Image

ഹൃദയത്തെ തൊട്ടു പോകുന്ന 'മലയൻകുഞ്ഞ്' മികച്ച ചിത്രം  (പി പി മാത്യു)

പി പി മാത്യു  Published on 29 July, 2022
ഹൃദയത്തെ തൊട്ടു പോകുന്ന 'മലയൻകുഞ്ഞ്' മികച്ച ചിത്രം  (പി പി മാത്യു)

ഉൾക്കൊള്ളാൻ കഴിയാത്ത കഠിനാനുഭവങ്ങളുടെ വേദനയിൽ പലപ്പോഴും മനോനില നഷ്ടപ്പെട്ടു പോകുന്ന ചെറുപ്പക്കാരൻ അനിക്കുട്ടന്റെ കഥയാണ് 'മലയൻകുഞ്ഞ്.' ഫഹദ് ഫാസിൽ വീണ്ടും ഉയരങ്ങൾ കീഴടക്കുന്ന 114 മിനിറ്റ് ചിത്രത്തിന്റെ നിർമാതാവ് മലയാളസിനിമയുടെ പ്രിയപ്പെട്ട ഫാസിലാണ്. മാലിക്ക്, സി യു സൂൺ, ടേക്ക്ഓഫ് എന്നീ കിടയറ്റ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ മഹേഷ് നാരായണന്റെ രചന. സംവിധാനം സജിമോൻ പ്രഭാകർ. 

സംഗീതം ഏറെക്കുറെ മരിച്ചു മണ്ണായിപ്പോയ മലയാള സിനിമയിലേക്ക് എ ആർ റഹ്‌മാൻ മടങ്ങി വന്നിരിക്കുന്നത് മൃദുലമായ രണ്ടു പാട്ടുകളുമായാണ്. വിജയ് യേശുദാസ് പാടിയ 'ചെല്ലപ്പെണ്ണേ' പിന്നീട് ചിത്ര ആവർത്തിക്കുന്നു. രണ്ടും ആവർത്തിച്ച് കേൾക്കാം. ശ്വേതാ മോഹൻ പാടിയ 'മണ്ണും നിറഞ്ഞേ' കറ തീർന്ന മലയാളിത്തമുള്ള മെലഡിയാണ്.  

അനിക്കുട്ടൻ എന്ന ഫഹദിന്റെ കഥാപാത്രത്തിനു ജീവിതാനുഭവങ്ങളുടെ ഏറെ സങ്കീർണതകളുണ്ട്. അരക്കിറുക്കനോ അഹങ്കരിയോ ഒക്കെയായി കണ്ടു പോകുന്ന യുവാവ് ഒടുവിൽ വ്യക്തിതലത്തിനപ്പുറം സമൂഹത്തിന്റെ മഹാദുരന്തത്തിൽ ഭാഗഭാക്കാവുമ്പോഴാണ് മറ്റൊരാളായി മാറുന്നത്. 

വിവാഹദിനത്തിൽ മകൾ 'താഴ്ന്ന' ജാതിക്കാരന്റെ കൂടെ ഒളിച്ചോടിയപ്പോൾ  സങ്കടം സഹിക്കാതെ അച്ഛൻ തൂങ്ങി മരിച്ചതിന്റെ രോഷം അനിക്കുട്ടന്റെ പെരുമാറ്റത്തെ വിചിത്രമാക്കുന്നു. മറ്റുള്ളവരോട് കയർത്തും അടിപിടി കൂടിയും സാമൂഹ്യ വിരുദ്ധനായി മാറുകയാണ് അയാൾ. അയല്പക്കകത്തെ കുഞ്ഞു കരയുമ്പോൾ അയാൾക്കു രോഷമുണ്ടാവുന്നതു  'താഴ്ന്ന' ജാതിക്കാരനോടുള്ള രോഷം കൂടിയാണ്. ഒന്നിനോടും പൊരുത്തപ്പെടാൻ കഴിയാത്ത അയാൾ വില്ലനായി മാറുന്ന അവസ്ഥയിലാണ് പ്രകൃതി പാഠം പഠിപ്പിക്കാൻ ഇറങ്ങുന്നത്. 

ഫഹദിനെ ഏറെക്കുറെ മുഴുവനായി കേന്ദ്രീകരിച്ചു നിൽക്കുന്ന ചിത്രത്തിൽ 'അമ്മ ശാന്തയായി വരുന്ന ജയാ കുറുപ്പാണ് മറ്റൊരു മികച്ചു നിൽക്കുന്ന അഭിനേതാവ്. മാതൃത്വത്തിന്റെ പല മുഖങ്ങൾ അവർ തന്മയത്വത്തോടെ അവതരിപ്പിക്കുന്നു. 

രജിഷാ വിജയൻ, ഇന്ദ്രൻസ്, ഇടുക്കി ജാഫർ എന്നിവർക്കൊക്കെ പരിമിതമായ വേഷങ്ങളേയുള്ളൂ. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക