Image

പൂഞ്ചേച്ചി - പൂവുപോലുള്ള ഓർമ്മകൾ : റോസ് മേരി

Published on 05 August, 2022
പൂഞ്ചേച്ചി - പൂവുപോലുള്ള ഓർമ്മകൾ : റോസ് മേരി

വളരെ വർഷങ്ങൾക്ക് മുമ്പുള്ള ചിത്രം. ഒപ്പമുള്ളത് ഞങ്ങളുടെ പ്രിയങ്കരിയായ അമ്മായി. പേര് പൂവമ്മ (മേരി ജോസ്).

അപ്പന്റെ വീട്ടിൽ 9 മക്കളായിരുന്നു : രണ്ടു പെണ്ണും ഏഴ് ആണും. അച്ചാമ്മ എന്ന മറ്റൊരാനുജത്തി കൂടിയുണ്ടായിരുന്നു (കരിപ്പാപ്പറമ്പിൽ, മണ്ണാർക്കാട്). സിനിമയും, നാടകവും വായനയുമൊക്കെ ഹരമായ് കൊണ്ടാടിയ, എല്ലാവരെയും തമാശകൾ പറഞ്ഞു സദാ പൊട്ടിച്ചിരിപ്പിക്കാറുള്ള അച്ചാമ്മായി, തികച്ചും ഓർക്കാപ്പുറത്ത്, നാൽപ്പത്തിനാലാം വയസ്സിൽ ഇവിടം വിട്ടുപോയി.

തീരെയും നിഷ്ഠയില്ലാത്ത ശീലങ്ങളാലും ജീവിതത്തിന്റെ അമിത വേഗതയാലും യൗവ്വനം അസ്‌തമിക്കും മുമ്പേ സഹോദരന്മാർ ഓരോരുത്തരായി കാലത്തിരശീലക്കു പിന്നിലേക്ക് മറഞ്ഞു പോയി. അവശേഷിച്ചത് ഏറ്റവും ഇളയ ഈ അനുജത്തിമാത്രം.

സ്ഥാനം കൊണ്ട് അമ്മായിയെങ്കിലും ഞങ്ങളെല്ലാവരും പൂഞ്ചേച്ചി എന്നാണ് വിളിച്ചു പോന്നത്. പൂവുപോൽ സ്നിഗ്ദമായ ഹൃദയത്തിന് ഉടമ.

ഇയ്യടുത്തൊരുനാൾ തീരെ പ്രതീക്ഷിക്കാതെ പൂഞ്ചേച്ചിയും ഞങ്ങളെ വിട്ടുപോയി. മനസ്സിൽ എണ്ണമറ്റ സ്നേഹസ്മരണകൾ ബാക്കി വെച്ചുംകൊണ്ട്..

വാത്സല്യത്തിന്റെ നിറഞ്ഞു തുളുമ്പുന്ന വനതടാകം പോലൊരു മനസ്സ്. പതിനാറാം വയസ്സിലായിരുന്നു കല്യാണം. ആലുവയിലെ ഉരുമ്പത്തു കുടുംബത്തിലേക്ക്.. തോട്ടക്കാട്ടുകരയിൽ പുഴയോരത്തെ ആ വീടും, തൊടിയിലെ മധുര മാമ്പഴങ്ങളും ആലുവാപ്പുഴയും, അമ്മായിയുടെ ആഥിത്യവും എത്രമേൽ ഹൃദയാവർജകമായിരുന്നു!

തന്റെ ഉള്ളിലെ സ്നേഹവാത്സല്യങ്ങൾ ഉറ്റവർക്ക് മാത്രമല്ല, തന്റെ പരിചയ സീമയിൽ വന്നുപെടുന്ന ഏവർക്കും നിറഞ്ഞ മനസ്സോടെ പകർന്നു നൽകാൻ ആൾ സദാ ഉത്സുകയായിയുന്നു.സങ്കടം അനുഭവിക്കുന്നവരോടും രോഗാവസ്ഥയിലുള്ളവരോടും സവിശേഷമായ കരുതൽ..

നമ്മുടെ പ്രിയപ്പെട്ട ജിഷ്ണു രാഘവന് ചികിത്സ നടക്കുന്ന കാലം. എന്നിലൂടെ മാത്രമുള്ള കേട്ടറിവേ ഉള്ളുവെങ്കിലും അമ്മായി അതേച്ചൊല്ലി ഏറെ വേദനിച്ചിരുന്നു.  മകൻ മാത്യുവിന്റെ Mathew Urumbath ഏഴാറ്റുമുഖത്തുള്ള Nutmeg County എന്ന ഫാം റിസോർട്ടിൽ ജിഷ്ണുവിനും കുടുംബത്തിനും വിശ്രമം ഒരുക്കിയത് അമ്മായിയുടെ ഉത്സാഹത്തിലായിരുന്നു. ജിഷ്ണുവിന് ആ സ്വച്ഛന്ദവാസം ഏറെ ആഹ്ലാദകരമായിരുന്നു എന്ന് പിൽക്കാലത്ത് രാഘവേട്ടനും ചേച്ചിയും ഓർമ്മിക്കുന്നു.

ഇങ്ങിനെ നിസ്വാർത്ഥ സ്നേഹത്തിന്റെയും കരുതലിന്റെയും എത്രയെത്ര അനുഭവങ്ങൾ..

അക്ഷരം ഉറച്ചു തുടങ്ങിയ കാലം മുതൽ ഞങ്ങൾ അമ്മായിക്ക് കത്തുകളെഴുതുമായിരുന്നു.ബാലിശമായ ആ കത്തുകൾക്ക് അമ്മായി കൃത്യമായ് മറുപടിയും അയച്ചിരുന്നു.. എന്തൊരു ക്ഷമ ! എന്തൊരു കാരുണ്യം!

വെല്യവധിക്കാലത്ത് കൈ നിറയെ സമ്മാനങ്ങളുമായാണ്ആളെത്തുക. വർണ്ണശബളമായ ഉടുപ്പുകൾ, ശിവരാത്രി മണപ്പുറത്ത് നിന്നും വാങ്ങിയ മുത്തുമാലകൾ, ചില്ലുവളകൾ, ചെറിയ കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ.. ഞങ്ങളുടെ ബാല്യങ്ങളെ വർണ്ണശബളമാക്കിയ സ്നേഹ സാമീപ്യം!

ചെറുപ്പത്തിൽ തന്നേ പരിപാലിച്ചവരെ,ക്ലേശം അനുഭവിക്കുന്നവരെ, ആൾ സദാ പരിരക്ഷിച്ചിരുന്നു.
ഉന്നതപദവികളോ സ്ഥാനമാനങ്ങളോ ഒന്നുമില്ലാതെ ഒരു ഗൃഹസ്ഥയുടെ സരള ജീവിതം നയിച്ചുകൊണ്ടു തന്നെ എത്ര പേർക്ക് ആശ്വാസമരുളാം, എത്ര ഹൃദയങ്ങളെ സ്പർശിക്കാം എന്ന് അമ്മായിയുടെ ജീവിതം എന്നെ പഠിപ്പിക്കുന്നു.

ഓർമ്മവെച്ച കാലംമുതൽ അനുഭവിച്ചുപോന്ന ആ സ്നേഹമയിയുടെ അഭാവം മനസ്സിനെ ശൂന്യമാക്കുന്നു. ചുറ്റിനും നിറഞ്ഞു പെയ്തിരുന്ന നിലാവ്  പൊടുന്നനെ മറഞ്ഞു പോയതുപോലെ...

ബാല്യത്തിന്റെ ഭൂമികയിലെ അവസാനത്തെ അടയാളക്കല്ലും ഇതാ മാഞ്ഞുപോയിരിക്കുന്നു..എങ്കിലും വിട,

വിട , എൻ സ്നേഹ ഭാജനമേ..!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക