Image

ഇനി യൂറോപ്പില്‍ പഠിക്കാം' പദ്ധതിക്ക് തുടക്കമായി

കെ.ടി.അബ്ദുറബ്ബ് Published on 08 August, 2022
ഇനി യൂറോപ്പില്‍ പഠിക്കാം' പദ്ധതിക്ക് തുടക്കമായി

ദുബായ്: യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സാധ്യതകളെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ച് പ്രവാസി സംഘടനയായ എക്‌സ്‌പ്ലോര്‍ (XPLR). ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി എന്നീ രാജ്യങ്ങളിലെ വിവിധ യൂണിവേഴ്‌സിറ്റികളിലെ പ്രവേശനനടപടികളെക്കുറിച്ചും സ്‌കോളര്‍ഷിപ്പുകളെക്കുറിച്ചും വിശദീകരിച്ച സെമിനാറില്‍ അറുപതിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂരില്‍ നിന്നുള്ള പ്രവാസികളുടെയും വിവിധ പ്രവാസി സംഘടനകളെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് രൂപീകരിച്ച എക്‌സ്‌പ്ലോര്‍ (XPLR)  എന്ന കൂട്ടായ്മയാണ് ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിച്ചത്.

യൂറോപ്പിലെ വിവിധ യൂണിവേഴ്‌സിറ്റികളിലെ ഉപരിപഠന സാധ്യതകളെക്കുറിച്ച്, നിലവില്‍ ഈ യൂണിവേഴ്‌സിറ്റികളില്‍ ഉന്നതപഠനം നടത്തുന്ന ഷാഹിദ് ഇക്ബാല്‍ ( ബ്രോണ്‍ഷെഗ് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി, ജര്‍മനി), ഷഫീഖ് ഷാജി  (ഇ.എസ് .സി ക്ലെര്‍മോണ്ട്, ഫ്രാന്‍സ്), നഈം അഹ്‌മദ് ടി,കെ  (ഇറ്റലി) എന്നിവര്‍ ക്ലാസുകളെടുത്തു. വിദ്യാര്‍ത്ഥികള്‍ക്ക് സംശയനിവാരണം നടത്താനുള്ള അവസരവുമുണ്ടായിരുന്നു.

മറ്റു രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടുന്നതിനെക്കുറിച്ചും ലഭ്യമായ സ്‌കോളര്‍ഷിപ്പുകളെക്കുറിച്ചുമുള്ള സെഷനുകള്‍ വരും മാസങ്ങളില്‍ സംഘടിപ്പിക്കുമെന്ന് എസ്സ്‌പ്ലോര്‍ സമിതി ചീഫ് കോഓര്‍ഡിനേറ്റര്‍ പി.ടി. യൂനുസ് പറഞ്ഞു. ഡോ.ഷംലാന്‍, സി.ടി. അജ്മല്‍ ഹാദി, ടി.ടി മുഷ്താഖ്, ടി, സാലിഹ്, കബീര്‍ പാലിയില്‍, സി.ടി. ഷംലാന്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍, ഒമാന്‍, ഫ്രാന്‍സ്, യു.കെ, ഇറ്റലി, ഓസ്‌ട്രേലിയ, കാനഡ, അമേരിക്ക, മലേഷ്യ എന്നിങ്ങനെ വിവിധ രാജ്യങ്ങളിലുള്ള ചേന്ദമംഗല്ലൂര്‍ സ്വദേശികള്‍ എക്‌സ്‌പ്ലോര്‍ കൂട്ടായ്മയുടെ ഭാഗമാണ്. ഇവിടങ്ങളിലെ തൊഴില്‍ സാധ്യതകളും ഉന്നതപഠനസാധ്യതകളും വരുംതലമുറക്ക് പരിചയപ്പെടുത്താനും തൊഴിലവസരങ്ങള്‍ പങ്കുവയ്ക്കാനും സൃഷ്ടിക്കാനുമായി നിരവധി പദ്ധതികള്‍ ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിക്കപ്പെടുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക