MediaAppUSA

വിസ്മയങ്ങളുടെ മാസ്മര ലോകത്തുനിന്നും കാരുണ്യത്തിന്റെ ഇന്ദ്രജാലത്തിലേക്ക് (എം.പി. ഷീല)

എം.പി. ഷീല Published on 08 August, 2022
 വിസ്മയങ്ങളുടെ മാസ്മര ലോകത്തുനിന്നും കാരുണ്യത്തിന്റെ ഇന്ദ്രജാലത്തിലേക്ക് (എം.പി. ഷീല)

(ലോകപ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനെക്കുറിച്ചും
അദ്ദേഹത്തിന്റെ പ്രവര്‍ത്തനവിശേഷങ്ങളെക്കുറിച്ചും  എം.പി. ഷീല എഴുതുന്നു. )

ആമുഖം ആവശ്യമില്ലാത്ത വ്യക്തിത്വം. സ്ഥിരോത്സാഹവും കഠിനാദ്ധ്വാനവുംകൊണ്ട് സ്വന്തം സ്വപ്നത്തത്തിനുമേല്‍ അടയിരുന്ന് വിജയം വിരിയിച്ച ഇന്ദ്രജാലക്കാരന്‍... ലക്ഷോപലക്ഷം പേരുടെ ചിന്തകള്‍ക്ക് വെളിച്ചവും ഊര്‍ജ്ജവും പകരുന്ന മാര്‍ഗ്ഗദര്‍ശി... ജീവിതത്തില്‍ നേടിയതും സ്വന്തമെന്നു കരുതി സൂക്ഷിച്ചതൊക്കെയും ഒരു അമ്മയുടെ കണ്ണുനീരിനു മുമ്പില്‍ അടിയറവെച്ച് വിസ്മയങ്ങളുടെ പ്രണയലഹരിയില്‍നിന്ന് കാരുണ്യത്തിന്റെ തൂവല്‍സ്പര്‍ശമായ് ഭിന്നശേഷിക്കാരായ നൂറുകണക്കിന് കുട്ടികളെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി ഇന്ന്, ഇന്ദ്രജാലം കാട്ടുകയുമാണ് ശ്രീ. ഗോപിനാഥ് മുതുകാട്.

കരഘോഷങ്ങളുടെയും ആള്‍ക്കൂട്ടങ്ങളുടെയും ഇടയിലുള്ള താരപരിവേഷത്തില്‍നിന്നും കാരുണ്യത്തിന്റെ പരിവര്‍ത്തനവഴിയില്‍ എത്തിയത് യാദൃച്ഛികമോ നിയോഗമോ എന്ന് എടുത്തു പറയാനാവാതെ തെരഞ്ഞെടുത്ത പുതിയ കര്‍മ്മവഴിയില്‍ ആത്മാര്‍പ്പണത്തോടെ ഇന്ന് സജീവമാണ് ഈ ഇന്ദ്രജാലക്കാരന്‍. ബുദ്ധിയും ചിന്തയും പ്രവര്‍ത്തനവുമെല്ലാം ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്കും അവരുടെ അമ്മമാര്‍ക്കും വേണ്ടി നീക്കിവെച്ച് അത്ഭുതത്തിന്റെ ഒരു സാന്ത്വനലോകം അദ്ദേഹം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

ലോകത്തിലാദ്യമായി മാജിക് പഠനത്തിലൂടെ ഭിന്നശേഷിക്കുട്ടികളുടെ ഐ.ക്യു.-ഇ ക്യൂ. (IQ-EQ ) ലെവല്‍ ഉയര്‍ത്തി അവരെ മുഖ്യധാരയില്‍ കൊണ്ടുവരാം എന്ന് വൈദ്യശാസ്ത്രസഹായത്തോടെ തെളിയിച്ചതു വഴി യൂണിസെഫിന്റെ  പ്രശംസയും അംഗീകാരവും നേടികൊണ്ടാണ് ഏഴുവയസ്സില്‍ തുടങ്ങി അവസാന ശ്വാസംവരെ തുടരണം എന്നാഗ്രഹിച്ച മാജിക്ജീവിതം അവസാനിപ്പിച്ച്, ഭിന്നശേഷിക്കുട്ടികളുടെ ഉന്നമനത്തിനായി ശേഷജീവിതം സമര്‍പ്പിച്ചിരിക്കുന്നത്. പ്രശസ്തിയുടെ നെറുകയിലെത്തിയ ഇന്ദ്രജാലക്കാരന്റെ വേറിട്ട പ്രവര്‍ത്തന വിശേഷങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്.

കുട്ടി എന്ന കുട്ടി

ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും നടുവില്‍ ജനിച്ച് വളര്‍ന്ന്, മറ്റുള്ളവരെ അഭിമുഖീകരിക്കാനും സംസാരിക്കാനും മടിയുണ്ടായിരുന്ന കൊച്ചുഗോപിയെ അച്ഛന്‍ വിളിച്ചിരുന്നത് കുട്ടി എന്നാണ്. അച്ഛന്റെ നെഞ്ചില്‍ക്കിടന്ന് മാന്ത്രികകഥകള്‍ കേട്ടുറങ്ങാന്‍ ഭാഗ്യം ലഭിച്ചിരുന്നു എന്നതാണ് കൊച്ചുഗോപിയുടെ ഏറ്റവും വലിയ ഭാഗ്യങ്ങളില്‍ ഒന്ന്. കര്‍ഷകനായ അച്ഛനില്‍നിന്ന് സ്വായത്തമാക്കിയത് രണ്ടു വലിയ കാര്യങ്ങളായിരുന്നു. സത്യസന്ധതയും മാജിക് സ്വപ്നങ്ങളും. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് വലിയ ഒരു മാജിക് വേദിയില്‍ വെച്ച് ആദ്യ അരങ്ങേറ്റം ദയനീയമായി പരാജയപ്പെട്ടപ്പോള്‍ അച്ഛന്‍ നല്‍കിയ ഉപദേശമാണ് ഇന്നും ജീവിതലക്ഷ്യങ്ങളിലേക്ക് ചുവടുവെയ്ക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഗോപിനാഥ് ഓര്‍മ്മിക്കുന്നു. അറിയപ്പെടുന്ന മോട്ടിവേറ്റീവ് സ്പീക്കര്‍ക്കൂടിയായ ഇദ്ദേഹം ഇന്നും ആ വാചകം പലര്‍ക്കും വേണ്ടി ആവര്‍ത്തിക്കുന്നു. ''വിജയത്തില്‍നിന്ന് പാഠങ്ങള്‍ പഠിക്കാനാവില്ല. പരാജയങ്ങളില്‍ നിന്നേ പാഠങ്ങള്‍ പഠിക്കാനാവൂ.'' ജീവിതത്തില്‍ നേരിടേണ്ടി വന്ന പല പ്രതിസന്ധികളിലും വീണുപോകാതെ ഉറച്ചുനില്‍ക്കുന്നത് ആ പാഠത്തിന്റെ കെട്ടുറപ്പിലാണെന്നും അദ്ദേഹം എടുത്തു പറയുന്നു.

പദവികളുടെ അലങ്കാരപ്പട്ടിക
കൈപ്പിടിയിലൊതുങ്ങാത്ത പുരസ്‌ക്കാരങ്ങളും പദവിയും അലങ്കരിക്കുമ്പോഴും എളിമയുടെയും നിഷ്‌കളങ്കതയുടെയും ജീവിതശൈലി പിന്തുടര്‍ന്ന് ഒരു സാധാരണക്കാരനായി ജീവിക്കാനാണ് ഗോപിനാഥിനിഷ്ടം. സെലിബ്രിറ്റി സപ്പോര്‍ട്ടര്‍ ഓഫ് യൂണിസെഫ്, സ്റ്റേറ്റ് ഐക്കണ്‍ ഓഫ് ഇലക്ഷന്‍ കമ്മീഷന്‍ 2016, ഏഷ്യയിലെ ആദ്യത്തെ മാജിക് അക്കാഡമിയുടെ സ്ഥാപകന്‍, ലോക മാജിക് രംഗത്തെ പരമോന്നത പുരസ്‌കാരമായ മെര്‍ലിന്‍ അവാര്‍ഡ്, ലോകമാന്ത്രിക സംഘടനയായ ഇന്റര്‍നാഷണല്‍ ബ്രദര്‍ഹുഡ് ഓഫ് മജീഷ്യന്‍സിന്റെ വിശിഷ്ടാംഗീകാരം, കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാരം, ഇന്റര്‍നാഷണല്‍ മാജിക് സ്റ്റാര്‍ പാരീസ്, കേരള ഗവണ്‍മെന്റിന്റെ പ്രതിഭാ പ്രണാമം, ഒമാന്‍ ഗവണ്‍മെന്റിന്റെ അവാര്‍ഡ് ഓഫ് എക്സെലന്‍സ്, കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ്, ഇവ കൂടാതെ മറ്റു പല പുരസ്‌ക്കാരങ്ങളും മുതുകാടിനെ തേടിയെത്തിയിട്ടുണ്ട്. കൂടാതെ 6 പുസ്തകങ്ങളുടെ ഗ്രന്ഥകര്‍ത്താവു കൂടിയാണ് ഈ ഇന്ദ്രജാലക്കാരന്‍.

ആദ്യകാല മാജിക് ജീവിതം
മലപ്പുറം ജില്ലയിലെ കവളമുക്കട്ട എന്ന കുഗ്രാമത്തില്‍ ജനിച്ചു. കര്‍ഷകനായ അച്ഛന്‍ പകര്‍ന്ന മാന്ത്രികകഥകളുടെ പ്രചോദനത്തില്‍ മാജിക്കിനോട് പ്രണയം തോന്നി. പാമ്പാട്ടികളില്‍നിന്നും തെരുവു മാജിക്കുകാരില്‍നിന്നും മാജിക് പഠിക്കുവാന്‍ ശ്രമിച്ചു. പിന്നീട് പ്രശസ്ത മജീഷ്യന്‍ ആര്‍.കെ. മലയത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. ചുങ്കത്തറ തലഞ്ഞപ്പള്ളിയില്‍ പെരുന്നാളിനോടനുബന്ധിച്ചുള്ള മാജിക്ഷോയില്‍ ആയിരുന്നു അരങ്ങേറ്റം. പെര്‍ഫോര്‍മന്‍സിനിടയില്‍ സപ്പോര്‍ട്ടിനായി വേദിയിലെത്തിയ അപരിചിതനായ യുവാവ് മാജിക് രഹസ്യം പൊളിച്ചടുക്കി. അപഹാസ്യനായി കൂവലുകള്‍ സഹിക്കാനാവാതെ സ്റ്റേജിന്റെ പിന്നിലേക്കോടി. അന്ന് ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ചത് തന്റെ റോള്‍മോഡലായ കുഞ്ഞുണ്ണി നായരെന്ന സ്വന്തം അച്ഛനായിരുന്നു. തുടര്‍ന്ന് മാജിക് മോഹത്തോടൊപ്പം മഞ്ചേരി എന്‍.എസ്.എസ്. കോളേജില്‍നിന്നും മാത്തമാറ്റിക്സില്‍ ഡിഗ്രി എടുക്കുകയും അച്ഛന്റെ ആഗ്രഹപ്രകാരം ബാംഗ്ലൂരില്‍ ലോകോളേജില്‍ ചേരുകയും പഠനം പൂര്‍ത്തിയാക്കാതെ ജാലവിദ്യയില്‍ പൂര്‍ണ്ണശ്രദ്ധ കേന്ദ്രീകരിക്കുകയും കേരളത്തിലും ഇന്ത്യയിലും വിദേശത്തുമായി എണ്ണിയാല്‍ തീരാത്ത സ്റ്റേജ് ഷോ നടത്തി ലോകപ്രശസ്ത മജീഷ്യന്‍ എന്ന നിലയില്‍ വളര്‍ച്ച നേടി.

ജീവിതം വഴി മാറിയ സംഭവം
കേരള ഗവണ്‍മെന്റ് ഭിന്നശേഷിക്കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കി കാസര്‍കോഡ് 4 വര്‍ഷം മുമ്പ് സംഘടിപ്പിച്ച മാജിക്ഷോയ്ക്ക് ശേഷമുള്ള ഒരു അനുഭവമാണ് ജീവിതം മറ്റൊരു വഴിയിലേക്കു തിരിച്ചു വിട്ടത്. സദസ്സ് നിറയെ ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ മാതാപിതാക്കളും ആയിരുന്നു. വലിയ തലയുള്ളവര്‍, കണ്ണു കാണാത്തവര്‍, കേള്‍വിശേഷിയില്ലാത്തവര്‍, സെറിബ്രല്‍ പള്‍സി ബാധിച്ചവര്‍, മെന്റലി റിട്ടാര്‍ഡഡ്  ആയിട്ടുള്ളവര്‍, ഓട്ടിസം ബാധിച്ച കുട്ടികള്‍, ഇന്റലക്ച്ചൊല്‍ ഡിസബിലിറ്റിയുള്ളവര്‍... അങ്ങനെ നൂറുകണക്കിനു കുട്ടികള്‍ ഉണ്ടായിരുന്നു. കണ്ണീരു വറ്റിയ കണ്ണുകളും ചിരി മാഞ്ഞ ചുണ്ടുകളുമായി തങ്ങളേക്കാള്‍ വലിയ മക്കളെ ചേര്‍ത്തുപിടിച്ചിരിക്കുന്ന അമ്മമാരുടെ മുഖത്തുനോക്കി വേദികളില്‍ സാധാരണ പറയാറുള്ള കളിതമാശകള്‍ പറയുവാന്‍ സാധിക്കാതെ നിന്ന നിമിഷം തന്നെ ചിന്ത വഴിമാറി തുടങ്ങിയിരുന്നു. ഷോയ്ക്കു ശേഷം ഭക്ഷണസമയത്ത് അമ്മമാര്‍ ഇരുപത്തഞ്ചും മുപ്പതും വയസ്സുള്ള മക്കള്‍ക്ക് ആഹാരം വാരിക്കൊടുക്കുന്നത് സങ്കടത്തോടെ നോക്കി നിന്നു. അവരുടെ ഇടയില്‍ വലിയ ശരീരഭാരമുള്ള ഒരു കുട്ടി ഭക്ഷണത്തിനായി അമ്മയോട് വഴക്കടിക്കുന്നതു കണ്ട് അടുത്തു ചെന്നു. ഭക്ഷണപ്പൊതിയുമായി നില്‍ക്കുന്ന അമ്മയോട് കുട്ടിക്ക് എന്താണ് ആഹാരം കൊടുക്കാത്തത് എന്നന്വേഷിച്ചപ്പോള്‍ ആ അമ്മയുടെ മറുപടി ചങ്കു പിളര്‍ക്കുന്നതായിരുന്നു. 25 വയസ്സുള്ള തന്റെ മകന് ആഹാരം ചവയ്ക്കാനറിയില്ല. വായിലിട്ടു ചവച്ചു തുപ്പിക്കൊടുത്താല്‍ മാത്രമേ അവന്‍ ആഹാരം കഴിക്കുകയുള്ളൂ എന്നതായിരുന്നു ആ അമ്മയുടെ മറുപടി. തുടര്‍സംഭാഷണങ്ങള്‍ മനസ്സാക്ഷിയുള്ളവര്‍ക്ക് കണ്ണു നിറയാതെ കേട്ടുനില്‍ക്കാനാവില്ലായിരുന്നു. കുട്ടികളുടെ കൗമാരകാല വളര്‍ച്ചയുടെ ഭാഗമായുള്ള സെക്ഷ്വല്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനം മൂലം ആണ്‍കുട്ടികളുടെ ലൈംഗിക പെരുമാറ്റം വരെ സഹിച്ചാണ് ഒറ്റമുറി വീട്ടില്‍ താമസിക്കുന്നതെന്ന് കണ്ണീരൊഴുക്കി ആ അമ്മ പറഞ്ഞു നിര്‍ത്തിയപ്പോള്‍ സകല നിയന്ത്രണങ്ങളും കൈവിട്ടുപോയി. ആ നിമിഷം തന്നെ ഉള്ളില്‍ ഉറച്ച തീരുമാനം എടുത്തു. മുമ്പോട്ടുള്ള ജീവിതം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും അവര്‍ക്കുവേണ്ടി ജീവിതം ഹോമിക്കുന്ന അമ്മമാര്‍ക്കും വേണ്ടിത്തന്നെ.

മാജിക് അക്കാഡമി ഓഫ് സയന്‍സ്
താന്‍ ഉപാസിക്കുന്ന മാജിക് എന്ന കലയെ തെരുവ് ജാലവിദ്യ, ചെപ്പടിവിദ്യ, തട്ടിപ്പ് കല തുടങ്ങിയ സാമൂഹ്യ കാഴ്ചപ്പാടില്‍നിന്നും ഉയര്‍ത്തി ജനകീയമാക്കുക എന്ന ആഗ്രഹമാണ് മാജിക് അക്കാഡമി സ്ഥാപിക്കുന്നതിന് പ്രേരണയായത്. മാജിക്കിന്റെ അടിസ്ഥാനം മാത്മാറ്റിക്സും ഫിസിക്സും രസതന്ത്രവുമായതിനാല്‍ മാജിക് ഒരു സയന്‍സാണ് എന്ന് സമര്‍ത്ഥിക്കുവാനും പരിശ്രമിച്ചു. സംഗീതത്തിനും സിനിമയ്ക്കും മറ്റു കലകള്‍ക്കുമൊപ്പം മാജിക്കിനും ഒരു സ്ഥാനം കണ്ടെത്താനും അംഗീകാരം നേടാനും ഇതുമൂലം കഴിഞ്ഞു. 1996ല്‍ തിരുവനന്തപുരം പൂജപ്പുരയില്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍ ചെയര്‍മാനായി ഒരു ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചുകൊണ്ടാണ് ഏഷ്യയിലെ ആദ്യത്തെ മാജിക് അക്കാഡമി പ്രൊഫസര്‍ മുതുകാടിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചത്. കേരള യൂണിവേഴ്സിറ്റി മാജിക്കിനെ ഒരു കോഴ്സായി അംഗീകരിച്ചു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും മാജിക് പഠനത്തിന് ആളുകള്‍ എത്താറുണ്ട്. മോഹന്‍ലാല്‍, ഡോ. എം.കെ. മുനീര്‍, ജയറാം, മുന്‍ ചീഫ് സെക്രട്ടറി ലിസി ജേക്കബ് എന്നിവര്‍ പ്രശസ്തരില്‍ ചിലരാണ്.

മാജിക് പ്ലാനറ്റ് എന്ന അത്ഭുതലോകം
മാജിക് അക്കാഡമിയുടെ കീഴില്‍ കഴക്കൂട്ടത്ത് കിന്‍ഫ്രാ പാര്‍ക്കില്‍ മാജിക് പ്ലാനറ്റ് എന്ന പദ്ധതി തുടങ്ങുമ്പോള്‍ മുന്നില്‍ ഒരു മാതൃകയോ മറ്റു രൂപരേഖകളോ ഒന്നും ഉണ്ടായിരുന്നില്ല. പ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നു അത്. എന്നാല്‍ തെരുവുകലാകാരന്മാരുടെ പുനരധിവാസവും അവര്‍ക്ക് കലാപ്രകടനത്തിനായി ഒരു സ്ഥിരം വേദിയും പദ്ധതി ലക്ഷ്യമിട്ടിരുന്നു. തീം പാര്‍ക്ക് മാതൃകയില്‍, ഒരു പകല്‍ മുഴുവന്‍ ആസ്വദിക്കാവുന്ന രീതിയിലുള്ള വലിയ ഒരു മാന്ത്രികലോകമാണ് യഥാര്‍ത്ഥത്തില്‍ മാജിക് പ്ലാനറ്റ്. അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള അത്ഭുത തീയറ്ററുകള്‍. കാഴ്ചക്കാര്‍ക്ക് മാന്ത്രികദൃശ്യവിരുന്നൊരുക്കുന്നു. പല തിയറ്ററുകളിലായി ദിവസേന തെരുവ് മാജിക്, മെന്റലിസം, ക്ലോസപ് മാജിക്, ഇലൂഷന്‍സ് എന്നിവ നടക്കാറുണ്ട്. ഭിന്നശേഷിക്കുട്ടികള്‍ അവതരിപ്പിക്കുന്ന മാജിക് ഇപ്പോള്‍ ഒരു പ്രധാന ആകര്‍ഷണം ആണ്. ഷേക്സ്പിയറിന്‍ മാന്ത്രിക നാടകവേദി, സര്‍ക്കസ് കാസ്റ്റില്‍, ആര്‍ട്ട് ഗ്യാലറി, ബീഥോവന്‍ മ്യൂസിക് ബംഗ്ലാവ്, ജാലിയോ മഹത് നൃത്തവേദി എന്നിവ കൂടാതെ ഇന്ത്യയിലെ പ്രശസ്തരായവരുടെ മാജിക്ഷോകളും ഉണ്ടാവാറുണ്ട്. അകത്തു കടന്നാല്‍ എങ്ങനെ പുറത്തു കടക്കണം എന്നറിയാതെ സന്ദര്‍ശകരെ അത്ഭുതപ്പെടുത്തുന്ന മിറര്‍ മ്യൂസിയം, ജഗ്ഗ്ളീംഗ്, ഷാഡോ മാജിക്, മാന്ത്രികത്തെരുവ് തുടങ്ങി മാജിക്കിന്റെ ചരിത്രം പറയുന്ന ഹിസ്റ്ററി മ്യൂസിയവും മാജിക് പ്ലാനറ്റിലുണ്ട്. ഇന്ത്യാ ടൂറിസം മാപ്പില്‍ മാജിക് പ്ലാനറ്റും ഇടം നേടി എന്നുള്ളത് എടുത്തു പറയേണ്ട സംഗതിയാണ്.


 
ഡിഫറന്റ് ആര്‍ട്ട് സെന്റര്‍
ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ഒരു വിസ്മയമാണ് ഡിഫറന്റ് ആര്‍ട്ട് സെന്റര്‍. ഭിന്നശേഷി കുട്ടികളുടെ കലാപ്രകടനത്തിനായി ലോകത്തില്‍ ആദ്യമായി ഒരു സ്ഥിരവേദി സ്ഥാപിച്ചു എന്നത് കേരളത്തിന്റെ ചരിത്രനേട്ടം കൂടി ആണ്. ഒരു ഇന്ദ്രജാലക്കാരന്റെ നിശ്ചയദാര്‍ഢ്യവും അര്‍പ്പണമനോഭാവവും ദൈവത്തിന്റെ കയ്യൊപ്പു ചാര്‍ത്തി, തലസ്ഥാന നഗരിയില്‍ പ്രവര്‍ത്തനം തുടങ്ങിയത് നാലു വര്‍ഷം മുമ്പാണ്. വീടിന്റെ നാലു ചുവരിലെ ഇരുളിടങ്ങളില്‍നിന്നും ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള തീവ്രശ്രമത്തിനിടയിലാണ് സാമൂഹ്യനീതിവകുപ്പിന്റെ ഒരു പദ്ധതിയുമായി സഹകരിച്ച് ഷൈലജ ടീച്ചറിന്റെ അനുമതിയോടെ 23 ഭിന്നശേഷിക്കാരായ കുട്ടികളെ മാജിക് പരിശീലനത്തിന് തിരഞ്ഞെടുത്തത്. ഈ പഠനത്തിലൂടെ കുട്ടികള്‍ക്കുണ്ടാകുന്ന ബൗദ്ധിക വളര്‍ച്ചയും സ്വഭാവ വ്യതിയാനവും വിലയിരുത്തുക എന്നതായിരുന്നു പാഠ്യപദ്ധതിയുടെ ലക്ഷ്യം. പ്രാഥമിക ആവശ്യങ്ങള്‍ പോലും സ്വന്തമായി ചെയ്യാന്‍ കഴിവില്ലാത്ത, സംസാരശേഷിയും കേള്‍വിശേഷിയും ഇല്ലാത്ത കുഞ്ഞുങ്ങളായിരുന്നു പരിശീലനത്തിനെത്തിയവര്‍. 6 മാസത്തെ കഠിന പരിശ്രമത്തിനൊടുവില്‍ കുട്ടികളില്‍ ഉണ്ടായ മാറ്റം വൈദ്യശാസ്ത്ര സഹായത്തോടെ വിലയിരുത്തിയപ്പോള്‍ രേഖപ്പെടുത്തിയ മാറ്റം അത്യത്ഭുതവും പ്രകടവുമായിരുന്നു. മാജിക് പരിശീലനം നേടിയ എല്ലാ കുട്ടികളുടെയും ഐക്യൂ.- ഇക്യൂ  ലെവല്‍ നല്ല രീതിയില്‍ ഉയര്‍ത്താന്‍ കഴിഞ്ഞു.

ചരിത്രം ശ്വാസമടക്കി നിന്ന 45 മിനിറ്റ്
2019 ഒക്ടോബര്‍ 2. തിരുവനന്തപുരം ടാഗോര്‍ തീയറ്ററാണ് ആ ചരിത്രമുഹൂര്‍ത്തത്തിനു വേദിയായത്. പരിശീലനം നേടിയ 23 ഭിന്നശേഷിക്കുട്ടികളുടെ ആദ്യത്തെ മാജിക്ഷോ. സദസ്സില്‍ വൈസ് പ്രസിഡണ്ട് ഹമീദ് അന്‍സാരി, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണ്ണര്‍ തുടങ്ങി കേരളത്തിലെ പ്രമുഖര്‍. എല്ലാവരും വീര്‍പ്പടക്കി വേദിയിലെ അത്ഭുതജാലങ്ങളില്‍ മിഴി നട്ടിരുന്നു. ഒരു ചെറിയ മിസ്റ്റേക്ക് പോലും വരുത്താതെ 45 മിനിറ്റ് തുടര്‍ന്ന കലാപ്രകടനം അവസാനിച്ചപ്പോള്‍ പ്രോട്ടോക്കോള്‍ മറന്ന് വൈസ് പ്രസിഡണ്ട് ഹമീദ് അന്‍സാരി സ്റ്റേജിലെത്തി കുട്ടികളെ കെട്ടിപ്പിടിച്ച് അഭിനന്ദനം അറിയിച്ച രംഗം ഏറെ വികാരനിര്‍ഭരമായി. അമ്മമാരുടെയും പ്രവര്‍ത്തകരുടെയും അതിരില്ലാത്ത ആഹ്ലാദം ആനന്ദ കണ്ണുനീരായി. സ്റ്റേജിനു പിന്നില്‍ കണ്ണുനീരു തൂകി നിന്ന ഈ നാല്‍പ്പത്തഞ്ചു മിനിറ്റാണ് തന്റെ ജീവിതത്തിലെ അതിധന്യനിമിഷങ്ങള്‍ എന്ന് ഗോപിനാഥ് മുതുകാട് ചാരിതാര്‍ത്ഥ്യത്തോടെ പറയുന്നു.

ഇനി എന്ത്?
മാനസികമായും ശാരീരികമായും വെല്ലുവിളികള്‍ നേരിടുന്ന ഈ കുഞ്ഞുങ്ങളെ മിടുക്കരാക്കി എവിടെയാണ് പറഞ്ഞയയ്ക്കുക. നിര്‍ദ്ധനരായ മാതാപിതാക്കളാണ് അധികവും. സ്വന്തമായി കിടപ്പാടം ഇല്ലാത്തവര്‍, ജോലിക്കു പോകുവാന്‍ നിര്‍വ്വാഹമില്ലാത്തവര്‍, ചുറ്റുമുള്ളവരുടെ ഒറ്റപ്പെടുത്തലിലും പരിഹാസത്തിലും മനസ്സു വെന്തുപോയവര്‍. അവര്‍ക്കുവേണ്ടി ജീവിക്കുവാന്‍ തീരുമാനിച്ചയാള്‍ മാജിക്കിലൂടെ സമ്പാദിച്ച എല്ലാ വസ്തുവകകളും ഇതിനായി എഴുതിക്കൊടുത്തു. മുപ്പതു സെന്റ് സ്ഥലത്തില്‍ 18 ഭിന്നശേഷിക്കുട്ടികളുടെ കുടുംബത്തിന് വീടു വെച്ച് നല്‍കി. 100 കുട്ടികളെക്കൂടി പഠിപ്പിക്കുവാന്‍ തീരുമാനിച്ചു. അവര്‍ക്ക് കൈത്താങ്ങായി 5000 രൂപ പ്രതിമാസം സ്‌റ്റൈപ്പെന്‍ഡ് ഏര്‍പ്പെടുത്തി. ഓരോ വിദ്യാര്‍ത്ഥിക്കും ഏതു മേഖലയിലാണ് പ്രാവീണ്യം എന്നു കണ്ടെത്തി, അഭിരുചി അനുസരിച്ച് പഠിപ്പിച്ച് പെര്‍ഫോര്‍മര്‍ ആയി ജോലി കൊടുക്കുന്നു. യോഗ പരിശീലനം, ചെണ്ട, പഞ്ചാരിമേളം, ഡാന്‍സ്, സംഗീതം, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്, സിനിമ നിര്‍മ്മാണം തുടങ്ങി ശാസ്ത്ര ഗവേഷണത്തിന് അത്യാധുനിക രീതിയിലുള്ള ലാബ് വരെ ഇവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. 35ഓളം അദ്ധ്യാപകരും മറ്റു ജോലിക്കാരും ഇവിടെയുണ്ട്.

ഇരുന്നൂറ് കുട്ടികളുടെ അച്ഛന്‍
ഭിന്നശേഷിക്കാരായ 200 മക്കളുടെ അച്ഛനാണ് എന്നു പറയുന്നതോടൊപ്പം ഇവരുടെ ഭാവിജീവിതത്തിന്റെ ആശങ്കകള്‍ അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്. രണ്ടായിരത്തിലധികം ഓട്ടിസം ബാധിച്ച കുട്ടികളുടെ അപേക്ഷകളാണ് ഇനി പരിഗണിക്കാനുള്ളത്. വിദൂരങ്ങളില്‍ നിന്ന് ദിവസേന മക്കളുമായി വരുന്നവര്‍ തങ്ങളുടെ കാലശേഷം മക്കളെ ആരെ ഏല്‍പ്പിക്കും, ഞങ്ങള്‍ മരിക്കും മുമ്പ് ഇവന്‍/ഇവള്‍ മരിച്ചാല്‍ മതിയെന്ന് കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ചു കരയുന്ന അമ്മമാരെ ആശ്വസിപ്പിക്കാനാവാതെ പലപ്പോഴും പ്രതിസന്ധിയിലായി പോകാറുണ്ട്. ഇവരെയെല്ലാവരെയും സുരക്ഷിതരായി സംരക്ഷിക്കാനുള്ള പദ്ധതികളില്‍ മുതുകാടും സഹപ്രവര്‍ത്തകരും തീവ്ര പരിശ്രമത്തിലാണ്. അമേരിക്കന്‍ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ സഹായത്തോടെ 100 ഭിന്നശേഷിക്കുട്ടികളുടെ അമ്മമാര്‍ക്ക് തൊഴില്‍ പരിശീലനവും തയ്യല്‍ യൂണിറ്റും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കരിസ്മാ എന്നു പേരിട്ടിരിക്കുന്ന ഈ സ്ഥാപനം ഒരു സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നു.

സഹായം തേടുന്ന സ്വപ്നപദ്ധതി
മാജിക് പ്ലാനറ്റിനു കീഴില്‍ ഭിന്നശേഷിക്കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കി അന്താരാഷ്ട്ര നിലവാരത്തില്‍ യൂണിവേഴ്സല്‍ എംപവര്‍ സെന്റര്‍ എന്ന ബൃഹത്തായ പദ്ധതിയുടെ നടത്തിപ്പിനു വേണ്ടിയുള്ള രണ്ടാംഘട്ട പരിശ്രമത്തിലാണ് ശ്രീ. ഗോപിനാഥ് മുതുകാട്. 20 കോടിയുടെ പദ്ധതിയാണ് എംപവര്‍ സെന്റര്‍. മുപ്പതിനായിരം കുട്ടികള്‍ക്ക് പ്രയോജനം ലഭിക്കത്തക്കവണ്ണമാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

ഭിന്നശേഷിക്കാരായവര്‍ക്കു വേണ്ടിയുള്ള പാരാലിംപ്സ് (ഒളിമ്പിക്സ്) നടത്താന്‍ സാധിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോര്‍ട്സ് സെന്റര്‍, കണ്ണു കാണാത്തവര്‍ക്കു പെര്‍ഫോര്‍മന്‍സിനായി മാജിക് ഓഫ് ഡാര്‍ക്നസ്സ്, കേള്‍വി ശക്തിയില്ലാത്തവര്‍ക്കായി മാജിക് ഓഫ് സൈലന്‍സ്, വീല്‍ച്ചെയറില്‍ സഞ്ചരിക്കുന്ന കുട്ടികള്‍ക്കായി മാജിക് ഓഫ് മിറക്കിള്‍ എന്ന തീയറ്ററും ഇവിടെ ഉണ്ടാകും. മനോഹരമായി ചിത്രം വരയ്ക്കുന്ന കുട്ടികളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വില്‍പ്പനയ്ക്കുമായി ആര്‍ട്ട് മ്യൂസിയം, കൂടാതെ ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ശാരീരിക വൈകല്യമുള്ള കുട്ടികള്‍ എത്തിയാല്‍ അവര്‍ക്കായി സൗജന്യ തെറാപ്പി സെന്ററും ഉണ്ടായിരിക്കും. കുട്ടികളുടെ എനര്‍ജി ബൂസ്റ്റര്‍ ഫീല്‍ഡാണ് അഗ്രികള്‍ച്ചര്‍. ധാന്യങ്ങള്‍, പുഷ്പ-ഫല സസ്യങ്ങള്‍, പക്ഷികള്‍, വളര്‍ത്തുമൃഗങ്ങള്‍, മത്സ്യങ്ങള്‍ തുടങ്ങി ആരോഗ്യവും വരുമാനവും ലക്ഷ്യമാക്കിയുള്ള അത്യാധുനിക രീതിയിലുള്ള വിപുലമായ ഒരു അഗ്രികള്‍ച്ചര്‍ ഫാമും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. മുപ്പതിനായിരം കുഞ്ഞുങ്ങളെയെങ്കിലും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിശീലനം നല്‍കി സ്വയംപര്യാപ്തരാക്കണം. ഇതൊക്കെയാണ് ഭിന്നശേഷിക്കുട്ടികളുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച ഇന്ദ്രജാലക്കാരന്റെ സ്വപ്നങ്ങള്‍. സ്വന്തം സ്വപ്നങ്ങള്‍ക്കുമേല്‍ അടയിരുന്ന് വിജയം വരിച്ചയാള്‍ ഇന്ന് സംഘടിക്കാനും ശക്തി പ്രകടിപ്പിക്കാനും സ്വന്തം ആവശ്യങ്ങള്‍ പോലും പറയാന്‍ കഴിവില്ലാത്തവര്‍ക്കുവേണ്ടി, ശബ്ദവും രൂപവും ശക്തിയുമായി ലോകത്തിനു മാതൃകയായി ഒരു മഹായജ്ഞം നടത്തുകയാണ്. അവസാന ശ്വാസം വരെ കാരുണ്യത്തിന്റെ കരുതലായ് ഈ മക്കള്‍ക്കുവേണ്ടി ജീവിക്കും എന്നുറപ്പോടെ.

ഈ കാരുണ്യയജ്ഞത്തില്‍ നിങ്ങള്‍ക്കും പങ്കുചേരാം
പ്രത്യേക അവസ്ഥയില്‍ ജനിച്ചുപോയി എന്ന ഒറ്റക്കാരണത്താല്‍ ജീവിതം വഴിമുട്ടിപ്പോകുന്ന ഈ കുഞ്ഞുങ്ങളെ സ്വയം പര്യാപ്തരാക്കാന്‍ നമുക്കും കൈകോര്‍ക്കാം. കേരളത്തില്‍ 3 ലക്ഷത്തില്‍പ്പരം ഭിന്നശേഷിക്കാരായ കുട്ടികള്‍ ഇന്നുണ്ട്. ആകെ എട്ടുലക്ഷത്തോളം വരുന്നവരില്‍ ബഹുഭൂരിപക്ഷവും നിര്‍ദ്ധനരും നിസ്സഹായരുമാണ്. അതുകൊണ്ടുതന്നെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുക എന്നത് നമ്മള്‍ ഓരോരുത്തരുടെയും സാമൂഹ്യ ഉത്തരവാദിത്വമാണ്. സുമനസ്സുകളായ ഒരുപാടുപേരുടെ സഹായ സഹകരണങ്ങള്‍ക്കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നതെന്ന് കൃതജ്ഞതയോടെ ശ്രീ. മുതുകാട് ഓര്‍മ്മിക്കുന്നു. പ്രതിമാസം 12 ലക്ഷത്തിലധികം രൂപ അത്യാവശ്യങ്ങള്‍ക്ക് മാത്രം വേണ്ടി വരുന്നുണ്ട്. ബാങ്ക് ലോണുകളുടെ അടവുകളും ചിലപ്പോള്‍ മുടങ്ങാറുണ്ട്. ഭിന്നശേഷിക്കാരായ അനേകം മക്കളെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തി ഒരു പിതാവിന്റെ ഹൃദയഭാരത്തോടെ കൈകൂപ്പി എംപവര്‍ സെന്റര്‍ പദ്ധതി പൂര്‍ത്തീകരണത്തിനുവേണ്ടി പൊതുജനങ്ങളില്‍നിന്ന് സഹായം തേടുകയാണ്.

വിദേശ കറൻസി അയക്കുന്നവർ പിഴ ഒഴിവാക്കാൻ  ദയവായി മാജിക്ക് അക്കാദമിയുടെ പേരിലുള്ള എഫ്.സി.ആർ.എ. അക്കൗണ്ട്  ഉപയോഗിക്കണമെന്ന് അപേക്ഷിക്കുന്നു 

ഇന്ത്യന്‍ രൂപ അയയ്ക്കുന്നവര്‍ ഈ അക്കൗണ്ട്  ഉപയോഗിക്കുക:

കൊതുക് നാണപ്പൻ 2022-08-08 12:18:59
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം.. "നിരീക്ഷകാ " താൻ ഒക്കെ എന്തൊരു തോൽവി ആണെടോ. സാരി വിസയിൽ അമേരിക്കയിൽ വന്ന്, അവർ രാത്രിയും പകലും അധ്വാനിച്ചു കൊണ്ടുവരുന്നത് കൊണ്ട് കള്ളും കപ്പയും അടിച്ചു കൗച്ചിൽ മലന്നു കിടന്നു കമന്റ് ഇടവാ.. മുതുകാടിനെ വിശ്വസിക്കാമോ എന്ന്.. അല്പം യെങ്കിലും ഉളുപ്പ് ?
നിരീക്ഷകൻ 2022-08-08 12:02:17
ഇദ്ദേഹത്തെ വിശ്വസിക്കാമോ? മാജിക്കിന് സാധ്യത കുറഞ്ഞപ്പോൾ സേവനവുമായി ഇറങ്ങിയതാണോ? സത്യം അറിയാൻ വേണ്ടിയാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ കുറച്ചു കാണിക്കാനല്ല
നിരീക്ഷകൻ 2022-08-08 13:07:12
ഒത്തിരി പുണ്യം പറയുകയും പണം പിരിക്കുകയും ചെയ്യുന്നത് സംശയ ദൃഷ്ടിയോടെ വേണം നോക്കാൻ. അതാണ് ലോക തത്വം. അതുകൊണ്ട് ഇത് അങ്ങനെയാണെന്ന് അർത്ഥമില്ല.
G. Puthenkurish 2022-08-08 21:37:02
“അമേരിക്ക ഗോട്ട് ടാലെന്റ്” ഇദ്ദേഹത്തിന്റ മാജിക്ക് ഷോയിലൂടെ ജീവ കാരുണ്യ പ്രവർത്തനത്തിന് സാമ്പത്തിക സഹായം കിട്ടാൻ സാദ്ധ്യതയുള്ള ഒരു വേദിയാണ്. ലോകത്തിന്റ നാനാഭാഗത്തു നിന്നും ഈ വേദിയിൽ വന്നു അവരുടെ കഴിവുകൾ പ്രദര്ശിപ്പിക്കുന്നവർ ഉണ്ടു . വിജയികൾക്ക് ഒരു മില്ലിയൺ ഡോളറാണ് സമ്മാനം . ഇവിടെ ഇദ്ദേഹത്തിന്റ പ്രവർത്തികളെ കുറിച്ച് ഹൃസ്വമായി അവതരിപ്പിക്കാനുള്ള അവസരവും ഉണ്ടു. ആർക്കറിയാം അതെന്ത് അവസരങ്ങൾ അദ്ദേഹത്തിന് തുറന്നു കൊടുക്കും എന്ന്. ഇതിന്റ കാര്യദർശിയായ സൈമൺ കോവൽ ഇത്തരം കാരുണ്യ പ്രവർത്തികളെയും കലാകാരന്മാരുടെ കഴിവുകളെയും വളരെ പ്രോത്സാഹിപ്പിക്കുന്ന വ്യ്കതിയെന്നു വളരെ നാളായി ആ പരിപാടി കാണുന്ന ഒരാൾ എന്ന നിലക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്തായാലും നിസ്വാർത്ഥമായ അദ്ദേഹത്തിന്റ കാരുണ്യ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക