Image

പ്രവാസവും സാംസ്കാരിക നഷ്ടങ്ങളും (നിരൂപണം:സുധീർ പണിക്കവീട്ടിൽ)

Published on 02 August, 2022
പ്രവാസവും സാംസ്കാരിക നഷ്ടങ്ങളും (നിരൂപണം:സുധീർ പണിക്കവീട്ടിൽ)

ശ്രീ ജോൺ മാത്യവിന്റെ "കളിപ്പാട്ടം" എന്ന കൊച്ചു കഥ ചുറ്റിക്കറങ്ങുന്നത് പ്രവാസം എന്ന വലിയ അച്ചുതണ്ടിലാണ്.പ്രവാസം ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകുന്നത് മാത്രമല്ല, ഒരു രാജ്യത്തിനകത്ത് തന്നെയുള്ള സ്ഥലങ്ങളിലേക്കുള്ള താമസമാറ്റത്തിനും പ്രവാസം എന്ന് പറയാവുന്നതാണ്. മനുഷ്യന്റെ ജീവിതാരംഭം മുതൽ അവൻ പ്രയാണം ചെയ്തുകൊണ്ടിരിക്കുന്നു. പുതിയ മേച്ചിൽ പുറങ്ങൾ തേടി അല്ലെങ്കിൽ അവസരങ്ങൾ തേടി. അങ്ങനെയുള്ള പ്രയാണങ്ങളിൽ അവനിൽ നിന്നും അപഹരിക്കപ്പെടുന്നത് അവന്റെ ഭാഷയും സംസ്കാരവുമാണ്.  എല്ലാ പ്രവാസികൾക്കും അവരുടെ പ്രിയപ്പെട്ട എന്തെങ്കിലും നഷ്ടപ്പെടുത്തേണ്ടിവരും. അതിനെ cultural bereavement (സാംസ്കാരിക നഷ്ടം) എന്ന് പറയാം.  വളരെ അരുമയോടെ സൂക്ഷിക്കുന്ന, ഓമനിക്കുന്ന അമൂല്യ  വസ്തുക്കൾ, സാധനങ്ങൾ എല്ലാം അവന്റെ പലായനത്തിൽ അവനു വിട്ടിട്ട് പോകേണ്ടി വരുന്നു. അതിന്റെ വേദന അവനെ അലട്ടുമെങ്കിലും മുന്നിൽ വിഭാവനം ചെയ്യുന്ന ഭാവിയുടെ വാഗ്ദാനങ്ങൾ അവനെ ആശ്വസിപ്പിക്കയാണ്. കാവിലെ പൂരവും, അമ്പലക്കുളവും, കൊയ്ത്തുകാലവും, ഞാറ്റുവേലകളും, കൃസ്തുമസ് രാത്രികളും, പെരുന്നാൾ പിറയും ഒന്നും തന്നെ കൂടെകൊണ്ടുവരാൻ കഴിയുന്നില്ല.  തിരിച്ചുചെല്ലുമ്പോഴും  അവന്റെ ഓർമ്മയിൽ സൂക്ഷിക്കുന്ന പലതും അവിടെയും കാലഗതിയിൽ നഷ്ടപ്പെട്ടിരിക്കുന്നത് മനസ്സിലാക്കുന്നു.


ഓരോ വീട് മാറ്റവും ഒരു  തരത്തിൽ ഉള്ള പിഴുതെടുക്കലാണ്., വൃക്ഷങ്ങളും ചെടികളും വേരോടെ പിഴുതെടുക്കുന്നപോലെ.ചിലതെല്ലാം പുതിയ മണ്ണിൽ വേരോടുമ്പോൾ ചിലത് കരിഞ്ഞുപോകുന്നു. മനുഷ്യരും അങ്ങനെ തന്നെ..ഈ കഥയിൽ ഒരു കാര്യം വ്യക്തമാകുന്നുണ്ട്. എപ്പോഴും പ്രവാസികളിലെ ഒന്നാം തലമുറ ഭൗതിക നേട്ടങ്ങൾക്കായി ഓടി നടക്കുമ്പോൾ അവരിൽ ഗൃഹാതുരത്വം ഉണരുമെങ്കിലും അതിനെ അതിജീവിച്ചുകൊണ്ട് അവർ മുന്നേറുന്നു.  അവരുടെ ബാല്യകൗമാരങ്ങൾ വിസ്മൃതിയാലുണ്ടുപോകുന്നു. കാരണം അതിജീവനമാണ് അവരുടെ ലക്‌ഷ്യം. നേരത്തെ പറഞ്ഞപോലെ പ്രവാസം അവരിൽ നിന്നും പലതും അപഹരിച്ചു. പ്രവാസത്തിന്റെ പ്രത്യേകത അത് പലതും നഷ്ടപ്പെടുത്തുന്നു പലതും പുതുതായി നല്കുന്നുവെന്നാണ്. അവ എന്താണെന്നുപോലും അറിയാതെ അവർ പ്രയാണം ചെയ്തുകൊണ്ടിരുന്നു. പുതിയ നാടും പരിസരങ്ങളും അവരെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുന്നിലായിരുന്നുവെങ്കിലും അവർ അവിടെ പാർപ്പിടങ്ങൾ ഒരുക്കി.
ഈ കഥയിലെ "പ്രവാസി" കഥയിലെ നായകൻറെ മകനാണ്. അവനാണ് ഗൃഹാതുരത്വമുള്ള ഓർമ്മകൾ താലോലിക്കുന്നത് . കാരണം അവന്റെ അച്ഛൻ കുടിയേറ്റക്കാരനായി എത്തിയപ്പോൾ അയാൾക്ക് ഈ നാടിനേക്കാൾ അയാളുടെ ജന്മനാടും വീടും  ആയിരുന്നു ഓർമ്മയിൽ.  അച്ഛന്റെ കുടിയേറ്റ ഭൂമിയിൽ  ജനിക്കുന്ന മകൻ ഇപ്പോൾ ഇരുപതുവയസ്സുള്ള യുവാവാണു.അവന്റെ ഗൃഹാതുരത്വം ഇവിടെ താമസിച്ച സ്ഥലങ്ങളെ കുറിച്ചാണ്.  അവന്റെ ബാല്യം ചിലവഴിച്ച വീടും പരിസരങ്ങളും  അവനു ഒര്മയുണ്ട്. അവിടെ വിരിഞ്ഞു നിന്നിരുന്ന നിറമുള്ള പൂക്കളും ഒരു പ്ലം മരവും അവന്റെ ഒര്മയിലുണ്ട്. എന്നാൽ അവന്റെ അച്ഛന്റെ ഓർമ്മയിൽ മങ്ങലുണ്ട്.അയാൾക്ക് ഒന്നും വ്യക്തമായി ഓർക്കാൻ കഴിയുന്നില്ല.  


അതിജീവനത്തിനുവേണ്ടി പോരാടുന്ന പ്രവാസിയുടെ സ്വപ്‌നങ്ങൾ അവൻ കുടിയേറിയ മണ്ണിൽ സാക്ഷാത്കരിക്കാനാണ്. അതിനായുള്ള നെട്ടോട്ടത്തിൽ അവൻ അവന്റെ വേരുകൾ മറക്കാൻ നിർബന്ധിതനാകുന്നു. കാരണം ജനിച്ച നാടും വീടും ഓർമ്മയിൽ തങ്ങിനിൽക്കുംപോലെ ഒന്നും നൽകിയില്ല. കഥാകുത്തിന്റെ വാക്കുകൾ "പതിനാറു വയസ്സിൽ നാട് വിട്ടിറങ്ങി. ഒരു സ്ഥലത്തോടും ആത്മബന്ധം പുലർത്തിയില്ല. സ്വന്തം നാട് എന്ന് പറയാൻ അധികാരത്തോടും അവകാശത്തോടും കയറിച്ചെല്ലാൻ ഒരു നാടില്ലാത്തതിന്റെ ദുഃഖം പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും ആ ദുഃഖത്തെപ്പറ്റി നേരാംവണ്ണം ഒന്ന് ദുഖിക്കാൻ പോലും കഴിഞ്ഞിട്ടില്ലായിരുന്നു.". വീടുകൾ സൗകര്യാർത്ഥം മാറികൊണ്ടിരുന്നെങ്കിലും മകന് സ്വന്തമായ ഒരു വീടുണ്ടായിരുന്നു. തന്മൂലം അയാളുടെ ഓർമ്മകൾ വിട്ടുപോന്ന വീടുമായി ബന്ധപ്പെട്ടുകിടന്നു. അവനു എല്ലാം ഓർത്തെടുക്കാൻ കഴിയുന്നു.
മകന്റെ ഗൃഹാതുരത്വം ഒരു കളിപ്പാട്ടം പോലെ അവനു വീണ്ടെടുക്കാൻ കഴിഞ്ഞു. എന്നാൽ അച്ഛന് അത് സാധ്യമല്ല. അയാളുടെ വീടും നാടും നഷ്ടപ്പെട്ടു. മകനെ സംബന്ധിച്ചേടത്തോളം അവനു ഒരു വീടുണ്ടായിരുന്നു. അതു മാറി പുതിയത് വാങ്ങിയപ്പോൾ അവനു ഓർക്കാൻ ഒരു വീടുണ്ട്. അതുകൊണ്ടാണ് അവൻ ആ വീട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നത്.  പ്രവാസിയുടെ ഒന്നാം തലമുറയും രണ്ടാം തലമുറയും വ്യത്യസ്ത വീക്ഷണങ്ങൾ സൂക്ഷിക്കുന്നു. പ്രാരാബ്ധങ്ങളുടെ ഭാരം പേറി പോകുന്ന ഒന്നാം തലമുറ പ്രവാസിക്ക് സ്വപ്‌നങ്ങൾ കാണാൻ സമയമില്ല എന്നാൽ അവനോടൊപ്പം സഞ്ചരിക്കുന്ന മക്കൾ പ്രയാസങ്ങൾ അറിയുന്നില്ല. എന്തിനാണ് താമസിക്കുന്ന വീടുകൾ ഉപേക്ഷിച്ച് വേറെ വീടുകളിലേക്ക് മാറുന്നത് എന്ന ചോദ്യമാണ് അവർക്ക്.  


മകനു അവന്റെ കളിപ്പാട്ടം കിട്ടി എന്നത് ഒരു പ്രതീകമാണ്. എന്നാൽ അച്ഛന് ഒരു കളിപ്പാട്ടം ഇല്ലായിരുന്നു. അഥവാ ഉണ്ടായിരുന്നെങ്കിൽ തന്നെ അത് കിട്ടുമായിരുന്നില്ല. എന്തിനു അദ്ദേഹത്തിന്റെ വേരുകൾ പോലും തേടിപോയാൽ കാണാൻ കഴിയില്ല. കളിപ്പാട്ടം ഇറുകെ പിടിച്ച് സന്തോഷവാനായി നിൽക്കുന്ന മകനെ നോക്കി അച്ഛൻ സമാധാനിക്കുന്നു. മക്കളുടെ സന്തോഷം മാത്രമായിരുന്നില്ലേ  പ്രവാസ ജീവിതത്തിൽ ഏറിയ പങ്കും പ്രധാനമായിരുന്നത്.  അതിന്റെ സാക്ഷാത്കാരം അദ്ദേഹത്തെ കൂടുതൽ സന്തോഷവാനാക്കി. അല്ലെങ്കിലും ഓരോ തലമുറയും കഴിയുമ്പോൾ അവർക്ക് കൂടുതൽ സൗകര്യങ്ങളും അവസരങ്ങളും ലഭിക്കുന്നു.  


"മനുഷ്യൻ ഭൂമിയിൽ അന്യനാണ്. ഇത് അവന്റെ വീടല്ല. അതുകൊണ്ടു അവൻ അന്വേഷിച്ചുകൊണ്ടിരിക്കുന്നു." (ഓഷോ). നമ്മൾ ഈ ഭൂമിയിലേക്ക് ഒന്നും കൊണ്ട് വരുന്നില്ല മരിക്കുമ്പോൾ കൊണ്ടുപോകുന്നില്ല. ഇതിനിടയിലുള്ള ജീവിതം പലർക്കും ദുഃഖസമ്മിശ്രമാണ്.  ഈ കഥയിലെ നായകൻറെ ജീവിതം അതേപോലെയാണ്. അയാൾ ഈ വിശാലമായ ഭൂമിയിൽ ഒരിടം സ്വന്തമാക്കാൻ ശ്രമിച്ചു. അതിനായി അവിശ്രമം അദ്ധ്വാനിച്ചു. എന്തെങ്കിലും നേടിയെന്നു അയാൾ വിശ്വസിക്കാൻ തുടങ്ങുമ്പോൾ മകന് കിട്ടുന്ന കളിപ്പാട്ടം വളരെ അമൂല്യമായി മകൻ കരുതുന്നത് അയാൾ നോക്കിക്കാണുന്നു. മകന് അഞ്ചു വയസ്സ് തിരികെ കിട്ടിയെന്ന സന്തോഷം.  അച്ഛനായ അദ്ദേഹത്തിന് ഒരിക്കലും തിരിച്ചുകിട്ടാത്ത ബാല്യത്തെക്കുറിച്ച അയാൾ അപ്പോഴും ചിന്തിക്കുന്നില്ല. മകന്റെ സന്തോഷത്തിൽ അയാൾ പങ്കു ചേരുന്നു. വാസ്തവത്തിൽ അയാളുടെ ഓർമ്മകൾ അയാൾക്ക് നഷ്ടപ്പെട്ടിരുന്നു.  പ്രവാസം നമുക്ക് പലതും നൽകുന്നതിനൊപ്പം പലതും തിരിച്ചെടുക്കുന്നു. 


ഈ പുസ്തകത്തിന്റെ പ്രത്യേകത ഇതിൽ "കളിപ്പാട്ടം" എന്ന ഒറ്റ കഥ മാത്രമാണുള്ളതെന്നാണ്. കഥാകൃത്ത് കഥയെപ്പറ്റി പറയുന്നുണ്ട്. അതോടൊപ്പം രണ്ടുപേരുടെ പഠനങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇത് ഒരു പരീക്ഷണമായി കഥാകൃത്ത് അവതരിപ്പിക്കുന്നു. വായനക്കാർക്ക് അവരുടെ അഭിപ്രായങ്ങൾ അറിയിക്കാം. ഈ ലേഖകൻ അഭിപ്രായപ്പെടുന്നത് ശ്രീ ജോൺ മാത്യു എല്ലാ എഴുത്തുകാരെയും സഹൃദയരെയും ഒരു ഓണലൈൻ ചർച്ചക്ക് ക്ഷണിച്ചുകൊണ്ട് ഈ പുസ്തകത്തെ വീണ്ടും ഒരു അവതരണത്തിലൂടെ കൂടുതൽ വായനക്കാർക്കുവേണ്ടി പരിചയപ്പെ ടുത്തണമെന്നാണ്. 
ശ്രീ ജോൺ മാത്യുവിന് ഭാവുകങ്ങൾ നേരുന്നു.
ശുഭം

Join WhatsApp News
Abdul Punnayurkulam 2022-08-02 08:57:39
How true statement!: 'ഓരോ വീട് മാറ്റവും ഒരു  തരത്തിൽ ഉള്ള പിഴുതെടുക്കലാണ്. വൃക്ഷങ്ങളും ചെടികളും വേരോടെ പിഴുതെടുക്കുന്നപോലചിലതെല്ലാം പുതിയ മണ്ണിൽ വേരോടുമ്പോൾ ചിലത് കരിഞ്ഞുപോകുന്നു. മനുഷ്യരും അങ്ങനെ തന്നെ.കാരണം അതിജീവനമാണ് അവരുടെ ലക്‌ഷ്യം.' ...
BENNY KURIAN 2022-08-02 20:39:35
പുസ്തകം കിട്ടിയിട്ടുണ്ട്. കഥ വായിച്ചിരുന്നു. പ്രവാസത്തിന്റെ നേർക്കാഴ്ച്ച. സുധീന്റെ മനോഹരമായ ആസ്വാദനം.
ജോസഫ് എബ്രഹാം 2022-08-02 21:40:24
പുസ്തകം വായിക്കാൻ പ്രേരിപ്പിക്കുന്ന നിരൂപണം. പ്രവാസത്തിന്റെയും ഗൃഹാതുരതയുടെയും പുതിയ തലങ്ങൾ നല്ലൊരു കണ്ടെത്തൽ തന്നെ.ആശംസകൾ
Thuppan Namboothiri 2022-08-03 22:09:27
ഏതോ കുഗ്രാമത്തിലെ അമ്പലച്ചോറും ഇടക്ക് വല്ലപ്പോഴും ഇച്ചിരി പായസവും മാത്രം കഴിച്ചിട്ടുള്ള പാവം നമ്പൂതിരിക്ക് അടുത്ത ഗ്രാമത്തിലെ ധനികനായ ഒരു നമ്പൂതിരിയുടെ പിറന്നാൾ സദ്യക്ക് ക്ഷണം കിട്ടി. നാല് തരം പ്രഥമൻ ഉണ്ടായിരുന്നു. പാവം നമ്പൂതിരി ഇശ്ശി കഴിച്ച് ഏമ്പക്കം ഇട്ടു ഒരു പാള വിശറികൊണ്ട് വീശി ചൂട് മാറ്റുമ്പോൾ മറ്റൊരു നമ്പൂതിരി അടുത്ത് വന്നു സദ്യയെപ്പറ്റി പറഞ്ഞു. ഹോ ഗംഭീരം തന്നെ. വീശിക്കൊണ്ടിരുന്ന നംപൂതിരിയോട് ചോദിച്ചു എന്താ അങ്ങനെയല്ലേ. പാവത്താൻ നമ്പൂതിരി, പായസം മാത്രം കുടിച്ചിട്ടുള്ള നംപൂതിരി പറഞ്ഞു " നല്ല പായസം" . അതുകേട്ട മറ്റേ നമ്പൂതിരി ഹേ എന്താ ഇത്, പായസമോ ഇത് സാക്ഷാൽ പ്രഥമൻ. ചില കമന്റുകൾ വായിക്കുമ്പോൾ നമുക്ക് പാവം നമ്പൂതിരിയെ ഓർമ്മ വരും. പായസം മാത്രം രുചിച്ചിട്ടുള്ള പാവം നമ്പൂതിരിയെ.
തുപ്പൽ 2022-08-04 14:35:06
ആ തുപ്പൽ ക്ഷ ബോധിച്ചു!
BENNY KURIAN 2022-08-04 23:03:01
FOKANA Souvenir - 2022 യിൽ ഈ കഥ പ്രസദ്ധീകരിച്ചിട്ടുണ്ട്. https://online.fliphtml5.com/znpsp/cmde/#p=91
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക