Image

സച്ചിന്‍ (നോവല്‍ ലക്കം-3: വേണു ജി. നായര്‍)

Published on 11 August, 2022
സച്ചിന്‍ (നോവല്‍ ലക്കം-3: വേണു ജി. നായര്‍)

കഥ ഇതുവരെ : ദേവൻ ശർമ്മയോടൊപ്പം സച്ചിൻ  ആ കമ്പനിയുടെ ഗേറ്റിൽ എത്തുന്നസമയം നിരന്തരമായി ഹോൺ അടിച്ചിട്ടും സെക്യൂരിറ്റി ഗേറ്റ് തുറന്നില്ല. എന്തുവന്നാലും നേരിടാനുള്ള തയ്യാറെടുപ്പോടെ സച്ചിൻ ഗേറ്റിനടുത്തേക്ക് നടന്നുചെന്നു. എന്തോ അസ്വാഭാവികമായി സംഭവിക്കാൻപോകുന്നു. ദേവൻ ശർമ്മ പേടിയോടെ കണ്ണുകൾ അടച്ചു.  ശേഷം വായിക്കുക)

സച്ചിന്റെ നേരിട്ടുള്ള വരവിൽ അല്പം ഒന്നു ഭയന്ന സെക്യൂരിറ്റി ചോദിച്ചു:

"എന്താ .എന്താ ..താനാരാ..? "

"ഞാൻ സച്ചിൻ. ആ കാറിനകത്ത്‌ ഇരിക്കുന്നത് ഈ കമ്പനിയുടെ എം ഡി ആണ്. ഇത്രയും ഹോണടിച്ചിട്ടും നിങ്ങൾ എന്താ ഗേറ്റ് തുറക്കാത്തത്. ?"

"ഗേറ്റ് തുറക്കാൻ പറ്റില്ല. വണ്ടി പുറത്തിട്ടാൽ മതി. ചേതൻസാർ വന്നു കഴിഞ്ഞ്, അദ്ദേഹത്തിന്റെ കാർ അകത്തു കേറ്റിയശേഷംമാത്രമേ മറ്റുവണ്ടികളെ അകത്തേക്ക് വിടാവൂ എന്നാ പറഞ്ഞിരിക്കുന്നത്. "

"ആരാ ഈ ചേതൻ സാർ...? " സെക്യൂരിറ്റി അവനെ സൂക്ഷിച്ചൊന്നു നോന്നി.

"അതുപോലും അറിയാതെയാണോ എം ഡി സാറിന്റെ ഡ്രൈവർ ആയി ചാർജ് എടുത്തേ ? ചേതൻ സാർ ഇവിടത്തെ ജിഎം ആണ്. ആ സാറ് പറയണതേ ഇവിടെ നടക്കൂ..."

"ഞാൻ എം ഡി സാറിന്റെ ഡ്രൈവർമാത്രമല്ല ...പ്രിൻസിപ്പൽ സെക്രട്ടറി, ബോഡി ഗാഡ് എല്ലാമാണ്. മര്യാദയ്ക്ക് ഗേറ്റ് തുറക്കണം. "

"പറ്റില്ലെന്ന് പറഞ്ഞില്ലേ ...വേണമെങ്കിൽ കാർ അവിടെ ഇട്ടിട്ട് ഈ ചെറിയ ഗേറ്റുവഴി നിങ്ങൾ രണ്ടും നടന്നകത്തു കയറിക്കോ" അയാൾ ഒരല്പം ഭീഷണിയായി പറഞ്ഞുനിറുത്തി.

അപ്പോഴേക്കും സെക്യൂരിറ്റിയോഫീസിന്റെ അകത്തുനിന്ന് കൊമ്പൻമീശവെച്ച അതികായനായ ഒരാൾ ഇറങ്ങിവന്നു. യൂണിഫോമിൽ എഴുതിയ നെയിംപ്ളേറ്റ് സച്ചിൻ വായിച്ചു.  റിട്ട: സുബേദാർ ലക്ഷ്മണ്‍ സിംഗ്.

"എന്താ ഇവിടെ പ്രശ്നം ...ആരാ ഇത് ..?."

സ്വതസ്സിദ്ധമായ ഗൌരവത്തിൽ അയാൾ ചോദിച്ചു. സച്ചിൻ അയാളുടെ അടുത്തെത്തി. ഒന്ന് മയക്കിക്കളയാം.

 "സുബേദാർ സാബ് ...ഞാൻ സച്ചിൻ, എം ഡി സാറിന്റെ സെക്രട്ടറി ആണ്. 

സുബേദാർ സാബ് എന്ന് വിളിച്ചപ്പോൾ അയാൾ ഒന്ന് പൊങ്ങി എങ്കിലും പെട്ടെന്ന് ചോദിച്ചു:

"സൊ ...വാട്ട് ...?"

"കാറിലിരിക്കുന്നത് ഈ കമ്പനിയുടെ എം ഡി മിസ്റ്റർ ദേവൻ ശർമ്മയാണ്. ഈ സെക്യൂരിറ്റി ഗേറ്റ് തുറക്കുന്നില്ല. വേഗം തുറക്കാൻ പറയണം. "

സുബേദാർ സച്ചിനെ സൂക്ഷിച്ചൊന്നു നോക്കി.

 "താൻ ഇന്ന് വന്നതല്ലേ ഉള്ളു. തനിക്കിവിടത്തെ  നിയമങ്ങൾ ഒന്നും അറിയില്ല. ഇവിടെ ഭരിക്കുന്നത്‌ ചേതൻസാറാ.."

അപ്പോഴേക്കും സെക്യൂരിറ്റി ചെന്ന് അയാളോട് പതിയെപ്പറഞ്ഞു:

"ഞാനും ഇയാളോട് പറഞ്ഞു വണ്ടി പുറത്തിട്ടിട്ട് ചെറിയ ഗേറ്റുവഴി കയറിപ്പൊയ്ക്കൊള്ളാൻ. ..."

അപ്പോൾ സുബേദാർ സിംഗ് ഒന്ന് തല കുലുക്കി, പിന്നെ സച്ചിനെ നോക്കി:

"എന്താ തനിക്ക് പറഞ്ഞത് മനസ്സിലായില്ലേ.?"

സച്ചിൻ ഒന്നും മിണ്ടിയില്ല. നേരെ നടന്ന് സുബേദാർ സിംഗിനെ തൊട്ടുതൊട്ടില്ലെന്നമട്ടിൽ നിന്ന് അയാളുടെ കണ്ണുകളിലേക്ക് നോക്കി. അടുത്ത നിമിഷം ആരും പ്രതീക്ഷിക്കാത്തവിധം സച്ചിന്റെ കൈകൾ ഉയർന്നു, സുബേദാർ സിംഗിന്റെ കൊമ്പൻ മീശയ്ക്കു പിടിച്ചൊരൊറ്റ വലി.

അയാൾ വേദനകൊണ്ട് അലറിവിളിച്ചു. സച്ചിൻ പിടി വിട്ടിട്ടു പറഞ്ഞു.:

"യൂ ഇഡിയറ്റ് ...!! കമ്പനിയുടെ എം ഡി വന്നിട്ടും തനിക്കൊന്നും ഒരു വിലയുമില്ല അല്ലേ ? ഉടൻ ഗേറ്റ് തുറന്നില്ലെങ്കിൽ പച്ചയ്ക്ക് കത്തിക്കും ഞാൻ നിന്റെ ഈ കൊമ്പൻമീശ !! "

കാര്യം പട്ടാളംറിട്ടേണ്‍ ആണെങ്കിലും, ഒരുപാടു വെടിക്കഥകൾ പറയുന്ന ആളാണെങ്കിലും സച്ചിന്റെ ആ പ്രവൃത്തിയിൽ അയാളാകെ പേടിച്ചുപോയി. അയാൾ സ്വന്തം മീശയൊന്നു തടവിനോക്കി. അതേസമയം അതിലേറെ വിരണ്ടുപോയി സെക്യൂരിറ്റി.

അടുത്ത നിമിഷം സച്ചിന്റെ ശബ്ദം ഉയർന്നു:

"തൊറക്കെടോ ഗേറ്റ് ...!!"
അതൊരാജ്ഞയാണോ അലർച്ചയാണോ എന്നറിയാതെ രണ്ടു പേരും ഞെട്ടി. ഇത്തവണ സെക്ക്യൂരിറ്റി പെട്ടെന്ന് അറ്റെൻഷനായി സല്യൂട്ടടിച്ചു. ഉടൻ ചാവികൊണ്ട് ലോക്ക് തുറന്നു ഗേറ്റ് മലർക്കെ തുറന്നിട്ടു, സല്യൂട്ട് അടിച്ചുകൊണ്ടേയിരുന്നു.

സുബേദാർ ലക്ഷ്മണ്‍ സിംഗ് എന്ന സെക്യൂരിറ്റിമേധാവി അപ്പോഴേക്കും ജീവനുംകൊണ്ട് ഓടി തന്റെ മുറിയിൽ ഒളിച്ചിരുന്നു. സച്ചിൻ തിരിച്ചെത്തി ദേവൻ ശർമ്മയെ നോക്കി ഗൂഢമായി ഒന്ന് ചിരിച്ചു.

"ഒന്ന് പേടിപ്പിച്ചതാ ശർമ്മസാറേ ...ഇനി എന്നു സാറിനെ കാണുമ്പോഴും ഇവരൊക്കെ സല്യൂട്ടടിക്കണം. "

സച്ചിൻ വണ്ടി മുന്നോട്ടെടുത്തു...ഗേറ്റ് കടന്നുപോകുമ്പോൾ ആ സെക്യൂരിറ്റി സല്യൂട്ടടിച്ചുതന്നെ നില്ക്കയാണ്. ദേവൻ ശർമ്മക്ക് അത്ഭുതം തോന്നി. കാർ ഇടാനായുള്ള സ്ഥലത്ത് നല്ല ഇടം നോക്കി സച്ചിൻ കാർ നിറുത്തി.

"ഇവിടെ വേണ്ടാ സച്ചിൻ അങ്ങൊട്ടെങ്ങൊട്ടെങ്കിലും മാറ്റിയിടാം. ഇവിടെ അങ്ങോരിടുന്ന സ്ഥലമാ. "

"ഓഹോ എന്നാൽ ഇന്ന് ഇവിടെത്തന്നെ കിടക്കട്ടെ. ഇനി എന്നും ഇവിടെ വേണം ഇടാൻ. "

അവൻ പുറത്തിറങ്ങി. അപ്പോഴും ദേവൻ ശർമ്മ ശങ്കിച്ചുനിൽക്കയാണ്‌.

"സച്ചിൻ ഇന്നുതന്നെ വേണാരുന്നോ ഇതൊക്കെ ? തുടക്കത്തിലേതന്നെ...."

"ശുഭസ്യ ശീഘ്രം എന്നല്ലേ.  സാറ് ഇറങ്ങിവന്നാട്ടെ. എന്നിട്ട് എനിക്ക് സാറിന്റെകൂടെ കമ്പനി ആകെ ഒന്നു നടന്നുകാണണം."

ഇവനിതെന്തു ഭാവിച്ചാ എന്നു സംശയിച്ചുകൊണ്ട് അയാൾ കാറിൽനിന്നിറങ്ങി അവനോടൊപ്പം തന്റെ ഓഫിലേക്കു നടന്നു.

ചെന്നുകയറുന്നിടത്ത് വലിയ ഒരു ഹാൾ. അവിടെയാണ് റിസെപ്ഷൻ. റിസപ്ഷനിസ്റ്റ് ഹേമ എത്തിയിട്ടില്ല. റിസപ്ഷൻഹാൾ കഴിഞ്ഞാൽ ഗ്രൌണ്ട്ഫ്ളോർ മുഴുവൻ ഫാക്ടറിയിലെ പാക്കിംഗ്ഹൌസ്,  അതു കഴിഞ്ഞ് സ്റ്റോർറൂം.

പിന്നെ ലാബ്‌...അതിനപ്പുറം ഓട്ടോ ലൈറ്റ്സ് പല പാർട്ടുകളായി ഉണ്ടാക്കുന്ന വലിയ ഹാൾ. കമ്പനിയിലെ എം ഡി യാണ് അതിലെ കറങ്ങുന്നത് എന്ന് ആരും ഗൌനിക്കുന്നില്ല. ദേവൻ ശർമ്മയോടൊപ്പം താഴത്തെ നില മുഴുവൻ നടന്നുകണ്ടിട്ടാണ് ഓഫീസുകൾ നിറഞ്ഞ ഫസ്റ്റ് ഫ്ളോറിലേക്ക് അവർ നീങ്ങിയത്.

മുകളിലത്തെ ഫ്ളോറിൽ ആദ്യം കാണുന്ന ഒരു സാധാരണമുറിയാണ് എം ഡി യുടേത്. അത്യാവശ്യം സൌകര്യങ്ങൾ ഒക്കെയുണ്ട് എന്നു പറയാം. അതിനടുത്തുതന്നെ ഒരു ചെറിയ മുറി. അവിടെ ഒരു മേശയും കസേരയും ഉണ്ട്.

അതു തന്റെ മുറിയാക്കാൻ സച്ചിൻ തീരുമാനിച്ചു. ആ വിവരം ദേവൻ ശർമ്മയോട് പറഞ്ഞു:

"കുഴപ്പമൊന്നുമില്ല. എങ്കിലും അങ്കിളിനോടൊന്നു  പറയണ്ടേ ? "

"അതെന്തിന്. ശർമ്മ സാറ് പറഞ്ഞാൽ മതി. സാർ ആ ബെല്ലടിച്ച് പ്യൂണിനെ വിളിക്കൂ. ഈ മുറി ഒന്നു വൃത്തിയാക്കിവയ്ക്കാൻ പറയാം. അവിടെ ഇരിക്കണ്ടേ ? "

ദേവൻ ശർമ്മ കുറെനേരം ബെല്ലടിച്ചിട്ടും ഒരൊറ്റ പ്യൂണും വന്നില്ല.  ഉടൻ സച്ചിൻ അവിടന്നിറങ്ങി. നേരേ  നടന്ന് അക്കൌണ്ട്സ് ഡിപ്പാർട്ട്മെന്റിൽ എത്തി. അവിടെ അസിസ്റ്റന്റ്‌ മാനേജർ പ്രദീപ്‌ ശുക്ള ഉണ്ടായിരുന്നു. അയാളോട് സച്ചിൻ കാര്യം പറഞ്ഞു. എം ഡി യുടെ പുതിയ സെക്രെട്ടറി ആണെന്ന് പറഞ്ഞു കൈ കൊടുത്തു.

പ്രദീപും കൈ കൊടുത്തു വെല്കം ചെയ്തു. പ്രദീപ്‌ പറഞ്ഞു:

"കാര്യമൊക്കെ ശരിതന്നെ ...ചേതൻസാർ വന്നാൽ ഇവിടെ ആകെ ബഹളമാകും. "

"ആയ്ക്കോട്ടെ....ഇവിടെ പ്യൂണന്മാര്‍ ഒന്നുമില്ലേ ? ആരെയും കാണുന്നില്ലല്ലോ ?"

അപ്പോഴാണ്‌ എല്ലാവരും രാമുക്കാക്കാ എന്ന് വിളിക്കുന്ന ഏറ്റവും പഴയ പ്യൂണ്‍ അതുവഴി വന്നത്. പ്രദീപ്‌ അയാളോട് വിവരം പറഞ്ഞു. അയാൾ അടിമുടി സച്ചിനെ ഒന്ന് നോക്കി. പിന്നെ നേരെ നടന്നുപോവുകയാണ് - ചേതൻ ശർമ്മയുടെ വിശാലമായ കേബിനിലേക്ക്. അവിടെ ആദ്യം നീറ്റ് ചെയ്യണം. അതാണ്‌ നിയമം. സച്ചിൻ അയാളെ പിന്നിൽനിന്നു വിളിച്ചു.

"രാമുക്കാക്കാ ഒന്നു നിന്നേ. ഇത്രയുംനേരം എം ഡി സാർ കാളിംഗ്ബെൽ അടിച്ചിട്ട് നിങ്ങൾ കേട്ടില്ലേ. കുറേക്കാലം നിങ്ങൾ അദ്ദേഹത്തിന്റെ അച്ഛന്റെ സ്പെഷ്യൽപ്യൂണ്‍ ആയിരുന്നല്ലോ. "

അയാൾ തിരിഞ്ഞുനിന്നു.

"അത് പണ്ട്. ഇപ്പോൾ ജോലി വേണമെന്നുണ്ടെങ്കിൽ ആദ്യം ചേതൻ സാറിന്റെ ജോലി ചെയ്യണം. അല്ലെങ്കിൽ വിവരമറിയും. "

"ഛെ ! നാണമില്ലാത്ത മനുഷ്യാ ...നിങ്ങള്‍ക്കെങ്ങനെ കഴിഞ്ഞു. അതേ മാധവ്സാറിന്റെ മകനല്ലേ നിങ്ങളുടെ എം ഡി. ? നിങ്ങൾ അവിടെയാണ് ചെല്ലേണ്ടത്. "

"നിങ്ങള് പുതിയ ആളല്ലേ അതൊക്കെ പറയും...ജീവിച്ചുപോണമെങ്കില് ഞങ്ങൾക്ക്  ഇതൊക്കെ ചെയ്തേ പറ്റൂ..."

സച്ചിൻ അതീവ ഗൌരവത്തോടെ ചോദിച്ചു:

" രാമുക്കാക്കാ ഉണ്ട ചോറിനു നന്ദിയില്ലാത്ത മനുഷ്യനാ നിങ്ങൾ. മാധവ്സാർ ഉള്ളപ്പോൾ നിങ്ങളെ എന്തൊക്കെത്തരത്തിൽ സഹായിച്ചിട്ടുണ്ട്. അതൊക്കെ മറന്നുപോയി. അല്ലേ ? ഇന്ന് അദ്ദേഹത്തിന്റെ മകൻ എം ഡി ആയപ്പോൾ നിങ്ങൾക്ക്  വെറുംപുച്ഛം അല്ലേ ? "

രാമുക്കാക്ക സച്ചിനെ നോക്കിപ്പറഞ്ഞു :

" നിങ്ങൾക്കത് പറയാം. ഇവിടത്തെ പരിസ്ഥിതി അറിയാഞ്ഞിട്ടാ. ഞാൻ പഴയതൊന്നും മറന്നിട്ടില്ല. ശരി ഞാൻ വരാം .." അയാൾ മനസ്സില്ലാമനസ്സോടെ സച്ചിന്റെകൂടെ പോയി.

സച്ചിന്റെ മുറി ശരിയാക്കി,  പൊടിയൊക്കെ തട്ടി ഇരിക്കത്തക്കരീതിയിലാക്കി. സച്ചിൻ അവിടെ അടങ്ങിയിരുന്നില്ല. വീണ്ടും പ്രദീപ്‌ ശുക്ളയുടെ അടുത്തെത്തി
"ഇത് എന്റെ അപ്പോയിന്റ്മെന്റ് ഓർഡർ ആണ് .. ഇത് ബാക്ക് ഡേറ്റിൽ ഫയൽ ചെയ്യണം" സച്ചിൻ പറഞ്ഞു.

പ്രദീപ്‌ പറഞ്ഞു: "ഓ ക്കെ ഞാൻ ചെയ്യാം" അലമാരയിൽനിന്നും സ്റ്റാഫ്‌ ഫയൽ എടുത്ത് അയാള്‍ അത് ഉടൻതന്നെ അതിൽ ഫയൽ ചെയ്തു.

സച്ചിൻ പ്രദീപിനോട് സ്വകാര്യംപോലെ പറഞ്ഞു:

"ഇത് ഇവിടെ ഫയൽചെയ്തത് തത്കാലം പ്രതീപ് മാത്രം അറിഞ്ഞാൽ മതി. പ്രദീപ്‌ ഒരു റിലയബിൾ ആളാണെന്നു തോന്നി ...അതുകൊണ്ട് പറഞ്ഞതാ."

"നോ പ്രോബ്ളം..ഞാൻ ആരോടും പറയുന്നില്ല. താങ്കൾക്ക് എന്റെ എല്ലാ സപ്പോർട്ടും ഉണ്ടായിരിക്കും. ഈ ചേതൻ സാറിന്റെ ഭരണംകൊണ്ട് എല്ലാരും പൊറുതിമുട്ടിയിരിക്കയാ ." പിന്നെ സ്വകാര്യംപോലെ പറഞ്ഞു

"സച്ചിൻ സാർ നിങ്ങൾക്ക് എന്തെങ്കിലും പോസിറ്റീവ് ചെയ്യാൻ കഴിയുമെങ്കിൽ ഞങ്ങൾ വളരെപ്പേർ താങ്കളുടെകൂടെ നിൽക്കും."

സച്ചിൻ ഒന്നാലോചിച്ചു. ഇവൻ പറയുന്നത് വിശ്വസിക്കണോ ...വെറുതെ തന്നെ അളക്കാൻ പറഞ്ഞതാണോ. ഏതായാലും നോക്കാം.

"എനിക്ക് പ്രദീപിന്റെ സഹായം തീർച്ചയായും വേണം.”

പ്രദീപ് ചുറ്റും ഒന്നു നോക്കി, വല്ലവരും ശ്രദ്ധിക്കുന്നുണ്ടോ എന്ന് എന്നിട്ട് വീണ്ടും പതുക്കെപ്പറഞ്ഞു: “ഈ ചേതൻ സാർ വിചാരിക്കുന്നപോലെയല്ല. ആള് വലിയൊരു താപ്പാനയാ..."

"ഞാനും അങ്ങനെ കേട്ടു...ഏതായാലും നേരിട്ടൊന്നു മുട്ടാം...അപ്പോഴറിയാമല്ലോ ആളുടെ വലിപ്പം, തൂക്കം ഒക്കെ, എന്നിട്ട് അടുത്തപടി. "

"താങ്ക്സ്...പരസ്യമായി ഒന്നും  ചെയ്യാൻ കഴിയില്ലെങ്കിലും രഹസ്യമായി എന്റെ ഫുൾ സപ്പോർട്ട് ഇപ്പോഴേ വാഗ്ദാനം ചെയ്യുന്നു. "

സച്ചിൻ വീണ്ടും പ്രദീപിന് കൈകൊടുത്തു. പിന്നെ ഓഫീസിൽ വന്നെത്തിയിട്ടുള്ള എല്ലാവരെയും ഒന്ന് പരിചയപ്പെടുത്താൻ പറഞ്ഞു.

പ്രദീപ്‌ സന്തോഷത്തോടെ ഓരോ സീറ്റിലും കൊണ്ടുപോയി സച്ചിനെ പരിചയപ്പെടുത്തി. എം ഡി യുടെ പുതിയ സെക്രട്ടറി ആണെന്ന് പറഞ്ഞു.

പലരുടെയും മുഖത്ത് വിവിധഭാവങ്ങൾ മിന്നിമറയുന്നത് സച്ചിൻ കണ്ടു. എല്ലാവരെയും പരിചയപ്പെട്ട് സച്ചിൻ തിരിച്ചുവരുകയായിരുന്നു.

താഴെ വലിയ ബഹളം കേട്ടു. ആരോ ആരോടൊക്കെയോ ഷൌട്ട് ചെയ്യുന്ന ശബ്ദം. ഉടൻ ബൂട്ട്സിന്റെ ശബ്ദം കേട്ടു. സ്റ്റെപ്പുകൾ കയറിവരുന്നു മൂന്നു പേർ. അതിൽ ഏറ്റവും മുന്നിൽ അതീവ ക്രുദ്ധനായി ചേതൻ ബജാജ്.

അപ്പുറവും ഇപ്പുറവും പ്രൊഡക്ഷൻമാനേജർ സുനിൽ അറോറയും അഡ്മിൻമാനേജർ പ്രശാന്ത് ജോഷിയും. ത്രിമൂർത്തികൾ എന്ന് പൊതുവേ ഒരു സംസാരമുണ്ട് അവരെപ്പറ്റി.
സച്ചിൻ അവരെ കാണാത്തതുപോലെ തന്റെ പുതിയ ചെറിയ കാബിനിലേക്ക്‌ പോകാൻ തിരിയുകയായിരുന്നു. പൊടുന്നനെ ഒരലർച്ച കേട്ടു. അപ്പോഴേക്കും ചേതൻ ബജാജ് അവന്റെ അടുത്തെത്തിയിരുന്നു.

"നില്ലെടോ അവിടെ...നീ ആണല്ലേ ആ പുതിയ തെണ്ടി ...വന്നയുടനെ കുറെ അഭ്യാസങ്ങളൊക്കെ കാണിച്ച പരമനാറി"

സച്ചിൻ ഒന്നും മിണ്ടിയില്ല. അയാളെ അളക്കുകയായിരുന്നു അവൻ. ആരും കണ്ടാൽ ഞെട്ടും ആ മുഖം കണ്ടാൽ !! അജ്ഞാകാരിയായ കണ്ണുകൾ !!!

ഒരു നിമിഷം സച്ചിൻതന്നെ ഞെട്ടിപ്പോയി. അടുത്ത നിമിഷം സച്ചിന്റെ ഷർട്ടിനു കുത്തിപ്പിടിച്ച് ചേതൻ ബജാജ് അലറി.

"കമീനേ..യൂ റാസ്കൽ...ഈ നിമിഷം നീ പുറത്തു പോണം. "

എന്നിട്ട് അവനെ പിടിച്ചുതള്ളി. ശബ്ദം കേട്ട് ദേവൻ ശർമ്മ വന്നെത്തിനോക്കി. രംഗം കണ്ട് ആകെ പരവശനായി. സച്ചിന് ഒരു നിമിഷത്തെ പതർച്ചയേ ഉണ്ടായുള്ളൂ. അടുത്ത നിമിഷം അവൻ എണീറ്റ്‌ നേരെ ചേതൻ ബജാജിന്റെ മുന്നിലെത്തി.

"യൂ മൈൻഡ് യുവർ ഓൺ ബിസിനെസ്സ്. ഓഹോ അപ്പോൾ ഗുണ്ടായിസമാണല്ലേ ? ഞാൻ ഇവിടന്നു പോണം എന്ന്   പറയാൻ നിങ്ങളാരാ ...??.   നിങ്ങളല്ലല്ലോ എന്നെ ഇവിടെ കൊണ്ടുവന്നത്‌... ?"

ചേതൻ ബജാജിന് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു അത്. തന്റെ മേഖലയിൽ കയറിവന്ന് തന്നോട് നേർക്കുനേർ പറയുകയോ! അടുത്ത നിമിഷം അയാൾ ദേവൻ ശർമ്മയെ നോക്കി.

"താനാണോ ഇവനെ ഇവിടെ എഴുന്നള്ളിച്ചേ...? രണ്ടേരണ്ടു മിനിറ്റ്, അതിനകം ഇവനെ ഇവിടന്നു പറപ്പിച്ചോ...അല്ലെങ്കിൽ എന്റെ വിധം മാറും."

ശബ്ദം കേട്ട് സ്റ്റാഫ്‌ പലരും വന്നുനോക്കുന്നു...ആളുകൾ കൂടുകയാണ്. സുനിൽ അറോറ പുച്ഛത്തോടെ ദേവൻ ശർമ്മയെ നോക്കി.

"എന്തിനാ ശർമ്മസാറേ വെറുതെ ഒരു വയ്യാവേലി എഴുന്നെള്ളിച്ചോണ്ട് വന്നേ ? അതും എവിടെയോ കിടന്ന ഒരു ഒരു പരമ തെണ്ടിയെ ? "'

"തെണ്ടി നിന്റെ അപ്പൻ...നീ ആരാടാ എന്നെ തെണ്ടീന്നു വിളിക്കാൻ. ...?" സച്ചിനും വിട്ടുകൊടുത്തില്ല.

സുനിൽ അറോറ എന്തോ പറയാൻ ഒരുങ്ങി, പിന്നെ വേണ്ടെന്നു വെച്ചു. രംഗം പന്തിയല്ലെന്ന് കണ്ട് ദേവൻ ശർമ്മ സച്ചിനെ നോക്കിപ്പറഞ്ഞു:

"സച്ചിൻ ഇറങ്ങിപ്പോ.."

സച്ചിൻ ആ വാക്കുകൾക്ക് മുന്നിൽ വല്ലാതായി. എങ്കിലും പിടിച്ചുനില്ക്കാൻ ഒരു ശ്രമം നടത്തിനോക്കി.
"ശർമ്മാസാർ താങ്കൾ ഇവരുടെ വാക്കുകൾ കേട്ട് പേടിക്കേണ്ടാ. ഇവരാരും എന്നെ ഒരു ചുക്കും ചെയ്യില്ല.. ഞാൻ താങ്കളുടെ സെക്രെട്ടറിയാണ്. "

പക്ഷെ ദേവൻ ശർമ്മ ക്രുദ്ധനായി.
"സച്ചിൻ, നിന്നോട് പോകാനല്ലേ പറഞ്ഞത്. ഞാൻ പറഞ്ഞാൽ നീ അനുസരിക്കില്ലേ ? ..നീ ഉടൻ പുറത്തു പോണം. "   അയാൾ കൈ ചൂണ്ടി.

സച്ചിന് പിന്നെ വഴിയൊന്നുമില്ലായിരുന്നു. ആയുധം നഷ്ടപ്പെട്ട യോദ്ധാവിനെപ്പോലെ അവൻ തളർന്നു. ഏകാശ്രയമായ ആൾതന്നെ പറയുന്നു ഇറങ്ങിപ്പോവാൻ !!

അവന്റെ തല കുനിഞ്ഞു. സ്വന്തം ജ്യേഷ്ഠനെപ്പോലെ മനസ്സിൽ കരുതിയ ആ വലിയ മനുഷ്യന്റെ വാക്കുകൾ ധിക്കരിക്കാൻ പാടില്ല.

അടുത്ത നിമിഷം ..!! അവൻ തിരിച്ചൊന്നും പറയാതെ തലകുനിച്ചുതന്നെ നടന്നു പുറത്തേക്ക്. നെഞ്ചിലൊരു കുത്തു കൊണ്ടതതുപോലെ അവൻ പുളഞ്ഞു.

ദേവൻ ശർമ്മ പിന്നെ നിന്നില്ല ...തന്റെ കാബിനിലേക്ക്‌ ചെന്ന് കസേരയിലേക്ക് വീണു. ഒരു മഹാപരാധം ചെയ്തതുപോലെ ആ മനസ്സ് വിങ്ങി.

സച്ചിൻ മുന്നോട്ടു നടക്കുമ്പോൾ ഒഴുകിയെത്തുന്ന പലരുടെയും കമെന്റ്റുകൾ കേട്ടില്ലെന്നു നടിച്ചു.

"കമ്പനി ഒരു ദിവസംകൊണ്ട് ഉഴുതുമറിക്കാൻ വന്നിരിക്കുന്നു... എമ്പോക്കി.. അവനെ രണ്ടെണ്ണം പൊട്ടിക്കുകയായിരുന്നു വേണ്ടിയിരുന്നത്.." സുനിൽ അറോറ തന്റെ ദേഷ്യം വാക്കുകളിൽ തീർത്തു.

ചേതൻ ബജാജ് അയാളെ സൂക്ഷിച്ചൊന്നു നോക്കി. അതോടെ സുനിൽ അറോറ വായടച്ചു. കൂടിനിന്നവരെല്ലാം അപ്പോഴേക്കും അവരവുടെ സീറ്റുകളിലേക്ക് ചേക്കേറി.

ആർക്കുവേണ്ടി .?..എന്തിനുവേണ്ടി...താനിതിനൊരുങ്ങി ..പോവുന്നതിനിടയിൽ സച്ചിൻ ചിന്തിക്കുകയായിരുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പി ...പക്ഷേ അവൻ കരഞ്ഞില്ല.

തിരിഞ്ഞൊന്നു നോക്കാതെ അവൻ നടന്നു റിസപ്ഷനും കടന്നുപോവുകയായിരുന്നു. അപ്പോൾ ആരോടോ സൊള്ളിക്കൊണ്ടിരുന്ന മധ്യവയസ്കയായ റിസപ്ഷനിസ്റ്റ് ഹേമാ ഗുലാട്ടി  അവനെ പുച്ഛത്തോടെ ഒന്ന് നോക്കി, അടുത്ത ആളോട് പറഞ്ഞു:

"ദേ ഒരുത്തൻ ഒരു ദിവസംകൊണ്ട് കമ്പനി ആകെ ഇളക്കിമറിക്കാൻ വന്നതാ... പാവം വാലും പൊക്കിക്കൊണ്ട് ഓടുന്നത് കണ്ടോ.  ചേതൻ സാറിന്റെ അടുത്താണോ ഇവന്റെ കളി ?"

സച്ചിൻ കണ്‍കോണുകളിലൂടെ തല ചെരിച്ചവളെ സൂക്ഷിച്ചൊന്നു നോക്കി. പക്ഷേ ഒരക്ഷരം ഉരിയാടിയില്ല.

ഗേറ്റിനു മുന്നിൽ എത്തിയ അവനെക്കണ്ട് സെക്യൂരിറ്റി ചാടി എണീറ്റ്‌ സല്യൂട്ടടിച്ചു. അവൻ ആ ഗേറ്റിനു പുറത്തിറങ്ങി. എങ്ങോട്ട് പോകണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാതെ അവൻ മുന്നോട്ടു പോയ്ക്കൊണ്ടിരുന്നു. ലക്ഷ്യമില്ലാതെ.....!!!
തുടരും...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക