Image

കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-17 (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)

Published on 03 August, 2022
കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-17 (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)

110
സഹജവാസനകള്‍

ഓരോ കുഞ്ഞും ജനിക്കുന്നത് ഓരോ കഴിവുംകൊണ്ടാണ്. അതെന്താണെന്നു തിരിച്ചറിഞ്ഞ്, ആ വഴിയൊന്നു തെളിച്ചുവിട്ടാല്‍ ആ രംഗത്ത് അവന്‍ കെങ്കേമനാകും. എല്ലാവര്‍ക്കുമറിയുന്ന കാര്യം. പക്ഷേ, നമ്മുടെ കുട്ടികള്‍ മിക്കവാറും ഒരേ പാതയില്‍ സഞ്ചരിക്കുന്നു; അല്ലെങ്കില്‍ സഞ്ചരിക്കാന്‍ നിര്‍ബ്ബന്ധിതരാകുന്നു.
ഇന്നുരാവിലെ, ഇന്ത്യന്‍ കുട്ടികളെ മാതാപിതാക്കള്‍ മോള്‍ഡ് ചെയ്‌തെടുക്കുന്നതിനെക്കുറിച്ച് ഒരു ഫിലിപ്പിനോക്കാരന്‍ വലിയ താല്‍പ്പര്യത്തോടെ പറയുകയുണ്ടായി.
ഒരു പോലീസ് ഓഫീസറാകുക എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍വേണ്ടി, വീടും കൂടുമുപേക്ഷിച്ച് സ്വപ്നനഗരിയിലേക്കു പോകുന്ന ഒരു കുഞ്ഞുമുയലിന്റെ, 'സൂട്ടോപ്പിയ' എന്ന സിനിമ കണ്ടപ്പോള്‍, മകന്റെ കൂട്ടുകാരനെക്കുറിച്ചോര്‍ത്തു. അവനു ചെറുപ്പംമുതല്‍ ശില്‍പ്പങ്ങളുണ്ടാക്കുന്നതിലായിരുന്നു താല്‍പ്പര്യം. ഇപ്പോള്‍ അതില്‍ത്തന്നെ ഡിഗ്രിയെടുത്ത്, നല്ലനല്ല ശില്‍പ്പങ്ങളുണ്ടാക്കുന്നു.
തമ്പിച്ചാച്ചന്റെ മകള്‍ നദിക്കുട്ടി മാസ്റ്റേഴ്‌സിനും പി എച്ച് ഡിക്കും ശേഷം നൃത്തത്തിനായിമാത്രം സമയത്തിന്റെ നല്ലൊരു ഭാഗം നീക്കിവച്ചിരിക്കുന്നു.
എന്റെ ചെറുത്, ഏഴു വയസ്സുമുതല്‍ കുതിരസ്സവാരി പഠിക്കണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങി. വെറും താല്‍ക്കാലികമായ തോന്നലാകുമെന്നുകരുതി, മൂന്നു വര്‍ഷത്തോളം ആ ആവശ്യം കേട്ടതായിപ്പോലും ഞങ്ങള്‍ ഭാവിച്ചില്ല. പത്തു വയസ്സായപ്പോള്‍, അവള്‍തന്നെ ഓണ്‍ലൈനിലൂടെ പറ്റിയ സ്ഥലത്തെയും ട്രെയ്‌നറെയും കണ്ടുപിടിച്ചു. പിന്നെയും ഒരു വര്‍ഷംകൂടി അവള്‍ക്കു കാത്തിരിക്കേണ്ടിവന്നു, ഞങ്ങളുടെ അനുവാദം കിട്ടാന്‍. ഇപ്പോള്‍ എല്ലാ ശനിയാഴ്ചകളും ചെലവഴിക്കുന്നത് അവളുടെ പ്രിയപ്പെട്ട കവാല റാഞ്ചിലാണ്. 'റാസ്‌ക്കല്‍' എന്നു വിളിപ്പേരുവീണ ഒരു കുറുമ്പന്‍കുതിരയെ വശത്താക്കാനും അവള്‍ക്കു കഴിഞ്ഞു. നന്നായി കുതിരസ്സവാരി ചെയ്യാനും പഠിച്ചു.
ഇങ്ങനെ പോയാല്‍ ഒരു കുതിരയെക്കൂടി വാങ്ങേണ്ടിവരുമോ എന്ന ചെറിയൊരു പേടിയില്ലാതില്ല!

111
കാര്‍ ക്രേസ്!

ഇന്ന് എയര്‍പോര്‍ട്ടിലേക്കു പോകുംവഴി, നോയലിന്റെ കാറിന്റെ നാലു ടയറുകളും ഫ്‌ളാറ്റായത്രേ! ഒരിക്കല്‍ ഞാനും ചെറുതുംകൂടി ഫ്‌ളൈറ്റിറങ്ങി കാര്‍ പാര്‍ക്കിലെത്തിയപ്പോള്‍ നാലു ടയറുകളും ഫ്‌ളാറ്റ്! ഒന്നായാലും നാലായാലും പൊട്ടിയാല്‍ പെട്ടതുതന്നെ!
തലയണക്കീഴില്‍ കുഞ്ഞുകാറുകള്‍ ഒളിപ്പിച്ചുവച്ചായിരുന്നു, കുഞ്ഞുനോയലിന്റെ ഉറക്കം. കാറുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയിട്ടേ ഞാനും ഉറങ്ങാറുണ്ടായിരുന്നുള്ളു. അല്ലെങ്കില്‍, രാവിലെ കാണാതായ കാറിനെച്ചൊല്ലി കണ്ണീര്‍പ്രളയമുണ്ടാകും!


രണ്ടാംവയസ്സില്‍ അബുദാബിയില്‍ സന്ദര്‍ശനത്തിനു പോയപ്പോള്‍, ബേബിച്ചായന്റെ ഇരുപത്തിനാലാംനിലയിലുള്ള ഫ്‌ളാറ്റിലെ ഗ്ലാസ്സ് വിന്‍ഡോയിലൂടെ, അങ്ങു താഴെ, റോഡിലൂടെയൊഴുകുന്ന കാറുകള്‍ നോക്കിയിരിക്കുന്നതായിരുന്നു അവന്റെ ഇഷ്ടവിനോദം! അവന്‍ വളരുന്നതിനൊപ്പം കാര്‍ ക്രേസും വളര്‍ന്നുകൊണ്ടിരുന്നു.
പഠിച്ചുകൊണ്ടിരുന്നപ്പോള്‍ പല ജോലികള്‍ ചെയ്‌തെങ്കിലും അവന് ഏറ്റവും ഇഷ്ടപ്പെട്ടത് കാര്‍ ഷോറൂമിലെ ജോലിയായിരുന്നു. അവന്റെ ആദ്യത്തെ കാര്‍ ഏറ്റവും മുന്തിയതായിരിക്കണമെന്നതായിരുന്നു എന്റെയാഗ്രഹം. പക്ഷേ, അതൊരു തല്ലിപ്പൊളി കാറായിരുന്നു! ഇടയ്ക്കിടയ്ക്കു നിന്നുപോകുന്ന ഒന്ന്.
ഇപ്പോഴത്തെ കാറിന്റെ മോഡല്‍ സൂപ്പറാണെങ്കിലും നാലു ടയറുകളും ഒരുമിച്ചു ഫ്‌ളാറ്റാകുന്നത് എന്തുതരം മാജിക്കാണാവോ!

112
'റാസ്‌കല്‍' എന്ന ക്രിസ്മസ് ഗിഫ്റ്റ്!

ഇന്നു കുതിരസ്സവാരി കഴിഞ്ഞുവന്ന എന്റെ ചെറുതിനോടു പറയാന്‍ ഒരു സന്തോഷവര്‍ത്തമാനം കരുതിവച്ചിരുന്നു. അവളുടെ ചേച്ചിയുമായി ആലോചിച്ച്, അവള്‍ക്ക് ഏറെയിഷ്ടമുള്ള ക്രിസ്മസ് ഗിഫ്റ്റിനെക്കുറിച്ച് ഒരു ധാരണയിലെത്തിയിരുന്നു. അതു കേള്‍ക്കുമ്പോള്‍ അവളുടെ മുഖത്ത് ആ ഭംഗിയുള്ള ചിരി വിടരുമെന്നു പ്രതീക്ഷിച്ച എനിക്കു തെറ്റി! ഗിഫ്റ്റിനുപകരം, 'റാസ്‌കല്‍' എന്നു വിളിപ്പേരുള്ള കുതിരയെ ഒരുമാസത്തേക്കു ലീസിനെടുത്തോട്ടേ എന്നവള്‍ ചോദിച്ചു. കുറേ മാസങ്ങളായി, ആ ആഗ്രഹം കാണാതെയും കേള്‍ക്കാതെയുമിരിക്കുകയായിരുന്നു. ഇന്നു സമ്മതിക്കാതിരിക്കാന്‍ തോന്നിയില്ല. നാളെത്തന്നെ പോയി കോണ്‍ട്രാക്ട് സൈന്‍ ചെയ്യാമെന്നു സമ്മതിച്ചു.
റാസ്‌കലിനെ സ്വന്തമാക്കിയതായി ഒരുപാടുതവണ അവള്‍ സ്വപ്നം കണ്ടിരുന്നത്രേ!

113
മറ്റൊരമ്മ

റോഷിന് അരിസോണയില്‍ മറ്റൊരമ്മയുണ്ടത്രേ! അവളുടെ കൂട്ടുകാരിയുടെ അമ്മ അവളെയുംകൂടി ദത്തെടുത്തതായി പലപ്പോഴും പറയാറുണ്ട്. പറയുക മാത്രമല്ല; അവരതു തെളിയിക്കുകയും ചെയ്തു!
ഇന്നലെ ആ അമ്മ അവള്‍ക്കൊരു സര്‍പ്രൈസ് പാര്‍ട്ടി കൊടുത്തു. അവള്‍ക്കൊപ്പം ഹെന്‍ട്രിയുടെയും റോഷന്റെയും കൂട്ടുകാരുംകൂടിച്ചേര്‍ന്ന് പാര്‍ട്ടി അവിസ്മരണീയമാക്കി. ആ അമ്മയാണത്രേ, ആഹാരം മുഴുവനും പാകംചെയ്തത്! അവള്‍ ക്ലാസ്സും ജോലിയുമൊക്കെക്കഴിഞ്ഞു വന്നപ്പോള്‍ക്കണ്ട കാഴ്ച വിവരണാതീതമായിരുന്നു.
ഫെയ്‌സ്‌ടൈമിലൂടെ എനിക്കും കാണിച്ചുതന്നു, അവിടുത്തെ അലങ്കാരവിശേഷങ്ങള്‍; ഒപ്പം സ്‌നേഹമയിയായ ആ അമ്മയേയും.

114
പര്‍ച്ചേസ്, പര്‍ച്ചേസ്!

കഴിഞ്ഞ കുറേ ദിവസങ്ങളായി, അപ്പനും മകനുംകൂടി കാര്യമായ ഡിസ്‌കഷനിലാണ്.ഒരു സ്യൂട്ട് വാങ്ങാന്‍ ഇത്രയധികം റിസേര്‍ച്ച് ആവശ്യമുണ്ടെന്ന് അറിഞ്ഞിരുന്നില്ല! ഇടയ്ക്കിടെ രണ്ടുപേരും കടകളില്‍ പോകുന്നതും കാണാം. എന്തായാലും സാധനം ഇതുവരെ കൈയിലെത്തിയിട്ടില്ല.
ഫാന്‍സിയായ ഡ്രസ്സ് വേണ്ടെന്ന് ചെറുതു നേരത്തേതന്നെ പറഞ്ഞിട്ടുണ്ട്. കല്യാണപ്പെണ്ണിനും വേണ്ട, ഡിസൈനര്‍ വേഷഭൂഷാദികള്‍.
എറണാകുളത്ത്, ഞങ്ങളുടെ അയല്‍ക്കാരിയായിരുന്നു അമ്മാന്റി. 'അനു' എന്നു വിളിപ്പേരുള്ള പൂര്‍ണിമാ ഇന്ദ്രജിത്ത് അമ്മാന്റിയുടെ സഹോദരീപുത്രിയാണ്. ഫാഷന്‍ ഡൈസൈനറായ അവരുടെ കളക്ഷനില്‍നിന്ന് റോഷിനു വിവാഹവിരുന്നിനണിയാനുള്ള വസ്ത്രം വാങ്ങണമെന്നായിരുന്നു എന്റെയാഗ്രഹം. അവള്‍ക്കതൊന്നും വേണ്ടേവേണ്ട! നാട്ടില്‍നിന്നു പലരും റോഷിനായി പുതിയതരം വേഷങ്ങളയച്ചുതരാന്‍ തയ്യാറായിരുന്നു. നന്ദിയോടെയും സ്‌നേഹത്തോടെയും അവളതൊക്കെ നിരസിക്കുന്നതുകേട്ടു. ഈ പെണ്‍കുട്ടികളെന്താണാവോ ഇങ്ങനെ!
എന്തായാലും എന്റെ ആണ്‍കുട്ടി, ഡിസൈനര്‍ സ്യൂട്ടുതന്നെയാവും ചേച്ചിയുടെ വിവാഹത്തിനു ധരിക്കുക.
വിവാഹഷോപ്പിംഗായിട്ടില്ലെങ്കിലും ചെറുതിന്റെ കുതിരയ്ക്കുവേണ്ടി കാര്യമായ പര്‍ച്ചേസ്തന്നെ നടത്തേണ്ടിവന്നു. സാഡ്ഡ്ല്‍, ബ്രൈഡ്‌ല്, ഹാള്‍ട്ടര്‍, റീന്‍, ബിറ്റ്, ലീഡ് റോപ്പ്... അങ്ങനെ അന്തവും കുന്തവുമില്ലാതെ നീളുന്ന ലിസ്റ്റ്! സ്റ്റോറില്‍, ഇതൊക്കെ പെറുക്കാന്‍ ലെയ്‌നിനെ സഹായിച്ച, അവിടെ ജോലിചെയ്യുന്ന പെണ്‍കുട്ടിക്കു സ്വന്തമായുള്ളത്, വെറും ആറു കുതിരകള്‍ മാത്രം!

115
ഏറ്റവും വിലപ്പെട്ട നിമിഷം

ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതെന്നു തോന്നുന്ന നിമിഷമേതായിരിക്കും എന്ന ചിന്തയ്ക്കു തിരികൊളുത്തിയത്, ഇന്നത്തെ ഒരു സ്‌ക്കൂള്‍ച്ചര്‍ച്ചയായിരുന്നു. മുപ്പതാംപിറന്നാളിന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഏതോ മുന്തിയ റസ്റ്റോറണ്ടില്‍ പോയതും വേള്‍ഡ് സീരീസ് കാണാന്‍ കഴിഞ്ഞതുമൊക്കെയാണെന്ന് ഓരോരുത്തര്‍ പറഞ്ഞു.
ആദ്യത്തെ കണ്‍മണി പെണ്‍കുഞ്ഞാണെന്നറിഞ്ഞ നിമിഷമായിരുന്നു എനിക്ക് ഏറ്റവും വിലപ്പെട്ടതും പ്രിയപ്പെട്ടതുമായ നിമിഷം. ജന്‍മസാഫല്യം കൈവന്ന നിമിഷമെന്നു പറയാവുന്നത്! സ്‌കാനിംഗ് ടേബിളില്‍ക്കിടന്നു നിര്‍ത്താതെ ചിരിക്കുന്നതുകണ്ട ഡോക്ടര്‍ കാര്യം തിരക്കുകയും ചെയ്തു.
കുഞ്ഞുന്നാളില്‍, ഒരനിയത്തിക്കുട്ടിയുണ്ടായിരുന്നെങ്കിലെന്നു കൊതിച്ചപ്പോള്‍ മുതല്‍, പൊട്ടും കമ്മലുമണിയിക്കാനും 'താതെയ്' ചെയ്യിക്കാനുമൊക്കെ ഒരു പെണ്‍കുഞ്ഞിനെ അത്യധികമായി മോഹിച്ചിരുന്നു. ഒന്‍പതു മാസവും ബെഡ്‌റെസ്റ്റായിരുന്നതുകൊണ്ടും സ്മാര്‍ട്ട് ടെലിവിഷനും സ്മാര്‍ട്ട് ഫോണുമൊന്നുമില്ലാത്ത കാലമായിരുന്നതുകൊണ്ടും പതിയെപ്പതിയെ അനങ്ങിത്തുടങ്ങിയ ആ കുഞ്ഞുജീവന് എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും ലഭിക്കുന്നതിനായി ഇരുപത്തിനാലു മണിക്കൂറും പ്രാര്‍ത്ഥനയിലായിരുന്നു. കര്‍ത്താവിനോട്, ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല!

116
കുതിരകളും പാരമ്പര്യവും

കുതിരലായത്തില്‍ ഇതു മൂന്നാംമണിക്കൂര്‍. കാറിലിരുന്ന് അകത്തെ കാഴ്ചകള്‍ കാണുകയായിരുന്നു, ഇത്രനേരവും. ഒരു ഉത്സവത്തിന്റെ പ്രതീതിയാണ് അകത്ത്. കുറേ അമ്മമാരും പല പ്രായത്തിലുള്ള പെണ്‍കുട്ടികളും, പിന്നെ കുറേയധികം കുതിരകളും. മരുന്നിനുപോലും ഒരാണ്‍കുട്ടിയെ അവിടെക്കണ്ടില്ല. പൊതുവേ പെണ്‍കുട്ടികള്‍ക്കാണ് കുതിരസ്സവാരിയില്‍ താല്‍പ്പര്യമെന്നു തോന്നുന്നു.
തലമുറകളായി, കുതിരകളുമായി അടുപ്പമുള്ള വീടുകളിലെ കുട്ടികളാണ് സാധാരണയായി കുതിരലായത്തിലെത്തിപ്പെടാറ്. എന്റെ ചെറുതിന്, കുതിരയെ അടുത്തു കണ്ടിട്ടുപോലുമില്ലാത്തവരുടെ പാരമ്പര്യമാണുള്ളത്! എന്നിട്ടും ഇവിടെയെത്താറാകുമ്പോള്‍മുതല്‍ ഒരു പ്രത്യേകതരം ചിരി അവളുടെ മുഖത്തു തെളിഞ്ഞുകാണാം. ഒരു പട്ടിക്കുട്ടിയെ കൊണ്ടുനടക്കുന്ന ലാഘവത്തോടെയാണ്, 'റാസ്‌കല്‍' എന്ന വിളിപ്പേരു കിട്ടിയ കുറുമ്പന്‍കുതിരയെ അവള്‍ കൊണ്ടുനടക്കുന്നത്! കാര്യമൊക്കെ ശരിതന്നെ. എങ്കിലും, ഒരുദിവസം മുഴുവനും കാറിനുള്ളില്‍ ഇരിക്കേണ്ടിവന്നാലും മറ്റമ്മമാരെപ്പോലെ കുതിരകളുടെ ഇടയിലേക്കിറങ്ങിച്ചെല്ലാന്‍ എന്റെ പാരമ്പര്യം എന്നെ അനുവദിക്കുന്നില്ല!

117
കുതിരപ്പെരുനാളിന്റെ കലാശം

വല്ലാത്തൊരു ദിവസം! എന്തൊക്കെയോ ചെയ്യാനുണ്ടെങ്കിലും എവിടെത്തുടങ്ങണമെന്നറിയാത്ത അവസ്ഥ! തട്ടാതെയും മുട്ടാതെയും വണ്ടിയോടിക്കുന്നതു ശ്രമകരമായിത്തോന്നി. ഇന്നു മൂന്നാംതവണയാണു കുതിരലായത്തില്‍. ഇടയ്ക്ക് പോസ്റ്റ് ഓഫീസും ലൈബ്രറിയും ഗ്രോസറി ഷോപ്പും.
കാറിലിരുന്ന് ഒരുറക്കം കഴിഞ്ഞിട്ടും ചെറുതിന്റെ കുതിരപ്പെരുനാള്‍ കഴിഞ്ഞിട്ടില്ല. കുട്ടികളെല്ലാവരുംകൂടി കുതിരകളെയെല്ലാം തൂത്തുവാരി അകത്താക്കി, അവര്‍ക്കുള്ള ഡിന്നറും കൊടുത്തശേഷം ഇനി കുക്കീസ് ബേക്ക് ചെയ്യാന്‍ പോവുകയാണത്രേ! അവധിയായതുകൊണ്ട്, ഞാന്‍ കാത്തിരിക്കാമെന്നു സമ്മതിച്ചു.
കുറച്ചുകഴിഞ്ഞപ്പോള്‍, 'ബേബ്' എന്ന സുന്ദരിക്കുതിരയുടെ ഉടമസ്ഥ റ്റാമി കാറിനടുത്തേക്കു വന്നു. വിളക്കുകളണയ്ക്കാന്‍ വന്നതാണെന്നും ആരെയും അവര്‍ അകത്തുകണ്ടില്ലെന്നും പറഞ്ഞു. ഞങ്ങള്‍ നടന്നുനടന്ന്, റാഞ്ചിന്റെ മൂന്നാംതലമുറയിലെ ഉടമസ്ഥന്‍ ദേവിന്റെ വീട്ടിലെത്തി. റാഞ്ചിലുള്ള എല്ലാ അമ്മമാരും കുട്ടികളുംകൂടി വളരെ സന്തോഷത്തോടെയും സ്‌നേഹത്തോടെയും ക്രിസ്മസ് ആഘോഷിക്കുന്നു; കുതിരകളും റ്റാമിയും ഞാനുമറിയാതെ!

118
ഒടുവില്‍ മാംഗല്യം!

ഒരു ദിവസത്തിന് ഒരായുസ്സിന്റെ നീളം! മഞ്ഞില്‍ കുളിച്ചുനിന്ന പ്രകൃതിയുടെ ഭംഗി വര്‍ണനാതീതമായിരുന്നു. പക്ഷേ അതില്‍ ഒരുതരി മഞ്ഞുപോലും എന്റെ മനസ്സില്‍ പെയ്തില്ല. ഞാന്‍ രാവിലെ മിന്നുന്ന സാരി വാരിച്ചുറ്റുമ്പോള്‍, അസുഖത്താല്‍ തളര്‍ന്നുറങ്ങുകയായിരുന്നു, എന്റെ രണ്ടു പെണ്‍കുട്ടികളും! അവിടെനിന്ന്, ദൈവകാരുണ്യത്താല്‍ ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ റോഷേലുയിര്‍ത്തെഴുന്നേറ്റ്, മണവാട്ടിയായി അണിഞ്ഞൊരുങ്ങി, തമ്പിയുടെ കൈപിടിച്ചു പള്ളിയിലേക്കു കയറിവരുന്ന മനോഹരമായ കാഴ്ച കണ്ണീരുകൊണ്ടു മറയാതിരിക്കാന്‍ പാടുപെടുകയായിരുന്നു ഞാന്‍. മനസ്സുനിറയെ മഞ്ഞുപെയ്ത നിമിഷങ്ങള്‍.

ഒടുവിൽ മാംഗല്യം

എഴുപത്തിയഞ്ചുകാരനായ ഫാദര്‍ ഒലിവര്‍, പള്ളിയിലെ ഓരോ നിമിഷവും ഊര്‍ജ്ജസ്വലവും ഇമ്പമുള്ളതുമാക്കി. റോഷേലിന്റെ, നീണ്ടുകിടക്കുന്ന ഗൗണിലും വെയ്‌ലിലും തട്ടിക്കളിച്ചുനടന്ന സ്‌നോയും ചാര്‍ലിയും ഗൗരവമേറിയ ഒരുത്തരവാദിത്തം മനോഹരമായി നിര്‍വ്വഹിച്ചു: റോഷേലിനും ഹെന്‍ട്രിക്കും മോതിരങ്ങളെത്തിക്കുന്ന ജോലി!
ദൈവാനുഗ്രഹത്താലും വിശിഷ്ടാതിഥികളുടെ സാന്നിധ്യത്താലും വിവാഹവും വിരുന്നും പ്രൗഢഗംഭീരമായി പര്യവസാനിച്ചു. ഇതിനിടയിലെപ്പോഴോ മരുമരന്‍ മകനായി മനസ്സില്‍ പിറന്നു! ഇനിമുതല്‍ 'അമ്മ' എന്നു വിളിക്കണമെന്നു ഞാനാവശ്യപ്പെടുകയും ചെയ്തു. പിന്നീട്, മക്കള്‍ക്കു ശുഭരാത്രിയാശംസിച്ചു തിരിച്ചുനടക്കുമ്പോള്‍, 'ഗുഡ്‌നൈറ്റ് മോം' എന്നു ഹെന്‍ട്രി വിളിച്ചുപറയുന്നതു കേട്ടു. ആ വിളി, ഞാന്‍ നന്നായി ആസ്വദിച്ചു.

119
കുഞ്ഞുമണിക്കുട്ടി

ഇന്ന് എന്റെ കുഞ്ഞുമണിക്കുട്ടിയുടെ ജന്‍മദിനം. കാത്തുകാത്തിരുന്ന കണ്‍മണിയെ അന്നുരാത്രി മുഴുവന്‍ മടിയില്‍ക്കിടത്തി, കണ്ണുചിമ്മാതെ നോക്കിയിരുന്നു. കുഞ്ഞായിരുന്നപ്പോള്‍, പാവക്കുട്ടിയെ ഉറക്കിയിരുന്ന അതേ ലാഘവത്തോടെയും ആവേശത്തോടെയും കുഞ്ഞുമണിക്കുട്ടിയെ കൈക്കുമ്പിളില്‍ക്കിടത്തി, താരാട്ടു പാടിയുറക്കി. കുളിപ്പിച്ചതും കുഞ്ഞുടുപ്പിടുവിച്ചതും കുട്ടിക്കളിപോലെ ആസ്വദിച്ച നിമിഷങ്ങള്‍.

കുഞ്ഞുമണികുട്ടി

വെള്ളയുടുപ്പിടുവിച്ച്, പാവക്കുട്ടിയുടെ മാമോദീസയും ആദ്യകുര്‍ബ്ബാനയും വിവാഹവും നടത്തിയതുപോലെ, എന്റെ മാലാഖക്കുഞ്ഞിനെ മഞ്ഞുപോലെ വെളുത്ത കുഞ്ഞുടുപ്പിടുവിച്ച്, ആദ്യമായി പള്ളിയില്‍ കൊണ്ടുപോയി.
പിന്നീട്, മനോഹരമായ തൂവെള്ളയുടുപ്പും കമനീയമായ വെയ്‌ലുമണിഞ്ഞ്, മഞ്ഞുപുതച്ച സുന്ദരമായൊരു പള്ളിയില്‍വച്ച്, മണവാട്ടിയായി എന്റെ മണിക്കുട്ടി...
മനസ്സുനിറയെ വെണ്‍മയുമായി ഇനിയുമനേകം ജന്‍ദിനങ്ങളുണ്ടാകട്ടെ എന്നാശംസിക്കുന്നു!

read more: https://emalayalee.com/writer/225

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക