Image

അസ്തമയത്തിലെ നിഴലുകൾ : ഡോ. ഓമന ഗംഗാധരൻ ( ജയശങ്കർ)

Published on 05 August, 2022
അസ്തമയത്തിലെ നിഴലുകൾ : ഡോ. ഓമന ഗംഗാധരൻ (  ജയശങ്കർ)

ഭാവനാസുന്ദരമായ ഒരു കാവ്യം പോലെ എൺപതുക്ളുടെ അവസാനത്തിൽ മലയാളികൾ ആസ്വദിച്ച സിനിമ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ രചിച്ച കഥാകാരി ശ്രീമതി ഡോ  ഓമന ഗംഗാധരന്റെ മാനസിക പ്രപഞ്ചത്തിൽ നിന്നും വീണ്ടുമൊരു അമൂല്യ രത്ന ശോഭയുള്ള കഥാസൃഷ്ടി, അസ്തമയത്തിലെ നിഴലുകൾ. മാതൃഭൂമി പബ്ലിക്കേഷൻസ് ജൂൺ 2022-ൽ  പുറത്തിറക്കിയിരിക്കുന്നു.

എഴുപതുകളിൽ ഇംഗ്ലണ്ടിലേക്ക് വിവാഹശേഷം ജീവിതം പറിച്ചു നട്ടപ്പോൾ,  
ആലുവ പുഴയും, ശിവരാത്രിയകളും, പമ്പാനദിയും മനസ്സിൽ നിന്നും കുടിയൊഴിയാതെ, എഴുതി സൂക്ഷിച്ചു ഒളിപ്പിച്ചു വച്ച കല്പനാ സമ്പന്നമായ ആയിരം ശിവരാത്രികൾ എന്ന കഥ വെളിച്ചം കാണാൻ പിന്നെയും സമയമെടുത്തു. ഫാസിൽ ആ കഥ സിനിമ ആക്കിയപ്പോൾ അത് മണിവത്തൂരിലെ ആയിരം ശിവരാത്രികളായി. സ്നേഹമെന്ന ജീവകാന്തിയെ മരണത്തിന് തോൽപ്പിക്കാൻ ആവില്ല എന്ന സത്യം ആ കഥ പ്രഖ്യാപിച്ചു.

2020 ആരംഭത്തിൽ ലോകമെങ്ങും കോവിഡ് താണ്ഡവം ആടുമ്പോൾ, രാജ്യങ്ങൾ സ്വരുക്കൂട്ടി വെച്ചിരുന്ന മിസൈലുകളും, വെടിക്കോപ്പുകളും, വാളും, പരിചയും മനുഷ്യജീവനുകളെ രക്ഷിച്ചു നിലനിർത്താൻ  അപര്യാപ്തമായിരുന്നു. മനസ്സ് നിർജീവമായിരുന്ന ഇംഗ്ലണ്ടിലെ ഒരു തണുത്തിരണ്ട രാത്രിയിൽ കഥാകാരി ഒരു സ്വപ്നം കണ്ടു. സുന്ദരമായ ആ സ്വപ്നത്തിൽ ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്ത രണ്ടുപേരെ കണ്ടുമുട്ടി. മറക്കാൻ കഴിയാത്ത ആ സ്വപ്നത്തിൽ നിന്നും ഉയിർകൊണ്ട, ഒരു മഹാകാവ്യം പോലെ ഭാവതീവ്രമായ ഒരു കലാസൃഷ്ടിയാണ് അസ്തമയത്തിലെ നിഴലുകൾ.

തെക്കേ ഇന്ത്യയിലെ കോളാർ ഖനികളിൽ നിന്നു കണ്ടെടുത്ത കോഹിനൂർ രത്നം കടൽ കടന്നു പോയെങ്കിലും, ഇന്ന് ഇംഗ്ലണ്ടിലെ  ടവർ ഓഫ് ലണ്ടനിലെ ജൂവൽ ഹൗസിൽ ലോകത്തെമ്പാടുമുള്ള സഞ്ചാരികൾക്ക് മുന്നിൽ പ്രഭാചൊരിഞ്ഞു തിളങ്ങുന്നു. 1970 കളിൽ വിവാഹാനന്തരം ലണ്ടനിലേക്ക് ജീവിതം പറിച്ചു നട്ട ഒരു യുവതി അനേകം കഥകളും കവിതകളും രചിച്ച തഴകത്തിൽ അസ്തമയത്തിലെ നിഴലുകളിൽ വന്ന്  നിൽക്കുമ്പോൾ, ലോകമെമ്പാടുമുള്ള ഭാരതീയർക്കും പ്രത്യേകിച് മലയാളികൾക്കും അഭിമാനിക്കാം, ഈ കഥാകാരിയും കേരളം വരം നൽകിയ, ഭാരതം ലോകത്തിനു കൊടുത്ത ഒളിമങ്ങാത്ത ഒരു കോഹിന്നൂർ രത്നം തന്നെയെന്ന്.

വായന മുന്നോട്ട് പുരോഗമിക്കുമ്പോൾ വായനക്കാരന് തോന്നും അദൃശ്യമായ ഏതോ പ്രപഞ്ചശക്തികൾ എഴുത്തുകാരിയെ ആവേശിച്ചിട്ടുണ്ടെന്ന്.

ഈ പുസ്തകത്തിന്റെ പ്രകാശന വേളയിൽ ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർ തമ്പാൻ പറഞ്ഞു "ഈ കഥയ്ക്ക് പരിഭാഷകൾ അനേകം വരണം. ലോകം മുഴുവൻ അത് പ്രചരിക്കണം".

മുൻ ചീഫ് സെക്രട്ടറിയും, മലയാളം യൂണിവേഴ്സിറ്റിയുടെ സ്ഥാപക വൈസ് ചാൻസലറും, കവിയും, മലയാള സിനിമ ഗാനങ്ങൾക്ക് ചന്ദനലേപ സുഗന്ധം ചാർത്തിയ ശ്രീ. ജയകുമാർ IAS പറയുന്നത് അസ്തമയത്തിലെ നിഴലുകൾ ശ്രീമതി ഡോ. ഓമന ഗംഗാധരന്റെ സൃഷ്ടികളിൽ അമൃത് ആണെന്നാണ്.  കഥയിലെ ബാലശങ്കർ അമാനുഷിക സിദ്ധികൾ ഉള്ള ഒരു ഗന്ധർവൻ ആണെന്നാണ് ശ്രീ. ജയകുമാർ IAS അഭിപ്രായപ്പെട്ടത്.

അപൂർവ്വ സുന്ദരമായ ഒരു സ്വപ്നത്തിൽ ഈ കഥ തുടങ്ങുന്നു. നീലാകാശത്തിന് കീഴിൽ മഞ്ഞും മാമലകളും, മഞ്ഞുരുകി ഒലിച്ചിറങ്ങുന്ന വെള്ളച്ചാട്ടങ്ങളും, ഏറെ ഭംഗിയുള്ള വൃക്ഷക്കൂട്ടങ്ങളും നിറഞ്ഞു നിൽക്കുന്ന ഹിമാലയ താഴ്വരകളിലെ കാശ്മീരിൽ മധുവിധുവിന് എത്തുന്നു ഹേമയും ബാലുവും.

കവികുലഗുരു കാളിദാസൻ തന്റെ കാവ്യങ്ങളിൽ മലകളും, മരങ്ങളും മേഘങ്ങളും  മനോഹരമായും വ്യക്തതയോടും ദിവ്യതത്തോടും ബഹുമാനപൂർവ്വം വർണ്ണിക്കുന്നു. ശിവ ഭഗവാനെ വരിക്കാൻ ആഗ്രഹിച്ചു ഹിമഗിരിനന്ദിനി പാർവതി ദേവി ഹിമാലയ ഭൂമിയിൽ തപസ്സിരുന്നു. സൂര്യതാപത്തിൽ പർവ്വതങ്ങളിൽ വീണുറഞ്ഞ മഞ്ഞുരുകി ഒഴുകുന്നത്, തപശക്തിയിൽ ദേവിയുടെ കണ്ണീർ പാടുകൾ പോലെയെന്ന് കാളിദാസകവി ഉപമിക്കുന്നു. കഥ തുടങ്ങുന്ന കാശ്മീരത്തിലെ പ്രകൃതി വർണ്ണനയിൽ കഥാകാരിയെ കവികുലഗുരു കാളിദാസൻ ആവേശിച്ചിരുന്നു എന്ന് വേണം അനുമാനിക്കാൻ. കഥയിലെ ഹേമലതയുടെ ജീവിതവും ദേവിയുടെ തപസ്സ് പോലെ മനസ്സിൽ നിന്നും അക്ഷരങ്ങളിൽ പതിഫലിക്കുന്നു. പുരാണങ്ങളിൽ പോലും പ്രകീർത്തിച്ചിരുന്ന ദാൽതടാകവും ചാർചിന്നാർ മരങ്ങളെയും ചാരുതയോടെ വർണ്ണിച്ചിരിക്കുന്നു.

സമൂഹത്തിൽ നടമാടിയിരുന്ന ജാതി വ്യവസ്ഥയെയും സാമ്പത്തിക വ്യവസ്ഥകളെയും വെല്ലുവിളിചാണ്  സമ്പന്ന ഗ്രഹത്തിലെ ഹേമയും ദരിദ്ര കുടുംബത്തിലെ ബാലുവും പ്രേമബദ്ധരായി വിവാഹിതരായത്.

ഹിമാലയത്തിൽ അവർ പ്രകൃതിയെ കണ്ടറിഞ്ഞു. പ്രകൃതിയുടെ പ്രണയവർണ്ണ ഭാവങ്ങളും, സംഹാരഭാവങ്ങളും,  ലാസ്യവും ലയവും കണ്ടു.

കാശ്മീരിൽ അവർ യാത്ര തുടർന്നു.  ഹിമാലയത്തിൽ, പത്തെൻപതാം നൂറ്റാണ്ടിൽ, ചെങ്കുത്തായ മലകളും പാറക്കൂട്ടങ്ങളും തുരന്ന് ബ്രിട്ടീഷുകാർ പണികഴിപ്പിച്ച ഇൻഡോ ടിബറ്റൻ ഹൈവേയിലൂടെ യാത്ര ചെയ്തു
ശംഭാല എന്ന സ്വർഗ്ഗീയമായ ഒരു പ്രദേശത്ത് അവർ എത്തുന്നു. അവിടെ സ്വർണ നിർമ്മിതമായ സ്വർഗ്ഗത്തിലെ സംസാരിക്കുന്ന വൃക്ഷങ്ങളെ കണ്ടു. നഷ്ടപ്പെട്ട പലതും അവിടെ ഹേമയ്ക്ക് മുന്നിൽ പുനരവതരിച്ചു. അവിടെയുള്ളവർക്  ജരാനരകൾ ഇല്ലായിരുന്നു. ആ സ്വർഗത്തിൽ പ്രണയത്തിന്റെയും സ്നേഹത്തിന്റെയും ത്രീവ്രതയിൽ ഒരു നിമിഷം മുറിഞ്ഞു വീണപ്പോൾ എല്ലാം മായുന്നു. ഹേമ അവൾക്ക് വിധി താലമേന്തിയ ജീവിതത്തിലേക്ക് വഴുതി വീഴുന്നു.

ഇന്നലെകളിൽ നിന്നും ഇന്നിലേക്ക് നീങ്ങിയ ജീവിതം പിന്നെയും അനുഭവങ്ങൾ ഒരുപാട് ഹേമയ്ക്ക് നൽകുന്നു.  ജീവിത യജ്ഞത്തിലെ ഉത്തരവാദിത്തങ്ങൾ നിർവഹിച്ച ഹേമയ്ക്ക് ജീവിതം അസ്തമയത്തിൽ എത്തുമ്പോൾ വിധി പിന്നെയും കാത്തു വച്ചത് പറക്കമുറ്റിയ കുഞ്ഞുങ്ങൾ പറന്നു പോകുന്ന കാഴ്ചയും , ഭർത്താവിനാൽ തിരസ്കരിക്കപ്പെടാനും ആയിരുന്നു.

സർവം സഹയായ സൃഷ്ടി ദേവതയെ പോലെ, സഹനത്തിന്റെ കൊടുമുടികളിൽ, അവൾ നേടിയ മനഃശക്തിയിൽ ഹിമാലയവും, ചിന്നാർ മരക്കൂട്ടങ്ങളും, ശംഭാലയും കാലദേശ സീമകൾ ഭേദിച്ചു അവളിലേക്ക് എത്തുന്നു. ആ ശംഭാലയിൽ യൗവനത്തിൽ മോഹിച്ച പുരുഷനെ അവൾ കാണുന്നു. ജാതികോമരങ്ങൾ സൃഷ്ടിച്ച മേൽകൊയിമയ്ക്ക് അവിടെ സ്ഥാനമില്ലായിരുന്നു. രാജ്യങ്ങൾ കൂട്ടി വച്ച വെടിക്കൊപ്പുകൾക്ക് കോവിഡിനെ തോൽപ്പിക്കാൻ അപര്യാപ്തമായിരുന്ന പോലെ. വായനക്കാരന്റെ മനസ്സിനെ ഘനീഭവിപ്പിച്ചു നിറുത്തി കണ്ണിൽ നീര് നിറയുമ്പോൾ,  ആകാശവും ഭൂമിയും പോലെ അവർ ഒന്നാകുന്നു. 

ഹേമ അവളുടെ ജീവിത ദുഖങ്ങളെ തരണം ചെയ്തത് സഹനത്തിലൂടെയും ജീവിതത്തിൽ നിന്നും ആർജിച്ച അറിവിലൂടെയും ആയിരുന്നു. പരാതിയില്ലാതെ പരിഭവം പറയാതെ സ്വപ്നങ്ങളിൽ വിശ്വാസം അർപ്പിച്ചും ഹേമ ജയികുന്നു. നശ്വരമായ ഈ ജീവിതത്തെ.

കശ്‍മീരും, ഹിമാലയവും, പമ്പയും, പെരിയാറും, ആലുവ പുഴയും തീരങ്ങളും, ലണ്ടനും, തെമ്സും പശ്ചാത്തലം ഒരുക്കുമ്പോൾ ഭാഷയും, വേദവും, പുരാണങ്ങളും, ഭഗവത് ഗീതയും, സൗദര്യലഹരിയും,  വിവേകച്ചുടമണിയും, അത്മോപദേശശതകവും പകരുന്ന അറിവുകളും അന്തർധാര പോലെ കഥയുടെ ഊടും പാവും ആകുന്നു.

ശ്രീനാരായണഗുരുവും, മന്നത്‌ പദ്മനാഭനും,  ശ്രീകുമാരൻ തമ്പിയും,  ഗുരു നിത്യ ചൈതന്യ യതിയും, മുഹമ്മദ്‌ റഫിയും, കുമാരനാശാനും പോലെയുള്ള വ്യക്തിത്വങ്ങൾ കഥയിൽ ഇഴച്ചർത്ത് പരാമർശിക്കപ്പെടുന്നത് കഥയ്ക്ക് ജീവനും ഊർജവുമാകുന്നു

യശശരീരനായ ശ്രീ മന്നത്‌ പത്മനാഭന്റെ ജാമാതാവും എൻ എസ് എസ് കോളേജ് പ്രിൻസിപ്പലും ആയിരുന്നു യശശരീരനായ ശ്രീ സുകുമാര പണിക്കർ സാർ കഥയിൽ ബാലുവിന്റെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്ന അദ്ധ്യാപകനും ഉപദേഷ്ടാവും ആയ കഥാപാത്രമായി വരുന്നു. ഇത് കഥയുടെ ഒരു കാലഘട്ടത്തെ വ്യക്തമാകുന്നു.

സ്വദേശത്തും വിദേശത്തും ജീവിക്കുന്ന അനേകം സ്ത്രീകളുടെ പ്രതിനിധിയാണ് ഹേമ. സ്വജീവിതത്തിൽ അവഗണനയും വിരസതയും അനുഭവിക്കുന്ന, ആപിൾ തോട്ടങ്ങളിലും, മുട്ടായി ഫാക്ടറികളിലും, വിവിധ ജോലികൾ ചെയ്ത് ജീവിതം പുലരുന്ന ചുറ്റുപാടുകളിൽ ജീവിക്കുന്ന, ഹൃദയവേദനയോടെ പാർക്കുകളിലും സൂപ്പർ മാർക്കറ്റിലും സമയം ചിലവിടുന്ന അനേകം സ്ത്രീകളുടെ പ്രതീകം ആണ് ഹേമ എന്ന ഹേമലത. സ്വന്തം എന്ന വാക്കിന്റെ അർത്ഥം തേടുന്ന സ്ത്രീ മനസ്സുകളുടെ ആഴമേറിയ മുറുവുകളിലെ വിങ്ങലാണ് ഹേമ.

കുതിര പന്തയങ്ങളിൽ കമ്പം കയറി പണം തുലക്കുന്ന ഭർത്താവിനൊപ്പം പൊരുത്തപ്പെട്ടു പോകുമ്പോഴും  ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഹൃദയവേദനയോടെ കഷ്ടപ്പെടുന്ന ഹേമ ഏതൊരു മനുഷ്യഹൃദയത്തെയും വിറങ്ങലിപ്പിക്കും.

സ്ത്രീത്വത്തിന്റെ മഹത്വം, സഹനം മനസ്സിന് സമ്മാനിക്കുന്ന അത്യപൂർവ്വമായ സിദ്ധികൾ പ്രകൃതി ഹേമയിൽ കനിഞ്ഞു അനുഗ്രഹിക്കുന്നു.
അവൾ അറിയാതെ ആർജ്ജിച്ച ആ മനശക്തിയിൽ ലണ്ടനിലെ ഹൈഡ് പാർക്കിൽ ഹിമാലയവും, ശംഭാലയും, സംസാരിക്കുന്ന ചിന്നാർ മരങ്ങളും, ഇലഞ്ഞിപ്പൂമണങ്ങളുടെ ഗന്ധവും മാസ്മരികതയോടെ അവളിലേക്ക് ഒഴുകി എത്തുന്നു.

ശിവശക്തി അത് പ്രപഞ്ചത്തിന്റെ പ്രതീകമാണ്. സ്ത്രീയും പുരുഷനും ഒരുമിക്കുന്ന ജീവശാസ്ത്രത്തിന്റെ ആദ്യ തത്വം. അത് ശിവപാർവതിമാരായ ജഗദ് പിതാവും മാതാവും ആണെന്ന് വേദ ഗ്രന്ഥങ്ങളും പുരാണങ്ങളും പറയുന്നു. ശങ്കരാചാര്യരുടെ സൗന്ദര്യലഹരിയുടെ ആദ്യ വരികൾ പാർവതി പരമേശ്വരന്മാരെ പ്രകീർത്തിക്കുന്നു.
ഹേമയും ബാലുവും ഒരുമിക്കേണ്ടത് ആ പ്രപഞ്ച സത്യത്തെ ശരി വയ്ക്കുന്നു.

അസ്തമയത്തിലെ നിഴലുകൾ, ഹേമ എന്ന കഥാപാത്തിന്റെ ഹൃദയാകാശമാണ്
ആ ആകാശം, കഥാകാരി ശ്രീമതി ഡോ. ഓമന ഗംഗാധരൻ, ഹൃദയം പിഴിഞ്ഞ ഛായതിൽ എഴുതിയ ചിത്രങ്ങളാക്കിയിരിക്കുന്നു.

ഹിമാലയത്തിലെ ഗംഗയും, കേരളത്തിലെ പമ്പയും, ഇംഗ്ലണ്ടിൽ ഷേക്ക്‌സ്പിയറിന്റെ നാട്ടിലൂടെ ലണ്ടനിലേക്ക് ഒഴുകുന്ന തെംസും നദികളായി കഥയിൽ ഉടനീളം ഒഴുകുന്നു. നദികളിൽ നിന്ന് നദികളിലേക്ക് ഒഴുകുന്ന ജലപ്രവാഹം പോലെ സന്ദർഭങ്ങളിൽ നിന്ന് സന്ദർഭങ്ങളിലേക്ക് ഒഴുകുന്നു ഈ കഥ.

മൂന്നു പതിറ്റാണ്ട് മുമ്പ് കേരള കൗമുദിയുടെ ശ്രീ എൻ ആർ എസ്സ് ബാബു കഥാകാരിയുടെ ആയിരം ശിവരാത്രികളെ എം ടി യുടെ മഞ്ഞ് എന്ന നോവലിനോട് താരതമ്യം ചെയ്തു കൊണ്ടായിരുന്നു പ്രകീർത്തിച്ചത്.
അസ്തമയത്തിലെ നിഴലുകളെ ഇന്ന്  ഏത് കൃതിയോട് ചേർത്തു വയ്ക്കും. താരതമ്യം ചെയ്യും. വായനക്കാർ പറയട്ടെ.

നാലു പതിറ്റാണ്ടുകൾക്ക് മുമ്പ് കേരളവും ഭാരതവും വിട്ട്  ലണ്ടനിൽ ജീവിതം തുടങ്ങിയ ശ്രീമതി ഡോ. ഓമന ഗംഗാധരൻ അതീവ ജ്ഞാനത്തോടെ  പുരാണവും, പുരാതന വേദങ്ങളായ ഋഗ്വേദവും അഥർവവേദവും, ശങ്കരാചാര്യരുടെ സൗന്ദര്യലഹരിയും, ശ്രീനാരായണഗുരുദേവന്റെ ആത്മോപദേശശതകവും, കുമാരനാശാന്റെ നളിനിയും,  കാളിദാസനും, ഹിമാലയവും, ചിന്നാർ മരക്കൂട്ടങ്ങളും, ഇൻഡോ ടിബറ്റൻ ഹൈവേകളും, ശംഭാലയും എങ്ങനെ ഇഴചേർത്ത് കഥയിൽ കൊണ്ടുവരുന്നു എന്ന് ഓർക്കുമ്പോൾ അത്ഭുതത്തോടെ ആശ്വര്യപ്പെട്ടുപോകുന്നു. അദൃശ്യമായ ഏതോ പ്രപഞ്ചശക്തികൾ കഥാകാരിക്ക് കൂട്ടായി എന്നുവേണം അനുമാനിക്കാൻ. കഥാരസങ്ങളായ പ്രണയവും, ശൃംഗാരവും, വിരഹവും അർത്ഥശുദ്ധിയുള്ള വാക്കുകൾ കൊണ്ട് ഒന്നിനോടൊന്നു ചേർത്തുവെച്ച സംഭവങ്ങൾ കൊണ്ട് ഇണക്കുന്ന കഥാകാരിയുടെ സിദ്ധി അത്ഭുതാവഹമാണ്.

വേദങ്ങൾ യുഗങ്ങളെ നാലായി തരം തിരിച്ചിരിക്കുന്നു. സത്യയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം. മനുഷ്യകുലം ഇന്ന് കലിയുഗത്തിൽ എത്തിനിൽക്കുന്നു. കലിയുഗത്തിന്റെ അവസാനം ഭൂമിയിൽ എല്ലാം നശിക്കും. കൽക്കി അവതരിക്കും. വീണ്ടും ഒരു സത്യയുഗം വരും. ജാതിയില്ലാത്ത ഒരു മനുഷ്യകുലം ജനിക്കും. ഈ ലോകം സുന്ദരമാകും. ശംഭാല അതിന് തുടക്കം കുറിക്കും. നന്മയുള്ള മനസ്സുകൾക്ക് അവിടെ ഇടം കിട്ടും.

ഹിമാലയത്തിലെ പർവ്വതങ്ങൾ നിഗൂഢതകൾ നിറഞ്ഞതാണ്. പ്രപഞ്ചത്തിന്റെ അച്ചുതണ്ട് ഹിമാലയത്തിലെ മഹാമേരു പർവ്വതം ആണെന്ന് വിശ്വസിക്കുന്നു. ഭൂമിയുടെ ഒത്ത നടുക്കാണ് ഇത് സ്ഥിതി ചെയ്യുന്നത്. ടെക്നോളജി വികസിച്ചു നിൽക്കുന്ന ഈ കാലത്തും മനുഷ്യൻ ഇന്നും കാലുകുത്താൻ ആവാത്ത ഇടങ്ങൾ ഹിമാലയത്തിൽ ഉണ്ട്. ശംഭാല എന്ന അദൃശ്യമായ ഒരു രാജ്യം  ഹിമാലയത്തിൽ ഇൻഡോ ടിബറ്റൻ അതിർത്തികളിൽ മനുഷ്യന് ഇന്നും അപ്രാപ്യമായി നിലകൊള്ളുന്നു. പടിഞ്ഞാറൻ ടിബറ്റിൽ ഏകാന്തമായ ഒരു പ്രദേശത്ത് ഒറ്റപ്പെട്ട ഒരു ഇടത്താണ് ശംഭാല. ഈശ്വരന്റെ സന്നിധി. തപസ്വികൾക്കും യോഗിവര്യന്മാർക്കും മാത്രമേ അവിടെ എത്തിച്ചേരാൻ പറ്റുകയുള്ളൂ എന്നാണ് വിശ്വാസം. ആധ്യാത്മിക തേജസ്സും യോഗ ശക്തിയും ഇല്ലാതെ അവിടെ ചെല്ലുവാൻ സാധിക്കില്ല.

ശ്രീമതി ഡോ. ഓമന ഗംഗാധരൻ
1973ല്‍ ലണ്ടനിൽ സ്ഥിരതാമസമാക്കി. ഇംഗ്ലണ്ടിലെ ന്യൂഹാമിലും എസെക്സിലും  ഹോമിയോ പ്രാക്ടീസ് ചെയ്തു. കാൽ നൂറ്റാണ്ട് കാലമായി ബ്രിട്ടീഷ് ലേബർ പാർട്ടിയുടെ അംഗമായി വിവിധ നിലകളിൽ പ്രവർത്തിച്ചു. ബ്രിട്ടീഷ് നാഷണൽ ഹെൽത്ത് സർവീസിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ, മെന്റൽ ഹെൽത്ത് ആക്ട് ഡയറക്ടർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. 2002ൽ ന്യൂഹാം കോർപ്പറേഷനിലെ വാൾഎൻഡ് വാർഡിനെ പ്രതിനിധീകരിച്ച് കൗൺസിലർ ആയി. 2006ൽ ഡെപ്യൂട്ടി സിവിക് മേയർ, സ്പീക്കർ എന്നീ പദവികളിലും സേവനമനുഷ്ഠിച്ചു.

വർഷങ്ങൾ നീണ്ട സാമൂഹിക ജീവിതത്തിൽ, ലോകമെമ്പാടും നിന്നു ഇംഗ്ലണ്ടിൽ കുടിയേറിയ അനേകം രാജ്യങ്ങളിലെ സ്ത്രീകൾക്ക് ജീവിതം കരുപിടിപ്പിക്കാൻ സഹായകമായി  പ്രവർത്തിച്ച അനുഭവജ്ഞാനം ആവാം കഥാകാരിയെ ഈ മാസ്മരികമായ കഥയുടെ അനുഭൂതിയുടെ പ്രഞ്ചത്തിലേക്ക് തീർച്ചയായും നയിച്ചത്.

നാം കണ്ടതും അനുഭവിച്ചതുമായ ഈ ലോക ജീവിതയാഥാർത്ഥ്യങ്ങളും കഥയിൽ ചേർന്നുവരുന്നു.

ലോകമെമ്പാടും കോവിഡ്-19 എന്ന മഹാമാരിയിൽ അനേകം മനുഷ്യ ജീവനുകൾ പൊലിഞ്ഞു വീഴുന്നത് കണ്ടു ജീവിതം നിർജീവമായ 2020ൽ ആണ് കഥ അവസാനം വന്നു ചേരുന്നത് . സാധാരണ മനുഷ്യർ പോലും ജീവിതത്തിന്റെ നശ്വരതയും ഒറ്റപ്പെടലും തിരിച്ചറിഞ്ഞ കാലത്തിന്റെ ഒരു ഏടിൽ ഹേമലതയും എത്തിനിൽക്കുന്നു. ഒപ്പം വായനക്കാരനും. ഒടുവിൽ വായനക്കാരന്റെ ഹൃദയത്തിൽ ഹേമലതയ്ക്കൊപ്പം എഴുത്തുകാരിയും ചിരപ്രതിഷ്ഠ നേടുന്നു.

കോവിഡ് മഹാമാരിയും ശംഭാല എന്ന സ്വർഗ്ഗരാജ്യവും കഥാലോകത്ത് ആദ്യമായി അവതരിക്കുന്നത് ഈ കഥയിലാവും.

അസ്തമയസൂര്യന് ചാരുത ഏറ്റും അസ്തമയത്തിലെ നിഴലുകൾ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക