Image

മാര്‍പ്പാപ്പയുടെ മാപ്പില്‍ തീരുമോ ഈ കളങ്കം? (ബാബു പാറയ്ക്കല്‍ : നടപ്പാതയില്‍ ഇന്ന്-46)

ബാബു പാറയ്ക്കല്‍ Published on 30 July, 2022
മാര്‍പ്പാപ്പയുടെ മാപ്പില്‍ തീരുമോ ഈ കളങ്കം? (ബാബു പാറയ്ക്കല്‍  : നടപ്പാതയില്‍ ഇന്ന്-46)

"എന്താടോ മാര്‍പ്പാപ്പ ചരിത്രം സൃഷ്ഠിക്കുകയാണല്ലോ."
"എന്തു ചരിത്രമാ പിള്ളേച്ചാ, അദ്ദേഹം ഇപ്പോള്‍ പ്രത്യേകം സൃഷ്ടിക്കുന്നത്?"
എടോ, അദ്ദേഹം കാനഡായില്‍ ചെന്ന് അവിടെ കത്തോലിക്കാ സഭ തദ്ദേശീയരോടു ചെയ്ത ക്രൂര കൃത്യങ്ങള്‍ക്കു മാപ്പപേക്ഷിച്ചില്ലേ?'
"അതെ. അങ്ങനെ കേട്ടു. നമ്മുടെ മാധ്യമങ്ങളൊന്നും അതിനു വലിയ പ്രാധാന്യം കൊടുത്തില്ലെന്നു മാത്രം."
"അതുകൊണ്ടു സഭയുടെ ചരിത്രത്തില്‍ പുതിയ ചക്രവാളങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന ഈ വക മുഹൂര്‍ത്തങ്ങള്‍ പ്രാധാന്യമില്ലാത്തതാകുമോ?"
"അത് ശരിയാ. അദ്ദേഹം എന്തിനാ പിള്ളേച്ചാ ചരിത്രത്തില്‍ ഇതുവരെ ഒരു മാര്‍പ്പാപ്പയും ഖേദം പ്രകടിപ്പിക്കാത്ത കാര്യത്തിന് അവരുടെ തട്ടകത്തില്‍ ചെന്ന് പരസ്യമായി മാപ്പു പറഞ്ഞത്?"
"എന്ന് പറഞ്ഞാല്‍ അമ്മാതിരി പണിയല്ലേടോ തദ്ദേശീയരായ ഗോത്രവര്‍ഗക്കാരോട് സഭ കാണിച്ചു കൂട്ടിയത്?"
"അതെന്താ മതപരിവര്‍ത്തനമായിരുന്നോ?'
"മത പരിവര്‍ത്തനം മാത്രമല്ലെടോ. അവരുടെ ഭാഷയും സംസ്‌കാരവും എല്ലാം പാടേ നശിപ്പിച്ചു കളയുകയല്ലായിരുന്നോ?"
"ഇപ്പോഴെന്താ ഇതൊക്കെ പെട്ടെന്ന് പൊന്തി വരാന്‍ ഇടയാക്കിയത്?"
"കനേഡിയന്‍ ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ ഒരു കമ്മീഷനെ നിയമിച്ചിരുന്നു. അവരുടെ റിപ്പോര്‍ട്ട് വായിച്ചാല്‍ നാം അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോകും."
"എന്താ പിള്ളേച്ചാ, അത്രയ്ക്ക് ഭയങ്കരമായിരുന്നോ? എന്നാണ് ഈ പീഡനം അരങ്ങേറിയത്?"
"എടോ, 1880 മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഭൂരിഭാഗവും ഈ തേര്‍വാഴ്ച്ച നടന്നിരുന്നു. കനേഡിയന്‍ സര്‍ക്കാരിന്റെ ചെലവില്‍ കത്തോലിക്കാ സഭ നടത്തിയിരുന്ന 139 റെസിഡന്‍ഷ്യല്‍ സ്‌ക്കൂളുകളിലായിരുന്നു കൊടിയ പീഢനം നടന്നിരുന്നത്. തദ്ദേശീയര്‍ താമസിച്ചിരുന്ന നൂറു കണക്കിനു ഗ്രാമങ്ങളില്‍ ചെന്ന് പോലീസ് അവരുടെ വീടുകളില്‍ നിന്നും കുട്ടികളെ വിളിച്ചു മാറ്റി നിര്‍ത്തുന്നു. ഏതാണ്ട് മൂന്നു വയസ്സുള്ള കുട്ടികള്‍ മുതല്‍ പന്ത്രണ്ടും പതിനഞ്ചും വയസ്സ് വരെയുള്ള കുട്ടികളെയാണ് ഇങ്ങനെ മാറ്റുന്നത്. എന്നിട്ട് അവരെ മാതാപിതാക്കളുടെ മുന്‍പില്‍ വച്ചുതന്നെ ബലമായി പിടിച്ചു വണ്ടിയില്‍ കയറ്റി ഇങ്ങനെയുള്ള റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ എത്തിക്കുന്നു. കുട്ടികളെ പിടിച്ചു കൊണ്ടുപോകുമ്പോള്‍ എന്തെങ്കിലും എതിര്‍പ്പു പ്രകടിപ്പിക്കുന്ന മാതാപിതാക്കളെ ഉടനടി പോലീസ് ജയിലിലടയ്ക്കും. ഗോത്ര വര്‍ഗ്ഗക്കാരായ ഈ കുട്ടികള്‍ സ്‌കൂളില്‍ എത്തിയാല്‍ മുടി നീട്ടി വളര്‍ത്തിയിട്ടുള്ളവരുടെയെല്ലാം തല മുണ്ഡനം ചെയ്യുന്നു. പരമ്പരാഗതമായ വസ്ത്രങ്ങള്‍ മാറ്റി പാശ്ചാത്യ രീതിയിലുള്ള വസ്ത്ര ധാരണം നിര്‍ബന്ധമാക്കുന്നു. അവരുടേതായ ഭാഷ മാത്രം സംസാരിക്കാനറിയാവുന്ന ഈ കുരുന്നുകള്‍ക്ക് പിന്നെ അവരുടെ ഭാഷ സംസാരിക്കാന്‍ അവകാശമില്ല. ആ ഭാഷ മിണ്ടിയാല്‍ അടി ഉറപ്പ്. പലപ്പോഴും ഇരുട്ടറകളില്‍ ദിവസങ്ങളോളം അടച്ചിടും. സഭയുടെ ചിട്ടവട്ടങ്ങള്‍ പഠിപ്പിക്കുന്ന ഇവരെ പരമ്പരാഗതമായ അവരുടെ രീതികള്‍ പൂര്‍ണ്ണമായി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുന്നു. പലപ്പോഴും ശാരീരികമായും ലൈംഗികമായും ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. ഇങ്ങനെ പിടിച്ചുകൊണ്ടുവന്നു പീഡിപ്പിച്ചിട്ടുള്ള ഒന്നര ലക്ഷം കുട്ടികളില്‍ വളരെ കുറച്ചു പേര്‍ മാത്രമേ അതിനെ അതിജീവിച്ചു പുറത്തു വന്നിട്ടുള്ളു. കഴിഞ്ഞ വര്‍ഷം ആര്‍ക്കിയോളജി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഒരു സ്ഥലത്തു മാത്രം 200 കുട്ടികളെ കുഴിച്ചു മൂടിയിരിക്കുന്നതായി കണ്ടു."
"ഇത് ആധികാരികമായിട്ടാണോ കമ്മീഷന്‍ പുറത്തുവിട്ടിരിക്കുന്നത്?"
"അതെ. അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങളിലൊന്നായ സി ബി എസ് ലെ ആന്‍ഡേഴ്സണ്‍ കൂപ്പര്‍ അദ്ദേഹത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇത് ശരിവയ്ക്കുന്നതിനു പുറമെ പറഞ്ഞരിക്കുന്നത് പല മുറികളിലും പുരോഹിതന്മാര്‍ക്ക് കാമകേളിക്കു വേണ്ടി കുട്ടികളെ ഉപയോഗിക്കാന്‍ കിടക്കകള്‍ പോലും സ്ഥിരമായി തയാറാക്കി ഇട്ടിട്ടുണ്ടായിരുന്നു എന്നാണ്. വെറും എട്ടു വയസ്സ് മാത്രം പ്രായമുള്ള തന്റെ കസിനായ പെണ്‍കുട്ടിയെ പുരോഹിതന്‍ ലൈംഗികമായി പീഡിപ്പിക്കുന്നത് കണ്ടതായി ഇന്നും ജീവിക്കുന്ന ലിയോണ വോള്‍ഫ് എന്ന സ്ത്രീ സാക്ഷിപ്പെടുത്തുന്നു. ആണ്‍കുട്ടികളെ കന്യാസ്ത്രീകളും പീഡിപ്പിക്കുമായിരുന്നത്രേ! കുട്ടികളെ പിടിച്ചു കൊണ്ടുപോയി കഴിഞ്ഞാല്‍ പിന്നെ അവര്‍ക്കു വെറും നമ്പര്‍ മാത്രമാണ് നല്‍കുന്നത്. അവരുടെ പേര് ആരും ഉച്ചരിക്കാന്‍ പാടില്ല. മഹിഗന്‍ പിമോടെയ് എന്ന കുട്ടിയുടെ ഉദാഹരണം റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. അവനു കൊടുത്തത് നമ്പര്‍ 65 ആയിരുന്നു. സ്‌കൂളില്‍ സംബോധന ചെയ്യുന്നത് 65 എന്ന് മാത്രമായിരുന്നു. ആ പ്രായത്തിലുള്ള ഒരു കുട്ടിയെ മാനസികമായി തളര്‍ത്താന്‍ അതു മാത്രം മതിയെന്നാണദ്ദേഹം പറയുന്നത്. അതിനു പുറമെ തനിക്കു ശാരീരികമായും ആത്മീയമായും മാനസികമായും അതിലുപരി ലൈംഗികമായും പീഡനങ്ങള്‍ അനേകം സഹിക്കേണ്ടി വന്നതായി അദ്ദേഹം പറയുന്നു. ക്രൂരമായ പീഡനത്തില്‍ പലരും മരിക്കുന്നു. മരണപ്പെടുന്ന കുട്ടികളെ അവരുടെ മാതാപിതാക്കളെ പോലും അറിയിക്കാതെ മറവു ചെയ്യുന്നു. മിക്കവാറും സ്‌കൂളുകളില്‍ അവരുടേതായ സെമിത്തേരികള്‍ ഉണ്ടാവും."
"ഇത്രയും ക്രൂരമായ നടപടികള്‍ ഇക്കാലമത്രയും എങ്ങനെ ഇവര്‍ മറച്ചു വച്ചു പിള്ളേച്ചാ?"
"എടോ, ഇത് സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായിരുന്നു. "ബലമായ ഏകീകരണം" ആയിരുന്നു അവരുടെ ലക്ഷ്യം. തദ്ദേശീയമായ ഇന്ത്യന്‍ സംസ്‌കാരത്തെ ഇല്ലാതാക്കുക എന്ന നയത്തിന്റെ പിന്‍ബലത്തിലാണ് ഈ ക്രൂരത അരങ്ങേറിയിരുന്നത്. ഈ സ്‌കൂളുകളില്‍ നിന്നും രക്ഷപെട്ട ആയിരക്കണക്കിന് കുട്ടികള്‍ 2008 ല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. അതിനു ശേഷം മാത്രമാണ് കനേഡിയന്‍ ഗവണ്‍മെന്റ് പരസ്യമായി മാപ്പു പറഞ്ഞത്. ഒപ്പം, അവരുടെ നഷ്ടപരിഹാരത്തിനായി 1.9 ബില്യണ്‍ ഡോളറിന്റെ ഒരു ഫണ്ട് സ്ഥാപിക്കയും ഇതിന്റെ പൂര്‍ണ്ണമായ അന്വേഷണത്തിനായി ഒരു കമ്മീഷനെ നിയമിക്കുകയും ചെയ്തു. യാദൃച്ഛികമെന്നു പറയട്ടെ, അതിക്രൂരമായ പീഡനം അനുഭവിച്ച ആ ആറു വയസ്സുകാരനായ അന്നത്തെ പയ്യനാണ് ഇന്ന് ഈ കമ്മീഷനെ നയിക്കുന്ന ചീഫ് ലിറ്റില്‍ ചൈല്‍ഡ്! 2015 ല്‍ കമ്മീഷന്‍ കണ്ടു പിടിച്ചത്, സ്‌കൂളിലെ ഭയന്നുള്ള ജീവിതത്തിലെ തിക്കിലും തിരക്കിലും ഭക്ഷണമില്ലായ്മയിലും ശുചിത്വമില്ലായ്മയില്‍ നിന്നുണ്ടായ രോഗങ്ങളിലും മറ്റുമായി മാത്രം മൂവായിരത്തിലധികം കുട്ടികള്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ്. പീഡനം സഹിക്കാനാവാതെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെടുന്ന ധാരാളം കുട്ടികള്‍ അതിന്റെ ശിക്ഷയായി അനുഭവിക്കുന്ന മര്‍ദ്ദനമേറ്റു മരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കൊളംബിയയിലെ 200 കുട്ടികളെ കുഴിച്ചുമൂടിയിരിക്കുന്ന ശവക്കുഴി കണ്ടു പിടിച്ച് വെറും ആഴ്ചകള്‍ക്കുള്ളില്‍ സസ്‌കാച്ചിവന്‍ മേഖലയില്‍ 751 പേരെ കുഴിച്ചുമൂടിയിരിക്കുന്ന മറ്റൊരു വലിയ കുഴിമാടം അനാവരണം ചെയ്തു. ഇതില്‍ ഭൂരിഭാഗവും മരീവല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ കുട്ടികളായിരിക്കുമെന്നാണ് കമ്മീഷന്‍ അനുമാനിക്കുന്നത്. ഏറ്റവും സങ്കടകരമായ കാര്യം, ഒരു കുട്ടി മരണപ്പെട്ടാല്‍ അതിനെ അടക്കാന്‍ കുഴിയെടുക്കുന്നതു പലപ്പോഴും പത്തോ പതിനൊന്നോ വയസ്സുള്ള സഹപാഠികളായിരിക്കും എന്നതാണ്. അവരുടെ മാനസികാവസ്ഥ എന്തായിരിക്കും? അതുപോലെ, എട്ടു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന എഡ് ബീറ്റെര്‍ണോസ് എന്ന കുട്ടിയെ ഒരു കന്യാസ്ത്രീ പീഡിപ്പിച്ചത് അവന്റെ മനസ്സില്‍ വലിയ മുറിപ്പാടുകളാണ് സൃഷ്ടിച്ചത്. വര്‍ഷങ്ങള്ക്കു ശേഷം വിവാഹം കഴിഞ്ഞെങ്കിലും നാലു പതിറ്റാണ്ടു പിന്നിട്ട അദ്ദേഹത്തിന് ഇന്നും ഭാര്യയെ എങ്ങനെ സ്‌നേഹിക്കണം എന്നറിയില്ല എന്ന് പറയുമ്പോള്‍ ആ മുറിപ്പാടുകളുടെ ആഴം മനസ്സിലാകും."
"അങ്ങനെ എത്രയോ പേരുടെ ദാരുണമായ അനുഭവത്തിനു സഭ ഉത്തരവാദിയാണ്! അപ്പോള്‍ പാപ്പയുടെ ഒരു മാപ്പില്‍ മാത്രം ഈ പ്രശ്‌നം അവസാനിക്കുമോ പിള്ളേച്ചാ?"
"എടോ, ഈ മാര്‍പ്പാപ്പ സഭയിലെ തന്റെ പൂര്‍വ്വികര്‍ ചെയ്ത തെറ്റ് അംഗീകരിച്ചല്ലോ! ആരോഗ്യം അനുവദിച്ചിരുന്നില്ലെങ്കില്‍ പോലും വീല്‍ ചെയറില്‍ ഇരുന്ന് അവരോടു പരസ്യമായി മാപ്പിരക്കുകയും ആത്മാര്‍ഥമായ അശ്രുകണങ്ങള്‍ പൊഴിക്കയും ചെയ്തു എന്നത് ആശ്വാസകരമാണ്."
"ഇനിയെങ്കിലും സഭയുടെ നയങ്ങളില്‍ കാര്യമായ മാറ്റം വരുത്തി ഇങ്ങനെയുള്ള ക്രൂരതകള്‍ അനുവദിക്കില്ലെന്നു പ്രതീക്ഷിക്കാം."
"നമുക്കു പ്രതീക്ഷിക്കാനല്ലേ പറ്റൂ."
"അതേ പിള്ളേച്ചാ."
"എങ്കില്‍, പിന്നെ കാണാമെടോ."
"അങ്ങനെയാകട്ടെ."

 

Join WhatsApp News
റെജി ഫിലിപ്പ് 2022-07-30 13:16:39
കാലം മാപ്പ് നൽകും പിള്ളേച്ചാ.
Babu Parackel 2022-08-05 02:21:21
Thanks for the response.
മോൻസി കൊടുമൺ 2022-08-05 00:57:15
പീഡനത്തിനെതിരെ ശക്ത മായി നടു നിവർത്തി പ്രവർത്തിക്കുന്ന എഴുത്തു കാരാണ് നമുക്ക് വേണ്ടത് ' അതിൽ Ac ജോർജ് ഹൂസ്റ്റൺ PT പൗലോസ് ന്യൂയോർക്ക് എന്നിവരുടെ ഗണത്തിലേക്ക് ബാബു പാറക്കൽ സാറും വന്നതിൽ അഭിമാനിക്കുന്നു. സ്ത്രീകളെ നശിപ്പിക്കുന്ന ഏതു വർഗ്ഗത്തേ യും തൊലി ഉരിച്ച് മുളകുപൊടി പുരട്ടി ഓവനിൽ വെച്ച് പൊരിച്ച് സിംഹക്കൂട്ടിൽ എറിഞ്ഞു കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം' . പ്രത്യേകിച്ച് കുഞ്ഞുങ്ങളെ നശിപ്പിക്കുന്ന കാമപിശാചുക്കളെ അപ്പോൾ തന്നെ ജീവനോടെ പുലികൾക്കു തിന്നാൻ കൊടുക്കണം' അവൻമാരുടെ മരണ വേദന കണ്ടു സന്തോഷിക്കു ന്നവർക്ക് ഒരു ആത്മീയ സുഖം കിട്ടട്ടെ .ധൈര്യമായി അനീതിക്കെതിരെ താങ്കൾ വീണ്ടും തൂലിക ചലിപ്പിക്കുക.പലരും സ്വന്തം മക്കൾക്ക് ഇത്തരദുരിതം വരുമ്പോൾ മാത്രം പ്രതികരി ക്കാനിരിക്ക യാണ്. കാരണം അന്യന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ എന്തുരസ മാണ് അല്ലേ! ഭയം നമ്മെ തെറ്റുകൾ ക്കെതിരെ പ്രതികരി ക്കാൻ മടി കാണിക്കു ന്നു. ഇത്തരം ആണുങ്ങൾ നട്ടെല്ലില്ലാത്ത നപുംസക ങ്ങൾ ആയിരിക്കും അവരെ പിന്തുണ ക്കുന്ന തെമ്മാടികളുമാണ് ഈ ലോകം നശിപ്പിക്കുന്നത് . നമുക്ക് ഇവർക്കെ തിരെ ധൈര്യമായി ശബ്ദമുയർത്തി ഒരു നല്ല നാടിനായി പൊരുതാം നന്ദി എഴുത്തു കാരെ നന്ദി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക