Image

പുരുഷ കലയിലെ പെൺമുദ്രകൾ (വിജയ് സി. എച്ച്)

Published on 31 July, 2022
പുരുഷ കലയിലെ പെൺമുദ്രകൾ (വിജയ് സി. എച്ച്)

നമ്മുടെ സംസ്കൃതിയിൽ നിന്നു രൂപം കൊണ്ട രംഗാവിഷ്കാരങ്ങൾ അഭ്യസിപ്പിക്കാൻ 92 വർഷം മുന്നെ സ്ഥാപിതമായ കേരള കലാമണ്ഡലം പെൺകുട്ടികൾക്കു കഥകളി പഠിക്കാൻ പ്രവേശനം ആരംഭിച്ചത് കഴിഞ്ഞ വർഷം മാത്രം! കഥകളി ഒരു പുരുഷ കലയോ? 
എന്നാൽ, കലാമണ്ഡലം വിദേശ വനിതകൾക്ക് പണ്ടു മുതലേ പരിശീലനം നൽകിയിരുന്നുവെന്ന യാഥാർത്ഥ്യം ഒരു വിപരീതസത്യമായി നിലകൊള്ളുന്നു. ഇറ്റലിക്കാരിയായ മിലേന സാൽവിനി സ്കോളർഷിപ്പോടു കൂടിയാണ് 1965-ൽ കഥകളി അഭ്യസിക്കാൻ കലാമണ്ഡലത്തിലെത്തിയത്. കേരളത്തിലെ വനിതകൾക്ക് സ്വകാര്യ സ്ഥാപനങ്ങളോ, സ്വന്തം നിലയിലുള്ള പഠനങ്ങളോ മാത്രമായിരുന്നു ആശ്രയം. 
മുതിർന്ന കഥകളി കലാകാരനായ പിതാവിൻ്റെ പിൻബലത്താൽ ഈ വിദ്യ അഭ്യസിച്ചു നിരവധി പ്രശസ്ത വേദികളിലെത്തുകയും, കേരളത്തിൻ്റെ  മുഖമുദ്രയായിത്തീർന്ന ശ്രേഷ്ഠകലയിലെ ലിംഗ വ്യവസ്ഥയെക്കുറിച്ചു പരാമർശമുള്ളൊരു പ്രബന്ധത്തിന് കോഴിക്കോട് സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി ബിരുദം നേടുകയും ചെയ്ത ഡോ. ആതിര നന്ദൻ അതിനാൽ സംസ്ഥാനത്തെ കലാവീഥിയിൽ ഒരു വേറിട്ട പ്രതിഭ. 
പുരുഷ മേഖലയായ കഥകളിയിലെ പെൺമുദ്രകളറിയാൻ ഡോ. ആതിരയോടു തന്നെ സംവദിയ്ക്കണം... 


🟥 കഥകളി ശ്വസിച്ച കുട്ടിക്കാലം 
കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ കീഴിലുളള പി.എസ്.വി. നാട്യസംഘത്തിലെ അംഗമായിരുന്നു അച്ഛൻ. അതിനാൽ എൻ്റെയും സഹോദരിയുടെയും കുട്ടിക്കാലം കടന്നു പോയത് ആനപ്പിണ്ഡം മഴ നനയുമ്പോൾ ഉതിരുന്ന മണവും, ഇരുന്നു കൊണ്ടു ഉത്സവം കാണാൻ നിലത്തു വിരിയ്ക്കാറുള്ള പുത്തൻ പരമ്പിൻ്റെ ചൂരും നുകർന്നു കൊണ്ടായിരുന്നു. പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ, അച്ഛൻ വേഷമിടുന്ന കഥകളി വേദികളായിരുന്നു ചിന്തകളുടെ മേച്ചിൽ പാടങ്ങൾ. പാതി ഉറങ്ങിയും അണിയറയിലേക്കോടി അച്ഛനോട് എന്തെങ്കിലും മിണ്ടിയും കഴിച്ചുകൂട്ടാറുള്ള രാവുകൾ ഗതകാല സുഖസ്മരണകളുണർത്തുന്നു. കോട്ടയ്ക്കൽ വിശ്വംഭര ക്ഷേത്രോത്സവത്തിലെ അഞ്ചു ദിവസത്തെ കഥകളി അരങ്ങുകളാണ് ഇന്നും ഉള്ളു നിറയെ. പക്ഷെ, അന്നൊന്നും ഈ കലാരൂപത്തിൻ്റെ മഹത്വം തിരിച്ചറിഞ്ഞിരുന്നില്ല. പഠിക്കണമെന്ന് ആലോചിച്ചിട്ടുമില്ല. 'കഥയറിഞ്ഞ് ആട്ടം കാണാൻ തുടങ്ങിയത്' തന്നെ പിന്നെയും എത്രയോ കഴിഞ്ഞാണ്‌! 


🟥 മുളപൊട്ടിയ മോഹം 
ഡോ.എം.എൻ.വിനയകുമാറിൻ്റെ സാരഥ്യത്തിൽ 'ജനഭേരി' എന്നൊരു കഥകളി കേന്ദ്രം ഷൊർണൂരിൽ ആരംഭിച്ചു. അച്ഛൻ അവിടെ കഥകളി അദ്ധ്യാപകനായി ചേർന്നു. ആ കളരി സജീവമായപ്പോൾ, ഉള്ളിലെവിടെയോ മുളപൊട്ടിയിരുന്ന മോഹം ഞാൻ അച്ഛനോടു പറഞ്ഞു. പിന്നെ വൈകിയില്ല, കഥകളി പഠനം തുടങ്ങി. ഒരു പ്രത്യേക നിമിഷമോ, കാഴ്ചയോ, അനുഭവമോ അല്ല എന്നെ കഥകളിയിലേക്കെത്തിച്ചത്. കുട്ടിക്കാലം മുതലേ കണ്ടു വളർന്ന ഒരു ക്ലാസ്സിക് കലയോട് സ്വാഭാവികമായി തോന്നിയ ഉപാസനയായിരുന്നു അത്. കൃഷ്ണ സങ്കൽപം എനിക്കിഷ്ടമാണ്. ഉരുണ്ട കിരീടം ധരിച്ചു, ചുട്ടി വെച്ചു പച്ച വേഷത്തിൽ, ഒരിക്കലെങ്കിലും കൃഷ്ണനായി അരങ്ങിലെത്തണമെന്നത് എൻ്റെ വലിയൊരു സ്വപ്നമായിരുന്നു! 
🟥 ഹൃദിസ്ഥമാക്കി, പിരിമുറുക്കം കുറഞ്ഞു 
ആരംഭ കാലത്ത് കഥകളി അരങ്ങുകൾ ക്ലേശകരമായിരുന്നു. ഊർജ്ജവിന്യാസവും മുഖാഭിനയവുമായിരുന്നു ഏറെ ദുഷ്‌ക്കരം. മുഖാഭിനയം എത്ര ശ്രമിച്ചാലും ചുട്ടി കടന്നു പുറത്തേക്കെത്തില്ലായിരുന്നു. ഉടയാടകളും അലങ്കാരങ്ങളുമെല്ലാം ദേഹത്ത് എത്തിയാൽ അധിക നേരം അരങ്ങിൽ പിടിച്ചു നിൽക്കാൻ കഴിയില്ലെന്നും തോന്നിയിട്ടുണ്ട്. കരുത്ത് ചോർന്നു പോകുന്നതു പോലെയൊരു അനുഭവം. എന്നാൽ, അരങ്ങു പരിചയത്തിലൂടെ കഥകളിയുടെ വ്യാകരണം ഹൃദിസ്ഥമായിത്തുടങ്ങിയപ്പോൾ പിരിമുറുക്കം കുറഞ്ഞു വന്നു. കഥാപാത്രങ്ങളെ ആസ്വദിച്ചു ചെയ്യുവാൻ കഴിയുമെന്നുമായി. 


🟥 പെട്ടിക്കാരിൽ പെണ്ണുങ്ങളില്ല 
കഥകളി കോപ്പുകൾ അണിയറയിലെത്തിയ്ക്കുന്നതും, ആർട്ടിസ്റ്റുകൾക്ക് അണിഞ്ഞു കൊടുക്കുന്നതും പെട്ടിക്കാരാണ്. ചമയത്തിലും ഉടുത്തുകെട്ടിലും കഥകളിയിലുള്ളത്ര സങ്കീർണത മറ്റൊരു രംഗാവതരണത്തിലും ഇല്ലാത്തതിനാൽ പെട്ടിക്കാരുടെ പങ്ക് മർമപ്രധാനമാണ്. വേഷക്കാരെ ഉടുത്തുകെട്ടിയ്ക്കുന്നതു കൂടാതെ, ചേലകളും, തുണികളും, പട്ടും മറ്റും അണിഞ്ഞു കൊടുക്കുന്നതും പെട്ടിക്കാരാണ്. അണിയറയിൽ വ്യാപൃതരായിരിയ്ക്കുമ്പോൾ തന്നെ അരങ്ങിലെ കഥാരംഗങ്ങൾക്കാവശ്യമായ വില്ല്, ശരം, ഗദ, വാൾ, സുദർശനചക്രം മുതലായ ആയുധങ്ങൾ അപ്പപ്പോൾ എത്തിച്ചു കൊടുക്കുന്നതും, രംഗം തുടങ്ങുമ്പോഴും മാറുമ്പോഴും തിരശ്ശീല പിടിയ്ക്കുന്നതും ഇവരാണ്. വൈകീട്ട് ഏഴുമണിയ്ക്കു തുടങ്ങുന്ന കളിയ്ക്ക്, സകല സാമഗ്രികളുമടങ്ങുന്ന പെട്ടികളുമായി ഈ അണിയറ പ്രവർത്തകർ ഉച്ചയ്ക്കു മുന്നെയെത്തണം. രംഗസംവിധാനത്തിൽ പെട്ടിക്കാരെപ്പോലെ മുഖ്യ പങ്കുള്ളവരാണ് ശില്പബോധമുള്ള ചുട്ടിക്കാരും. പച്ച, കത്തി, വെള്ളത്താടി, ചുവന്ന താടി, കാട്ടാളൻ, കരി മുതലായ വേഷങ്ങൾക്കെല്ലാം വളയം വെയ്ക്കണം. കഥകളി കോപ്പുകൾ നിർമ്മിക്കുന്നതും പരിപാലിയ്ക്കുന്നതും ചുട്ടിക്കാരാണ്. മിനുക്ക് വേഷത്തിന് ചുട്ടിയില്ലെങ്കിലും, പച്ചയല്ലേ കൃഷ്ണൻ! ചുട്ടി വെച്ച എൻ്റെ കൃഷ്ണരൂപത്തോട് എനിയ്ക്കു തന്നെ ആരാധനയാണ്! ചുട്ടിയിട്ടു കഴിഞ്ഞാൽ, കണ്ണാടി നോക്കി, ആർട്ടിസ്റ്റിനു തന്നെ മനയോല മുഖത്ത് ലേപനം ചെയ്യാം. മുഖത്തെ മറ്റു ചമയങ്ങളും സ്വയം ചെയ്യാവുന്നതേയുള്ളൂ. എന്നാൽ, കഥാപാത്രങ്ങൾക്ക് തനതായ രൂപം നൽകുന്ന, വളരെ കലാപരമായി ചെയ്യേണ്ട ഉടുത്തുകെട്ടിന് പെട്ടിക്കാരുടെ സഹായം വേണം. പക്ഷെ, പെട്ടിക്കാരിൽ പെണ്ണുങ്ങളില്ല. എല്ലാ ഭാഗത്തും ജനലുകളുള്ള വിശാലമായ അണിയറയിൽ ഒരിക്കൽ വേഷമഴിയ്ക്കുന്ന സമയത്ത്, ജനലിലൂടെ എന്നെ ചൂണ്ടി ഒരുത്തൻ തൻ്റെ കൂട്ടുകാരനോടു കുശുകുശുക്കുന്നതു കേട്ടു, "അത് പെണ്ണാണ്!" കാലം മാറിയെങ്കിലും, കഥകളി അണിയറകളിൽ ഇന്നും സ്ത്രീ സാന്നിധ്യം കുറവാണ്. എന്നിരുന്നാലും, അനിഷ്ടമായതൊന്നും പ്രതീക്ഷിയ്ക്കുന്നില്ല. 


🟥 നമുക്കു നഷ്ടപ്പെട്ട ഒന്നാം സ്ഥാനം 
കേരള കലാമണ്ഡലത്തിലെ ആദ്യകാല കഥകളി വിദ്യാത്ഥിനികൾ വിദേശികളാണ്. മിലേന സാൽവിനി യൂറോപ്യൻ രാജ്യങ്ങളിലും കനഡയിലും നമ്മുടെ കഥകളി പ്രചരിപ്പിച്ചത് നന്ദിപൂർവം ഓർക്കുന്നു. അതിനാലാണല്ലൊ അവരെ നാം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചത്. പക്ഷെ, നമ്മുടെ തനത് കലാരൂപത്തിൻ്റെ ആദ്യ വനിതാ പഠിതാവെന്ന സ്ഥാനം ഒരു മലയാളിക്കോ, അല്ലെങ്കിൽ ഒരു ഇന്ത്യൻ പെൺകുട്ടിക്കോ നിഷേധിക്കപ്പെട്ടതിൽ ഖേദമുണ്ട്. കേരള മണ്ണിൽ വേരോടി വളർന്നു പന്തലിച്ചു, നമ്മുടെ സംസ്ഥാനത്തിൻ്റെ മുഖഛായായിത്തീർന്ന ആവിഷ്കാരമാണ് കഥകളി. സർക്കാർ നിയന്ത്രണത്തിലുള്ള കലാമണ്ഡലത്തിൽ നമ്മുടെ പെൺകുട്ടികൾക്ക് പ്രവേശനം നൽകാതിരുന്നത് ഉഴിച്ചിൽ ചെയ്യാൻ കഴിയില്ലെന്ന വാദം ഉന്നയിച്ചാണ്. അപ്പോൾ, വിദേശ വനിതകൾക്കോ? സ്ത്രീകൾ ഉഴിയുന്ന കളരികൾ എന്തുകൊണ്ടായിക്കൂടാ? ശാസ്ത്രീയമായി ഉഴിയാൻ അറിയുന്ന എത്രയോ പേരുണ്ട്. ഈ മറുചോദ്യങ്ങൾക്ക് ആരും മറുപടി പറഞ്ഞില്ല. വാദം നിലനിന്നു. പുരോഗമന കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥകളി കളരിയിൽ നിന്ന് പെൺകുട്ടികൾ മാറ്റി നിർത്തപ്പെട്ടു. അതേസമയം ധാരാളം വിദേശ വനിതകൾ പഠനം പൂർത്തിയാക്കി പുറത്തിറങ്ങി. സ്വകാര്യ കഥകളി കേന്ദ്രങ്ങളിലെ അധ്യാപികമാർ വിദ്യാർഥിനികൾക്കു വേണ്ട  ശാരീരിക വ്യവഹാരങ്ങളെല്ലാം നിർവഹിക്കുന്നുണ്ടല്ലൊ. മുതിർന്ന കഥകളി കലാകാരിയായിരുന്ന ചവറ പാറുക്കുട്ടിയമ്മയെപ്പോലെയുള്ളവരുടെ അധ്യാപനം കലാമണ്ഡലത്തിനൊരു മുതൽകൂട്ടാകുമായിരുന്നു. ഇന്നലെകളെ വേദനയോടെ ഓർക്കുന്നതോടൊപ്പം, നവതിയിലെത്തിയ കലാമണ്ഡലത്തിലെങ്കിലും പെൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചതിനെ അഭിമാനപൂർവം സ്വാഗതം ചെയ്യുന്നു! 


🟥 ഗവേഷണ പ്രബന്ധം 
കഥ, കളരി, കളി, കാണി എന്നീ ഘടകങ്ങളിലൂടെ എങ്ങനെയാണ് ലിംഗ-ശരീര നിർമ്മിതിയുണ്ടാവുന്നു എന്നാണ് പ്രബന്ധത്തിൽ ഞാൻ അന്വേഷിക്കുന്നത്. ഗൈഡ് പ്രൊഫ.എം.വി.നാരായണൻ, അച്ഛൻ, മറ്റു കഥകളി പ്രതിഭകൾ എന്നിവരോട് സംസാരിച്ച അറിവും, സ്വന്തം അനുഭവവും ചേർത്തുകൊണ്ടാണ് പ്രബന്ധം തയ്യാറാക്കിയത്. നാം പിന്തുടർന്നു പോരുന്ന ലിംഗസമത്വം എന്ന പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായ പലതും ആൺമേൽക്കോയ്മ രൂക്ഷമായി നിലനിന്ന ഒരു സമൂഹത്തിൽ സൃഷ്ടിക്കപ്പെട്ട ഈ ക്ലാസ്സിക് കലാരൂപത്തിലുണ്ടെന്നാണ് പഠനത്തിലൂടെയും ഗുരുനാഥരിലൂടെയും മനസ്സിലാക്കിയത്. എന്നാൽ, ആ വൈരുദ്ധ്യങ്ങളിൽ നിന്ന് പുറത്തു വരാനുള്ള സാധ്യതകളും ഒരു പാഠമെന്ന നിലയിൽ കഥകളിയിലുണ്ട്. ഈ സാധ്യതാ ഗവേഷണമാണ് ഇന്നെനിക്കോരോ കഥകളി അരങ്ങും, അനുഭവവും! എന്നാൽ, സാമൂഹ്യ-കുടുംബ പശ്ചാത്തലം ഒരു പ്രതിബന്ധമായി തുടരുന്നു. ഇന്ന് കഥകളി കലാകാരികളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും, പുരുഷ കലാകാരന്മാരെ താരതമ്യം ചെയ്യുമ്പോൾ വളരെ കുറവു തന്നെയാണ്. നമ്മുടെ സാമൂഹ്യാവസ്ഥയിൽ സ്ത്രീകൾക്ക് ചുമതലകൾ കൂടുതലാണ്. കലാജീവിതത്തെ ഇത് സാരമായി ബാധിയ്ക്കുന്നു. പ്രത്യേകിച്ചും കഥകളി പോലെയുള്ള കലാരൂപങ്ങളാണെങ്കിൽ. കളരി അഭ്യാസത്തിനും അരങ്ങുകൾക്കുമായി ഒരു സ്ത്രീയ്ക്ക് എത്ര സമയം മാറ്റി വെയ്ക്കാൻ സാധിക്കും? നീക്കുപോക്കുകൾ അരങ്ങിലെ പ്രവൃത്തിയെ തരംതാഴ്ത്തുന്നു. എൻ്റെ ഗവേഷണ പ്രബന്ധത്തിൽ (Gender as/in Performance: Textual Negotiations in Kathakali) ഇത്തരം നിരീക്ഷണങ്ങൾ ധാരാളം ഉൾപ്പെടുത്തിയിട്ടുണ്ട്. കഥകളിയിലെ വേഷവിധാനം ആർട്ടിസ്റ്റുകളുടെ വ്യക്തിത്വത്തെ മറയ്ക്കുന്ന കാര്യവും പരിശോധിയ്ക്കുന്നുണ്ട്. അരങ്ങിൽ ആർട്ടിസ്റ്റുകളുടേത് ഒരു രംഗശരീരമാണ്. കലാകാരനോ കലാകാരിയോ അരങ്ങിൽ പച്ചയോ, കത്തിയോ, കരിയോ, താടിയോ, മിനുക്കോ ചെയ്യുന്ന കഥാപാത്രങ്ങൾ മാത്രമാണ്. അതീവ ആസ്വാദ്യകരമായാണ് ശരീരപ്പകർച്ചകൾ നടക്കേണ്ടത്.  അനുവാചകർ അളക്കുന്നതും ഈ രൂപാന്തര ഭംഗിയാണ്.  കഥയ്ക്കും കളിയ്ക്കും ഒരു പോലെ പ്രസക്തിയുള്ള ആവിഷ്കാരത്തിൽ, കഥാപാത്രങ്ങളുടെ സ്വഭാവങ്ങൾ നിശ്ചയിക്കുന്നത് കഥയാണെങ്കിൽ, അവയുടെ അവതരണങ്ങളെ നിർണ്ണയിക്കുന്നത് കളിയാണ്. കൊട്ടും, പാട്ടും, ആട്ടവും, അരങ്ങും ചേരുന്നതാണ് കളി. ആർട്ടിസ്റ്റുകൾ മനോധർമ്മങ്ങൾ ആടുമെങ്കിലും, അവയ്ക്ക് നിശ്ചിത പദ്ധതിയുണ്ട്. ഗവേഷണ പ്രബന്ധം ഈ മേഖയിലേക്കെല്ലാം എത്തിനോക്കുന്നുണ്ട്. 


🟥 ഇഷ്ട വേഷങ്ങൾ 
കളിച്ചതിൽ ഏറ്റവും ഇഷ്ടം തോന്നുന്നത് സന്താനഗോപാലം കഥയിലെ കൃഷ്ണവേഷത്തോടു തന്നെ. നളചരിതം ഒന്നാം ദിവസത്തെയും രണ്ടാം ദിവസത്തെയും ദമയന്തിമാർ, ദുര്യോധനവധത്തിലെ ദ്രൗപദി, കീചകവധത്തിലെ സൈരന്ധ്രി, ലവണാസുരവധത്തിലെ സീത, ദക്ഷയാഗത്തിലെ സതി, മധുരാദഹനത്തിലെ കണ്ണകി, പൂതനാമോക്ഷത്തിലെ പൂതന എന്നിവർ ഇഷ്ട കഥാപാത്രങ്ങളാണ്. പ്രകടനസാധ്യതകളും വ്യക്തിത്വവുമുള്ള കഥാപാത്രങ്ങളാണ് ഇവയെല്ലാം. ദമയന്തിയും, ദ്രൗപദിയും പോലെയുള്ള കഥാപാത്രങ്ങൾ പല ജീവിതാവസ്ഥകളിലൂടെ കടന്നു പോകുന്നവരും ശക്തമായി പ്രതികരിക്കുന്നവരുമാണ്. കഥാപാത്രങ്ങളെ സത്വ, രജത്, തമോ ഗുണങ്ങൾ അടിസ്ഥാനപ്പെടുത്തിയും നായക പ്രകൃതമനുസരിച്ചും പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്‌. എന്നാൽ, സ്ത്രീ കഥാപാത്രം ഒന്നുകിൽ മിനുക്കാണ്, അല്ലെങ്കിൽ കരിയാണ്. അതിനാൽ, മറ്റു സ്വഭാവ പ്രകൃതങ്ങൾ പ്രകടിപ്പിയ്ക്കാൻ കഥകളിയിലെ സ്ത്രീ കഥാപാത്രങ്ങൾക്ക് അവസരം ലഭിയ്ക്കുന്നില്ല. മധുരാദഹനം എന്ന കഥയിൽ കണ്ണകിയെ അവതരിപ്പിച്ചപ്പോൾ ഭാവപ്പകർച്ച കൊണ്ടുവരാൻ സാധാരണ കഥകളിയിൽ ചെയ്യുന്നതു പോലെ മിനുക്ക് കരിയാകുന്ന രീതിക്കു പകരം, ചുവപ്പ് മേൽക്കുപ്പായവും സാരിയും ഉറുമാലുമാണ് ധരിച്ചത്. അരങ്ങിൽ അറുപതു വർഷം പിന്നിട്ട വന്ദ്യപിതാവിൻ്റെ ചിന്തയിൽ ഉദിച്ചതായിരുന്നു ഏറെ സർഗാത്മകമെന്ന് എല്ലാവരും വിലയിരുത്തിയ ഈ പരിഷ്കൃതി. വാർപ്പു മാതൃകകളെ മറികടക്കാൻ കഥകളി തന്നെ ഇത്തരം സാധ്യതകൾ മുന്നോട്ടു വയ്ക്കുന്നുണ്ടല്ലൊ! സ്ഥിരം സ്ത്രീ സൗന്ദര്യം വർണ്ണിയ്ക്കുന്ന പദങ്ങളിൽ നിന്നു വ്യത്യസ്തമായി, കാലകേയവധത്തിലെ ഉർവ്വശി പുരുഷ സൗന്ദര്യം ശരിയ്ക്കും വിവരിക്കുന്നുണ്ട്. പുരുഷ കാമനകൾക്ക് മുൻതൂക്കം കൊടുത്ത്, സ്ത്രീയെ ഒരു വസ്തു മാത്രമായിക്കാണുന്ന ബന്ധങ്ങളിൽ നിന്നു വിഭിന്നമായാണ് നളചരിതത്തിലെ നളദമയന്തിമാർ പരസ്പരം അംഗീകരിച്ചു പ്രണയിക്കുന്നത്. ഓരോ ദിവസത്തിലും കാണുന്ന ദമയന്തിമാർ വ്യത്യസ്തരുമാണ്. 
🟥 അഭിമാനം, ആനന്ദം 
കഥകളി കലാകാരിയാകുന്നത് തുടക്കത്തിൽ ഒരു വെല്ലുവിളിയായിരുന്നെങ്കിൽ, ഇന്നതൊരു അനുഗ്രഹമായി തോന്നുന്നു. ചെല്ലുന്നിടത്തെല്ലാം സ്നേഹനിർഭരമായ സ്വീകരണങ്ങൾ ലഭിയ്ക്കുന്നു. ബഹുമാനപൂർവമുള്ള സമീപനങ്ങളാണ് സമൂഹത്തിൽ നിന്ന് ഏറ്റുവാങ്ങാൻ കഴിയുന്നത്. കളരിയിലും, അണിയറയിലും, അരങ്ങിലും ഉള്ളവരുടെ ഇടപെടലുകളും ഊഷ്‌മളമാണ്. നർമ്മം കലർന്നുള്ള സംഭാഷണങ്ങളും, പൊട്ടിച്ചിരികളും അണിയറകളെ സജീവമാക്കാറുണ്ട്. കൂടാതെ, ഒരു പെൺകുട്ടി വേഷമിടുന്നത് സ്ത്രീകളായ കാണികൾക്ക് വലിയ ആവേശമാണ്. 2016-ൽ റിപ്പബ്ലിക് ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യാ ഗവൺമെൻ്റിൻ്റെ പ്രതിനിധികളായി നെതർലൻഡ്സിൽ കഥകളി അവതരിപ്പിക്കാൻ അവസരം ലഭിച്ചത് ഒരു ഭാഗ്യമായി കരുതുന്നു. തിയേറ്ററിനെ സ്നേഹിക്കുന്ന ഒരു കൂട്ടം പാശ്ചാത്യർ ഏറെ ശ്രദ്ധയോടെ അവർക്കു പുതുമയുള്ള കലാരൂപം ആസ്വദിച്ചു. കീചകവധം അവിടെ വൻ വിജയമായിരുന്നു! കഥകളി കലാകാരിയെന്ന പദവി ഇന്നെനിയ്ക്ക് അഭിമാനവും, ആനന്ദവും നൽകുന്നു. 
🟥 കുടുംബ പശ്ചാത്തലം 
തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തിയിൽ ജനിച്ചു വളർന്നു. കോട്ടയ്ക്കൽ നന്ദകുമാരൻ നായരും സതീദേവിയുമാണ് അച്ഛനമ്മമാർ. ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ നിന്ന് ബിരുദവും, ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. 2021-ലാണ് പി.എച്ച്.ഡി പൂർത്തിയാക്കിയത്. മഞ്ചേരി എൻ.എസ്.എസ്. കോളേജിൽ ഇംഗ്ളീഷ് വിഭാഗം പ്രൊഫസറാണ്. അഭിഭാഷകനായ അനൂപ് പറക്കാട്ടാണ് ഭർത്താവ്. മകൻ അച്യുതൻ നാലാം ക്ലാസ്സിൽ പഠിക്കുന്നു. ജ്യേഷ്ഠസഹോദരി അനിതാ നന്ദൻ കടമ്പൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് അധ്യാപികയും ചിത്രകാരിയുമാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക