വൈകിട്ടും മഴ പെയ്തപ്പോ
മുത്തീടെ നരച്ച കുടയിലെ
പൂച്ചക്കുട്ടി കരഞ്ഞു...
കനക്കും തോറും
കണ്ണുറവ തടിച്ചു..
ഇരുട്ടിനൊപ്പമേയിരുണ്ട് മഴയും
സന്ധ്യ കടക്കുമെന്നായപ്പോൾ
അഴകീടെ കണ്ണിലെ തിരിമങ്ങി..
അഴകിയും മുത്തിയും
കുടയ്ക്കുള്ളിൽ
പൂച്ചകളെ പോലെ ചുരുണ്ടു കൂടി
കുഞ്ഞു വിരൽ കൊണ്ട്
ഒറ്റക്കണ്ണു പൊത്തി അഴകി ,
പൂച്ചക്കുട്ടിയെ നോക്കി
പൂച്ചക്കണ്ണിറുക്കി..
മുത്തി ഇരുണ്ടപല്ലുകാട്ടി
ചിരിച്ചു കുലുങ്ങി..
മഴ പതിയെ മറഞ്ഞു...
പൂച്ചക്കുഞ്ഞിന്റെ
മിഴി തോർന്നു..
ഉറക്കം നിറഞ്ഞു കണ്ണടയവേ
കറങ്ങിത്തിരിഞ്ഞൊരു കാറ്റ് വന്നു
കുടയെടുത്തു വലിച്ചെറിഞ്ഞു
മലർത്തിയിട്ടു മഴ നനച്ചു..
അഴകി അലറി വിളിച്ചിട്ടും
കേൾക്കാതെ
വെളുത്ത പൂച്ച
അവൾ നോക്കി നിൽക്കേ
അലിഞ്ഞു പോയി...
കാറ്റ് ഓട്ടക്കണ്ണുകളിലൂടെ കയറി
കുടക്കറുപ്പ് കീറി പറിച്ചു
മുത്തി വിറച്ചു വിറച്ച്
ഖൂർക്കപ്പന്തിയുടെ ഇറയത്ത് നിന്നു
"അന്തരാവോ ബെട്ടീ..."
ഒറ്റ ഷമ്മീസിൽ നനഞ്ഞൊട്ടിയ
അവളറിയാത്ത മുഴുപ്പുകളെ
മാത്രം ക്ഷണിച്ച് ഖൂർക്ക
വിശക്കുന്നവന്റെ വിറ വിറച്ചു..!!
അഴകി പൂച്ചക്കുഞ്ഞിനെപ്പോലെ ചീറ്റി..
കുടയോടിയ വഴിയേ ഓടി
മുറിഞ്ഞ പാതി നെഞ്ചേറ്റി ചൂടി
മുള്ളു കയറിയ ശീലയിലെ
കുഞ്ഞു മുറിവുകളിൽ
വിരൽ തൊട്ടു മുത്തി..
ചുറ്റുമൊരു വട്ടം വരച്ചു
ചെവി വരച്ചു..
ഉമ്മ വെക്കാനൊരു
ചുണ്ടു വരച്ചു
അഴാതെ കണ്ണായെന്ന്
തേങ്ങി ചിരിച്ചു...
മുത്തിയൊരു മിന്നലിലൂടെ
വലിഞ്ഞു വരുന്നതും നോക്കി
അഴകിയും പൂച്ചക്കുട്ടിയും
മുറിഞ്ഞ മഴക്കൂണ്
പോലെ നനഞ്ഞു നിന്നു....!!