Image

നമുക്ക് വയസ്സാകുന്നത് എപ്പോഴാണ്? (അനില്‍കുമാര്‍ സി.പി)

അനില്‍കുമാര്‍ സി.പി Published on 05 August, 2022
നമുക്ക് വയസ്സാകുന്നത് എപ്പോഴാണ്?  (അനില്‍കുമാര്‍ സി.പി)

ഇതൊരു ചിന്തയാണ്. ചുറ്റുമൊന്നു കണ്ണോടിച്ചാല്‍, ശ്രദ്ധിച്ചു ചെവിവട്ടം പിടിച്ചാല്‍ നമുക്കു മുന്നില്‍ അനാവൃതമാകുന്ന ചില അന്തര്‍നാടകങ്ങളുണ്ട്. അതില്‍ ഒരു രംഗത്തെക്കുറിച്ചാണിന്ന്.

ആദ്യമൊരു ചോദ്യമാണ്, നമുക്ക് വയസ്സാകുന്നത് എപ്പോഴാണ്?

 പല മറുപടികളും ഉയരുന്നത് എനിക്കു കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്. വയസ്സാകുക എന്നാല്‍ മനസ്സിന്റെ ചെറുപ്പം  നഷ്ടപ്പെടുക എന്നാണെന്നൊക്കെ  നമ്മള്‍ പലരേയും ഉപദേശിക്കാറുമുണ്ട്. മമ്മൂട്ടിയേയും  കമലാഹാസനേയും ചൂണ്ടിക്കാട്ടി 'Age is just a number' എന്നും വീമ്പിളക്കാറുണ്ട്! എന്നാല്‍, വൃദ്ധരെന്ന് മുദ്രകുത്തപ്പെട്ട്    സ്വയം ഒതുങ്ങാന്‍ വിധിക്കപ്പെട്ടവരെക്കുറിച്ച് ഓര്‍ത്തിട്ടുണ്ടോ? അങ്ങനെയും  ഒരുകൂട്ടം മനുഷ്യരുണ്ട്! ഏറ്റവും രസകരം, അവര്‍ ചിലപ്പോള്‍ നമ്മുടെയൊക്കെ വീടുകളില്‍പോലും ഉണ്ടാകും എന്നതാണ്. എങ്ങനെ എന്നല്ലേ, ഉദാഹരണസഹിതംവിശദമാക്കാം.

 ഒരു വീട്ടില്‍ അമ്മമ്മയും മകളും കൊച്ചുമകളും താമസിക്കുന്നു. അമ്മമ്മയുടെ പ്രായം അറുപത്തഞ്ച് എന്നു കരുതൂ. കൊച്ചുമകള്‍ പ്ലസ് ടൂ പ്രായം. അമ്മമ്മയ്ക്ക് ഇത്തിരി പ്രമേഹമുണ്ട്. അത്യാവശ്യം കരുതലോടെയാണ് ജീവിതവും. അമ്മമ്മയെ ശ്രദ്ധിക്കുന്ന ഉത്തരവാദിത്തം കൊച്ചുമകള്‍ക്കാണ്. ഒരിക്കല്‍ അവര്‍ അല്പം അകലെയുള്ള അമ്പലത്തിലേക്ക് പോകാന്‍ ആഗ്രഹിച്ചു. കൊച്ചുമകള്‍ ഒപ്പമുണ്ട്. അവര്‍ ആരോടു മിണ്ടണം, എത്രനേരം മിണ്ടണം, അമ്പലത്തില്‍ എത്രനേരം ചിലവിടണം തുടങ്ങിയ ഓരോ കാര്യവും നിയന്ത്രിക്കുന്നതു കൊച്ചുമകളാണ്. അമ്പലത്തിനോടു ചേര്‍ന്നുള്ള വീട്ടില്‍ ഈ അമ്മമ്മയുടെ ഒരു വളരെ പഴയ കൂട്ടുകാരി താമസമുണ്ട്. അവിടംവരെ എത്തിയതല്ലേ ഒന്നു കാണാനൊരു കൊതി. പെണ്‍കുട്ടി സമ്മതം നല്‍കുന്നില്ല. ഒടുവില്‍ എങ്ങനെയോ അവളെ അനുനയിപ്പിച്ച് ആ വീട്ടിലേക്കു ചെന്നു. പഴയ മട്ടിലൊരു വീട്. കേറിയപ്പോള്‍ ഈ അമ്മമ്മയുടെ കാല്‍വിരല്‍ പടിയില്‍ തട്ടി ഒന്നു വേദനിച്ചു. അതോടെ കുട്ടി വല്ലാതെ വയലന്റാകുന്ന അവസ്ഥ. പറഞ്ഞതല്ലേ ഇങ്ങോട്ടു വരണ്ട എന്നൊക്കെയാണ് അവളുടെ വഴക്ക്. മറ്റുള്ളവരുടെ മുന്നില്‍ അമ്മമ്മ ആകെ ലജ്ജിച്ച് കൂട്ടുകാരിയെ കണ്ടു എന്നുവരുത്തി മടങ്ങി!

ഇനി മറ്റൊരു രംഗം കൂടി നോക്കാം. ഇവിടെ അപ്പുപ്പനാണ് നായകന്‍. മകളും മരുമകനും ഒപ്പമുണ്ട്. അച്ഛന്‍ ശ്വാസം അകത്തേക്കു വലിക്കണമെങ്കില്‍പ്പോലും അവര്‍ പറയുന്നത് അനുസരിച്ചു വേണം. അച്ഛനെ വലിയ കെയറാണ് മക്കള്‍ക്ക് എന്നാണ് ആ അച്ഛനെക്കുറിച്ച് മറ്റുള്ളവര്‍ പറയുക.

ഇനി വിഷയത്തിലേക്കു വരാം. ആദ്യം ആ ചോദ്യത്തിലേക്ക്, അതിനുള്ള ഉത്തരം ഇതാണ്, സ്വന്തം സ്വാതന്ത്ര്യം മറ്റുള്ളവര്‍ നല്‍കുന്ന ഒന്നായി, മറ്റുള്ളവരുടെ ഔദാര്യമായി  മാറുമ്പോഴാണ് ഒരാള്‍ വാര്‍ദ്ധക്യത്തിലേക്കു കടക്കുക. പ്രായമായ അച്ഛനമ്മമാരെ ശ്രദ്ധിക്കരുത് എന്നല്ല, ശ്രദ്ധകൂടി അതൊരു തടവറയായി മാറരുത് എന്നതാണ് കാര്യം. അവരുടെ ചെറു പിടിവാശികള്‍ക്കുമുന്നില്‍ കൂടുതല്‍ മസിലുപിടിക്കരുത്. കാരണം കുട്ടിക്കാലത്തെ നമ്മുടെ വികൃതികളുടെ അത്രയുംവരില്ല ഒരിക്കലും അവരുടെ ചില നിര്‍ബന്ധങ്ങള്‍. അതില്‍ത്തന്നെ അവരുടെ സമപ്രായക്കാരോടോ ബന്ധുക്കളോടോ സംസാരിച്ചിരിക്കുമ്പോള്‍ കൂട്ടത്തില്‍വച്ച് അവരെ ശകാരിക്കാതിരിക്കാം. പ്രത്യേകിച്ചും പേരക്കുട്ടികളുടെ ശകാരം അവരുടെ മനസ്സിടിക്കും. അവരുടെ പ്രായം ദിവസംതോറും വര്‍ദ്ധിക്കും. സ്‌നേഹവും കെയറും ഒക്കെ ഒരാളുടെ സ്വാതന്ത്ര്യവും ഇഷ്ടങ്ങളും അപ്പാടെ ഇല്ലാതാക്കിക്കൊണ്ടാകരുത്. 

 വാല്‍ക്കഷണം.

ഇന്നലെ ഒരു മകന്‍ അമ്മയെ കള്ളപ്പേരില്‍ അനാഥാലയത്തില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. കുറ്റബോധം അയാളെ വീണ്ടും അമ്മയുടെ അടുത്ത് എത്തിച്ചു. പോലീസ് പിടിയിലുമായി. അമ്മ മകന്റെ വീട്ടിലേക്കു മടങ്ങുന്നില്ല എന്നു തീരുമാനം എടുത്തു കഴിഞ്ഞു! ഒന്നുണ്ട്, വാര്‍ദ്ധക്യത്തില്‍ അമിതമായ നിയന്ത്രണങ്ങളും ശാസനകളും, ഒപ്പം തീരെ പരിഗണിക്കാതിരിക്കലും...രണ്ടും ഒന്നുപോലെ ദോഷം ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക