
മോശ എഴുതി എന്ന യഹൂദ പാരമ്പര്യവും ക്രൈസ്തവിശ്വാസവുമായിരിക്കുന്ന പഞ്ചപുസ്തകങ്ങളായ അതായത് ഉൽപത്തി, പുറപ്പാട്, ലേവ്യപുസ്തകം, സംഖ്യാപുസ്തകം, ആവർത്തനപുസ്തകം എന്നിവയുടെ വിശ്വസനീയതയെ ചോദ്യം ചെയ്ത് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് അടുത്തതായി അദ്ദേഹം (M M Akbar) ശ്രമിക്കുന്നത്. ഇതിന് അടിസ്ഥാനമായി തന്റെ പുസ്തകത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത് താഴെപ്പറയും പ്രകാരമാണ്.
1.) വിവരങ്ങളിലും നിയമോപദേശങ്ങളിലും ക്രമഭംഗം നേരിട്ടിരിക്കുന്നു.
2.) സാഹിത്യരൂപം പരിശോധിക്കുമ്പോൾ പദവിന്യാസ ക്രമത്തിലും ശൈലി പ്രയോഗങ്ങളിലും ഗണ്യമായ മാറ്റങ്ങൾ കാണുന്നു.
3.) ദൈവനാമത്തിൽ യഹോവ, ഏലോഹിം എന്നീ പദങ്ങൾ പ്രത്യക്ഷകാരണങ്ങളൊന്നും കൂടാതെ ഇടകലർത്തി ഉപയോഗിച്ചിരിക്കുന്നു.
4) പലഭാഗത്തും ആവർത്തനങ്ങൾ കാണുന്നു.
5) മോശയുടെ മരണം, സൽഗുണങ്ങൾ തുടങ്ങിയ അവിശ്വസനീയമായ പ്രസ്താവനകൾ കാണുന്നു.
മുകളിൽ പറഞ്ഞ മാനദണ്ഡമുപയോഗിച്ചാണെങ്കിൽ ആദ്യത്തെ നാലുകാരണങ്ങൾ എം.എം. അക്ബർ എഴുതിയ ''ബൈബിളിന്റെ ദൈവികത- വിമർശനങ്ങൾ വസ്തുതകൾ'' എന്ന പുസ്തകം അദ്ദേഹം എഴുതിയതല്ല എന്നു സ്ഥാപിക്കുക അതിനുവേണ്ട വാദങ്ങൾ നിരത്തുക എളുപ്പമാണ്. അദ്ദേഹത്തിന്റെ കാലശേഷം രണ്ടുമൂന്നു തലമുറയ്ക്കുള്ളിൽ അതു പലരും വിശ്വസിച്ചെന്നു വരും. വേദപുസ്തകത്തിന്റെ വിശ്വസനീയത, ആധികാരികത ഇവയെ ചോദ്യം ചെയ്തു പണ്ഡിതന്മാർ എന്നു പേരെടുക്കുവാൻ ആഗ്രഹിച്ചവർ, ഒരു വലിയ നിര തന്നെയാണ്. വാർത്താമാദ്ധ്യമങ്ങളിൽക്കൂടി അതിശയോക്തി കലർന്ന ചൂടുള്ള വാർത്തകളിൽ സത്യത്തെ കുഴിച്ചുമൂടാൻ ശ്രമിച്ചുകൊണ്ട് പ്രചരിപ്പിച്ച തിയറികളിൽ, JEDP Documentary Theory ക്കാണ് പ്രചുരപ്രചാരം ലഭിച്ചത്. JEDP ലെ ഓരോ അക്ഷരവും നമുക്കൊന്നു ശ്രദ്ധിക്കാം.
1). യാഹ്‌വിസ്റ്റ് രേഖ (Jahwist)- J
ഇല്ലാത്ത രേഖയെ, ആരും ഇതുവരെ കണ്ടിട്ടില്ലാത്ത രേഖയെ മാന്ത്രികവടി ഉപയോഗിച്ച് വിളിച്ചുവരുത്തുവാൻ ശ്രമിക്കുന്ന, യാഹ്‌വിസ്റ്റ് തിയറിക്കാരൻ ദൈവത്തിന്റെ സൃഷ്ടികർമ്മം ഒന്നു പരീക്ഷിച്ചു നോക്കുകയാണ്. അങ്ങനെയൊരു രേഖ സൃഷ്ടിക്കാൻ എം.എം. അക്ബർ ഉദ്ധരിക്കുന്ന വെൽഹൗസനോ മറ്റാർക്കുമോ ഇതുവരെ സാധിച്ചിട്ടില്ല. സാങ്കല്പിക സൃഷ്ടിയാണ് യാഹ്മിസ്റ്റ് രേഖ. വായനക്കാർ തന്നെ വെൽഹൗസൻ പറയുന്നതായ കൃത്രിമമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് പഞ്ചപുസ്തകങ്ങളെ അരിപ്പയിൽ കൂടെന്നപോലെ അരിച്ചാൽ ഈ രേഖ വെളിപ്പെട്ടുവരും. അങ്ങനെ പ്രത്യക്ഷപ്പെട്ടുവരുമ്പോൾ പിടിച്ചുവെച്ചാൽ ലഭിക്കും എന്നാണ് വെൽഹൗസൻ സമർത്ഥിച്ചത് എന്നു പറയാം. ഈ പരീക്ഷണത്തിൽ ആരെങ്കിലും വിജയിച്ചതായോ അങ്ങനെയൊരു രേഖ തയ്യാറാക്കിയതായോ അറിവില്ല.
2). ഏലോഹിസ്റ്റ് രേഖ (Elohist)- E
ഏലോഹിസ്റ്റ് രേഖയും ഒരു സാങ്കല്പിക രേഖയാണ്. ആരും ഇത് ഒരു നാളും കണ്ടതായി അറിവില്ല. യാഹ്‌വിസ്റ്റ് രേഖ തയ്യാറാക്കാൻ ഉപയോഗിച്ച Recipe അഥവാ പാചകകൂട്ട് തന്നെയാണ് ഏറെക്കുറെ ഇതിനും ഉപയോഗിക്കേണ്ടിയത്. യാഹ്‌വിസ്റ്റ് തിയറിയിൽ യഹോവ എന്ന പദമാണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നതെങ്കിൽ ഏലോഹിസ്റ്റ് തിയറിയിൽ ദൈവത്തിന് 'ഏലോഹിം' എന്ന പദമാണ് കൂടുതൽ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് വാദത്തിനടിസ്ഥാനം. ഈ എഴുത്തുകാരൻ എഴുതുമ്പോൾ ചിലപ്പോൾ ദൈവം (GOD) എന്ന നാമവും ചിലപ്പോൾ യേശു എന്ന പേരും മാറിമാറി ഉപയോഗിക്കും. പഞ്ചപുസ്തകങ്ങൾ എഴുതിയ കാലത്ത് ദൈവത്തിന്റെ തുല്യമായ പദപ്രയോഗം 'ഏലോഹിം' എന്നായിരുന്നു. ഇന്നും മിഡിൽ ഈസ്റ്റ് പ്രദേശങ്ങളിൽ El, Al, Bal, എല്ലാം തന്നെ ദേവീദേവന്മാരുടെ അല്ലെങ്കിൽ ദൈവം എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പേരുകളാണ്. എന്റെ കാലശേഷം, ഞാൻ എഴുതിയ പുസ്തകം മറ്റാരോ എന്റെ പേരിൽ മറ്റു രണ്ടു പുസ്തകങ്ങൾ യോജിപ്പിച്ച് എഴുതിയുണ്ടാക്കിയതാണ്; കാരണം ചില ഭാഗങ്ങളിൽ ഞാൻ God എന്നാണ് കൂടുതലായി ഉപയോഗിച്ചിരിക്കുന്നത് എന്നും മറ്റു ഭാഗങ്ങളിൽ Jesus എന്നുമാണ് എന്നും വാദിച്ചാൽ അതിന്റെ പേരിൽ ഏതെങ്കിലും ഒരു യൂണിവേഴ്‌സിറ്റി മററു പല സ്വാധീനങ്ങളുടെയും പേരിൽ ഒരു അംഗീകാരം കൊടുക്കുകയും ഇതു പടച്ച ആളെ പണ്ഡിതനാക്കി എഴുന്നെള്ളിക്കുകയും പത്രങ്ങളിൽ വാർത്ത വന്നെന്നും ഇരിക്കും. അതിന്റെ വാലിൽ പിടിക്കാൻ പലരെയും കിട്ടിയെന്നും വരും. മാന്യവായനക്കാർ ഇതിന്റെയൊന്നും പുറകെ പോകരുത്. ഇവരുടെയൊക്കെ തനിനിറം വെളിപ്പെടുന്ന ഒരു ദിവസത്തിനായി കാത്തിരിക്കുക.
വേദപുസ്തകം വായിച്ചാൽ ഒരു ഭാഗത്തും ഇങ്ങനെയുള്ള ഒരു തരംതിരിവ് ഉള്ളതായി മനസ്സിലാകയില്ല. സൃഷ്ടിയിൽ കൈവയ്ക്കാനുള്ള ചിലരുടെ വ്യഗ്രത നിമിത്തം ഉടലെടുത്ത ഈ തിയറികൾ, തെറ്റായ ദിശയിലുള്ള സർഗശക്തിയുടെ ഉപയോഗമാണ്.
3). ഡ്യൂട്രോണമിസ്റ്റ് രേഖ (Deutronomist)- D
ആവർത്തനപുസ്തക ഭാഗങ്ങൾ അടങ്ങിയ ഒരു സാങ്കൽപിക രേഖയാണിത്. ഹിൽക്കിയ യരുശലേം ദേവാലയത്തിൽ നിന്ന് കണ്ടെടുത്ത ഗ്രന്ഥം ഇതായിരിക്കാമെന്നാണ് വെൽഹൗസിലിനെ ഉദ്ധരിച്ചുകൊണ്ട് എം.എം. അക്ബർ വാദിക്കുന്നത്. ഇങ്ങനെയുള്ള തിയറികളുടെ അടിസ്ഥാനത്തിൽ പി.എച്ച്.ഡി കൊടുത്ത് യൂണിവേഴ്‌സിറ്റികൾ ജനമദ്ധ്യത്തിൽ പി.എച്ച്.ഡിക്കുള്ള അന്തസ്സിനെ കെടുത്തുകയാണ് ചെയ്തിരിക്കുന്നത്.
4). പ്രിസ്റ്റർ രേഖ (Priester)- P
ലേവ്യപുസ്തകം ഉൾപ്പെടുന്ന ഒരു സാങ്കൽപ്പിക രേഖയായിട്ടാണ് വേദപണ്ഡിതന്മാരെന്ന് അവകാശപ്പെടുന്ന ചിലർ ഇത് അവതരിപ്പിച്ചിരിക്കുന്നത്. മറ്റു പുസ്തകങ്ങളെ അപേക്ഷിച്ച് വിരസമായ പ്രതിപാദനരീതിയാണ് ഈ സാങ്കല്പികരേഖയെ മുകളിൽ വിവരിച്ച മറ്റു സാങ്കൽപ്പിക രേഖകളിൽ നിന്നും വേറിട്ടു നിർത്തുന്നത്.
രേഖാസിദ്ധാന്തത്തിന്റെ വിശ്വസനീയത
തോന്നലുകളുടെ അടിസ്ഥാനത്തിൽ രൂപകൽപന ചെയ്തതാണ് JEDP തിയറിയെന്ന് അതിനെപ്പറ്റി കൂടുതൽ പഠിച്ചാൽ മനസ്സിലാകുന്നത്. ഒരു അടിസ്ഥാനവുമില്ലാതെ തിയറികൾ പുറത്തുവിടുകയും അതിന് അംഗീകാരം ലഭിക്കുകയും ചെയ്യുക കണ്ടുവരാറുള്ളതാണ്. സോളമന്റെ കാലശേഷം ഇസ്രായേലും യഹൂദയും രണ്ടായി പിരിഞ്ഞതുകാരണം രണ്ടിടത്തും രേഖകൾ ഉണ്ടായിരിക്കാമെന്ന് ന്യായമായും ഊഹിക്കാവുന്നതേയുള്ളൂ. പിന്നീട് ഇതുരണ്ടും കൂടിയോജിപ്പിച്ച് അതിന്റെ കൂടെ ചില മസാലകളൊക്കെ ചേർത്ത് ഇളക്കി ചൂടാക്കി ബേക്ക് ചെയ്താണ് ഇന്നു കാണുന്ന ബൈബിൾ എന്ന ധ്വനിയാണ് എം.എം. അക്ബറിന്റെ പുസ്തകത്തിൽ നിന്നും ലഭിക്കുന്നത്. പുതുമയിൽ ഇങ്ങനെ ഒരു കൂട്ടർ എപ്പോഴും കടിച്ചുതൂങ്ങുന്നതുകൊണ്ട് കുറച്ചുകാലത്തേക്ക് ഈ തിയറി പുറപ്പെടുവിക്കുന്നവരെ തോളിലേറ്റി നടന്നെന്നിരിക്കും. എങ്കിലും അവരുടെ വീഴ്ച വലുതായിരിക്കും. വേദപുസ്തകം പകർത്തിയെഴുതിയപ്പോൾ അന്ന് നിലവിലിരുന്ന രേഖകളെല്ലാം പരിശോധിച്ചിരിക്കണം. പ്രവാചകന് സത്യമെന്ന് ബോധ്യപ്പെട്ട വിവരങ്ങൾ മാത്രമേ വേദപുസ്തകത്തിൽ ചേർക്കാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവു എഴുത്തുകാരെ അനുവദിച്ചിട്ടുള്ളൂ എന്ന് ദൈവം ഈ സത്യം വെളിപ്പെടുത്തികൊടുക്കുന്ന വിശ്വാസികൾ മാത്രം വിശ്വസിച്ചാൽ മതിയാകും.
വിശദീകരിക്കാനാവാത്ത പ്രശ്‌നങ്ങൾ
പഴയനിയമമായി കത്തോലിക്ക ബൈബിളിൽ പ്രൊട്ടസ്റ്റന്റ് ബൈബിളിനെക്കാൾ ചില പുസ്തകങ്ങൾ അധികമായി ചേർത്തിരിക്കുന്നു എന്നത് സത്യം തന്നെ. അതുകൊണ്ട് ബൈബിളിന്റെ ദൈവികതയ്ക്കു കോട്ടം തട്ടുന്നില്ല. എല്ലാവരും രക്ഷയുടെ അനുഭവത്തിലേക്കു വരണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത് അത് സാദ്ധ്യമാകണമെങ്കിൽ ഒരു സംഘടനയുടെ മാത്രം കീഴിൽ അസാദ്ധ്യമാണ്. അതുകൊണ്ടുതന്നെ ദൈവവിശ്വാസം ലോകമെല്ലാം വ്യാപിക്കുന്നതിന് പല സംഘടനകൾ ആവശ്യമായി വരുന്നു. ഈ സംഘടനകൾക്ക് മനുഷ്യർ തമ്മിൽ ആകൃതിയിലും പ്രകൃതിയിലും വ്യത്യാസങ്ങൾ ഉള്ളതുപോലെ ചില വ്യത്യാസങ്ങൾ കാണാം. ദൈവം അത് അനുവദിച്ചു എന്നു മാത്രം ചിന്തിച്ചാൽ മതി. യേശു ശിഷ്യന്മാരെ തിരഞ്ഞെടുത്തപ്പോൾ 12 പേരെയാണ് തിരെഞ്ഞെടുത്തത് ലോകം മുഴുവൻ സുവിശേഷീകരിക്കുന്നതിന് ഒരു വ്യക്തിയെക്കൊണ്ട് സാദ്ധ്യമല്ല. 12 പേരാകുമ്പോൾ അവർ പോകുന്ന സംസ്‌ക്കാരങ്ങൾ വ്യത്യസ്തമാണ്. അവരുടെ പ്രവർത്തന ശൈലിയും വ്യത്യസ്തമായിരുന്നു. അതതു ജനവിഭാഗങ്ങൾക്ക് അനുയോജ്യമായ നിർദ്ദേശങ്ങളായിരുന്നു ഓരോരുത്തരും കൊടുത്തത്. കാര്യങ്ങൾ മനസ്സിലാക്കാനുള്ള കേൾവിക്കാരുടെ മാനസികസ്ഥിതിയിൽ വ്യത്യാസങ്ങൾ ഉണ്ടാവാം. അപ്പൊസ്തലനായ പൗലോസിന്റെ ചില ലേഖനങ്ങളെപ്പറ്റി പത്രോസ് പറയുന്നത് ''അവയിൽ ഗ്രഹിപ്പാൻ പ്രയാസമുള്ള ചിലതുണ്ട.് അറിവില്ലാത്തവരും അസ്ഥിരരുമായവർ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിനായി കോട്ടിക്കളയുന്നു.'' (2 പത്രൊ. 3:16)
ക്രിസ്തുവിന് നൂറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന ജീവിതരീതികൾ മനസ്സിലാക്കാൻ കഴിയാതെ പോയതുകൊണ്ടാണ് ബൈബിളിനെപ്പറ്റി പുതിയ തിയറികൾ പലരും മുന്നോട്ടുവെയ്ക്കുന്നത്.
പഞ്ചപുസ്തകങ്ങൾ മോശയല്ല എഴുതിയത് എന്നതിന് അടിസ്ഥാനമായി നിരത്തുന്ന വാദമുഖങ്ങൾ ഇപ്രകാരം ഉളവായതാണ് എന്ന് അല്പം ചിന്തിച്ചാൽ മനസ്സിലാകും. ഒരു വാദം 'യഹോവ', 'ഏലോഹീം' എന്നീ പദങ്ങൾ പ്രത്യക്ഷകാരണങ്ങളൊന്നും കൂടാതെ ദൈവനാമത്തിനായി ഉപയോഗിച്ചിരിക്കുന്നു എന്നതാണ്. ഈ 21 -ാം നൂറ്റാണ്ടിലും ക്രൈസ്തവ എഴുത്തുകാർ ദൈവമെന്നും (God) യേശു (Jesus) എന്നും എഴുത്തുകളിൽ ഇടലകലർത്തി ഉപയോഗിക്കാറുണ്ട്. രണ്ടും അർത്ഥമാക്കുന്നത് ഒന്നു തന്നെയാണ്. ഞാൻ എഴുതിയ ഒരു ലേഖനം എന്റെ കാലശേഷം അത് പൂർണ്ണമായും ഞാനെഴുതിയതല്ല എന്നു സ്ഥാപിക്കാൻ, അതിലെ പദങ്ങളുടെ അടുക്കും ചിട്ടയും ഭൂതക്കണ്ണാടിയിൽക്കൂടി എന്നപോലെ വിശകലനം ചെയ്തിട്ട്, അതിലെ ശൈലി പ്രയോഗങ്ങൾ വ്യത്യസ്തമാണെന്നു സ്ഥാപിക്കാനും ഒരു തിസീസ് എഴുതാനും അവരെ പണ്ഡിതരായി ചമയിക്കാനും പലരും മുമ്പോട്ടു വന്നു എന്നുവരാം. പലരും അതു വിശ്വസിച്ചെന്നും വരാം. അതുകൊണ്ടൊന്നും സത്യം സത്യമല്ലാതാകുന്നില്ല. കൂടാതെ ഇന്നു ഒരു പുസ്തകം പ്രകാശനം ചെയ്യുന്ന രീതിയല്ലായിരുന്നു പഴയനിയമകാലത്ത് പുസ്തകം രചിക്കുന്നതിന് അവലംബിച്ചിരുന്നത്. ഇന്ന് പുസ്തക പ്രകാശനം വലിയ ഒരു വ്യവസായമാണ്. അതുപോലെയുള്ള ലാഭമോഹത്തിലല്ലായിരുന്നു അന്നു പുസ്തകങ്ങൾ രചിച്ചിരുന്നത്. ഒരാൾ നടന്ന സംഭവത്തെ രേഖപ്പെടുത്തി വയ്ക്കുന്നു, ചിലർ അതു നശിച്ചുപോകാതെ പകർത്തി എഴുതുന്നു, എഴുതിയ ആളിന്റെ കാലശേഷം മറ്റൊരാൾ അതിനോട് ചേർത്തെഴുതുന്നു. എന്ന രീതിയായിരുന്നു അന്ന് എന്നനുമാനിക്കാം. അങ്ങനെയാകണം മോശയുടെ മരണവിവരം മോശയുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മനുഷ്യനിലുള്ള ദൈവവിശ്വാസം നശിപ്പിക്കുവാൻ തൽപരകക്ഷികൾ അതതു കാലങ്ങളിൽ ശ്രമിച്ചിട്ടുണ്ട്. അതെല്ലാം തന്നെ അവരവരുടെ സ്വാർത്ഥതാൽപര്യങ്ങൾക്കു വേണ്ടിയായിരുന്നു എന്നു മനസ്സിലായാൽ തിയറികളുടെ ഉറവിടം മനസ്സിലാകും.
ഒരു വിഷയത്തിന്റെ ശരിയും തെറ്റും ആ സംഭവത്തിന് ആയിരമോ രണ്ടായിരമോ വർഷങ്ങൾക്കുശേഷം തൽപരകഷികളായ ചുരുക്കം ചിലർ ചേർന്നു തീരുമാനിച്ചാൽ അതു സത്യമാകുമോ? അതല്ലേ ഇപ്പോൾ നടക്കുന്നത്? JEDP രേഖാസിദ്ധാന്തം എന്നൊക്കെ പറയുന്നത് ഇങ്ങനെ ഉരിത്തിരിഞ്ഞു വന്നിട്ടുള്ള സങ്കല്പങ്ങളാണ്.
അടുത്തതായി ഭൂമിയിൽ നാല്പതു ദിവസം ജലപ്രളയമായിരുന്നു എന്നും 150 ദിവസത്തേക്ക് ഭൂമിയിൽ വെള്ളപ്പൊക്കം തുടർന്നു എന്നതിൽ വൈരുദ്ധ്യങ്ങളുണ്ടു പോലും! നാല്പതു ദിവസം മഴപെയ്തുകൊണ്ടിരുന്നു, വെള്ളം പൊങ്ങിക്കൊണ്ടിരുന്നു എന്നും നൂറ്റമ്പതു ദിവസത്തേക്കു ഭൂമിയിൽ വെള്ളപ്പൊക്കം തുടർന്നു എന്നത് പൊങ്ങിയ വെള്ളം താഴുന്നതിന് അത്രയും ദിവസങ്ങൾ എടുത്തു എന്നു ചിന്തിച്ചാൽ മതി (ഉൽപത്തി 7:7, 7:24)
മോശയുടെ അമ്മായിയപ്പന്റെ പേര് വ്യത്യസ്തമായിരിക്കുന്നത് ഇന്നുള്ളതുപോലെ അന്നും ഒരാൾക്ക് ഒന്നിൽ കൂടുതൽ പേരുകൾ ആകാം. അല്ലെങ്കിൽ പകർത്തി എഴുതിയപ്പോൾ വന്ന പിശകാകാം. എഴുത്തുകാരൻ കുടുംബപ്പേരായിരിക്കാം ചില സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നത്. അത് പകർത്തി എഴുതുമ്പോൾ പിശകു സംഭവിക്കാം. എല്ലാ മതഗ്രന്ഥങ്ങളിലും ഇങ്ങനെയുള്ള മാനുഷികമായ പരിമിതികൾ ഉണ്ടെന്നുള്ളത് തർക്കമറ്റ സംഗതിയാണ്. അതുകൊണ്ടൊന്നും പുസ്തകത്തിലെ സന്ദേശത്തിന് കോട്ടം സംഭവിക്കുന്നില്ല. ഒരു അക്ഷരത്തെറ്റു സംഭവിച്ചു എന്നു പറഞ്ഞ് പുസ്തകത്തെ മുഴുവൻ നിരാകരിക്കുന്നവർക്ക് സ്വർത്ഥതാൽപര്യമാണ് മുമ്പിലെന്ന് മനസ്സിലാക്കുവാൻ വിഷമമില്ല. (പുറപ്പാട് 4:18, സംഖ്യ. 10:29).
ഏതു വിഷയത്തിനും രണ്ടോ അതിൽ കൂടുതലോ അഭിപ്രായങ്ങൾ സാധാരണമാണ്. അതിൽ ഏതെങ്കിലും ഒരു വാദഗതി മാത്രം എടുത്ത് പ്രദർശിപ്പിക്കുന്നത് സ്വാർത്ഥ താൽപര്യത്തിലാകാനാണ് സാദ്ധ്യത.
ജോസഫിനെ വിറ്റത് മിദ്യാന്യർക്കാണോ, യിസ്മായേല്യർക്കാണോ എന്ന വിഷയമാണ് ബൈബിളിന്റെ ആധികാരികതയെ ചോദ്യം ചെയ്യാൻ അക്ബർ പൊക്കിപ്പിടിച്ചിരിക്കുന്നത്. (ഉൽപത്തി 37:36, 39:1) ഖുറാൻ നന്നായി അറിയാവുന്ന അക്ബർ മിദ്യാന്യരും യിസ്മായേല്യരും തമ്മിലുള്ള ബന്ധം മറച്ചുവച്ചത് എന്തിനാണെന്ന് മനസ്സിലാക്കുന്നതിന് അധികം ചിന്തിക്കേണ്ട ആവശ്യമില്ല. ഇങ്ങനെയുള്ള എഴുത്തുകൾ പുസ്തകത്തിന്റെ അല്ലെങ്കിൽ വാദഗതിയുടെ സാധുതയെയും വിശ്വാസയോഗ്യതയെയും ചോദ്യം ചെയ്യുന്നതാണ്. എം.എം. അക്ബർ എടുത്തുകൊണ്ടിരിക്കുന്ന ഉൽപത്തി 37:36 ൽ മിദ്യാന്യർ എന്ന പദവും ഉൽപത്തി 39:1 ൽ യിസ്മായേല്യർ എന്ന പദവും ഉപയോഗിച്ചിരിക്കുന്നു എങ്കിലും ഉൽപത്തി 37:28 ൽ രണ്ടുപേരും ഒരേ വാക്യത്തിൽ ഉപയോഗിച്ചിരിക്കുന്നത, കണ്ടില്ലന്നോ അതോ കണ്ടില്ല എന്ന് നടിച്ചതോ? ''മിദ്യാന്യ കച്ചവടക്കാർ കടന്നുപോകുമ്പോൾ അവർ ജോസേഫിനെ കുഴിയിൽ നിന്നും വലിച്ചു കയറ്റി യിസ്മായേല്യർക്ക് ഇരുപതു വെള്ളിക്കാശിനു വിറ്റു (ഉൽപത്തി 37:28) ഇനിയും യിസ്മായേല്യരും മിദ്യാന്യരും തമ്മിലുള്ള ബന്ധം മനസ്സിലാക്കിയാൽ കാര്യങ്ങൾ വ്യക്തമാകും. പിതാവായ അബ്രാഹാമിന് ഹാഗാറിൽ ജനിച്ച മകന്റെ സന്തതികളാണ് യിസ്മായേല്യർ. അബ്രാഹാമിന് കെതൂറയിൽ ജനിച്ച മക്കളിൽ ഒരാളാണ് മിദ്യൻ. കെതുറ അബ്രഹാമിന്റെ വെപ്പാട്ടി ആയിരുന്നു. സാറയുടെ മരണശേഷം കെതൂറയെ ഭാര്യസ്ഥാനത്തേക്ക് ഉയർത്തിയതായി കാണാം. (ഉൽപത്തി 25:1) അബ്രഹാം ജീവിച്ചിരിക്കുമ്പോൾ തന്നെ അബ്രഹാമിനു കെതൂറയിൽ ഉളവായ മക്കളെ ദാനങ്ങൾ കൊടുത്തു കിഴക്കോട്ടയച്ചതായി കാണുന്നു. അവർ കുടിയിരുന്നതിനു സമീപ പ്രദേശങ്ങളാണ് യിസ്മായേൽ വളർന്ന പാറാൻ മരുഭൂമി. കെതൂറയുടെ മക്കളിൽ മിദ്യാൻ പ്രബലരായി എന്നും അതുപോലെ യിസ്മായേലും മിദ്യാനും അടുത്തടുത്തു താമസിക്കുമ്പോൾ കച്ചവട ആവശ്യങ്ങൾക്ക് തമ്മിൽ ചങ്ങാത്തം സ്ഥാപിച്ചു എന്നും ചിന്തിക്കുന്നതിൽ തെറ്റില്ല. അതുകൊണ്ടായിരിക്കാം ഈ കച്ചവടക്കാരെ മിദ്യാന്യർ അഥവാ യിസ്മായേല്യർ എന്ന് ഇടകലർത്തി ഉപയോഗിച്ചിരിക്കുന്നത്. അബ്രാഹാമിന്റെ കൊച്ചുമകനായ യാക്കോബിന്റെ സഹോദരനായ ഏശാവ് യിസ്മായേലിന്റെ മകളെ വിവാഹം ചെയ്തു (ഉൽപത്തി 36:3) ബന്ധുത ഉറപ്പിച്ചതുപോലെ യിസ്മായേല്യരും മിദ്യാന്യരും തമ്മിൽ വിവാഹബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്ന് ചിന്തിക്കാം. അവരെല്ലാവരും ചേർന്ന് മിദ്യാന്യർ അഥവാ യിസ്മായേല്യർ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്നും അറബി നാടുകളിൽ ഈ രണ്ടുകൂട്ടരും ഇടകലർന്നാണ് താമസിക്കുന്നത്.
മറ്റൊരു വാദം പഞ്ചപുസ്തകങ്ങൾ മോശയുടെ കാലത്തല്ല എഴുതിയത് എന്നാണ്. പഴയനിയമ കാലത്തെപ്പറ്റിയോ ഭൂപ്രകൃതിയെപ്പറ്റിയോ, ജീവിതരീതികളെപ്പറ്റിയോ അറിവില്ലാത്തവരെ തെറ്റിദ്ധരിപ്പിക്കുവാൻ ഇങ്ങനെയുള്ള വാദഗതികൾക്ക് സാധിച്ചെന്നുവരാം. മനുഷ്യന് പുതുമകളോട് എന്നും ആകർഷണമുണ്ട്. പുതിയ ആശയങ്ങൾ, വാദഗതികൾ, തിയറികൾ അതിന്റെ വക്താക്കളായി തീരുന്നത് സമൂഹത്തിൽ ഒരു പണ്ഡിതനാണെന്നു വരുത്തിത്തീർക്കാൻ കൂടിയാകാം. ഈ വാദങ്ങൾക്ക് മറുപടി പറയാൻ പ്രാപ്തരായവർ ഇല്ലാതെപോകുകയോ, മറുപടിപറയാൻ തയ്യാറാകുകയോ ചെയ്യാതെ വരുമ്പോൾ ഇത്തരം ആശയങ്ങൾ പെറ്റു പെരുകിക്കൊണ്ടിരിയ്ക്കും. പതുക്കെ അതു ഭൂരിപക്ഷ അഭിപ്രായമായി രൂപപ്പെടുന്നു. അതുകൊണ്ടൊന്നും സത്യം സത്യമല്ലാതെയായിത്തീരുന്നില്ലല്ലോ?
മോശയുടെ പുസ്തകത്തിലുള്ള ഒരു പദമെടുത്ത് ഇത് വ്യക്തമാക്കുവാൻ ആഗ്രഹിക്കുന്നു. ഉൽപത്തി 13:11 'ലോത്ത് യോർദ്ദാനരികയുള്ള പ്രദേശം ഒക്കെയും തിരഞ്ഞെടുത്തു'. ഇവിടെ ഉപയോഗിച്ചിരിക്കുന്ന യോർദ്ദാൻ എന്നവാക്ക് മോശയുടെ മരണശേഷം ഉപയോഗത്തിൽ വന്ന ഒരു പേരാണ്. യാക്കോബിന്റെ മകനായ ദാൻ കുടിയേറിപ്പാർത്തതായ സ്ഥലത്തുനിന്നും പുറപ്പെടുന്ന നദി എന്ന പേരിലാണ് യോർദ്ദാൻ നദി പിന്നീട് അറിയപ്പെട്ടിരുന്നത്. മോശയുടെ മരണസമയത്തിനു മുമ്പ് അതിന് മറ്റെന്തോ പേരായിരുന്നിരിക്കണം യിസ്രായേൽ ജനത കനാൻ ദേശം കയ്യടക്കിയശേഷം യോശുവ ദേശം 13 ഗോത്രങ്ങൾക്കായി വിഭാഗിച്ചുകൊടുത്തു. ദാൻ എന്ന ഗോത്രത്തിനു ലഭിച്ച സ്ഥലം ശത്രുക്കളുടെ ശല്യം കൂടുതലുള്ള സ്ഥലമാകയാൽ അവർ കുറച്ചുദൂരെ നിർഭയമായി വസിച്ചിരുന്ന ഒരു കൂട്ടം ജനങ്ങളെ അവിടെ നിന്നു നീക്കി അവിടെ കുടിയിരുന്നു.
ദാൻ പാർത്ത സ്ഥലത്തുനിന്നും ആരംഭിക്കുന്ന നദിയെന്ന അർത്ഥത്തിൽ യോർദ്ദാൻ എന്ന പേരിൽ അറിയപ്പെടുവാൻ തുടങ്ങി. അതുപോലെ തന്നെ യാക്കോബ് എത്തിയതായ ഒരു പട്ടണത്തിന് ലൂസ് എന്ന പേരായിരുന്നു. പിന്നീട് ദൈവം തനിക്ക് അവിടെ പ്രത്യക്ഷപ്പെട്ടതുകൊണ്ട് 'ബഥേൽ' എന്ന് അറിയപ്പെട്ടു. സാധാരണ ജനങ്ങൾക്ക് അവർ അറിയുന്ന, മനസ്സിലാകുന്ന പേരുകൾ ഉപയോഗിച്ചാൽ മാത്രമേ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ. ബാബിലോണിയൻ പ്രവാസകാലത്ത് ബൈബിൾ വീണ്ടും പകർത്തിയെഴുതിയത് ജനങ്ങളെ അവരുടെ ചരിത്രവും പാരമ്പര്യവും മനസ്സിലാക്കി കൊടുക്കുന്നതിനുകൂടിയാണ്. അത് അവർ മനസ്സിലാകുന്ന ഭാഷയിൽ പ്രതിപാദിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് ജോർദ്ദാൻ എന്ന വാക്ക് ലോത്തോ, യാക്കോബോ ഉച്ചരിച്ചുകാണാൻ ഒരു സാദ്ധ്യതയുമില്ല ബാബിലോണിയ പ്രവാസകാലത്ത് ജീവിച്ചിരുന്ന ജനങ്ങൾക്ക് അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ വിഷയങ്ങൾ അവതരിപ്പിക്കേണ്ടിയത് ആവശ്യമായിരുന്നു. അവരെ ശാസ്ത്രം പഠിപ്പിക്കുകയല്ലായിരുന്നു ഉദ്ദേശം. ഈ ഉദ്ദേശത്തോടുകൂടി പുസ്തകം പകർത്തിയെഴുതിയവർ വേണ്ടതായ എഡിറ്റിങ് നടത്തി എന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല. അതുകൊണ്ടു പുസ്തകം മോശ എഴുതിയതല്ല എന്നു വരുന്നില്ല. ഉൽപത്തിയിൽ പ്രദിപാദിച്ചിരിക്കുന്ന വിഷയങ്ങളെല്ലാം ഈ കാഴ്ചപ്പാടോടുകൂടി നോക്കിയാൽ എല്ലാം വ്യക്തമാകും. ഉൽപത്തി മുതലുള്ള പുസ്തകങ്ങൾ അന്നു പഴയനിയമകാലത്തു ജീവിച്ചിരുന്ന ജനങ്ങൾക്ക് അവർക്കു മനസ്സിലാകുന്ന ഭാഷയിൽ പകർത്തിയെഴുതിയതാണ്.
ഉദാഹരണമായി ഒരു കൊച്ചുകുട്ടി അമ്മയുടെ വസ്ത്രത്തിൽ തൂങ്ങി ഒരു ചോദ്യം ചോദിച്ചു എന്നിരിക്കട്ടെ. ''മമ്മി ഞാനെവിടെ നിന്നാ വന്നത് ?'' മമ്മി പറയുകയാണ് പപ്പാ ഒരു വിത്ത് മമ്മിയുടെ വയറ്റിനകത്ത് വച്ചു. അതവിടെ ഇരുന്നു വളർന്നു വന്നു 10 മാസം കഴിഞ്ഞപ്പോൾ നീ ഒരു മിടുക്കി കുട്ടിയായി പുറത്തുവന്നു. കുട്ടി ആ മറുപടിയിൽ വിസ്മയിച്ചു അതിശയം കൂറാൻ മതി. അതേ സമയത്ത് അമ്മ ഒരു ശാസ്ത്രജ്ഞ ആണെങ്കിൽ ശാസ്ത്രീയമായ ഒരു മറുപടി കൊടുത്തു എന്നിരിക്കട്ടെ അണ്ഡവും, ബീജവും സങ്കലനത്താൽ ഭ്രൂണമാകുകയും. ഭൂണത്തിൽ Mitosis നടന്ന് അതിലടങ്ങിയിരിക്കുന്ന ജനിതക ഘടകങ്ങൾ വികസിച്ചു പല ആവർത്തി പെരുകുകയും.... ഇതു മുഴുവൻ കേൾക്കാൻ കൂട്ടി അവിടെ നിന്നു എന്നു വരില്ല. മമ്മിക്ക് കാര്യങ്ങളെപ്പറ്റി വലിയ വിവരമൊന്നുമില്ല എന്നു ധരിച്ച് പിന്നീട് ചോദ്യങ്ങൾ ഒന്നും ചോദിക്കാൻ ശ്രമിച്ചെന്നു വരില്ല.
പഴയനിയമകാലത്തെ ജനങ്ങളോട് ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞാൽ അവർ കണ്ണുമിഴിക്കുകയേ ഉള്ളൂ. ദൈവത്തിന്റെ പ്രവാചകന്മാർ പറയുന്ന കാര്യങ്ങളൊന്നും വിശ്വസിക്കാൻ കൊള്ളില്ല എന്ന് അവർ ചിന്തിക്കാൻ അതു മതി. 20-ാം നൂറ്റാണ്ടിൽ മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ വിവരം സാക്ഷരതയിൽ മുമ്പിൽ നിൽക്കുന്ന കേരളത്തിലെ ഒരു സാധാരണക്കാരനോട് ഈ ലേഖകൻ പങ്കുവെച്ചപ്പോൾ ആ വ്യക്തി അതിനെ പരിഹസിച്ചു തള്ളി. കാരണം ചന്ദ്രൻ അയാളുടെ ദൈവം കൂടിയാണ്. പത്രത്തിൽ വായിച്ച ആ വാർത്ത വിശ്വസിച്ച എന്നെ അയാൾ കളിയാക്കി. അതുകൊണ്ടാണ് യേശുക്രിസ്തു ''നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇട്ടുകൊടുക്കരുത്''എന്ന് പറഞ്ഞത് (മത്തായി 7:63) പങ്കിട്ടാൽ തന്നെ അവർക്കു മനസ്സിലാകുന്ന കാര്യങ്ങൾ മാത്രം മനസ്സിലാകുന്ന ഭാഷയിൽ മാത്രമേ അവതരിപ്പിക്കാവൂ.
നിങ്ങൾ ആഴമായി വിശ്വസിക്കുന്ന കാര്യങ്ങൾ അതു മനസ്സിലാക്കാൻ കഴിവില്ലാത്തവരോട് പറഞ്ഞാൽ അവർ നിങ്ങളെ പുച്ഛിച്ചു തള്ളുകയും നിങ്ങളെ പരിഹസിച്ച് സംസാരിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ബൈബിൾ അതിൽ വിശ്വസിയ്ക്കുവാൻ വേണ്ടി വിളിയ്ക്കപ്പട്ടവർക്ക് അത് പ്രവചനമാണ,് ദൈവനിവേശിതമാണ്. ഒരു അവിശ്വാസിക്ക് എടുത്തു വിശകലനം ചെയ്യാനുള്ളതല്ല ബൈബിൾ എന്നു ഓർക്കുന്നതു നന്നായിരിക്കും. ബൈബിളിന്റെ ദൈവീകതയിൽ വിശ്വസിക്കാത്ത വ്യക്തിക്ക് അതു വിശകലനം ചെയ്യുവാൻ അവകാശമില്ല. ഗവേഷകർ എന്നൊക്കെ അവകാശപ്പെട്ട് എഴുതിയിരിക്കുന്ന പുസ്തക കൂമ്പാരങ്ങൾ പലതും ദൈവവിശ്വാസമില്ലാത്തവർ എഴുതിയതും പിന്നീടു വന്നവർ അതിനെ Quote ചെയ്തിട്ട് സത്യത്തെ പിച്ചിച്ചീന്തിയതിന്റെ ചരിത്രമാണ്. ഖുറാൻ, ദൈവം ഒരു വിഭാഗം ജനങ്ങൾക്ക് ഒരു പ്രത്യേക കാലഘട്ടത്തിലേക്കു കൊടുത്തതാണെങ്കിൽ അത് എടുത്ത് വിശകലനം ചെയ്ത് ഇസ്ലാം മതവിശ്വാസികളെ താറടിക്കാൻ ഈ ലേഖകന് അവകാശമില്ല. താൻ വിശ്വസിച്ചിരിക്കുന്ന പ്രമാണങ്ങൾ സത്യമെന്ന് മനുഷ്യരെ പഠിപ്പിക്കുകയല്ലാതെ മറ്റുമതങ്ങളെ നിന്ദിയ്ക്കുവാൻ ആർക്കും അവകാശമില്ല എന്ന് ഓർക്കുന്നതു നന്നായിരിക്കും.