MediaAppUSA

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ..( ലേഖനം: നൈന മണ്ണഞ്ചേരി)

Published on 14 August, 2022
സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ..( ലേഖനം: നൈന മണ്ണഞ്ചേരി)

രാജ്യം സ്വാനന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം അഭിമാനപൂർവ്വം ആഘോഷിക്കുന്ന വേളയിൽ അതിലേറെ അഭിമാനത്തോടെ നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന നാമമാണല്ലോ നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രപിതാവ് മഹാത്മജിയുടെത്.’’ഗിരിനിരകളോളം പഴക്കമുള്ള സത്യവും അഹിംസയുമല്ലാതെ പുതുതായൊന്നും എനിക്ക് ലോകത്തെ പഠിപ്പിക്കുവാനില്ല’’ എന്ന് പ്രഖ്യാപിക്കുകയും പ്രചരിപ്പിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്ത ബാപ്പുജിയാവണം എന്നും നമ്മുടെ മാതൃക.

മഹാത്മജിയുടെ ഏറ്റവും ഉദാത്ത മാതൃക നമുക്ക് കാണാൻ കഴിയുന്നത് മതേതരത്വ മൂല്യങ്ങളുടെ സംരക്ഷണത്തിനായി പരിശ്രമിച്ചതിലാണ്.സ്വന്തം മതത്തിൽ വിശ്വസിച്ചതോടൊപ്പം മറ്റു മതങ്ങളുടെ വിശ്വാസങ്ങൾ സംരക്ഷിക്കാൻ ഗാന്ധിജി സ്വന്തം ജീവിതം തന്നെ ബലി നൽകി.സ്വാതന്ത്ര്യത്തിനായുള്ള ധീരമായ പോരാട്ടങ്ങൾ അഹിംസയിലും സമാധാനത്തിലും അധിഷ്ഠിതമായിരിക്കാൻ അദേഹം എപ്പോഴും പ്രത്യേകം ശ്രദ്ധിച്ചു.

രാമനും റഹീമും ഗാന്ധിജിക്ക് ഒരേ പോലെയായിരുന്നു.അതു കൊണ്ട് തന്നെ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ ആഹ്ളാദത്തിലും  ഇന്ത്യാ വിഭജനവും അതു മൂലമുണ്ടായ കലാപങ്ങളും രക്തച്ചൊരിച്ചിലും ആ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി.രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ കലാപകലുഷിതമായ നവഖാലിയിലെ തെരുവുകളിൽ ശാന്തിമന്ത്രങ്ങളുരുവിട്ട് പദയാത്ര നടത്തുകയായിരുന്നു ഗാന്ധിജി.അദ്ദേഹം പകർന്ന മതേതര മൂല്യങ്ങൾ ഇന്നാണ് നമ്മുടെ രാജ്യത്തിന് ഏറ്റവും അത്യാവശ്യം.നിസ്സാരമായ കാര്യങ്ങളുടെ പേരിൽ പോലും കൊല്ലും കൊലയും നടക്കുമ്പോൾ അരുത് എന്ന് പറയാൻ ഒരു ബാപ്പുവിന്റ് സാന്നിദ്ധ്യം നമ്മൾ ആഗ്രഹിച്ചു പോകുന്നു.

‘’ഈശ്വരൻ എനിക്ക് സത്യവും സ്നേഹവുമാണ്.ഈശ്വരൻ സൻമാർഗ്ഗ ചിന്തയും ധർമ്മ ശാസ്ത്രവുമണ്.നിർഭയത്വമാണ്.ഈശ്വരൻ വെളിച്ചത്തിന്റെയും ജീവന്റെയും പ്രഭാവമാണ്.’’ എന്നാണ്

ഈശ്വരനെപ്പറ്റി മഹാത്മജി പറഞ്ഞത്.മതപ്രവാചകരും ബാപ്പുജിയെപ്പോലെയുള്ള മഹാത്മാക്കളും പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കാനും പ്രാവർത്തികമാക്കാനും നമ്മൾ തയ്യാറാകാതതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം.    

 ‘’യഥാർത്ഥ ഭക്തൻ ഒരു ജീവിയേയും വെറുതെ ദ്വേഷിക്കുകയോ  വെറുക്കുകയോ ചെയ്യുന്നില്ല.'’ എന്ന് ഭഗവത്ഗീതയും ‘’എനിക്ക് എന്റെ മതം,നിങ്ങൾക്ക് നിങ്ങളുടെ മതം’’ എന്ന് പ്രഖ്യാപിച്ച ഖുർ‍ആനും ’’’ദൈവം സ്നേഹമാണ്’’ എന്ന വചനത്തിലൂടെ ബൈബിളും പ്രകടമാക്കിയ സൗഹാർദ്ദ സന്ദേശം ഉൾക്കൊള്ളാൻ എല്ലാവരും തയ്യാറാകുന്നില്ല എന്നതാണ് പ്രശ്നം..വർത്തമാന ലോകത്ത് മഹാത്മജിയുടെ വാക്കുകൾ ഏറെ പ്രസക്തമാകുന്നു.’’ജീവിതത്തിൽ മനുഷ്യന്റെ ഏറ്റവും ഉന്നതമായ കടമ മനുഷ്യകുലത്തെ സേവിക്കുകയും അതിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതിൽ തന്റെ പങ്കു വഹിക്കുകയും ചെയ്യുക എന്നതാണ്..ഇതാണ് യഥാർത്ഥ ആരാധന,യഥാർത്ഥ പ്രാർത്ഥന..’’ എന്ന ബാപ്പുജിയുടെ വാക്കുകൾ ഏറെ പ്രസക്തമാണ്..ഗാന്ധിജിയുടെ രാമരാജ്യം രാമൻ മാതമല്ല,റഹീമും കൂടെയുള്ളതായിരുന്നു.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിൽ മഹാത്മജിയുടെ ചിന്തകളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും പ്രചോദനമുൾക്കൊള്ളാനാണ് നാം ശ്രമിക്കേണ്ടത്.അങ്ങനെ ചെയ്തിരുന്നെങ്കിൽ സ്വാന്തന്ത്ര്യപ്രാപ്തിയ്ക്ക് ശേഷമുണ്ടായ ആറായിരത്തിലധികം മതവർഗ്ഗീയലഹളകൾ

ഭാരതത്തിലുണ്ടാവുകയില്ലായിരുന്നു..ആയിരക്കണക്കിനാളുകളുടെ സ്വത്തും മാനവും ജീവനും നഷ്ടമാവുകയില്ലായിരുന്നു.

മഹാത്മജി പറഞ്ഞതു പോലെ കെട്ടിടത്തിന്റെ അടിത്തറ നഷ്ടമായാൽ ആ കെട്ടിടം തകർന്നു വീഴും.അതേ പോലെ ധാർമ്മികത നഷ്ടമായാൽ അതിൻ മേൽ പടുത്തുയർത്തിയിരിക്കുന്ന മതവും തകർന്നു വീഴും.കയ്യിൽ കഠാര മറച്ചു പിടിച്ചു കൊണ്ട് നാം ഈശ്വര നാമം ഉരുവിട്ടാൽ ഈശ്വരൻ ഒരിക്കലും നമ്മുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുകയോ നമ്മെ സഹായിക്കുകയോ ചെയ്യില്ല.

 മഹാത്മജിയുടെ ജീവിതവും ദർശനങ്ങളും മാതൃകയാക്കുക എന്നതാണ് സ്വാതന്ത്ര്യത്തിന്റെ  എഴുപത്തിയഞ്ചാം വാർഷിക വേളയിൽ നമുക്ക് രാഷ്ട്രത്തിനും രാഷ്ട്രപിതാവിനും നൽകാവുന്ന ഏറ്റവും വലിയ ഉപഹാരം.മഹാത്മജിയുടെ ജീവിതവും സന്ദേശവും നമുക്കതിന് പ്രചോദനം നൽകട്ടെ.

English Summary: 75 years of Indian INdependence by Nain Mannanchery

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക