
read more: https://emalayalee.com/writer/170
"എന്താടോ നിങ്ങളുടെ സ്‌പീക്കർ നാൻസി പെലോസി തായ്‌വാനിൽ പോയി ലോക സമാധാനം കെടുത്തിയല്ലോ. അവർക്ക് എന്നാത്തിൻറെ സൂക്കേടാ?"
"അതെന്താ പിള്ളേച്ചാ അങ്ങനെ പറയുന്നത്? അവർ പോയി കരുത്തു കാണിച്ചതു കൊണ്ട് ചൈന ഞെട്ടിയിരിക്കുകല്ലേ?'
"ഞൊട്ടി. അതല്ലേ അവർ തായ്‌വാന് ചുറ്റം ഉപരോധം തീർത്തപോലെ നാവികാഭ്യാസം നടത്തുന്നത്! ഞെട്ടിയത് ചൈനയല്ല. ലോകത്തിൽ സമാധാനം കാംക്ഷിക്കുന്ന വികസിത രാജ്യങ്ങളാണ്."
പിള്ളേച്ചാ, ചൈനയെ ഒരു പാഠം പഠിപ്പിച്ചില്ലെങ്കിൽ ശരിയാകില്ല. അവരങ്ങു സൂപ്പർ പവർ ചമയുകയല്ലേ?"
"ചമയുകയല്ല. ചൈന ഒരു സൂപ്പർ പവർ തന്നെയല്ലേ? ആരാടോ അവരെ സൂപ്പർ പവാർ ആക്കിയത്? തനിക്കറിയാമോ, ദരിദ്ര രാജ്യമായിരുന്ന ചൈന എന്നുമുതലാണ് വളരാൻ തുടങ്ങിതെന്ന്?"
"അവർ പണ്ടുമുതലേ വലിയ ശക്തിയല്ലായിരുന്നോ പിള്ളേച്ചാ?"
"മണ്ണാങ്കട്ടി! എടോ ദരിദ്രനാരായണന്മാരുടെ രാജ്യമായിരുന്നു ചൈന 50 വർഷങ്ങൾക്കു മുൻപ്. കൃത്യമായി പറഞ്ഞാൽ 1971 ഡിസംബറിൽ ഉണ്ടായ ഇന്ത്യാ-പാക്കിസ്ഥാൻ യുദ്ധത്തിൽ പാക്കിസ്ഥാനെ സഹായിക്കാൻ ഏഴാം കപ്പൽപ്പടയുമായി ഇറങ്ങിത്തിരിച്ച അമേരിക്കയെ റഷ്യ കെട്ടു കെട്ടിച്ചപ്പോൾ അമേരിക്കയ്ക്ക് ഏറ്റ നാണക്കേടിന് ഇന്ത്യയോട് പകരം വീട്ടാനായി അടുത്തുള്ള ചൈനയെ കൂടുതൽ കരുത്തനാക്കി ലക്ഷ്യം നേടാനാണ് അമേരിക്ക തീരുമാനിച്ചത്. വെറും രണ്ടു മാസങ്ങൾ കഴിഞ്ഞപ്പോൾ അമേരിക്കയുടെ പ്രസിഡന്റായിരുന്ന റിച്ചാർഡ് നിക്‌സൺ ഒരു ഫുൾ ടീമുമായി ഭാര്യാ സമേതം ചൈന സന്ദർശിച്ചു. പാർട്ടി ചെയർമാനായിരുന്ന മാവോ സേ തുങ്ങും പ്രധാനമന്ത്രി ചൗ എൻലായിയുമായി ചർച്ചകൾ നടത്തി പല ഉടമ്പടികളും ഒപ്പിട്ടു. ചൈനയെ ഒരു വൻശക്തിയാക്കി റഷ്യക്കിട്ടും ഇന്ത്യക്കിട്ടും പണികൊടുക്കുമെന്നു പ്രതിജ്ഞ ചെയ്‌തു. ക്രമേണ അമേരിക്കയിലെ നിർമ്മാണ മേഖലയിലെ സ്ഥാപനങ്ങളെല്ലാം ചൈനയിലേക്ക് പറിച്ചു നടപ്പെട്ടു. അതിനു കമ്പനികൾക്ക് ലാഭകരമായ പല ഓഫറുകളും ഗവൺമെന്റ് നൽകി. ക്രമേണ അമേരിക്കയിലെ മിഡിൽ ക്ലാസ്സ് ജോലികളെല്ലാം ചൈനയിലേക്ക് പോയി. വൻ വ്യവസായവൽക്കരണ കുതിപ്പോടെ ചൈന ത്വരിതഗതിയിൽ അഭിവൃദ്ധി പ്രാപിക്കാൻ തുടങ്ങി. കമ്മ്യൂണിസ്ററ് ഭരണത്തിൽ അവരുടെ കർശന നിയന്ത്രണത്തിൽ ഉരുക്കു മുഷ്ടിയോടെ കാര്യങ്ങൾ നീക്കാൻ തുടങ്ങിയതോടെ സർക്കാരിലേക്ക് പണം മഴവെള്ളപ്പാച്ചിൽ പോലെ ഒഴുകിയെത്താൻ തുടങ്ങി. ജനങ്ങൾക്ക് തൊഴിലവസരങ്ങൾ സുലഭമായതോടെ ഗ്രാമങ്ങളിൽ നിന്നും വൻ തോതിൽ ജനങ്ങൾ നഗരങ്ങളിലേക്ക് കുടിയേറാൻ തുടങ്ങി. അമേരിക്കയ്ക്ക് തിരിച്ചെടുക്കാൻ വയ്യാത്ത രീതിയിൽ ചൈന വളരുവാൻ തുടങ്ങി. പണം കുമിഞ്ഞു കൂടിയതോടെ അവർ പ്രതിരോധ മേഖലയിലേക്ക് അതിൽ സിംഹഭാഗവും വഴി തിരിച്ചു വിട്ടു. അത്യാധുനിക ബാലിസ്റ്റിക് മിസൈലുകളും സാറ്റലൈറ്റ് സംവിധാനങ്ങളും എല്ലാം വികസിപ്പിച്ചെടുത്തു ചൈന അവരുടെ ആയുധപ്പുര സമ്പന്നമാക്കി. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടു കൊണ്ട് രാജ്യത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചതോടൊപ്പം പല രാജ്യങ്ങൾക്കും പണം കടം കൊടുക്കാൻ തുടങ്ങി.
കൊള്ളപ്പലിശക്കാർ ആധാരം വാങ്ങി കൈവശം വച്ചിട്ട് പണം കടം കൊടുക്കുന്നതുപോലെയാണ് ചൈന ചെയ്തത്. ഈ ചതിയറിയാതെ പല രാജ്യങ്ങളും അവരുടെ തല ചൈനയുടെ കക്ഷത്തിൽ കൊണ്ട് വച്ചു. ശ്രീലങ്ക, പാക്കിസ്ഥാൻ, പല ആഫ്രിക്കൻ രാജ്യങ്ങൾ ഒക്കെ ഇതിൽ പെടും. ഇന്ന് ചൈനയുടെ മുഖ്യ അജണ്ട സാമ്രാജ്യ വികസനമാണ്. തായ്‌വാൻ, കൊറിയ, ജപ്പാന്റെ പല ദ്വീപുകളും ആസ്ട്രേലിയയുടെ പലദ്വീപുകളും വരെ ചൈനയുടേതാണെന്നു ചൈന വാദിക്കുന്നു. ഇപ്പോൾ തന്നെ ചൈന അമേരിക്കയ്ക്ക് വലിയ വെല്ലുവിളിയാണുയർത്തുന്നത്.”
“ഇനിയെങ്കിലും അവർക്കു കടിഞ്ഞാണിട്ടില്ലെങ്കിൽ അമേരിക്കയ്ക്ക് അത് വലിയ ബുദ്ധിമുട്ടുണ്ടാകുമെന്നതിനു സംശയമില്ല. അതുകൊണ്ടാണ് ചൈനയെ പ്രകോപിപ്പിക്കാനായി അമേരിക്ക സ്പീക്കറെ തായ്‌വാനിലേക്ക് അയച്ചത്."
"ഇതിനുള്ളിൽ വേറൊരു കളികൂടിയുണ്ടെടോ. എന്താ നാൻസി പെലോസി തന്നെ പോയത്? അവിടെ വേറെ നേതാക്കന്മാരാരും ഇല്ലായിരുന്നോ?"
"അതിലെന്തു കളിയാ പിള്ളേച്ചാ?"
"എടോ, അതാണ് ഒരു മുഴം മുൻപേ എറിയുക എന്ന് പറയുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ 2024 ൽ ജോ ബൈഡൻ സ്ഥാനാർഥിയാകാനുള്ള സാധ്യത കുറവാണ്. അപ്പോൾ പിന്നെ സ്വാഭാവികമായും ഉയർന്നു വരാവുന്ന പേര് ആരുടേതാവും?"
"സംശയമെന്താ, വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെയാവും."
"അതെ. അതുതന്നെയാണ് കളി. അതു വരാതിരിക്കാനാണ് ഈ കളി. ഇപ്പോൾ നാൻസി പെലോസിക്ക് ഒരു ഹീറോ പരിവേഷം വന്നു കഴിഞ്ഞു. ഇനി കമലയെ വെട്ടാൻ നാൻസിക്ക് എളുപ്പമാണ്."
"എന്നാലും കമല ആഫ്രിക്കൻ വംശജയായതുകൊണ്ട് കറുത്ത വർഗ്ഗക്കാരുടെ മുഴുവൻ പിന്തുണയും ഉണ്ടാകും. അത് കൊണ്ട് തന്നെ അവരെ എടുത്തു കളയാൻ അത്ര എളുപ്പമാവില്ല."
"താൻ പറഞ്ഞത് ശരിയാണെടോ. പക്ഷേ, കമലാ ഹാരിസ് അടുത്ത പ്രസിഡന്റ് ആകുന്നതിനെപ്പറ്റി അമേരിക്കയിൽ ഒരു നല്ല പങ്കിനും ചിന്തിക്കാനാവില്ല. അപ്പോൾ നാൻസിക്ക് ഇങ്ങനെയൊരു ഹീറോ പരിവേഷം ഉണ്ടായാൽ പ്രൈമറിയിൽ കമലയെ ഒഴിവാക്കാൻ എളുപ്പമാണ്."
"അല്ലെങ്കിൽ തന്നെ എന്റെ പിള്ളേച്ചാ, പ്രസിഡന്റ് ആകാനുള്ള എന്തു കഴിവാണ് കമലാ ഹാരിസിനുള്ളത്? വൈസ് പ്രസിഡന്റ് സ്ഥാനത്തു വന്നിട്ടുള്ളവരിൽ ഏറ്റവും കഴിവു കുറഞ്ഞവരിൽ ഒരാളായിട്ടാണ് ഇപ്പോൾ തന്നെ അമേരിക്കൻ ജനത അവരെ കാണുന്നത്."
"അതാണെടോ ഒരു കൂട്ടത്തിന്റെ തന്ത്രജ്ഞത. കമലാ ഹാരിസ് കാലിഫോർണിയയുടെ അറ്റോർണി ജനറലായിട്ടും പിന്നീട് സെനറ്ററായിട്ടും വിളങ്ങിയ പുലിയാണ്. പക്ഷേ, വൈസ് പ്രസിഡന്റ് സ്ഥാനത്തു വന്നപ്പോൾ അവർ എലിയായി മാറി, അല്ലേ?"
"അതേ."
"അവിടെ തനിക്കു തെറ്റിയെടോ. അവർ മാറിയതല്ല, അവരെ മാറ്റിയതാണ് എന്നതാണ് സത്യം. അവർ പുലിയായി തന്നെ തുടർന്നാൽ പിന്നെ അവരെ ഒഴിവാക്കാനാവില്ല. അത് മനസ്സിലാക്കണമെങ്കിൽ മുൻപ് വൈസ് പ്രെസിഡന്റന്മാരായി ഇരുന്നിട്ടുള്ളവരെ പ്രെസിഡന്റന്മാർ എങ്ങനെയാണ് പരിശീലിപ്പിച്ചിട്ടുള്ളത് എന്ന് നോക്കണം. 1953 ൽ പ്രസിഡന്റ് ഐസൻഹോവർ അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് റിച്ചാർഡ് നിക്സനെ വലിയ താത്പര്യമുള്ള ആളല്ലാതിരുന്നിട്ടുകൂടി വലിയൊരു ദൗത്യം ഏല്പിച്ചു. കാരണം, പ്രസിഡന്റ് ഫ്രാങ്ക്‌ളിൻ റൂസ്‌വെൽറ്റിന്റെ ആകസ്മിക മരണത്തിൽ പകച്ചു നിന്ന അപക്വമതിയായ ഹാരി ട്രൂമാന്റെ അവസ്ഥയുണ്ടാകരുതെന്നു കരുതി തന്നെ. വിദേശ രാജ്യങ്ങൾ സന്ദർശിച്ചു രാജ്യ തലവന്മാരുമായി സൗഹൃദ ബന്ധം സൃഷ്ഠിക്കാൻ വേണ്ടിയായിരുന്നു രണ്ടു മാസത്തിലേറെ നീണ്ട ഒരു ദൗത്യം നിക്‌സനെ ഏൽപിച്ചത്. അന്ന് അദ്ദേഹം ജപ്പാൻ, കൊറിയ, ഫിലിപ്പൈൻസ്, തായ്‌ലൻഡ്, ഇന്ത്യ, പാക്കിസ്ഥാൻ, ഇറാൻ, ലിബിയ തുടങ്ങിയ നിരവധി രാജ്യങ്ങൾ സന്ദർശിച്ചു. അതുപോലെ തന്നെ ഭരണ കാര്യങ്ങളിൽ എടുക്കുന്ന നിർണ്ണായക തീരുമാനങ്ങളിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും അദ്ദേഹത്തിന് കൊടുത്തിരുന്നു.
അങ്ങനെ നോക്കിയാൽ അമേരിക്കയിലെ മിക്കവാറും എല്ലാ വൈസ് പ്രെസിഡന്റന്മാർക്കും നല്ല പരിശീലനമാണ് കിട്ടിയിരിക്കുന്നത്. പ്രസിഡന്റ് ഒബാമയുടെ കീഴിൽ വൈസ് പ്രസിഡന്റ് ജോ ബൈഡന് എട്ടു വർഷം നല്ല പരിശീലനമാണ് ലഭിച്ചത്. എന്നാൽ കമല ഹാരിസിനോട് വിവേചനപരമായ ഒരു സമീപനമാണ് വൈറ്റ് ഹൗസ് കാട്ടുന്നത് എന്നാണ് ഇക്കാര്യം ഉറ്റുനോക്കുന്ന വിഗദ്ധർ ചൂണ്ടിക്കാണിക്കുന്നത്. പലപ്പോഴും വൈറ്റ് ഹൗസ് നടത്തുന്ന വിരുന്നു സത്ക്കാരങ്ങളിൽ പോലും കമലയെ പങ്കെടുപ്പിക്കാറില്ലത്രേ! ഇക്കാര്യങ്ങളെല്ലാം ബൈഡനെക്കാളുപരി അദ്ദേഹത്തിന് ചുറ്റുമുള്ള ഉപദേശക സമിതിയാണ് തീരുമാനിക്കുന്നത്.
ഈയിടെ പ്രസിഡന്റ് ബൈഡൻ നടത്തിയ സൗദി സന്ദർശനം വളരെ വിവാദം സൃഷ്ടിച്ചിരുന്നുവല്ലോ. അമേരിക്കക്കാരനായ ഒരു മാധ്യമ പ്രവർത്തകനെ വെട്ടിനുറുക്കിയ കേസിൽ പ്രതിസ്ഥാനത്തു നിർത്തിയിരിക്കുന്ന സൗദി രാജകുമാരനുമായി ഹസ്‌തദാനം (കൈ ചുരുട്ടിയാണെങ്കിലും) നടത്തിയതിനെ വളരെയധികം പേർ വിമർശിച്ചിരുന്നു. അവിടെ വൈസ് പ്രസിഡന്റിനെ അയച്ചിരുന്നുവെങ്കിൽ അമേരിക്കയുടെ നീരസം സൗദിക്ക് മനസ്സിലാകുമായിരുന്നു. ഒപ്പം, കമലാ ഹാരിസ് അതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് നിരീക്ഷിക്കുകയും ചെയ്യാമായിരുന്നു. തന്ത്ര പ്രധാനമായ തീരുമാനങ്ങൾ എടുക്കുന്ന ചർച്ചകളിൽ പങ്കെടുപ്പിക്കാതെ കോൺഗ്രസ്സിലെ വോട്ട് എണ്ണാൻ മാത്രമായി മാറ്റി നിർത്തിയാൽ വൈസ് പ്രസിഡന്റ് കഴിവു കെട്ടവളാണെന്ന് ചിത്രീകരിക്കാൻ എളുപ്പമാണ്. കമലാ ഹാരിസ് ഇന്ത്യൻ വംശജയാണെന്ന് അഭിമാനിക്കുന്ന ഭാരതീയർ പോലും, പ്രത്യേകിച്ച് ട്രംപ് ഭക്തന്മാരായ മലയാളികൾ, അവർ കഴിവില്ലാത്തവളാണെന്നു വിളിച്ചു പറയുന്ന കാഴ്ചയാണ് കാണുന്നത്."
"അതിനു കാരണം, പിള്ളേച്ചൻ പറഞ്ഞ മറ്റു പ്രസിഡന്റന്മാരൊക്കെ അവർക്കെന്തെങ്കിലും സംഭവിച്ചാൽ രാജ്യ ഭരണത്തെ അത് ബാധിക്കരുത് എന്ന് ചിന്തിക്കുന്നവരായിരുന്നു. എന്നാൽ ചരിത്രത്തിൽ ആദ്യമായി ഈ നവംബറിൽ വൈറ്റ് ഹൗസിൽ എൺപതാമത്തെ (80) ജന്മദിനം ആഘോഷിക്കാൻ തയ്യാറെടുക്കുന്ന പ്രസിഡന്റ് ജോ ബൈഡൻ അങ്ങനെയൊരു അടിയന്തിര സാഹചര്യം ഉടനെയുണ്ടാവുമെന്നു കരുതുന്നില്ല.”
"എടോ, പുറമേ കാണുന്നതുപോലെയല്ല കാര്യങ്ങൾ എന്ന വസ്‌തുത വിശദീകരിക്കുന്ന ഒരു പുസ്‌തകമാണ് ന്യൂയോർക്ക് ടൈംസിലെ രണ്ടു റിപ്പോർട്ടർമാരായ ജോനാഥൻ മാർട്ടിനും അലക്‌സാണ്ടർ ബേൺസും കൂടി രചിച്ച, ‘This Will Not Pass: Trump, Biden and the Battle for America’s Future.’ ഇങ്ങനെ മുന്നോട്ടു പോയാൽ ആദ്യമായി ഒരു കറുത്ത വർഗ്ഗക്കാരിയും ദക്ഷിണേഷ്യൻ വംശജയുമായ ഒരാൾ പ്രസിഡന്റ് ആകാനുള്ള സാധ്യത അതിവിദൂരമാണെന്നു പറയേണ്ടി വരും.”
"ശരി പിള്ളേച്ചാ, പിന്നെ കാണാം."
"അങ്ങനെയാകട്ടെ."