കേരളത്തിലെമ്പാടും ഇപ്പോള്‍ അലയടിക്കുന്ന ഒരു ശബ്ദരേഖയുണ്ട്. ഒരു മലയാളി അമ്മായിയുടെ ശബ്ദരേഖ. അവര്‍ അമേരിക്കന്‍ അമ്മായി ആണെന്നും അല്ല ഗാസിയാബാദിലെ അമ്മച്ചിയാണെന്നും രണ്ടുപക്ഷമുണ്ട്. എന്തായാലും ട്രോളുകാര്‍ക്കെല്ലാം പിടിപ്പതു പണിയായി. അമേരിക്കന്‍ മലയാളികള്‍ക്കിടയിലും അത് കറങ്ങി നടക്കുന്നുണ്ടാവണം. ആഗസ്ത് 22ന് അവര്‍ കേരളത്തിലെത്തുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒത്താല്‍ ഒരു നോക്കു കാണണമെന്നുണ്ട്. ഉത്തമകുടുംബിനിയായ അമ്മയെയും മകനെയും മകളെയും ഒരുമിച്ചു കാണാന്‍ കിട്ടുന്ന സുവര്‍ണാവസരമാണല്ലോ. മകനു വേണ്ടി ഇത്ര ത്യാഗോജ്വലമായി സേവനത്തിനൊരുങ്ങിയ ആ മാതാശ്രീയുടെ കാലിലൊന്നു തൊട്ടുവണങ്ങണമെന്നുമുണ്ട്. അത്ര സ്വാര്‍ത്ഥമതിയാണീ സ്ത്രീ..!
നമ്മള്‍ക്കൊക്കെ മക്കളുണ്ട്. അവരെ വിവാഹം ചെയ്യിക്കുമ്പോള്‍ നമ്മള്‍ക്കു ചേരുന്ന കുടുംബത്തില്‍ നിന്നുമുള്ള ആലോചനകളാണ് നമ്മള്‍ തിരഞ്ഞെടുക്കുക. അവയില്‍ പലതും ശരിയാകും , പലതും പരാജയപ്പെടും. അതിപ്പോള്‍ ഒരു സാധാരണ സംഭവമാണ്. അതിനെ നേരിടാനുള്ള കരുത്ത് പകര്‍ന്ന് മക്കള്‍ക്ക് ഒപ്പം നില്‍ക്കുക നമ്മുടെ കടമയാണ്. പ്രണയവിവാഹമാണെങ്കില്‍ നമ്മള്‍ക്ക് പ്രത്യേക റോളൊന്നുമില്ല. കുട്ട്യോള് കണ്ടുപിടിക്കുന്നു, നമ്മള്‍ നടത്തിക്കൊടുക്കുന്നു. അത്ര മാത്രം. നടത്തിക്കൊടുത്തില്ലെങ്കില്‍ അവര്‍ നമ്മളെ ബുദ്ധിമുട്ടിക്കാതെ ജീവിതം ആരംഭിച്ചോളും. അതുവേണ്ടെല്ലോ എന്നോര്‍ത്ത് നമ്മള്‍ കല്യാണം നടത്തിക്കൊടുക്കുന്നു. അവരുടെ വിവാഹബന്ധം തകര്‍ന്നാല്‍ നമ്മള്‍ എന്താ ചെയ്ക?. ഇത്തിരിക്കാലം കാത്തിരുന്ന ശേഷം കുട്ടിയുടെ മനസ്സ് പാകമായാല്‍ മറ്റൊരു വിവാഹത്തിന് പ്രേരിപ്പിക്കും. ഒരു ശ്രമം പരാജയപ്പെട്ടതുകൊണ്ട് അവര്‍ ജീവിതത്തില്‍ ഒറ്റയ്ക്ക് എന്നും കഴിഞ്ഞോട്ടെന്ന് ഒരു മാതാപിതാക്കളും ആഗ്രഹിക്കില്ല. ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും ഞെട്ടുന്നതുപോലെ ഈ മക്കള്‍ വര്‍ഷങ്ങളോളം ആശങ്കാകുലരായി ജീവിതം തള്ളിനീക്കും.
ഈയിടെ എന്റെ ഒരു സ്‌നേഹിത ഒരു കാര്യം പറഞ്ഞു. അവരുടെ മകന്‍ വിവാഹം ചെയ്ത, രണ്ടു വര്‍ഷം കഴിഞ്ഞ് ഡിവോഴ്‌സായ പെണ്‍കുട്ടിയ്ക്ക് ഒരു കല്യാണ ആലോചന. രണ്ടാം വിവാഹത്തിനു മുമ്പ് ആദ്യ ഭര്‍ത്താവിന്റെ വീട്ടുകാരോട്, ആദ്യ ഡിവോഴ്‌സിന്റെ കാര്യം തിരക്കാനെത്തിയതാണ് പുതിയ ചെക്കന്റെ കൂട്ടര്. ആ മാതാപിതാക്കള്‍ എത്ര സംസ്‌ക്കാര സമ്പന്നരാണെന്ന് എനിക്ക് അവരുടെ മറുപടിയില്‍നിന്നു മനസ്സിലായി.അവര്‍ പറഞ്ഞതിങ്ങനെ.
'അവള്‍ നല്ല കുട്ടിയാണ്. പക്ഷേ അവര്‍ തമ്മില്‍ എന്തുകൊണ്ടോ ചേര്‍ന്നുപോയില്ല എന്നു മാത്രം. ശത്രുക്കളായി ഒരായുസ്സ് കളയുന്നതിനേക്കാള്‍ പിരിയുന്നതല്ലേ നല്ലത്. അവള്‍ക്ക് നല്ലൊരു ഭാവിയുണ്ടാകട്ടെ,' എന്ന് . ആ വിവാഹം ഉറപ്പിക്കുക മാത്രമല്ല വിവരം തിരക്കി വന്നവര്‍ എന്റെ കൂട്ടുകാരിയുടെ മകന് അവരുടെ അകന്ന ബന്ധത്തിലുള്ള കുട്ടിയെ ആലോചിക്കുകയാണിപ്പോള്‍. അതെ , നന്‍മയുള്ള മനസ്സിന് നന്‍മ തിരിച്ചു കിട്ടും. പകരം ആ പെണ്‍കുട്ടിയെപ്പറ്റി കുറേ നുണകളും ഏഷണികളും വച്ചുകാച്ചിയിരുന്നെങ്കിലോ ?. ആര്‍ക്കും ഗുണമില്ല ,ദോഷം ഉണ്ടുതാനും .തമ്മില്‍ പിരിഞ്ഞാലും ഇടയ്‌ക്കൊരു ഹായ് പറഞ്ഞു മുന്നോട്ടു പോകാന്‍ കഴിയട്ടെ. കുറച്ചു ദിവസമെങ്കിലും ജീവിതത്തില്‍ വെളിച്ചവും സ്‌നേഹവും പങ്കുവച്ചവരല്ലേ. മറ്റെയാള്‍ക്ക് നല്ലതു വരട്ടെയെന്ന് ആഗ്രഹിക്കാം.
കഥാനായികയായ ഈ അമ്മച്ചിയുടെ നിര്‍ദ്ദേശം ഒരു പാസ്റ്ററോടാണ്. ഒരാഴ്ചത്തെ അവധിക്കു നാട്ടിലെത്തുമ്പോള്‍ മകന്റെ രജിസ്റ്റര്‍ വിവാഹം നടത്തി മടങ്ങണം. ആഗ്രഹം നല്ലത് , പക്ഷേ തള്ളയ്ക്ക് വിവരം കുറവാണെന്ന് വ്യക്തമായി. ഒരാഴ്ചകൊണ്ട് ഇപ്പോള്‍ രജിസ്റ്റര്‍ വിവാഹം നടത്താന്‍ നിയമം അനുവദിക്കുന്നില്ലെന്ന് അവര്‍ക്കറിവില്ല.
ഭാവി മരുമകള്‍ക്ക് കുടുംബമേ വേണ്ടാ. അപ്പനും അമ്മയുമില്ലാത്ത, അനാഥ ശാലയില്‍നിന്നുള്ള കുട്ടിയെയാണ് പഥ്യം. അപ്പോള്‍ എത്ര പീഢിപ്പിച്ചാലും ചോദിക്കാനും പറയാനും ആരും വരില്ലല്ലോ. ജീവിതാന്ത്യം വരെ അടിമയായ് ആ കൊച്ച് കഴിഞ്ഞോളും. അനാഥശാലയിലോ, വല്ല വീട്ടില്‍ വേലക്കാരിയായോ ജീവിക്കുന്ന കുട്ടിയാവണം മകന്റെ ഭാര്യ എന്നു ശഠിക്കുന്ന ഒരു അമേരിക്കന്‍ അമ്മയെ നമ്മള്‍ ഇതിനു മുമ്പു കണ്ടിട്ടുണ്ടാവില്ല. പത്തു പൈസപോലും സ്ത്രീധനം പ്രതീക്ഷിക്കാത്ത തനി തങ്കമ്മ !.
കുട്ടി പ്‌ളസ്സ് ടു വരെപഠിച്ചാല്‍ മതി. അത് ധാരാളം. ഇരുപതു മുതല്‍ ഇരുപത്തഞ്ചുവരെ മതി പ്രായം. അതിനും മീതെയായാല്‍ പെണ്ണ് അനുസരണക്കേട് കാണിക്കുമത്രേ. പാവത്തിന് പിന്നെയും കുറേ ആശകളുണ്ട് .കുറ്റം പറയരുതല്ലോ. പെണ്ണ് വെളുത്തതാവണം, സ്‌ളിമ്മാവണം, സുന്ദരിയാവണം, നല്ല മുടിവേണം, ഭക്തി വേണം. ഒരാള്‍ക്ക് ഒരു ഗര്‍ഭപാത്രമേ സാധാരണ ഗതിയില്‍ നമ്മള്‍ കേട്ടിട്ടുള്ളൂ. പക്ഷേ ഗര്‍ഭപാത്രങ്ങളുള്ള കുട്ടി വേണം. അതുകൊണ്ടും തീര്‍ന്നില്ല.കുട്ടി 'ഫ്രഷ്ര് ഫ്രഷ് 'ആയിരിക്കണമത്രേ. എന്നു വച്ചാല്‍ കന്യകയാവണം !.
പാവം പാസ്റ്ററുടെ ഒരു ഗതികേടേ.. അതുറപ്പാക്കണ്ട ജോലി അങ്ങേര്‍ക്കാണ്.. പിന്നെ രണ്ടാംകെട്ടും അങ്ങെനെയിങ്ങനെ നടന്നതുമൊന്നും അമ്മച്ചിക്കു വേണ്ടാ. അവിടം കൊണ്ടും തീര്‍ന്നില്ല .ഉശിരുള്ള ഗര്‍ഭപാത്രങ്ങള്‍ വേണം. കെട്ടിയാലുടന്‍ കുട്ടി ഗര്‍ഭിണിയാവണം. ഈ പെണ്‍കുട്ടിക്ക് ഗര്‍ഭപാത്രമുണ്ടോന്നു നോക്കാനുള്ള ചുമതലയും പാവം പാസ്റ്ററില്‍ നിക്ഷിപ്തമാണ് !.ഒരു പാസ്റ്റര്‍ ആയിപ്പോയാലുള്ള ചുമതലകള്‍ എത്ര വലുതാണെന്ന് നോക്കണേ !. അവരുടെ മകനും പാസ്റ്ററായതിനാല്‍ ഡ്യൂട്ടികളെപ്പറ്റി അമ്മച്ചിക്കു മറ്റാരെക്കാളും നന്നായി അറിയാം. ഒരു പാസ്റ്ററോടുള്ള അശ്‌ളീലം നിറഞ്ഞ, നാണംകെട്ട കല്‍പ്പനകള്‍ അദ്ദേഹത്തെ വല്ലാതെ പൊള്ളിച്ചു കാണണം. അതുകൊണ്ടു തന്നെയാവണം ആ സാധു മനുഷ്യന്‍ ജനസമക്ഷം ഈ വോയ്‌സ് ക്്‌ളിപ്പ് പങ്കുവച്ചത്. അതാണിപ്പോള്‍ പാറിപ്പറക്കുന്ന ചെമ്പരുന്തായത്.
ഇനി അമ്മച്ചിയുടെ മോന്റെ ഗുണഗണങ്ങള്‍ .. രണ്ടാം കെട്ടുകാരനാണേലും അവന് പ്രായം 35 മാത്രമേയുള്ളൂ. അമ്മ പറഞ്ഞതുവച്ച് പ്രായം കൂട്ടിനോക്കിയാല്‍ 48 വയസ്സായി. പക്ഷേ അനാഥക്കൊച്ചുങ്ങള്‍ അതൊന്നും നോക്കേണ്ട കാര്യമില്ലല്ലോ. പിന്നെ അവന്‍ പാസ്റ്ററാണ്. ഡിവോഴ്‌സ് ആയാലെന്താ പാസ്റ്ററല്ലേ. ചെക്കന്‍ രണ്ടംകെട്ടുകാരനാണെന്നൊന്നും പാസ്റ്റര്‍ കേറി അറിയിക്കേണ്ട. അതൊക്കെ അമ്മച്ചിയാര് പറഞ്ഞോളും. നാലഞ്ചു പെണ്‍കുട്ടികളെയെങ്കിലും കണ്ടുവച്ചേക്കണം. അമ്മ കണ്ട് ഉറപ്പിച്ചാല്‍ ആ പോങ്ങന്‍ മകന്‍ കെട്ടിക്കോളും.
ഇവനെയൊക്കെപ്പിടിച്ച് പാസ്റ്ററാക്കിയതും സഭ കൊടുത്തതും ആരാണാവോ. സ്വന്തമായി ഒരു കാറ്‌പോലുമില്ല. പെങ്ങടെ കാറിലാണേ്രത സഞ്ചാരം. അപ്പോ ജോലീം കൂലീം ഇല്ലെന്ന്. എന്നാലെന്നാ , അമ്മച്ചി മരുമകള്‍ക്ക് നല്ല ഭക്ഷണം വയര്‍ നിറയെ കൊടുക്കും, ഉടുക്കാന്‍ പുത്തന്‍ തുണി കൊടുക്കും, അവള്‍ അതുവരെ കണ്ടിട്ടില്ലാത്തത്ര നല്ല ഉടുപ്പാരിക്കുമത്രേ.. മാത്രമല്ല പെങ്ങളുടെ കാറില്‍ കയറ്റും !. വല്ലോടത്തുമൊക്കെ കൊണ്ടുപോകും. ഇതൊക്കെ ചെയ്യുന്നതെന്തിനാ ?
പത്താം മാസം പെറ്റു തരണം. ഇവരുടെ ആദ്യത്തെ മരുമകള്‍ സത്യത്തില്‍ ഈ ഭൂതത്തെ പേടിച്ച് സ്ഥലം വിട്ടതാവണം.
ഹിന്ദിക്കാരികള്‍ പെമ്പിള്ളാരില്ലാഞ്ഞിട്ടല്ല, നാട്ടീന്ന് ഒരനാഥയ്ക്ക് ജീവിതമാകുമല്ലോന്ന് വിചാരിച്ചിട്ടാണേ. സത്യത്തില്‍ ആ വീട്ടിലെ അപ്പന്റെ ഗതികേടെന്തവും ഈശ്വരാ.. തള്ള സംസാരത്തിനിടെ ആഞ്ഞ് വിസിലടിക്കുന്ന ശബ്ദം കേള്‍ക്കാനുണ്ട്. ഈ ആസ്മക്കാരിയെ നോക്കാന്‍ പണം ചെലവാക്കാതൊരു വേലക്കാരിയെ വേണം. അതാണ് യഥാര്‍ത്ഥ ലക്ഷ്യം.
പുരുഷന്‍ ഫ്രഷ് ആവേണ്ടേ ? സ്ത്രീ മാത്രം ഫ്രഷ് ആയാല്‍ മതിയോ..അവന് സന്താനോത്പാദന ശേഷിയുണ്ടാവുമോ എന്ന് ടെസ്റ്റ് ചെയ്തിട്ടാണോ അമ്മച്ചി ഗര്‍ഭപാത്രമുള്ള ഒരു പാവം പെണ്ണിനെ കല്യാണമാലോചിക്കുന്നത്. വിവാഹം നടന്നാല്‍ ആദ്യരാത്രിയ്ക്കുമുമ്പേ ഇവര്‍ ആ സാധു കുട്ടിയുടെ കന്യകാത്വപരിശോധന നടത്തില്ലെന്ന് എന്തുറപ്പ്. തിരിച്ചൊരു വാക്ക് അവള്‍ ഉരിയാടില്ലല്ലോ, വിദ്യാഭ്യസമില്ലാത്തതിനാല്‍ പുറത്താരോടും പരാതിപ്പെടാനും പോവില്ലല്ലോ .ചവിട്ടാം, തൊഴിക്കാം, തുപ്പാം, ആട്ടാം, പ്രസവിപ്പിക്കാം, വീട്ടുവേല മുഴുവന്‍ ചെയ്യിക്കാം. പിന്നെ സുവിശേഷ വേലയും കൂട്ടത്തില്‍ നടത്താം !. ഈ തള്ളയാണ് സത്യത്തില്‍ മകന്റെ ശാപം. ഒരു പെണ്ണിന്റെ കണ്ണീര്‍ വീണുകുതിര്‍ന്ന ആ വീട്ടിലേക്കാണ് അനാഥയുടെ കണ്ണീര്‍ ഒഴുകാന്‍ വീണ്ടും വാതില്‍ തുറന്നിട്ടിരിക്കുന്നത്.
നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്യുന്നതിന്റെ എണ്ണം കുതിക്കയാണ്. പീഡനങ്ങള്‍ പുറത്തുപറയാതെ എന്തിനാണ് ഈ കുട്ടികള്‍ സഹിക്കുന്നത് എന്ന് നമ്മളെ അമ്പരപ്പിക്കും. അച്ഛനും അമ്മയും വിഷമിക്കാതിരിക്കാന്‍ അവര്‍ എല്ലാം ഉള്ളിലൊതുക്കിപ്പിടിക്കുന്നു. സഹികെടുമ്പോള്‍ ഒരു മുഴം കയറില്‍ ...
ഏതു രാജ്യത്തായാലും നമ്മള്‍ക്ക് സമൂഹത്തോട് ചില കടപ്പാടുകള്‍ ഉണ്ട്. അത് അമേരിക്കയെന്നോ നോര്‍ത്ത് ഇന്ത്യയെന്നോ കേരളമെന്നോ വ്യത്യാസമില്ല. അമേരിക്കയിലും ഗാര്‍ഹികപീഡനത്തിനിരയാവുന്ന എത്രയോ കുട്ടികളുണ്ട്. പ്രത്യേകിച്ച് പുതുതായി എത്തപ്പെടുന്നവര്‍. തങ്ങള്‍ക്കു പറ്റിയ ചതിയെപ്പറ്റി ആരോടും പറയാനില്ലാതെ സ്വയം ശപിച്ചു കഴിയുന്ന പെണ്‍കുട്ടികള്‍. അവര്‍ക്കായി എന്തു ചെയ്യാന്‍ കഴിയുന്നുണ്ട്. രക്ഷപ്പെടാനുള്ള വഴിയെങ്കിലും ഉപദേശിച്ചുകൊടുക്കാന്‍ കഴിയണം. പൊലീസിലറിയിക്കാന്‍ ധൈര്യം നല്‍കണം. പലര്‍ക്കും അവരുടെ ആംഗലേയഭാഷയില്‍ ആത്മവിശ്വസം കുറവായിരിക്കും. മര്‍ദ്ദനവും അപമാനവും ഏറ്റ് ആരും സഹായിക്കാനില്ലാതെ , ആരെ വിശ്വസിക്കണം, ആരോടു പറയണം എന്നറിയാതെ കണ്ണീരോടെ കഴിയുന്ന എത്രയെത്ര മലയാളിപ്പെണ്‍കുട്ടികള്‍ . പുറമേ അവര്‍ ചിരിക്കും, അകമേ നൊന്തു പിടയുകയും. ഒടുവില്‍ പലരും ഡിപ്രഷനില്‍ വീഴുന്നു. മലയാളികൂട്ടായ്മകളിലെങ്കിലും ഒരു നിയമസഹായ, ബോധവത്ക്കരണ വിഭാഗം ഉണ്ടാവണം. പള്ളികള്‍ കേന്ദ്രീകരിച്ച് യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ഒരു സേവനം. ഫ്രീ കൗണ്‍സലിംഗ് സഹായം നല്‍കാനും ഇത്തിരി സമയം നീക്കിവയ്ക്കണം. ആരോടെങ്കിലും മനസ്സ് തുറക്കാനും താന്‍ ഒറ്റയ്ക്കല്ല, തന്നെ കേള്‍ക്കാന്‍ ഈ അന്യനാട്ടില്‍ ആരൊക്കെയോ ഉണ്ടെന്ന സന്തോഷകരമായ തോന്നല്‍തന്നെ മനസ്സിനെ തണുപ്പിക്കും. അതൊരു പ്രതിബദ്ധതയായി കാണാനുള്ള മനസ്സെങ്കിലും നമ്മള്‍ക്കുണ്ടാവണം. ആരോടും ഉരിയാടാന്‍പോലും അനുവദിക്കാതെ , അടച്ചുകെട്ടി പെണ്‍കുട്ടിയെ കൊണ്ടുനടക്കുകയാണെങ്കില്‍ മനസ്സിലാക്കാം, അവിടെ ചതിയുണ്ടെന്ന്.
എല്ലാ അമ്മായിഅമ്മമാരും ഈ കഥാപാത്രത്തെപ്പോലെ ചെകുത്താന്‍ കയറിയവരാണെന്ന് അര്‍ത്ഥമില്ല. പക്ഷേ അതിനിടയില്‍ ചില വിഷവിത്തുകളുണ്ട്. അവര്‍ മകളുടെ ജീവിതത്തെ ചേര്‍ത്തുപിടിച്ചിട്ട് മകന്റെ ജീവിതത്തെ ചവിട്ടിയരയ്ക്കും. രണ്ട് സാധുക്കളുടെ ദുരന്തജീവിതത്തിന് വഴിയൊരുക്കുന്ന താടകമാര്‍. നമ്മുടെ ശബ്ദരേഖയിലെ ഈ അമ്മച്ചി ഒരിക്കലും നന്നാവില്ല, അവരുടെ മകന്‍ ഏതു മാലാഖയെ കെട്ടിയാലും അവന് സൈ്വര്യം കിട്ടുകയുമില്ല. അവനിങ്ങനെ വീണ്ടുംവീണ്ടും വിവാഹമോചിതനായി ആയുസ്സു തുലയ്ക്കാനാണ് വിധി. ഈ സ്ത്രീയുടെ വ്യക്തിപരമായ വിവരങ്ങള്‍ കിട്ടിയാല്‍ അവര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുക്കാന്‍ വകുപ്പുണ്ട്. അത്രമാത്രം നീതിനിഷേധം നിറഞ്ഞ വിഷമാണ് ഇവരുടെ വാക്കുകള്‍. ഒരു പാസ്റ്ററും ആരോരുമില്ലാത്ത കുട്ടികളെ ഇവരുടെ വായിലേക്ക് വിഴുങ്ങാനിട്ടുകൊടുക്കരുത്. അതിന്റെ ശാപം നിങ്ങള്‍ക്ക് ഉറപ്പാണ്.
അമ്മമാരെ നമ്മള്‍ക്കിതൊരു പാഠമാണ്. നമ്മുടെ ആണ്‍മക്കളെ അവരുടെ പാട്ടിന് വിടാം, അവര്‍ സന്തോഷത്തോടെ നമ്മുടെ മുന്നില്‍ ജീവിക്കട്ടെ. മക്കള്‍ സംതൃപ്തരായി ജീവിക്കുന്നതല്ലേ നമ്മള്‍ക്ക് ആനന്ദം. വിവാഹമോചനം നേടി പിരിഞ്ഞുപോയവരെ വീണ്ടും വാക്കുകളാല്‍ മുറിവേല്‍പ്പിക്കാതിരിക്കുക. ഈ വലിയ ഭൂമിയില്‍ അവര്‍ക്കും ഇത്തിരി ഇടം കൊടുക്കുക.കാറ്റു വിതച്ച് കൊടുങ്കാറ്റ് കൊയ്യാതിരിക്കാം