Image

ഒരു നേതാവിൻറെ രാഷ്ട്രീയപ്രവേശനം (ബാംഗ്ലൂര്‍ ഡേയ്‌സ് - ഹാസ്യനോവല്‍ -16: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

Published on 30 July, 2022
ഒരു നേതാവിൻറെ രാഷ്ട്രീയപ്രവേശനം (ബാംഗ്ലൂര്‍ ഡേയ്‌സ് - ഹാസ്യനോവല്‍ -16: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

ജോലി കഴിഞ്ഞു വരുമ്പോൾ  സെൽവരാജനേയും  ജോസഫ് അച്ചായനേയും  ഞാൻ വഴിയിൽ വച്ചു  കണ്ടുമുട്ടി. രണ്ടുമൂന്ന് ദിവസങ്ങളായി ജോലിത്തിരക്കുകാരണം ചീട്ടുകളി മുടങ്ങിയിരുന്നു.രണ്ടുപേരും ഒന്നിച്ച് നാട്ടിലേക്ക് പോവുകയാണ് എന്ന് പറഞ്ഞു.

"എന്താ വിശേഷം?"ഞാൻ ചോദിച്ചു.

" താൻ ഏതു നാട്ടുകാരനാണ്?തന്നെ ആരാ  നമ്മുടെ അസോസിയേഷൻറെ പ്രസിഡണ്ട് ആക്കിയത്?"അച്ചായൻ നല്ല ഫോമിലാണ്.

സെൽവരാജൻ പറഞ്ഞു,"അച്ചായൻ പറയുന്നത് കണക്കാക്കണ്ട.നാട്ടിൽ നിയമസഭയിലേക്കുള്ള ഇലക്ഷൻ നടക്കാൻ പോകുകയല്ലേ?അച്ചായൻ വോട്ട് ചെയ്യാൻ പോകാൻ തീരുമാനിച്ചപ്പോൾ മുതലുള്ള ആവേശമാണ്.പാവം അച്ചായൻ ഇതുവരെ വോട്ട് ചെയ്തിട്ടില്ല.കന്നി വോട്ടാണ്."

"അതെങ്ങനെ കന്നി വോട്ടാകും? ഇപ്പോൾ കന്നി മാസം അല്ലല്ലോ?"അച്ചായൻ തൻ്റെ ജനറൽ നോളഡ്‌ജ്‌ പുറത്തിറക്കി.

"അച്ചായാ ആദ്യത്തെ വോട്ടിന് കന്നി വോട്ട് എന്നാണ്  പറയുന്നത്.വാ നമ്മുക്ക് വൈകുന്നേരത്തെ ട്രെയിന് പോകണം.വേഗം റെഡിയാകാൻ നോക്ക്.അധികം സമയമില്ല."

"അത് തെറ്റാണ്,മലയാളം  ആദ്യത്തെ മാസം ചിങ്ങം ആണല്ലോ,കന്നി രണ്ടാമതല്ലേ ?”

"ശരി."സെൽവരാജന് ആ ചർച്ച അധികം നീട്ടിക്കൊണ്ടുപോകാൻ താല്പര്യം ഇല്ല എന്ന് തോന്നുന്നു.

 "സമ്മതിദാനാവകാശവും പൗരത്വ ബോധവും  ഒന്നും തിരിച്ചറിയാതെ മറുനാട്ടിൽ ജീവിക്കുന്ന നമ്മൾ വെറും കിണറ്റിലെ തവളകൾ പോലെയാണ്.നമ്മൾ ഉയർത്തെഴുന്നേൽക്കണം."അച്ചായൻ എന്നോട് പറഞ്ഞു.

"അതെന്തുകളിയാ അച്ചായാ,തവളകൾ ഉയർത്തെഴുന്നേൽക്കുമോ?"സെൽവരാജൻ ചോദിച്ചു.

"ഈസ്റ്റർ കഴിഞ്ഞു,എന്നാലും നാട്ടിൽപോയി ഉയിർത്തു എഴുന്നേറ്റു വാ."

ഞാൻ വീട്ടിലേക്ക് നടക്കുമ്പോൾ അച്ചായൻ വീണ്ടും പറഞ്ഞു,"നമ്മൾ പണം ഉണ്ടാക്കാനുള്ള വഴികൾ ചിന്തിച്ചു് സമയം കളഞ്ഞു.രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ മതിയായിരുന്നു.അതാകുമ്പോൾ വിവരം വേണ്ടല്ലോ.ഇടക്കിടക്ക് മണ്ടത്തരം പറയാൻ പഠിക്കണം,അത്രമാത്രം.".

"ശരിയാ,നമ്മൾക്ക് പറ്റിയ പണിയായിരുന്നു."സെൽവരാജൻ അച്ചായനെ പിന്താങ്ങി.

കൊല്ലം രാധാകൃഷ്ണൻ നാട്ടിലേക്ക് നേരത്തെ തന്നെ പോയിക്കഴിഞ്ഞിരുന്നു,എവിടെയോ ഒരു കഥാപ്രസംഗത്തിന് ചാൻസ് കിട്ടിയിരുന്നു,ഇപ്പോൾ പോയാൽ രണ്ടും നടക്കും.ഹുസ്സയിൻ വീണ്ടും അവൻ്റെ മുതലാളിയുടെകൂടെ എവിടെയോ പോയിരിക്കുകയാണ്.ചിലപ്പോൾ മുതലാളിക്ക് വീണ്ടും പെണ്ണുകാണാൻ പോയതായിരിക്കും.

സമ്മതി ദാനവകാശം ഉപയോഗിക്കാത്ത പൗരത്വബോധം ഇല്ലാത്ത ഞാനും ജോർജ്‌കുട്ടിയും  ഒഴിച്ച് എല്ലാവരും വോട്ട്ചെയ്യാൻ നാട്ടിലേക്ക് പോകാൻ പ്ലാൻ ചെയ്യുന്നു.കഴിഞ്ഞ ആഴ്ചയിൽ നാട്ടിൽ നിന്നും വന്ന ബേബി പോലും പോകുന്നു എന്നാണ് പറഞ്ഞത്.ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് അസ്സ്സോസിയേഷൻ പ്രസിഡൻറ്,സെക്രട്ടറി എന്നിവർ മാറിനിൽക്കുന്നത് ശരിയല്ല എന്ന അഭിപ്രായം ചിലർ പറയുന്നത് കേട്ടെങ്കിലും ഞങ്ങൾ രണ്ടുപേരും അറിഞ്ഞതായി ഭാവിച്ചതേയില്ല.

വോട്ട് കഴിഞ്ഞതിൻ്റെ  പിറ്റേ ദിവസം കാലത്തു് തന്നെ അച്ചായനും സെൽവരാജനും  തിരിച്ചെത്തി.  രണ്ടുപേർക്കും ഒരു ഉണർവ്വ് കാണുന്നില്ല.ചോദിച്ചിട്ട് ഉരുണ്ടുകളിക്കുന്നു.ഞങ്ങളെ കണ്ടപ്പോഴെല്ലാം  രണ്ടുപേരും ഒഴിഞ്ഞുമാറി നടക്കാൻ തുടങ്ങി.ജോർജ്‌കുട്ടി പറഞ്ഞു ,"ആശാന്മാർ  എന്തോ അബദ്ധത്തിൽ ചെന്നുചാടിയതുപോലെ തോന്നുന്നുണ്ട്."

"എങ്ങനെയുണ്ടായിരുന്നു അച്ചായൻ്റെ  കന്നി വോട്ട്?"

അച്ചായൻ ദയനീയമായി ഞങ്ങളെ നോക്കി.സെൽവരാജാൻ  പറഞ്ഞു,"ഒന്നും പറയണ്ട.അച്ചായൻ്റെ നാട്ടുകാർ വളരെ നല്ല മനുഷ്യരാണ്.അച്ചായൻ അങ്ങ്  ബാംഗ്ലൂരി ൽ നിന്നും കാശുമുടക്കി വോട്ടു ചെയ്യാൻ വരണമല്ലോ   ബുദ്ധിമുട്ട് ആകുമല്ലോ എന്ന് അവർ വിചാരിച്ചു." 

"നല്ല നാട്ടുകാർ? അവർ എന്ത് ചെയ്തു?സ്വീകരണവും അനുമോദനവും ഒക്കെ നടത്തി കാണും,"

"അതെല്ലാം നിസ്സാരം.അച്ചായന് ബുദ്ധിമുട്ടാകുമല്ലോ  എന്ന് വിചാരിച്ചു് ബൂത്തിൽ അവർ നേരത്തെ എത്തി അച്ചായൻ്റെ വോട്ടുകൂടി ചെയ്തു".

"നല്ല നാട്ടുകാർ."

"അച്ചായൻ പരാതി പറയാൻ ചെന്നപ്പോൾ  പറയുകയാണ് , കള്ളവോട്ട് ചെയ്യാൻ വന്നതാണ്,പോലീസിൽ ഏൽപ്പിക്കണ്ടങ്കിൽ തിരിച്ചുപോയ്‌ക്കോ എന്ന്."

നാട്ടിൽ പോയവർ ഓരോരുത്തരായി തിരിച്ചു വന്നു തുടങ്ങി.ആർക്കും ഒരു മിണ്ടാട്ടവുമില്ല. തിരിച്ചുവന്ന എല്ലാവർക്കും ഓരോ കഥകൾ പറയാനുണ്ടായിരുന്നു.എല്ലായിടത്തും ഓടി നടന്ന് ജോർജ്‌കുട്ടി എല്ലാവരെയും സമാധാനിപ്പിച്ചു.അസ്സോസിയേ ഷൻ്റെ ഓണം വരികയാണ്.എല്ലാവരെയും സോപ്പിട്ടില്ലങ്കിൽ പിരിവ് മോശമായിപോകും.

കൊല്ലം രാധാകൃഷ്ണൻ മാത്രം വളരെ സന്തോഷത്തിലായിരുന്നു നാട്ടിൽ പോയ രാധാകൃഷ്ണന്  രണ്ടുമൂന്ന് പ്രോഗ്രാം കിട്ടി. വലിയ ജനക്കൂട്ടം ആയിരുന്നു എന്നൊക്കെ രാധാകൃഷ്ണൻ തട്ടിവിടുന്നുണ്ടായിരുന്നു.

"വേനൽക്കാലത്തു മഞ്ഞും കൊയ്ത്തുകാലത്തു് മഴയും എന്നപോലെ ഭോഷന് ബഹുമതി ഇണങ്ങുകയില്ല."

ജോർജുകുട്ടി ബൈബിളിൽ നിന്നും പഠിച്ചുവച്ച ഒരു വാചകം പുറത്തെടുത്തു.

ഒന്നും മനസ്സിലാകാതെ രാധാകൃഷ്ണൻ എന്നെ നോക്കി.

ഞാൻ അത് കാണാത്ത  ഭാവത്തിൽ നിന്നു.

രാധാകൃഷ്ണൻ പറഞ്ഞു,"ബുദ്ധിമാന്മാർ മണ്ടത്തരം കേൾക്കുമ്പോൾ ചിരിക്കാറില്ല.കൂടിയാൽ ഒന്ന് പുഞ്ചിരിക്കും."

"അതായിരിക്കും തൻ്റെ ഗേൾ ഫ്രണ്ട് തന്നെക്കാണുമ്പോൾ പുഞ്ചിരിക്കുന്നത്."ജോർജ്‌കുട്ടി പറഞ്ഞു.

ഒറ്റക്ക്  വർത്തമാനം പറഞ്ഞുകൊണ്ട് ജോർജ് വർഗീസ് വരുന്നതുകണ്ട്‌ ജോർജ് കുട്ടി ചോദിച്ചു,"എന്താ വർഗീസേ, വട്ട് ആയോ?".

"ഒന്നും പറയണ്ട,നാട്ടിൽ വോട്ട് ചെയ്യാൻ പോയിരുന്നു.അവിടെ നിന്നും വാങ്ങിയ സോപ്പ് ഉപയോഗിച്ച് പുതിയ ഡബിൾ ബുൾ ഷർട്ട് ഒന്ന് കഴുകി.ഇപ്പോൾ എല്ലാം ചെറുതായിപ്പോയി.ഭയങ്കര മുറുക്കം".

"മണ്ടൻ,അതിന് വേറെ പണിയുണ്ട്."

"എന്താ?"

"ആ സോപ്പ് ഉപയോഗിച്ച് താൻ  ഒന്ന് കുളിച്ചാൽ പോരെ?"

ജോർജ്‌കുട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.അയാൾ ഒന്നും പറഞ്ഞില്ല,ചിന്താമഗ്നനായി കാണപ്പെട്ടു.വീണ്ടും തലകുലുക്കി ഒറ്റക്ക് സംസാരിച്ചുകൊണ്ട് നടന്നുപോയി.

മുൻവശത്തെ വാതിലിൽ ആരോ ശക്തിയായി ഇടിക്കുന്ന ശബ്ദം കേട്ടാണ് രാവിലെ ഉണർന്നത്.കതകുതുറക്കുമ്പോൾ നിൽക്കുന്നു ജോർജ് വർഗീസ്

"എന്താ ? എന്തുപറ്റി?"

"എന്തു പറയാനാ കണ്ടില്ലേ കോലം. ജോർജ്‌കുട്ടി  പറഞ്ഞതുപോലെ ഞാൻ ഡിറ്റർജൻറ് സോപ്പുതേച്ചുകുളിച്ചു.ദേഹം ചൊറിഞ്ഞു ഈ പരുവത്തിലായി.പുഷ്പാ ക്ലിനിക്കിൽ ചെന്നപ്പോൾ ആ ലേഡി ഡോക്ടർ പറയുന്നു.തലയിൽ കുറെ ഐസ് വെക്കാൻ ,തല തണുക്കട്ടെ എന്ന്"

"എന്നിട്ട് തൻ അങ്ങനെ ചെയ്തോ?"

"ഇല്ല ഐസ് കിട്ടിയില്ല"

"തനിക്ക് പറ്റിയ പണി രാഷ്ട്രീയത്തിൽ ആണ്.ജോലി രാജിവച്ചു് ആ വഴി നോക്ക്."

"മണ്ടന്മാരിലും  പൊട്ടന്മാർ ഉണ്ടെന്ന് അച്ചായൻ  പറഞ്ഞു.അത് ശരിയാണ് എന്ന് ഇപ്പോൾ മനസിലായി"ഞാൻ പറഞ്ഞു.

"ഇനി ഇപ്പോൾ എന്തുചെയ്യും?"ജോർജ് വർഗീസ്സ് ചോദിച്ചു.

"എന്ത് ചെയ്യാനാണ്?വേഗം നാട്ടിൽ പൊയ്ക്കോ"

"പോയിട്ട്?"

"എടോ മണ്ടശിരോമണി,ഇപ്പോൾ നാട്ടിൽ മുന്നണി ഭരണമാണല്ലോ.ഏതെങ്കിലും ഒരു ഗ്രൂപ്പിൽ കയറി പറ്റാൻ നോക്ക്.താൻ അതിന് എല്ലാംകൊണ്ടും അർഹനാണ്.ആവശ്യം വരുമ്പോൾ വിഡ്ഢിത്തം വിളമ്പാൻ നല്ല കഴിവുണ്ട്.തന്നെ കാത്തിരിക്കുന്നത് ശോഭനമായ ഒരു ഭാവിയാണ്."

"എന്നാൽ ഇന്നുതന്നെ വൈകുന്നേരത്തെ ഐലൻഡ് എക്സ്‌പ്രസ്സിന് പോകാം അല്ലെ?"ജോർജ് വർഗീസ്സ് ചോദിച്ചു.

എന്തോ ആലോചിച്ചുകൊണ്ട് അയാൾ നടന്നു.

ഞാൻ പറഞ്ഞു,"അയാൾക്ക് തലക്കകത്തു് ഒന്നുമില്ലേ? ഇങ്ങനെയും മനുഷ്യരുണ്ടോ?"

"അയാൾ ഇനിയും തിരിച്ച വരും ചോദ്യം ചോദിയ്ക്കാൻ."ജോർജ്‌കുട്ടി മനശാസ്ത്രജ്ഞൻ ആയി.

അതുപോലെ തന്നെ സംഭവിച്ചു.ജോർജ് വർഗീസ്സ് തിരിച്ചുവന്നു.

"അപ്പോൾ ജോർജ്‌കുട്ടി,നീയ്യുംപോരെ എൻ്റെ കൂടെ.എനിക്ക് ഒരു സെക്രട്ടറി വേണം എല്ലാം നോക്കി നടത്താൻ.വേഗം റെഡി ആയിക്കോ".

"ചക്കിക്ക് ചേരുന്ന ചങ്കരൻ ."

"എന്താ പറഞ്ഞത്?"

" ഓ ,ചുമ്മാ ഒരു പഴഞ്ചൊല്ല് പറഞ്ഞതാ."ഞാൻ പറഞ്ഞു.

"ശരി,ഞങ്ങൾ ചുവട് ഉറപ്പിച്ചുകഴിയുമ്പോൾ താനും പോരെ ഞങ്ങളുടെ അടുത്തേക്ക്."

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക