മലയാളികൾ മണ്ടൻമാരാണെന്ന് പണ്ടേ പറയാറുണ്ട്. വിദേശത്തു പോയാലും അവർക്ക് അബദ്ധങ്ങൾക്കു കുറവില്ല. അല്ലെങ്കിൽ പിന്നെ രാപ്പകൽ നടുവൊടിച്ചു പണിയെടുത്ത് ഉണ്ടാക്കുന്ന പണത്തിൻ്റെ നല്ലൊരു ഭാഗം ഫ്രോഡുകൾക്ക് കൊടുക്കുന്നവരെ വിഡ്ഡികളെന്നല്ലാതെ മറ്റെന്താണ് വിളിക്കുക?
പറഞ്ഞു വരുമ്പോൾ അതിനെ വിഡ്ഡിത്തമെന്നല്ല കരുണ, സഹതാപം, ദൈവീകം എന്നൊക്കെ വേണേൽ പറയാം. പക്ഷേ പറ്റുന്നത് മണ്ടത്തരം തന്നെയാണ്. നമ്മളറിയാതെ നമ്മളെ പറ്റിച്ച് , സ്വയം തടിച്ചുകൊഴുപ്പിക്കുന്ന ചില കുറുക്കന്മാരുടെ സാമ്രാജ്യമാണ് കേരളം എന്ന് തിരിച്ചറിയുക. അവർ കൊള്ളയടിക്കുന്നത് നമ്മുടെ മനസ്സലിവിനെയാണ്. അരുത്, മുഴുപ്പട്ടിണിയെ വിറ്റ് കോടീശ്വരനാകാൻ പുറപ്പെടുന്ന ചെന്നായ്ക്കളുടെ ഈ വലയിൽ ഇനി വീഴരുത്..
ഈയാഴ്ച അറസ്റ്റു ചെയ്യപ്പെട്ട ഒരു പാസ്റ്ററുടെ തട്ടിപ്പാണ് പറഞ്ഞു വരുന്നത്.
പെരുമ്പാവൂരിലെ കരുണാ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഉടമ. പേരൊക്കെ നന്ന്. അതിൽ കരുണയുണ്ട്. പക്ഷേ,ലക്ഷ്യമോ? അത് തിരിച്ചറിയേണ്ടത് നമ്മളാണ്. ഓഖ എക്സ്പ്രസ്സിൽ 12 പെൺകുട്ടികളുമായി രാജസ്ഥാൻ സംഘം യാത്ര ചെയ്യുന്നത് കണ്ട സഹയാത്രികർക്ക് തോന്നിയ സംശയമാണ് വഴിത്തിരിവായത്.വിനോദയാത്രയെന്ന പേരിലാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് റെയിൽവേപോലിസ് പറഞ്ഞു. ഒമ്പതിനും 13 നും ഇടയിൽ പ്രായം. രാജസ്ഥാനിലില്ലാത്ത പച്ചിപ്പുകണ്ട അന്തം വിട്ട് ആഹ്ളാദിച്ച പെൺകുഞ്ഞുങ്ങൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. യാതൊരു രേഖകളുമില്ലാത്ത മനുഷ്യക്കടത്തായിരുന്നു അത്. അനാഥശാലയുടെ മറവിൽ പെൺകുട്ടികളെ മാത്രം എന്തിന് കൊണ്ടുവന്നു എന്നത് ദുരൂഹം.
അന്വേഷണത്തിനൊടുവിൽ പാസ്റ്റർ ജേക്കബ്ബ് വർഗീസ് അറസ്റ്റിലായി. ഈ സ്ഥാപനത്തിലെ മുൻ അന്തേവാസികളായ രണ്ട് രാജസ്ഥാൻകാരാണ് മനുഷ്യക്കടത്തിൻ്റെ ഇടനിലക്കാർ.
ദൈവരാജ്യ പ്രഭാഷകരായ പാസ്റ്റർമാർക്ക് കരുണാലയങ്ങൾ അഥവാ അനാഥ സ്ഥാപനങ്ങൾ നടത്തുന്നതിന് യാതൊരു വിലക്കുകളുമില്ല. പക്ഷേ സ്വർഗ്ഗരാജ്യത്തിലെ നിയമങ്ങളെപ്പോലെത്തന്നെ ഭൂമിയിലെ സ്വന്തം രാജ്യത്തെ നിയമങ്ങളെയും അനുസരിക്കാൻ ബാധ്യസ്ഥരാണെന്നത് ഓർമിക്കണം. അപ്പനും അമ്മയും മൂന്നു മക്കളും മൂന്നു മരുമക്കളും ചേർന്നാൽ ഒരു സ്വതന്ത്രസഭ രൂപീകരിക്കാൻ വകുപ്പായി. പാസ്റ്ററും സെൻറർപാസ്റ്ററും ഒക്കെയാണെന്നു വീമ്പിളക്കാം. ചിലർ പാസ്റ്റർ മാറ്റി മിനിസ്റ്റർ എന്നു വരെ വിശേഷിപ്പിക്കാറുണ്ട്!.ആരും ചോദിക്കാനില്ല, നിയമവുമില്ല, ബൈലോയും വേണ്ട. പരമ്പരാഗത സഭകളുടെ ചിട്ടവട്ടങ്ങളും വേണ്ട.
പെരുമ്പാവൂരിലെ സ്വതന്ത്ര സഭയുടെ ഈ പാസ്റ്ററുടെ അനാഥശാലയ്ക്ക് അംഗീകാരം നഷ്ടമായിട്ട് വർഷങ്ങളായത്രേ. കേരളത്തിൽ അനാഥശാല നടത്തുന്നവരിൽ 70% വും ക്രിസ്ത്യൻ വിഭാഗങ്ങളാണ്. കത്തോലിക്കാ സഭയുടെ കീഴിലെ കന്യാസ്ത്രീകൾ സ്തുത്യർഹമായി നടത്തുന്ന ആലുവയിലെ ചുണങ്ങുംവേലിയുൾപ്പടെ
ഒട്ടേറെ സ്ഥാപനങ്ങളിൽ ഞാൻ പോയിട്ടുണ്ട്. ഓർത്തഡോക്സ് സഭയിലെ കന്യാസ്ത്രീകൾ നടത്തുന്ന സ്ഥാപനത്തിലും സ്ഥിരം സന്ദർശകയായിരുന്നു.പെന്തക്കോസ്ത് സഭയ്ക്ക് കന്യാസ്ത്രീകളുമില്ല,സഭാവക അനാഥാലയങ്ങളുമില്ല. പക്ഷേ സ്വന്തം അനാഥ സ്ഥാപനങ്ങൾ നടത്തുന്ന നൂറു കണക്കിന് പാസ്റ്റർമാരുണ്ട്. അവരിൽ ചിലരുടെ സ്ഥാപനങ്ങളിലും ഞാൻ പോയിട്ടുണ്ട്, പത്രത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ആവുംവിധം പങ്കാളിയുമായിട്ടുണ്ട്. കൊടുക്കുന്ന തുക അർഹർക്കാണോ നൽകുന്നതെന്ന് ഉറപ്പു വരുത്തിയിട്ടേ കൊടുക്കാറുള്ളൂ. ഒരു നേരത്തെ ഭക്ഷണത്തിന് പണം നൽകിയാൽ അന്തേവാസികൾക്കൊപ്പമിരുന്ന് കഴിക്കാൻ ശ്രദ്ധിക്കണം.അനാഥ കുഞ്ഞുങ്ങളുടെ മുഖം കണ്ട് ഉള്ളു നൊന്താണ് നമ്മളൊക്കെ സഹായിക്കുന്നത്. സർക്കാർ ഫ്രീയായി നൽകുന്ന റേഷനരിച്ചോറും സാമ്പാറും മാത്രം അനാഥന് വിളമ്പിയിട്ട് , നമ്മൾ നൽകുന്ന പണം സ്വന്തം പേരിൽ നിക്ഷേപിക്കുന്ന കുറുക്കന്മാരാണ് പലരും. അനാഥശാല തുടങ്ങുന്ന കാലത്തെ ആസ്തിയും 10 വർഷം കഴിയുമ്പോഴുള്ള ആസ്തിയും ഒന്നു ചേർത്തു നോക്കണം. സ്കൂട്ടറിൽ നടന്നവൻ നാലും അഞ്ചും മുന്തിയ വാഹനങ്ങളും മൂന്നു മുറിയിലെ സ്ഥാപനം കോടികളുടെ ബഹുനില മാളികകളുമായി വിപുലപ്പെടുന്ന കാഴ്ച.തോട്ടം, പലയിടത്തും ഭൂമി, വൻ നിക്ഷേപങ്ങൾ... ലാഭമില്ലാത്ത കച്ചവടത്തിന് ഒരുത്തരും പോകില്ലല്ലോ.. ഇതൊക്കെ വിദേശ മലയാളിയുടെ വിയർപ്പിൻ്റെ വിലയാണ്.
പാവം അനാഥക്കുട്ടികൾ പ്രാർത്ഥനയ്ക്ക് കണ്ണടച്ചപ്പോഴത്തെ ഫോട്ടോയെടുത്ത് വിദേശത്തേക്കയച്ച് സായ്പ്പിനെ പറ്റിച്ച് കാശുണ്ടാക്കിയ 'ദൈവദാസൻമാരുടെ ' എണ്ണവും കുറവല്ല.
അനാഥപ്പെൺകുഞ്ഞുങ്ങളുടെ മേനിയിൽ കൈവച്ച നടത്തിപ്പുകാരുമുണ്ട്. പ്രമാദമായ പല കേസുകളും ഇപ്പോൾ കോടതിയിലുണ്ട്.
ഇവരെയൊക്കെ യഥാർത്ഥത്തിൽ വഷളാക്കുന്നതാരാണ് ?. നമ്മൾത്തന്നെയാണ്. നമ്മൾ എല്ലുമുറിയെ പണി ചെയ്തു കിട്ടുന്ന തുകയിൽ ഒരംശം അനാഥന് പങ്കുവയ്ക്കാനാണല്ലോ ഇത്തരം സ്ഥാപനങ്ങളിൽ പോകുന്നത്. അനാഥനല്ല, സ്ഥാപനത്തിൻ്റെ നാഥനാണ് തടിച്ചുകൊഴുക്കുന്നതെന്ന് അറിയുക. സ്വദേശികളുടെ ഇന്ത്യൻ രൂപയേക്കാൾ ഡോളറിൻ്റെയും ദറാംസിൻ്റെയും മൂല്യത്തോടാണ് അവർക്ക് താൽപ്പര്യം. നാട്ടിലുള്ളവൻ അയ്യായിരം നൽകുമ്പോൾ വിദേശി അമ്പതിനായിരമാണ് നൽകുക.പലതുള്ളി പെരുവെള്ളമായി ഒഴുകി പണംവരവൊരു സമുദ്രമാകുകയാണ്. വിദേശ ഫണ്ടിൽ കണ്ണുനട്ട് ജാതിമതഭേദമെന്യേ അനാഥ സ്ഥാപനങ്ങൾ നടത്തി അർമാദിക്കുമ്പോഴാണ് മോദി സർക്കാർ വൻ ചതി ചെയ്തത്.പുതിയൊരു ബിൽ പാസ്സാക്കി[Foreign Contribution ( regulation )amendment bill -2020]. കണക്കുകൾ സുതാര്യമാവണം എന്നു തന്നെയാണ് ഉദ്ദേശ്യം.അനാഥനെ മറയാക്കിയുള്ള കോടികളുടെ ഒഴുക്കിന് തടയണ കെട്ടി.നൂറു കണക്കിന് സ്ഥാപനങ്ങൾ പൂട്ടി. പലതിനും അംഗീകാരം നഷ്ടമായി. പക്ഷേ,നേരെ ചൊവ്വേ നടത്തുന്നവന് ഭയമില്ല. കാരണം ഒരു കോടി കിട്ടിയാൽ 90 ലക്ഷം ചിലവായി, ബാക്കി പത്തുലക്ഷം ബാങ്കിലുണ്ട്. അല്ലെങ്കിൽ വരവിനേക്കാൾ ചിലവു കൂടിയാൽ കടത്തിൻ്റെ കണക്ക് കാണിക്കാം.പിന്നെന്ത് ശങ്ക.
2020-ലെ പുതിയ ആക്ടിൻ്റെ സാഹചര്യത്തിൽ ആൻ്റോ ആൻ്റണി എം.പി പറഞ്ഞ ഒരു കണക്കിങ്ങനെ. ഒരു ഇൻ്റർനാഷണൽ സ്ഥാപനം പ്രതിവർഷം ഇന്ത്യയിലേക്ക് അയയ്ക്കുന്നത് 300 കോടി രൂപ. ഭാരതത്തിലെ 1,45,000 കുട്ടികളുടെ പഠനത്തിനും ചികിത്സയ്ക്കും മറ്റു മാണിത്.അങ്ങനെ എത്രയെത്ര നിസ്വാർത്ഥ സ്ഥാപനങ്ങൾ, എത്രയെത്ര കോടികൾ.ഈ പണം അതേ ഉദ്ദേശ്യത്തോടെ ചിലവാക്കിയിരുന്നെങ്കിൽ ഭാരതം ശരിക്കും രാമരാജ്യമായി മാറിയേനേ. പക്ഷേ ഈ പണം
ഒഴുകിയതെങ്ങോട്ട് ?അതിനാണ് മൂക്കുകയറിട്ടത്.
മറ്റു ചില നിബന്ധനകളും ജുവനൈൽ ജസ്റ്റിസ് ആക്ട് നിർദ്ദേശിച്ചിട്ടുണ്ട്. ചുമ്മാതെ രണ്ടു മുറി കെട്ടിടത്തിൽ ഇനിയാർക്കും അനാഥമന്ദിരം നടത്താനാവില്ല. ഓരോ കുട്ടിക്കും കൃത്യമായി വേണ്ട സ്ഥലസൗകര്യം - കളിക്കാൻ, വിശ്രമിക്കാൻ, പഠിക്കാൻ, ഉറങ്ങാൻ.. നിർദ്ദേശിച്ചിട്ടുണ്ട്. അന്യസംസ്ഥാനക്കുട്ടികളെ അനുവദിക്കാൻ പാടില്ല. അവരെ സ്വന്തം സംസ്ഥാനത്തേക്ക് തിരിച്ചയക്കണം.
ഈ നിബന്ധനകളിൽ മിക്കവരും തട്ടിവീണു. കിളികളൊഴിഞ്ഞ കൂട് അടച്ചു പൂട്ടി.
കേരളത്തിലെ ഒട്ടേറെ സ്ഥാപനങ്ങൾ നിർത്തലാക്കി. അപ്പോഴാണ് യാതൊരു രേഖയുമില്ലാതെ അന്യസംസ്ഥാന കുട്ടികളെ കേരളത്തിലേക്ക് ഈ പാസ്റ്റർ പരസ്യമായി കടത്താൻ ശ്രമിച്ചത്.അതും പെൺകുട്ടികളെ മാത്രം !. ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ അനുമതിയില്ലാത്ത,അംഗീകാരം നഷ്ടപ്പെട്ട സ്ഥാപനം, എന്ത് തൻ്റേടത്തിൻ്റെ പേരാലാണ് ഈ അനധികൃത നീക്കം നടത്തിയതെന്ന് കണ്ടെത്താനുണ്ട്.
ഇത് ഉളിപ്പില്ലാത്ത ഭിക്ഷാടനമാണ്.കരുണയുടെ ബാനറിൽ ഒന്നാന്തരം പിച്ച തെണ്ടൽ..
ഇതിലും എത്ര മാന്യമാണ് വഴിയരികിൽ മത്തിക്കച്ചവടമോ കോഴിക്കച്ചവടമോ നടത്തി ജീവിക്കുന്നത്.വിയർപ്പൊഴുക്കി മാന്യമായി അധ്യാനിച്ചാണല്ലോ അവർ പണമുണ്ടാക്കുന്നത്. സുവിശേഷത്തെ വിറ്റാലും അനാഥരെ വിറ്റാലും അക്കൗണ്ടിലെത്തുന്നത് പണത്തിനൊപ്പം ശാപം കൂടിയാണ്. അത് മക്കൾക്കായി കൂട്ടുപലിശ ചേർത്ത് ഇരട്ടിക്കയാണെന്നു ഓർത്താൽ ഇത്തിരി ഭയം തോന്നിയേനേ. നമ്മളൊക്കെ സമ്പാദ്യത്തിൻ്റെ ഒരു പങ്ക് അശരണർക്ക് നൽകുന്നത് ദൈവത്തിന് കാണിക്ക അർപ്പിക്കുകയാണ്.
അത് വാങ്ങി സുഖലോലുപതയ്ക്ക് ഉപയോഗിച്ചാൽ ശാപമായിത്തന്നെ തിരിച്ചു കിട്ടും. പഞ്ചായത്തിൻ്റെയും സർക്കാറിൻ്റെയും അനുമതിയില്ലാഞ്ഞിട്ടും
ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ അംഗീകാരം ഇല്ലാതായിട്ടും പരസ്യമായി കുട്ടികളെ കടത്തി സ്ഥാപനം വിപുലീകരിക്കാനുള്ള ഈ തത്രപ്പാട് വെറുതെയല്ല, പണത്തോടുള്ള ആക്രാന്തം.ഇതിന് മുമ്പ് ഈ സ്ഥാപനത്തിൽ നടന്ന കാര്യങ്ങൾ കണ്ടെത്തണം. എന്തുകൊണ്ട് അനുമതി നിഷേധിച്ചു, തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം വേണം.
ഇത്രയും പറഞ്ഞതു കൊണ്ട് കേരളത്തിലെ എല്ലാ അനാഥാലയങ്ങളും തട്ടിപ്പു കേന്ദ്രങ്ങളാണെന്ന് ഒരിക്കലും ചിന്തിക്കരുത്.
കോട്ടയത്തുണ്ട് ഒരു തോമസ്. കോട്ടയം മെഡിക്കൽ കോളജിൽ അറ്റൻഡറായിരുന്ന
പി.യു. തോമസ്. ദിവസവും പതിനായിരങ്ങൾക്ക്, മുടങ്ങാതെ അന്നം നൽകുന്ന തോമസേട്ടൻ കൊറോണക്കാലത്തും ഭക്ഷണ വിതരണമുടക്കിയില്ല. കോടികൾ ഒഴുകി വരുന്നു, ഒഴുകി പോകുന്നു. കടം തന്നെ തളർത്തുന്നില്ല, വരുമാനം തന്നെ കോടീശ്വരൻ ആക്കിയുമില്ല. നൂറു കണക്കിന് അനാഥരെയും മാനസ്സിക രോഗികളെയും ചേർത്തു പിടിച്ചു ജീവിക്കുന്ന, തോമസ് അത്ഭുതങ്ങളുടെ നേർക്കാഴ്ചയാണ്.. ഇതുപോലെ നന്മയുള്ള എത്രയെത്ര പേർ.
കോവിഡിൻ്റെ മൂർധന്യത്തിൽ ആരും സഹായിക്കാനില്ലാതെ വലഞ്ഞപ്പോൾ കടം വാങ്ങി അനാഥക്കുഞ്ഞുങ്ങളെ പോറ്റി വളർത്തിയ ഒട്ടേറെ നിസ്വാർത്ഥ സ്ഥാപനങ്ങളുണ്ട്. ഹിന്ദു - ക്രിസ്ത്യൻ-മുസ്ളീം സ്ഥാപനങ്ങൾ.അവർക്ക് നമ്മൾ പങ്കുവയ്ക്കണം. അല്ലാതെ ഇതൊരു വമ്പൻ ബിസിനസ്സാക്കി നടക്കുന്ന കഴുകൻമാരെ പിന്തുണയ്ക്കരുത്. വെബ് സൈറ്റുകളിലെ അഭ്യർത്ഥനയും പബ്ളിസിറ്റിയും കണ്ട് വിദേശത്തിരുന്ന് വിശ്വസിച്ച് പണം നൽകി അമളി പറ്റരുത്. നമ്മളെ മണ്ടന്മാരാക്കാൻ ഊഴം കാത്തിരിക്കുന്നവർക്ക് ചവിട്ടിക്കയറാൻ തോൾകാണിച്ചു കൊടുക്കരുത്.