MediaAppUSA

മുഖ്യന്യായാധിപന്റെ മാധ്യമവിചാരണ (പി.വി.തോമസ്: ദല്‍ഹികത്ത്)

പി.വി.തോമസ് Published on 30 July, 2022
മുഖ്യന്യായാധിപന്റെ മാധ്യമവിചാരണ (പി.വി.തോമസ്: ദല്‍ഹികത്ത്)

സുപ്രീംകോടതി ചീഫ് ജസ്റ്റീസ്' എന്‍.വി.രമണ ജൂലൈ ഇരുപത്തിമൂന്നാം തീയതി റാഞ്ചിയില്‍ വച്ചു നടത്തിയ ചില പരാമര്‍ശനങ്ങള്‍ മാധ്യമലോകത്തെ നിശിതമായി വിമര്‍ശിക്കുന്നത് ആയിരുന്നു. ഇത് മാധ്യമങ്ങളെ ഒന്നടങ്കം ബാധിക്കുകയില്ലെങ്കിലും ആരോപണത്തിന്റെ മുന ചിലര്‍ക്കെങ്കിലും കൊള്ളാതിരിക്കുകയില്ല. ഇവര്‍ ഒരു ആത്മപരിശോധനയ്ക്ക് മുതിര്‍ന്നാല്‍ നന്നായിരിക്കും. കാരണം മാധ്യമരംഗം അത്രമാത്രം മീമസമായി കൊണ്ടിരിക്കുകയാണ് ജസ്റ്റീസ് രമണയുടെ അഭിപ്രായത്തില്‍. അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം മാധ്യമരംഗത്ത് ഓരോ അജണ്ടപ്രകാരമുള്ള ഡിബേറ്റുകള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ഇത് പ്രധാനമായും ഇലക്ട്രോണിക് മാധ്യമങ്ങളില്‍ ആണ്. ഇത് ഇന്‍ഡ്യയുടെ ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് ഹാനികരം ആണ്. ജസ്റ്റീസ് രമണ അജണ്ടപ്രകാരമുള്ള കാമ്പെയിന്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചത് ജഡ്ജിമാര്‍ക്കെതിരെയുള്ള കടന്നാക്രമണത്തെയാണ്. ഇത് ചെറിയ ഒരു ശതമാനത്തെ സംബന്ധിച്ചിടത്തോളം ബാധകം ആയിരിക്കാം. എന്നാല്‍ പൊതുവെ ഒരു ഹിഡന്‍ അജണ്ടയുമായി പ്രവര്‍ത്തിക്കുന്ന നല്ലൊരു വിഭാഗവും മാധ്യമരംഗത്തുണ്ട് എന്നുള്ളത് ഒരു സത്യമാണ്. ഇവര്‍ ജഡ്ജിമാരെ മാത്രമല്ല ഉന്നം വയ്ക്കുന്നത്. ഇവര്‍ അധികാരി പ്രീണനത്തിനായി മാധ്യമത്തെ ദുരുപയോഗപ്പെടുത്തുന്നു. ഇവരെക്കുറിച്ച് ചീഫ് ജസ്റ്റീസ് ഒന്നും പറഞ്ഞതായി കണ്ടില്ല. അദ്ദേഹത്തെ അലട്ടുന്നത് ജുഡീഷറിയും ജഡ്ജിമാരും ആക്രമണവിധേയം ആകുന്നത് ആണ്. അത് ശരിയും ആണ്. വളരെയേറെ സംഭവങ്ങള്‍ ഉണ്ട് താനും. എന്നാല്‍ ചില സംഭവങ്ങള്‍ അങ്ങനെ സംഭവിച്ചുപോകും. അത് ജനരോഷത്തിന്റെ ബഹിര്‍സ്ഫുരണം ആണ്. ഉദാഹരണം ആയി മുന്‍മുഖ്യന്യായാധിപന്‍ ജസ്റ്റീസ് രഞ്ചന്‍ ഗൊഗോയി സത്യപ്രതിജ്ഞ ചെയ്യുവാന്‍ രാജ്യസഭയില്‍ എത്തിയപ്പോള്‍ പ്രതിപക്ഷം അദ്ദേഹത്തെ പ്രതിഷേധത്തോടെയാണ് എതിരേറ്റത്. ഇത് പ്രതിപക്ഷം ആണ്. മാധ്യമം അല്ല. ഗൊഗോയി ചില പ്രധാന കേസുകളില്‍ വിധി പറഞ്ഞിരുന്നു. ഇതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റഫാല്‍ കേസില്‍ ക്ലീന്‍ ചിറ്റ് കൊടുത്തതും ബാബരി മസ്ജിദ് കേസും ഉള്‍പ്പെടുന്നു. ഏതായാലും മാധ്യമങ്ങള്‍ ഇനി ജഡ്ജിമാരെ ആക്രമിച്ചാല്‍ കോടതി അവര്‍ക്ക് ആയി അതിര്‍രേഖകള്‍ വരക്കുമെന്ന് ജസ്റ്റീസ് രമണ പറഞ്ഞു. മാധ്യമങ്ങള്‍ സുപ്രധാന വിഷയങ്ങളില്‍ കംഗാരു കോടതികള്‍ നടത്തി കോടതിയും ജഡ്ജും പ്രോസിക്യൂട്ടറും ദൃക്‌സാക്ഷിയും ആരാച്ചാരും ആയി മാറുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. പരിചയസമ്പന്നരായ ജഡ്ജിമാര്‍ക്ക് തലനാരിഴ കീഴി പരിശോധിച്ച് വിധി പറയുവാന്‍ വിഷമമുള്ള  വിഷയങ്ങളിലാണ് ഈ വിധത്തില്‍ സമ്മറി ട്രയലിലൂടെ മാധ്യമ കംഗാരു കോടതികള്‍ വിധി പറയുന്നതെന്നും അദ്ദേഹം ചൂണ്ടികാണിച്ചു. പലപ്പോഴും ഈ മാധ്യമങ്ങള്‍ക്ക് ശരിയായതും പൂര്‍ണ്ണമായതും ആയ വിവരങ്ങള്‍ അറിവുണ്ടായിരിക്കുകയില്ല. അച്ചടിമാധ്യമങ്ങള്‍ക്ക് പിന്നെയും കുറച്ചൊക്കെ ഉത്തരവാദിത്വം ഉണ്ട്. ഇത് ഒട്ടും ഇല്ലാത്തത് ഇലക്ട്രോണിക്ക്- സോഷ്യല്‍ മീഡിയകള്‍ ആണ് ചീഫ് ജസ്റ്റീസിന്റെ അഭിപ്രായത്തില്‍. മാധ്യമങ്ങള്‍ അതിരു ലംഘിച്ചാല്‍ കോടതിക്കോ ഗവണ്‍മെന്റിനോ ഇടപെടേണ്ടതായി വരുമെന്ന് ഒരു താക്കീത് നല്‍കുവാനും മുഖ്യന്യായാധിപന്‍ മടിച്ചില്ല. അദ്ദേഹം ആര്‍ക്കു വേണ്ടി സംസാരിക്കുന്നു? കോടതികള്‍ക്കും ഗവണ്‍മെന്റിനുവേണ്ടിയാണെന്നും മാധ്യമങ്ങള്‍ക്കുവേണ്ടി അല്ലെന്നും തീര്‍ച്ചയാണ്. മാധ്യമങ്ങള്‍ക്കിടയില്‍ കരിങ്കാലികളും കറുത്ത ആടുകളും ഉണ്ടെന്നുള്ളത് അംഗീകരിക്കുന്നതോടൊപ്പം ജനാധിപത്യത്തില്‍ നാലാംതൂണായ മാധ്യമങ്ങളെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വവും കോടതിക്ക് ഉണ്ടെന്നകാര്യം മുഖ്യന്യായാധിപന്‍ മറക്കരുത്. മാധ്യമ വിചാരണയെ ജനാധിപത്യത്തില്‍ നികൃഷ്ടമായ ഒരു പദപ്രയോഗമായി കാണാമോ? 2-ജി സ്‌പെക്ട്രം, കല്‍ക്കരി കുംഭകോണങ്ങള്‍ പുറത്തുവന്നതും ഇതേ മാധ്യമവിചാരണയിലൂടെയാണ്. ചില സന്ദര്‍ഭങ്ങളില്‍ മാധ്യമങ്ങള്‍ അതിര്‍ ലംഘിക്കുന്നുണ്ടെന്നത് സത്യം ആണ്. സുശാന്ത് സിംങ്ങ്  രാജ്പുട്ടിന്റെ ആത്മഹത്യ ആര്യന്‍ ഖാന്റെ മയക്കുമരുന്നു മാഫിയ ബന്ധം തുടങ്ങിയ ഏതാനും ചില ഉദാഹരണങ്ങള്‍ ആണ്.

മാധ്യമങ്ങള്‍ നടത്തുന്ന കംഗാരു കോടതികളും മാധ്യമ വിചാരണയും കോടതികളുടെ നീതി നിര്‍വ്വഹണ സമ്പ്രദായത്തിന് ഹാനികരം ആണെന്ന് മുഖ്യന്യായാധിപന്‍ പറയുന്നു. ഇത് യഥാര്‍ത്ഥ നീതിയെയും വിചാരണയെയും ദോഷമായി ബാധിക്കുന്നു. അതുകൊണ്ട് മാധ്യമങ്ങള്‍ സ്വയം നിയന്ത്രണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി അതനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ജസ്റ്റീസ് രമണ അഭിപ്രായപ്പെടുന്നു.

ഇതിനുശേഷം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ജൂലൈ ഇരുപത്തി ആറിന് ദല്‍ദിയില്‍ വച്ച് മുഖ്യന്യായാധിപന്‍ മാധ്യമങ്ങളെ സംബന്ധിച്ച ചില അപ്രിയ സത്യങ്ങള്‍ തുറന്നു പറയുകയുണ്ടായി. മാധ്യമസ്ഥാപനങ്ങള്‍ക്ക് വേറെ വ്യവസായങ്ങള്‍ ഉണ്ടാകരുത്. ഇതുണ്ടായാല്‍ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ മാധ്യമങ്ങളുടെ നടത്തിപ്പിനെ ബാധിക്കും. കച്ചവട-വ്യവസായ താല്‍പര്യങ്ങള്‍ ഇല്ലാതിരുന്ന മാധ്യമങ്ങള്‍ ആണ് അടിയന്തിരാവസ്ഥയെ എതിര്‍ക്കുന്നതിന് മുന്‍നിരയില്‍ ഉണ്ടായിരുന്നത് എന്ന് ജസ്റ്റീസ് രമണ ഉദാഹരണ സഹിതം പറഞ്ഞു. മാധ്യമങ്ങള്‍ സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം നടത്തണം. ഇതിന് മറ്റ് നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉണ്ടാകരുത്. സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനത്തിന് വ്യവസായ താല്‍പര്യങ്ങള്‍ വിഘാതമായി നില്‍ക്കും. ഒരു മുന്‍മാധ്യമപ്രവര്‍ത്തകന്‍ കൂടെയായ ജസ്റ്റീസ് രമണയുടെ ഈ വീക്ഷണങ്ങള്‍ വളരെ ശരിയാണ്. മാധ്യമങ്ങളുടെ സ്വതന്ത്രവും നിഷ്പക്ഷവും ആയ പ്രവര്‍ത്തനത്തിന് കോടതികള്‍ക്ക് നിര്‍ണ്ണായകമായ ഒരു പങ്ക് വഹിക്കുവാനുണ്ടെന്ന കാര്യവും ജസ്റ്റീസ് രമണ ഓര്‍മ്മിക്കുന്നതു നന്ന്. ഭരണാധികാരിയുടെ കടന്നാക്രമണത്തില്‍നിന്നും മാധ്യമങ്ങളെ സംരക്ഷിക്കേണ്ടത് കോടതിയാണ്.

എന്താണ് മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും ദുര്‍ബ്ബലമാക്കുന്നത്? മുഖ്യ ന്യായാധിപന്‍ പറഞ്ഞതുപോലെ അത് മാധ്യമവ്യവസായികളുടെ കച്ചവട താല്‍പര്യങ്ങള്‍ മാത്രം അല്ല. അത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു പുല്ലുവില കല്‍പിക്കാത്ത സര്‍ക്കാരും ആ സര്‍ക്കാരിനെ സംരക്ഷിക്കുന്ന കോടതികളും അല്ലേ? ജാമ്യം ലഭിക്കാതെ ജയിലില്‍ വിചാരണ തടവുകാരായി കഴിയുന്ന മാധ്യമപ്രവര്‍ത്തകരെ ആര് പരിഗണിക്കും? വന്‍വ്യവസായികളും ശതകോടീശ്വരന്മാരും മാധ്യമങ്ങള്‍ വിലക്കുവാങ്ങി അടക്കി വാഴുന്നതിനെ ആരു നിയന്ത്രിക്കും? ആരാണ് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന് അളവില്ലാതെ അധികാരങ്ങള്‍ നല്‍കിയത്? എന്തുകൊണ്ട് രാജ്യദ്രോഹനിയമം(124-എ) ഇന്‍ഡ്യന്‍ ശിക്ഷാനിയമത്തില്‍ ഇപ്പോഴും തുടരുന്നു? എന്തുകൊണ്ട് ഇന്‍ഡ്യന്‍ മാധ്യമസ്വാതന്ത്ര്യപട്ടികയില്‍ 142-ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു? യു.പി.എ.യും മൊഹമ്മദ് സുബൈറും, ടീസ്റ്റ സെറ്റല്‍വാഡും എല്ലാം എന്തുകൊണ്ട്? മുഖ്യന്യായാധിപന്‍ മാധ്യമങ്ങളെ ഉപദേശിക്കുമ്പോള്‍ അത് മാനിക്കുന്നു. പക്ഷേ, അദ്ദേഹത്തില്‍ നിന്നും മാധ്യമപ്രവര്‍ത്തകരും ചിലതെല്ലാം പ്രതീക്ഷിക്കുന്നുണ്ട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക