടിമപ്പെട്ടവരായിരുന്നു സംഘ പരിവാറിലെ സ്വദേശി പ്രസ്ഥാനക്കാർ. സങ്കരയിനം വിത്തുകളേയും, 'ഹയ്യ് യീൽഡിങ് വെറയ്റ്റിയേയും' ഇക്കൂട്ടർ സ്വദേശി മുദ്രാവാക്യം മുഴക്കിയെതിർത്തു. 1970-കളിൽ ഇന്ത്യ നടപ്പിലാക്കിയ പുതിയ സങ്കരയിനം വിത്തുകളും, അന്ന് നടപ്പിലാക്കിയ 'ഹയ്യ് യീൽഡിങ് വെറയ്റ്റി' (HYV) ഇനം ഗോതമ്പും, അരിയുമാണ് ഈ ഇൻഡ്യാ മഹാരാജ്യത്തെ പട്ടിണി മാറ്റിയത്. അതു കാണാതെ  നാടൻ വിത്തിനങ്ങൾക്ക് വേണ്ടി വാദിക്കുന്നത് തെറ്റിധാരണ ജനിപ്പിക്കാൻ മാത്രമേ ഉതകത്തുള്ളൂ. ശ്രീലങ്കയിൽ വന്ദന ശിവയുടെ ഉപദേശ പ്രകാരം ജൈവ കൃഷിക്ക് പോയതുകൊണ്ടാണ് ഇന്നിപ്പോൾ അവർ പിച്ച തെണ്ടുന്ന അവസ്ഥയിലേക്ക് പോകാനുള്ള ഒരു പ്രധാന കാരണം. വന്ദന ശിവ ഇന്ത്യയിലെ ഹരിത വിപ്ലവത്തിനും എതിരായിരുന്നു. ഭാഗ്യത്തിന് പ്രായോഗിക വീക്ഷണം ഉണ്ടായിരുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വന്ദന ശിവയുടെ ജൈവ കൃഷിയേയും, പാലുസ്‌കറിൻറ്റെ 'സീറോ കോസ്റ്റ് ഫാമിങ്ങിനേയും; ഇന്ത്യയിൽ അകറ്റി നിറുത്തി. ഇനി, അടിയന്തിരാവസ്ഥയെ ചൊല്ലി കോൺഗ്രസിനെ വിമർശിക്കാൻ ബി.ജെ. പി.-ക്ക് ധാർമികമായി ഒരഹർതയുമില്ലാ.  കാരണം അടിയന്തിരാവസ്ഥ കാലത്ത് ഇന്ത്യ മുഴുവൻ സഞ്ചരിച്ച് സ്വീകരണങ്ങൾ ഏറ്റു വാങ്ങിയ മേനകാ ഗാന്ധി ഇപ്പോൾ ബി.ജെ.പി.-യുടെ എം.പി.-യും, മുൻ കേന്ദ്ര മന്ത്രിയുമാണ്. അവരുടെ പുത്രൻ വരുൺ ഗാന്ധി ബി.ജെ.പി.-യുടെ തന്നെ ഉത്തർപ്രദേശിൽ നിന്നുള്ള ലോക്സഭാ എം.പി.-യുമാണ്.

രാജീവ് ഗാന്ധിയും സാം പിട്രോഡയുമാണ് ഇന്ത്യയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത്. 'പാനി', ബിജലി', 'സഡക്ക്'  - ഇവ മൂന്നും പൊക്കിപ്പിടിച്ചാണ് ഉത്തർപ്രദേശിൽ മായാവതിക്ക് ഒരുകാലത്ത് വൻ ഭൂരിപക്ഷം കിട്ടിയിരുന്നത്. പലരും വിചാരിക്കുന്നത് പോലെ ബഹുജൻ സമാജ് പാർട്ടി ദളിതരുടെ മാത്രം പാർട്ടി ആയിരുന്നില്ല. ബഹുജൻ സമാജ് പാർട്ടി പാവപ്പെട്ടവരുടേയും, ചേരി നിവാസികളുടേയും പാർട്ടി ആയിരുന്നു; കൂട്ടത്തിൽ ശക്തമായ സാന്നിധ്യമായി ദളിതരും ഉണ്ടായിരുന്നെന്ന് മാത്രം. ഇന്ത്യയിലെ മിക്ക രാഷ്ട്രീയ പാർട്ടികളും 'പാനി', ബിജലി', 'സഡക്ക്' - പോലുള്ള പദ്ധതികളേ 1980-കൾ വരെ ജനങ്ങളുടെ മുമ്പിൽ വെച്ചിരുന്നുള്ളൂ. തമിഴ്‌നാട്ടിൽ എം.ജി.ആർ. മദ്രാസിൽ വെള്ളം കൊണ്ടുവരാൻ ഭീമാകാരങ്ങളായ പൈപ്പുകൾ വാങ്ങി. പിന്നീട് തീർത്തും ദരിദ്രരായ ജനം ആ പൈപ്പുകളിൽ താമസിക്കാൻ തുടങ്ങിയത് തന്നെ ഓർത്താൽ മതി നമ്മുടെ രാഷ്ട്രീയക്കാരുടെ ദീർഘവീക്ഷണം ഇല്ലാതിരുന്ന രീതികൾ മനസിലാക്കുവാൻ. സത്യത്തിൽ സോഷ്യലിസ്റ്റ് സ്വപ്നങ്ങൾക്ക് അപ്പുറം പോകുവാൻ ഇന്ത്യയിലെ ഒരു രാഷ്ട്രീയ നേതാക്കൾക്കും 1980-കൾ വരെ ധൈര്യം ഇല്ലായിരുന്നു. രാജീവ് ഗാന്ധിയും സാം പിട്രോഡയുമാണ് ടെക്‌നോളജിയും മൂലധന നിക്ഷേപവുമായി സോഷ്യലിസ്റ്റ് ആശയങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു വീക്ഷണം ഇന്ത്യയിൽ മുന്നോട്ടുവെച്ചത്.

കോൺഗ്രസ് അവസാനമായി ഇന്ത്യ ഭരിച്ചപ്പോൾ സൃഷ്ടിച്ച അനേകം പദ്ധതികളുടെ നേട്ടങ്ങൾ ഇന്നും നമ്മുടെ കൺമുന്നിൽ തന്നെയുണ്ട്. ഡോക്ടർ മൻമോഹൻ സിങ്ങിൻറ്റെ ഗവൺമെൻറ്റിൻറ്റേതായിരുന്നു ആ നേട്ടങ്ങൾ. ഗ്രാമീണ മേഖലക്ക് തൊഴിലുറപ്പ് പദ്ധതി, ഇന്ന് ബി.ജെ.പി. പോലും പൊക്കിപിടിക്കുന്ന ആധാർ, ദാരിദ്ര്യ രേഖക്ക് താഴെയുള്ള ജനലക്ഷങ്ങളുടെ സാമ്പത്തികമായ ഉയർച്ച, ഇന്ത്യയിൽ ആഗോള രീതിക്കനുസരിച്ചുള്ള വികസനം, ഡൽഹി മെട്രോ പോലുള്ള ഇൻഫ്രാസ്ട്രക്ച്ചർ മികവ് - ഇതൊക്കെ അന്നത്തെ ഡോക്ടർ മൻമോഹൻ സിംഗ് സർക്കാരിൻറ്റെ നേട്ടങ്ങളായിരുന്നു. ഡോക്ടർ മൻമോഹൻ സിംഗ് കൊണ്ടുവന്ന സാമ്പത്തിക ഉദാരവൽക്കരണത്തിൻറ്റെ ഫലമായി ശക്തമായ മധ്യവർഗം ഇന്ത്യയിൽ രൂപം കൊണ്ടു. ഈ മധ്യവർഗം പല രാജ്യങ്ങളിലേയും ജനസംഖ്യകൾ ഒന്നിച്ചുവെക്കുന്ന അത്രയുമുണ്ട്. ഈ ശക്തമായ മധ്യവർഗ്ഗവും, ആഭ്യന്തര വിപണിയും ഉള്ളതുകൊണ്ടായിരുന്നു 2008-ൽ അമേരിക്കയിൽ തുടങ്ങിയ സാമ്പത്തിക തകർച്ച ഇന്ത്യയെ ബാധിക്കാതിരുന്നത്. ലോകമാകെ പിന്നീട് വന്ന  സാമ്പത്തിക മാന്ദ്യം നമ്മെ അധികം ബാധിച്ചില്ല. ഈ ചരിത്രമൊക്കെ കോൺഗ്രസുകാരും, ചരിത്രബോധമുള്ള മറ്റെല്ലാവരും ഓർമിക്കേക്കേണ്ടതുണ്ട്. 'മൂട് മറക്കരുത്' - എന്ന് വിവരമുള്ള കാർന്നോൻമാർ നമ്മളോടൊക്കെ പറഞ്ഞിട്ടുണ്ട്. നിർഭാഗ്യവാശാൽ ഇന്ന് പല കോൺഗ്രസ് നേതാക്കളും ആ മൂട് മറക്കുന്നു; ചരിത്രം മറക്കുന്നു. അതാണ് കോൺഗ്രസ് എന്ന പാർട്ടിയുടെ ശാപവും.

ഡോക്ടർ മൻമോഹൻ സിങ്, മോൺടക്ക് സിങ് അഹ്ലുവാലിയ, സി. രംഗരാജൻ - ഇവരായിരുന്നു ഉദാരവൽക്കരണം എന്ന നയം ഇന്ത്യയിൽ നടപ്പാക്കിയത്. ഈ ടീമിനെ നയിച്ചത് ഡോക്ടർ മൻമോഹൻ സിങ് തന്നെ ആയിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലേത് ഒരു 'Knowledge Based' ഇക്കോണമി ആണെന്നുള്ളത് ഡോക്ടർ മൻമോഹൻ സിങ്ങിന് അറിയാമായിരുന്നു. സിംഗപ്പൂർ, തായ്വാൻ, ഹോംഗ് കോംഗ്, ദക്ഷിണ കൊറിയ - ഈ'ഏഷ്യൻ ടൈഗേഴ്സ്' രാജ്യങ്ങളിൽ സംഭവിച്ച സാമ്പത്തിക വളർച്ചയെ കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ബോധ്യം ഉണ്ടായിരുന്നു. പല ഇൻറ്റർവ്യൂവികളിലും ഡോക്ടർ മൻമോഹൻ സിംഗ് ഇതു പറഞ്ഞിട്ടുമുണ്ട്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ മാറ്റി മറിച്ച ദീർഘ വീക്ഷണം സിദ്ധിച്ച വ്യക്തി ആയിരുന്നു ഡോക്ടർ മൻമോഹൻ സിംഗ്‌. ഒരുപക്ഷെ ചരിത്രം അദ്ദേഹത്തോട് നീതി കാണിക്കുമായിരിക്കും.

(ലേഖകന്റെ  ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ല.)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക