Image

ദേവദൂതർ കുഴഞ്ഞാടുന്ന സിനിമ: ആൻസി സാജൻ

Published on 04 August, 2022
ദേവദൂതർ കുഴഞ്ഞാടുന്ന സിനിമ: ആൻസി സാജൻ

പുതിയകാല സിനിമകളും അതിന്റെ രീതികളും വച്ചു നോക്കുമ്പോൾ ചില കാര്യങ്ങൾ ചിന്തിച്ചു പോകുന്നു. സിനിമയിൽ മാത്രമല്ല സാമൂഹിക ജീവിതത്തിന്റെ പുറന്തോടുകളിൽ പോലും ഒരുതരം വ്യാജവാസന പരത്താൻ മനപൂർവ ശ്രമങ്ങൾ നടന്നു വരുന്നതായി തോന്നുന്നു. താഴെത്തട്ടിലെ റിയലിസ്റ്റിക് ജീവിതമെന്ന ലേബലിലാണ് ഇതൊക്കെ എഴുന്നള്ളിച്ച് കൊണ്ടുവരുന്നത്. ദാരിദ്ര്യവും അതിന്റെ കഷ്ടപ്പാടുകളും മാത്രമാണോ റിയലിസം..?

വെളുത്തു പോയവരെ വിട്ട് കറുപ്പ് കണ്ടുപിടിച്ച് പൊലിപ്പിച്ച് കാട്ടുന്നതാണോ റിയലിസം..?

യഥാർത്ഥ ജീവിത, പ്രകൃതിസത്യങ്ങൾ പകർത്തുമ്പോഴല്ലേ കല ജീവസത്തയുള്ളതാകൂ..?

ആരുടെ ഉത്ഥാനവും ഉയിർത്തെണീപ്പുമാണ് ഇവയെല്ലാം ലക്ഷ്യം വെക്കുന്നത്?

ഇങ്ങനെ ദാരിദ്ര്യുപ്പുകച്ചിലുകൾ നിറഞ്ഞ വിഭാഗങ്ങളെ (ജാതീയമായല്ല, മനുഷ്യാവസ്ഥാപരമായി മാത്രം ) നിലനിർത്തേണ്ടത് ആരുടെയെങ്കിലും അത്യാവശ്യകതയാണോ?

രാഷ്ട്രീയത്തിലും സിനിമയിലുമാണ് പിന്നണിക്കാരുടെ നിലനില്പിനനുസരിച്ച് ട്രെൻഡുകളുണ്ടാകുന്നത്. യാഥാർത്ഥ്യങ്ങൾ വിട്ട് ജനങ്ങളെ ഇക്കാണുന്നതിന്റെയൊക്കെ പിന്നാലെ ആട്ടിത്തെളിപ്പിക്കുകയാണ് . ഒരു ട്രെൻഡ് തീരുമ്പോൾ അടുത്തത് ഈ ബുദ്ധികേന്ദ്രങ്ങൾ നടപ്പിലാക്കും.

ആരോഗ്യവും സൗന്ദര്യവുമുള്ള നടീനടൻമാരുടെ മുഖത്ത് കരിതേച്ചും വിഗ്ഗഴിച്ചു വച്ച് മുടി അലങ്കോലമാക്കിയും വെടിപ്പും വൃത്തിയുമുള്ള വസ്ത്രങ്ങൾ മാറ്റിവച്ച് കൈലിയും പഴയപോലുള്ള ഉടുപ്പുകളുമൊക്കെ ഇടുവിക്കുകയും വാനിറയെ തെറികൾ പറയിപ്പിക്കുകയും കള്ളുകുടിയനാക്കുകയുമൊക്കെ ചെയ്താൽ മഹത്തായ സിനിമയാകുമോ?
അതോ ഇങ്ങനെ മാത്രമാണോ ഇക്കാലജീവിതം ..!

മാർക്കറ്റുള്ള നടന്മാരെ മാത്രമേ ഇങ്ങനെ അവതരിപ്പിക്കുകയും ചെയ്യൂ.. 
ദേവദൂതർ പാടിയെന്നും പറഞ്ഞ് ഒരു ഒറിജിനൽ മദ്യപനെ കാണിക്കുമോ?
സോഷ്യൽ മീഡിയയിൽ വന്ന പാവം കള്ളു കുടിയൻമാരുടെ സ്ഥലകാലം നോക്കാതെയുള്ള നിലമറന്ന നൃത്തരൂപങ്ങളാവണം കുഞ്ചാക്കോ ബോബൻ 
കണ്ടുപഠിച്ചത്.

രതിപുഷ്പം വാടി രാസകേളീതടാകം വറ്റിയപ്പോൾ പാലാപ്പള്ളി തിരുപ്പള്ളിപ്പെരുന്നാളായി. തൊട്ടു പുറകെ ദേവദൂതരും സ്നേഹദൂതരും ആകെക്കൊഴഞ്ഞ് പാടിയാടി വന്നു..

ഇതിനു കുറച്ചുകാലം നിലനിൽപ്പു കാണും.

പഴയ സിനിമകൾ ധൃതിവെച്ച് തിരയുകയാവും ചലച്ചിത്ര പ്രവർത്തകർ.
എളുപ്പമാണല്ലോ..! ബുദ്ധിയുള്ളവർ ചെയ്തുവച്ചതൊക്കെ ചുമ്മാതെയങ്ങ് പകർത്താൻ.

അമ്പലപ്പറമ്പിലെ ഗാനമേളയായതുകൊണ്ട് പഴയപാട്ട് എടുത്തു എന്നു പറയുന്നുണ്ടെങ്കിൽ കോട്ടയം കുഞ്ഞച്ചനിലെ 'ഹൃദയവനിയിലെ ഗായികയോ 'എന്നു തുടങ്ങുന്ന ഗാനമോർക്കുക. പള്ളിപ്പെരുന്നാളിന്റെ ഗാനമേളയായിരുന്നു അത്. 
ആ പാട്ടും ഹിറ്റായി. സിനിമ ഇപ്പോഴും ആളുകൾക്ക് കാണാനിഷ്ടമാണു താനും.

ദേവദൂതർ കാരണം കുഞ്ചാക്കോ ബോബൻ ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. സിനിമയെ ആളുകൾ അത്ര ഗൗനിക്കുന്നുണ്ടെന്ന് തോന്നിയില്ല. പൂമരം കൊണ്ട് കപ്പലുണ്ടാക്കിയതുപോലെ ആവാതിരുന്നാൽ മതി..

ഒരു വിധം കാര്യങ്ങളൊക്കെ അവതരിപ്പിച്ച് ഇനി പുതിയതൊന്നും ഇല്ലാത്തതു കൊണ്ടുമാവാം ഇത്തരമൊരു രീതി വരുന്നത്.
( ഉള്ളത് പറയണമല്ലോ വല്യ ധാടിയും മോടിയുമില്ലാത്തവരെക്കൊണ്ട് ചെയ്യിക്കുന്ന ചില ചെറിയ സിനിമയൊക്കെ കൊള്ളാം താനും. 
പഴയ ചോക്ളേറ്റു നടീനടൻമാരുടെ മുഖത്തും മേത്തും വസ്ത്രത്തിലുമൊക്കെ കരിപുരട്ടുമ്പഴാണ് അരോചകമാകുന്നത്.)

പണ്ടത്തെ ചിത്രങ്ങളിൽ മധുവും നസീറും , തിളങ്ങുന്ന നൈറ്റിയൊക്കെയിട്ട് പൈപ്പ് കടിച്ചു പിടിച്ച് കർട്ടൻ വകഞ്ഞു മാറ്റി അകലേയ്ക്ക് നോക്കിനിൽക്കുന്നത് ഓർമ്മയില്ലേ..
ഷീലയൊക്കെ എടുത്താൽ പൊങ്ങാത്ത തലച്ചുമടുള്ള മുടിയും പോരാത്തതിന് ഒരു മുട്ടൻ പൂവുമൊക്കെ വെച്ച കാലം..
പിന്നെ പുതിയ അഭിനേതാക്കളുടെ വരവ്..
അതും കഴിഞ്ഞ് പഴയ മമ്മൂട്ടിയും മോഹൻലാലുമൊക്കെ മനുഷ്യാതീതമായ കഴിവുകളോടെ നിറഞ്ഞാടിയ കാലം.. വന്നുവന്ന് ഇത്തറ്റമായി.

സിനിമ ഏറ്റം പ്രിയങ്കരവും ജനകീയവുമായതു കൊണ്ടാണ് ശൈലികളിങ്ങനെ മാറിമറിയുന്നത്.

അതിസമ്പന്നതയിലും മധ്യവർഗ്ഗത്തിലും,
ദാരിദ്ര്യരേഖ വരച്ച് അതിന് മുകളിലും താഴെയും ഒക്കെയായി മനുഷ്യജീവിതം ഇവിടെ നിറയുന്നു.
അവിടേയ്ക്കൊക്കെ സിനിമാ ക്യാമറയ്ക്ക് നോക്കാം. 

സമൃദ്ധ വിഭവങ്ങൾ മാത്രം ആസ്വദിച്ച് ജീവിത കാലം മുഴുവനും ആർക്കും കഴിയാനൊക്കില്ല. ശരീരം അതിന് സമ്മതിക്കുകയുമില്ല.
കഞ്ഞീം പയറും കഴിക്കുന്നത് ദാരിദ്ര്യ സൂചനയാകില്ല. അത്താഴത്തിന് കഞ്ഞി കഴിച്ചാലേ ചില പ്രായത്തിൽ പിറ്റേന്ന് പ്രഭാതഭക്ഷണം വേണ്ടിവരൂ..

ജീവിതം നിറയുന്ന കലാരൂപങ്ങൾ
നൽകാൻ കെല്പുള്ള പ്രതിഭകൾ ഉണരട്ടെ..
പുതിയ നല്ല കഥകളും ഗാനങ്ങളും , വേണ്ടി വന്നാൽ പുതിയ അഭിനേതാക്കളുമൊക്കെയുള്ള ചിത്രങ്ങൾ സാധാരണ ആസ്വാദകർ കാത്തിരിക്കുന്നു.
വരണ്ട പാടങ്ങൾ പ്രതിഭ വീണു കുതിരട്ടെ..
പുതിയ കതിരുകൾ വളർന്നാലേ സമൃദ്ധിയുണ്ടാകൂ .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക