വന്ദേമാതരവും ജനഗണമനയും
മനസ്സിലുണർത്തുന്നത്
സമാനതകളില്ലാത്ത ആർജവം, ഉത്സാഹം.
അഭിമാനത്തോടെ,
ആത്മവീര്യത്തോടെ,
ആദരവോടെ, നമ്മുടെ ദേശീയ പതാകയെ
വന്ദിക്കുമ്പോൾ മനസ്സിൽ
വിരിയുന്നത് പല മോഹമഴവില്ലുകൾ !
ജാതിമത ലിംഗഭേദങ്ങൾക്കും ഭാഷാ ഭേദങ്ങൾക്കും
ഉപരിയായി, ഒരേമനസ്സ്, ഒരേ ജനതയെന്ന ഭാവം ഒരു തരിപോലും ചോരാതെ, ഏവരും കാത്തുസൂക്ഷിച്ചിരുന്നെങ്കിൽ...!
ഇവിടെ ഇഷ്ടാനുസരണം
ചിന്തിക്കാനും പറയാനും കേൾക്കാനും, പ്രവർത്തിക്കാനും, എവിടേക്കും നീങ്ങാനും, എവിടെയും തങ്ങാനും, അധികാരവും അവകാശവും പൂർണമാണ്.
എന്നാൽ, അന്യന്റെ വായമൂടികെട്ടാനോ ,
ചെവികടിച്ചുപറിക്കാനോ , കണ്ണുകെട്ടിക്കാനോ
അന്യന്റെ വഴിമുടക്കിക്കൊണ്ട് അവനവന്റെ വഴിവെട്ടാനോ ആയുള്ള ,
അധികാരത്തിന്റെ ഹൂംകാരങ്ങൾ, അഹംകാരത്തിന്റെ അട്ടഹാസങ്ങൾ, അസഹിഷ്ണുതയുടെ ആക്രോശങ്ങൾ, ഇവകളിൽ നിന്നു കൂടി മുക്തമാകാൻ നമ്മുടെ മനസ്സുകൾക്കായിരു
ന്നെങ്കിൽ !
നഷ്‌ടപ്പെടുമ്പോഴേ നേട്ടത്തിന്റെ വിലയറിയൂ! അല്ലെങ്കിൽ, ഈ
കൊറോണ കാലത്തെ ചെറിയ അടപ്പുകളും തളപ്പുകളും മറകളും പോലും ,
എത്രത്തോളം അസ്വാതന്ത്ര്യകരമാകുന്നുവെന്നത് നമ്മൾ അറിഞ്ഞതല്ലേ? എന്നിട്ടും പഠിക്കാൻ വെളിച്ചം പോരെന്ന അവസ്ഥയോ? അവനവന്റെ സ്വാതന്ത്ര്യം അന്യന്റേത്
തട്ടിപ്പറിച്ചാവരുതെന്ന കാര്യം, ബുദ്ധിയിലുദിക്കാൻ ഇനിയും സമയമായില്ലെന്നോ ??
വേണ്ടെ, നമുക്ക് സുപ്രഭാതങ്ങൾ?
മൂടിക്കെട്ടാത്ത മനസ്സുകൾ?
സ്വാതന്ത്ര്യത്തിന്റെ ഓരോ ആഘോഷാവസരവും നമ്മുടെ കടമകളുടെ ഉണർത്തു ചടങ്ങുകളുമാവേണ്ട കാലം വൈകി !
സ്വതന്ത്രമാക്കാം, നമ്മുടെ മനസ്സിനെയും ജാതി, മത, ലിംഗ ഭാഷാ,മദ, മാത്സര്യങ്ങളിൽ നിന്നും!!
നമ്മുടെ രാഷ്ട്രത്തിനും ജനതക്കും,
ശാശ്വതമായ സമാധാനവും സന്തോഷവും ആശംസിച്ചു കൊണ്ട്, ഉച്ചത്തിൽ ഒരു ജയ് ഹിന്ദ് !!