Image

മഴ പോയ മലയാളം (രാജൻ കിണറ്റിങ്കര)

Published on 05 August, 2022
മഴ പോയ മലയാളം (രാജൻ കിണറ്റിങ്കര)

മഴ മലയാളത്തിന്റെ സൗന്ദര്യമായിരുന്നു.  കിഴക്കൻ മലയിൽ നിന്ന് ചാറ്റലായി തുടങ്ങുന്ന മഴ നെൽപ്പാടങ്ങളിൽ ശക്തിപ്രാപിച്ച് മുറ്റത്ത് മയിൽപ്പീലി നൃത്തമാടും.  മുറ്റത്തെ തേൻമാവിൽ നിന്നും മാങ്ങകൾ ഉതിർന്നു വീഴും.  ഓട്ടിൻ പുറത്തെ തകര പാത്തിയിലൂടെ വെള്ളം ചെറു പുഴ തീർത്ത് ഇറയത്ത് നിരത്തിവച്ച പാത്രങ്ങളിൽ തുള്ളി കളിക്കും .  കവുങ്ങിൻ തോട്ടത്തിലെ ചാൽ വരമ്പുകളിൽ മുക്കുറ്റി പൂ കവിളുകളിൽ ജലകണങ്ങൾ പ്രണയാതുരമാകും.   കൂവളത്തറയിലെ കൊഴിഞ്ഞു കിടക്കുന്ന നന്ത്യാർവട്ട പൂക്കൾ കണ്ണുപൊത്തി ചിരിക്കും

തൊടിയിലെ ചെമ്പക മരത്തിലിരുന്ന് ചിറക് നനഞ്ഞ മൈനകൾ തൂവലുകൾ കോതിയൊതുക്കും.  ഒരു പനയോല  ക്കീറുമായി അമ്മ തട്ടിൻപുറത്തെ ചോർച്ചയടക്കാൻ കൈയിലൊരു മൂട്ട വിളക്കുമായി ഇരുളിൽ തപ്പും.  കുഞ്ഞരുവികൾ തീർത്ത ചരൽമുറ്റത്തെ ചാലുകളിലൂടെ ബാല്യത്തിന്റെ കടലാസ് തോണികൾ ലക്ഷ്യമില്ലാതെ ഒഴുകി നടക്കും.  

അടുക്കള കിണറിലെ വെള്ളം കൈയെത്തും ദുരത്ത് വന്ന് എത്തിനോക്കും . പരൽ മീനുകൾ പുളയുന്ന കിണറ്റിൽ മുഖം നിലക്കണ്ണാടിയായി പ്രതിബിംബം തീർക്കും .  പറമ്പിൽ ഒടിഞ്ഞു വീണ വാഴക്കുലകൾ , തൊപ്പി കുടയുമായി ഇടവഴിയിലൂടെ നടന്നു പോകുന്ന ഗ്രാമീണർ .

അതിരുകളില്ലാത്ത മനസ്സിൽ ആഹ്ളാദത്തിന്റെ തിറയാട്ടവുമായി തെളിഞ്ഞും ഒളിഞ്ഞും പെയ്യുന്ന മഴ. മഴ മാവേലി നാടിന്റെ കുളിരായിരുന്നു , ഐശ്വര്യമായിരുന്നു. അതിന് ആദ്യ പ്രണയത്തിന്റെ ചൂടുണ്ടായിരുന്നു , നിലാവിന്റെ സംഗീതമുണ്ടായിരുന്നു.  പുഴയോളം പോന്നൊരു മനസ്സുണ്ടായിരുന്നു.

ഇന്ന് കേരളത്തിൽ മഴയില്ല.. വർഷ കാലമില്ല.. മഴയുടെ സംഗീതമില്ല.  ഉള്ളത് ഉറഞ്ഞു തുള്ളുന്ന പേമാരിയും അത് തീർക്കുന്ന പ്രളയവും മാത്രം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക