Image

ഈ തീവ്രവാദത്തിന് അവസാനമില്ലേ? (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 48)

Published on 13 August, 2022
ഈ തീവ്രവാദത്തിന് അവസാനമില്ലേ? (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 48)

"എന്താടോ നിങ്ങൾക്ക് സൽമാൻ റുഷ്‌ദിയെ സംരക്ഷിക്കാൻ പറ്റിയില്ലേ? പറഞ്ഞതുപോലെ ഒടുവിൽ അവർ പണി പറ്റിച്ചു അല്ലേ?"

"അത് തന്നെയാണ് പിള്ളേച്ചാ ഇപ്പോൾ ആളുകൾ സംസാരിക്കുന്നത്. ഇവർ ഈ കൊലപാതക നയം എന്നവസാനിപ്പിക്കുമെന്നാ ചോദിക്കുന്നത്?"

"അതങ്ങനെ അവസാനിപ്പിക്കാൻ പെട്ടന്നു പറ്റുമോ, തുടങ്ങിയതല്ലേയുള്ളൂ?"

"എന്നാലും ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും അവർ അദ്ദേഹത്തിന്റെ പുറകെ ഉണ്ടായിരുന്നല്ലോ."

"അതെ. 34 വർഷങ്ങൾ മുൻപാണ് 'സാറ്റാനിക് വേഴ്സസ്' എന്ന അദ്ദേഹത്തിന്റെ പുസ്തകത്തെ ചൊല്ലി ഇറാൻ 'ഫത്വ'പുറപ്പെടുവിച്ചത്."

"അതിലെന്തായിരുന്നു പിള്ളേച്ചാ അവർ ഇത്ര കഠിനമായി പ്രതികരിക്കാനുണ്ടായിരുന്നത്?"

"അതിൽ മത നിന്ദയാണെന്നാണ് അപവാദം. പ്രവാചകനായ മുഹമ്മദിനെ മോശമായി ചിത്രീകരിക്കുന്നുവെന്നായിരുന്നു പരാതി."

"ആ പുസ്‌തകം ഇസ്‌ലാമിക ലോകത്തിൽ ഈ ഫത്വ ഇറക്കിയവർ ഉൾപ്പടെ എത്ര പേര് വായിച്ചു കാണും എന്നു ചിന്തിക്കേണ്ടതാണ്."

"അവരാരും ഇതൊന്നും വായിച്ചു കാണില്ല. വായിച്ചാൽ തന്നെ മനസ്സിലാകണമെന്നുമില്ല. കാരണം അരുന്ധതി റോയിയുടെ 'ഗോഡ് ഓഫ് സ്‌മോൾ തിങ്സ്' പോലെ സിമ്പിൾ ആയി വായിക്കാൻ സാധിക്കുന്ന ഒന്നല്ല 'സാറ്റാനിക് വേഴ്സസ്.'"

"ഇസ്‌ലാമിക രാഷ്ട്രങ്ങളിൽ ആ പുസ്തകം നിരോധിച്ചിരിക്കയല്ലേ?"

"ഇസ്ലാമിക രാഷ്ട്രങ്ങളിൽ മാത്രമല്ല, പ്രസിദ്ധീകരിച്ചു കഴിഞ്ഞു പ്രതിഷേധം കനത്തപ്പോൾ ഇന്ത്യയും ഭീഷണിക്കു വഴങ്ങി അത് നിരോധിച്ചു."

"വധ ഭീഷണി നിസാരമായിരുന്നില്ല. അനേക കോടികളാണ് അദ്ദേഹത്തെ കൊല്ലുന്നവർക്ക് പാരിതോഷികം ഇറാൻ പ്രഖ്യാപിച്ചിരുന്നത്."

"അതുകൊണ്ടല്ലേ അദ്ദേഹം സ്കോട്ട്ലൻഡ് യാഡ് പോലീസിന്റെ ഉപദേശ പ്രകാരം ഒളിവിൽ പോയത്. ഒളിവിലിരുന്നും അദ്ദേഹം പുതിയ പുസ്തകങ്ങൾ രചിച്ചു. ഒടുവിൽ പത്തു വർഷങ്ങൾക്കു ശേഷം 1998 ൽ ആയത്തൊള്ള ഖുമെയ്‌നിയുടെ മരണശേഷം വന്ന മുഹമ്മദ് ഖട്ടാമി റുഷ്‌ദിയെ കൊല്ലുന്നതിൽ താത്പര്യമില്ലെന്നറിയിച്ചു. എന്നാൽ ഫത്വ പിൻവലിക്കുന്നതായി പറഞ്ഞില്ല. മത ഭ്രാന്തു കയറിയ ഏതെങ്കിലും ഒരുത്തൻ എന്നെങ്കിലും അഹമ്മദ് സൽമാൻ റുഷ്‌ദി എന്ന സാഹിത്യകാരനെ വകവരുത്തും എന്ന് തീവ്രവാദി ലോകം വിശ്വസിച്ചിരുന്നു."

"അതല്ലേ ഇപ്പോൾ കണ്ടത്."

"അതേടോ, ന്യൂ ജേഴ്‌സിയിൽ താമസിക്കുന്ന 24 വയസ്സുള്ള ഹാദി മാതർ അതിനു വേണ്ടി ഒരുങ്ങി 300 മൈൽ സഞ്ചരിച്ചു മത താത്പര്യം സംരക്ഷിക്കാൻ ശ്രമിച്ചത് അതുകൊണ്ടാണ്."

"അല്ല പിള്ളേച്ചാ, ഇവരൊക്കെ അടുത്ത് താമസിച്ചാൽ നമ്മളൊക്കെ എങ്ങനെ സമാധാനമായി കിടന്നുറങ്ങും?"
"ഹേയ്, അങ്ങനെയൊന്നും പറയാൻ പാടില്ല. അങ്ങനെയൊക്കെ പറയുന്നത് ഉള്ളിൽ ഇസ്ലാമോഫോബിയ ഉള്ളതുകൊണ്ടാണ്."

"അതെന്തു തന്നെയായാലും ഇപ്പോൾ തന്നെ ഇറാനിലും പാക്കിസ്ഥാനിലും 'സെലിബ്രേഷൻസ്' തുടങ്ങിക്കഴിഞ്ഞു."

"അവിടെത്തന്നെയല്ലെടോ, നാളെ ചന്ദ്രികാ പത്രം ലേഖനമോ മുഖപ്രസംഗം തന്നെയോ എഴുതിയേക്കാം. തുർക്കിയിലെ ഹാഗിയാ സോഫിയ എന്ന ക്രിസ്ത്യൻ ദേവാലയം മുസ്ലിം ദേവാലയമായി പ്രസിഡന്റ് പ്രഖ്യാപിച്ചപ്പോൾ അതിനെ സ്വാഗതം ചെയ്തു ലേഖനം എഴുതിയവരല്ലേ നമ്മുടെ നാട്ടിലെ മതേതരത്വത്തിന്റെ കാവൽ ഭടന്മാരെന്നു സ്വയം വിശേഷിപ്പിക്കുന്ന മുസ്ലിം മത നേതാക്കൾ!”

"അല്ല പിള്ളേച്ചാ, എനിക്ക് മനസ്സിലാകാത്തത് ഈ കൊലപാതക ശ്രമം നടത്തിയവന് 24 വയസ് പ്രായം മാത്രമേയുള്ളൂ. അതായത്, ഇറാൻ ഫത്വ പുറപ്പെടുവിച്ചപ്പോൾ ഇവൻ ജനിച്ചിട്ടില്ല. എന്നിട്ടും ഇത്ര വൈരാഗ്യം മനസ്സിൽ കുത്തിനിറച്ചു നടക്കാൻ ഇവനെങ്ങനെ പ്രേരണയുണ്ടായി എന്നതാണ്."

"എടോ, അത് ഇയാൾക്ക് അവരുടെ സംവിധാനങ്ങൾ അറിയാത്തതു കൊണ്ടാണ്. ഇവരുടെ മദ്രസകളിൽ കുട്ടികളെ ചെറുപ്പം മുതലേ പഠിപ്പിക്കുന്നത് സയൻസും കണക്കുമല്ല, സ്വന്തം മതത്തിനു വേണ്ടി മരിക്കാനും തയ്യാറാകണമെന്നുള്ള പഠിപ്പിക്കലാണ്. അത് പഠിച്ചു വളരുന്ന കുട്ടികളിൽ തീവ്രവാദത്തിന്റെ വിത്തുകൾ വളർത്താൻ വളരെ എളുപ്പമാണ്."

"എങ്കിൽ പിന്നെ എന്താ പിള്ളേച്ചാ, ഗവണ്മെന്റ് അത് നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യാത്തത്?"
"എടോ, താൻ ഇത്രയ്ക്കു വിഡ്ഢിയാണോ? രാഷ്ട്രീയക്കാർക്കു വേണ്ടത് വോട്ടാണ്. അവരെ പ്രീണിപ്പിച്ചു നിർത്തിയാൽ അവരുടെ വോട്ടു കിട്ടും. അധികാരത്തിൽ തുടരാം. അഴിമതി നടത്താം. കോടികൾ സമ്പാദിക്കാം. അതുകൊണ്ടല്ലേ ഇവരെ പരിശീലിപ്പിക്കുന്ന പഠനശാലകൾക്കു സർക്കാർ തന്നെ കോടികൾ നൽകുന്നത്. അധ്യാപകരുടെ ശമ്പളം പോലും സർക്കാരാണ് നൽകുന്നത്. അത് ഒരു മതത്തിനു മാത്രമുള്ള ആനുകൂല്യമാണ്. ആർക്കും ചോദ്യം ചെയ്യാനുള്ള ധൈര്യമില്ല. ചുരുക്കി പറഞ്ഞാൽ ഇങ്ങനെയുള്ളവരെ വാർത്തെടുക്കേണ്ടത് സർക്കാരിന്റെ ആവശ്യമാണ്. പാക്കിസ്ഥാൻ പോലെയുള്ള രാജ്യങ്ങൾക്ക് ഇവരുടെ പിന്തുണയില്ലാതെ ഭരിക്കാനാവില്ല."

"അപ്പോൾ ഈ തീവ്രവാദത്തിന് ഒരവസാനമില്ലേ പിള്ളേച്ചാ?"

"അത് അവസാനിപ്പിക്കാൻ ഒറ്റ മാർഗ്ഗമേയുള്ളൂ. ഭൂരിപക്ഷം വരുന്ന നല്ലവരായ മുസ്ലിംകൾ മൗനം അവലംബിക്കുന്നതിനു പകരം ഇതിനെതിരായി ശബ്ദം ഉയർത്തണം. മതഭ്രാന്തിനുപരിയായി മാനവികതയ്ക്കു വില കൽപ്പിക്കണം. ഇവരുടെ ഭീകരതയെ തുടച്ചു നീക്കി സമുദായത്തെയും സമൂഹത്തെയും രക്ഷിക്കാൻ മുന്നിട്ടിറങ്ങണം. അത് മാത്രമേ വഴിയുള്ളൂ."

"എന്തു തന്നെയായാലും ഇന്ത്യയിൽ ജനിച്ച്‌ ബുക്കർ പ്രൈസ് ലഭിക്കയും ഏഴു ബുക്കർ പ്രൈസുകൾക്കു നോമിനേറ്റ് ചെയ്യപ്പെടുകയും 14 നോവലുകൾ ഉൾപ്പടെ നിരവധി സാഹിത്യ കൃതികൾ രചിക്കയും ചെയ്‌ത 'ഇന്ത്യയുടെ അഭിമാനം' എന്ന് വിശേഷിക്കപ്പെടേണ്ട സൽമാൻ റുഷ്‌ദിയുടെ നേരെയുണ്ടായ ഈ ആക്രമണം അപലപിക്കേണ്ടത് തന്നെയല്ലേ?"

"'ഇന്ത്യയുടെ അഭിമാനം' എന്ന് ഇയ്യാൾ പറഞ്ഞ ഈ വിശ്വസാഹിത്യകാരന് മുസ്ലിം സംഘടനകളുടെ എതിർപ്പ് പ്രമാണിച്ച്‌ ഇന്ത്യ ഒരു ദശാബ്ദം ഇന്ത്യയിലേക്കുള്ള പ്രവേശനാനുമതി കോൺഗ്രസ് മന്ത്രിസഭയുടെ കാലത്ത്‌ നിഷേധിച്ചിരിക്കയായിരുന്നു എന്നറിയാമോ? അന്നദ്ദേഹം ഒളിവിൽ പോയിരിക്കുകയായിരുന്നു."

"ആ ഒളിവിൽ പോയ കാലത്തിലെ ജീവിതാനുഭവങ്ങളുടെ ഓർമ്മക്കുറിപ്പാണ് 'ജോസഫ് ആന്റോൺ' എന്ന കൃതി. അന്നദ്ദേഹം ഉപയോഗിച്ചിരുന്ന അപരനാമം ആണ് അത്." 

"എന്തായാലും സാഹിത്യലോകം ഇന്നു ഞെട്ടലിലാണ്. അദ്ദേഹം ഇപ്പോൾ അതീവ ഗുരുതരാവസ്ഥയിലാണ്. വേഗം സുഖം പ്രാപിക്കട്ടെ എന്നാശംസിക്കാം."

"ശരി പിള്ളേച്ചാ. പിന്നെ കാണാം."

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക