1994 - ലാണ് എ.റഹീം ഗൾഫിലേക്ക് ( സൗദി ) പോയത്. നാട്ടിൽ കൂലിപ്പണികളും മറ്റ് സാധാരണ ജോലികളും ചെയ്തിരുന്ന അദ്ദേഹം അവിടെച്ചെന്ന് 3 മാസം ഒരു കൺസ്ട്രക്ഷൻ കമ്പനിയിലെ ജോലി നോക്കി. ശമ്പളമൊന്നും കിട്ടാൻ തുടങ്ങിയിരുന്നില്ല.
ഒരു ദിവസം റഹീമടക്കമുള്ളതൊഴിലാളികളെയും കയറ്റിപ്പോയ കമ്പനിയുടെ പിക്ക് അപ് വാനിൽ സൗദി പൗരന്റെ കാർ വന്നിടിച്ച് വലിയ അത്യാഹിതമുണ്ടായി. 3 പേർ മരിച്ച ആ അപകടത്തിൽ നിന്നും റഹീം രക്ഷപെട്ടെങ്കിലും നട്ടെല്ലിനേറ്റ പൊട്ടൽ മൂലം കഴിഞ്ഞ 28 വർഷമായി റഹീം കിടക്കയിലാണ്. 5 മാസം സൗദിയിലെ ആശുപത്രി വാസം കഴിഞ്ഞ് നാട്ടിലെത്തിയ റഹീം ചികിൽസിച്ച് ഭേദമാക്കാനാവാത്ത രോഗാവസ്ഥയുമായി മല്ലടിച്ച് നാളിതുവരെയും കഴിഞ്ഞുകൂടുന്നു .
രണ്ട് മൂന്നു പേർ ചേർന്ന് താങ്ങിയെടുത്ത് വീൽചെയറിലിരുത്തിയാൽ നീങ്ങാവുന്ന ഇത്തിരി ദൂരങ്ങളിലേക്ക് റഹീമിന്റെ ജീവിതം ഒതുങ്ങിക്കൂടി.
തിരുവനന്തപുരത്ത് കാട്ടാക്കട പേഴുംമൂട് ആണ് റഹീമിന്റെ താമസം. 85 വയസ്സായ ഉമ്മയും ചേച്ചിയും ദൈന്യങ്ങളെല്ലാമറിഞ്ഞ് റഹീമിന്റെ ജീവിതം കൈയിലേറ്റ ഭാര്യ റംലത്തും ചേർന്ന കുടുംബത്തിന്റെ നാഥനാണ് അൻപതുകാരനായ റഹീം.
ആജീവനാന്ത വീൽച്ചെയർ രോഗികൾക്കായ് തിരുവനന്തപുരത്തുള്ള A K W R F എന്ന സംഘടനയാണ് കുട, പേന , മറ്റ് കൗതുകവസ്തുക്കൾ തുടങ്ങിയവയുടെ നിർമ്മിതിയിൽ പരിശീലനം നൽകാൻ സഹായം നീട്ടിയത്.അത് റഹീമിനും ജീവനോപാധിയാകുന്നു.
ആറ് വർഷങ്ങളായി റഹീം വീട്ടിലിരുന്ന് കുടകളുണ്ടാക്കാൻ തുടങ്ങിയിട്ട്. ഉമ്മയും രണ്ട് സഹോദരിമാരും ഭാര്യയും കുട നിർമ്മാണത്തിന് കൂട്ടുണ്ട്.
മികച്ച കമ്പനികളിൽ നിന്നും കുടകൾ ഉണ്ടാക്കുന്നതിനാവശ്യമായ കിറ്റുകൾ വാങ്ങി കൂട്ടിച്ചേർക്കുന്നതാണ് റഹീമിന്റെ കുടകൾ. വിവിധ നിറങ്ങളിലുള്ള മടക്കു കുട , കുഞ്ഞിക്കുടകൾ , കാലൻകുട തുടങ്ങി പുറത്തു കിട്ടുന്ന ഏത് തരം കുടകളും റഹീം നിർമ്മിച്ചു നൽകും. പേന നിർമ്മാണവുമുണ്ട്.
നിർമ്മാണ സാമഗ്രികൾ മൊത്തമായെടുത്ത് ഏറെ കുടകൾ ഉണ്ടാക്കി വച്ച് അത് വിറ്റുപോയാൽ റഹീമിന്റെയും കുടുംബത്തിന്റെയും ജീവിതത്തിനത് വലിയ താങ്ങാകും. പക്ഷേ, ഒരു കിടപ്പു രോഗി ക്കുണ്ടാകുന്ന ശാരീരികമായ വിഷമങ്ങൾക്കും പ്രയാസങ്ങൾക്കും പിന്നിലെ പണം മുടക്കും അതിലെ ക്ലേശങ്ങളുമൊക്കെയാണ് റഹീം നേരിടേണ്ട മറ്റ് പ്രശ്നങ്ങൾ.
കുട വ്യാപാരം സീസണൽ ബിസിനസ് ആണെന്ന് ഏവർക്കുമറിയാം. വലിയ കമ്പനികൾക്കുപോലും മെയ് ,ജൂൺ മാസങ്ങളിലെ മഴയും സ്കൂൾ തുറപ്പുമാണ് സാധ്യതയേറ്റുന്നത്.
സാമ്പത്തിക പരിമിതികൾ കൊണ്ട് ,
റഹീം 50 - 100 കുട നിർമ്മാണക്കിറ്റുകൾ വാങ്ങിച്ചാലായി.
അത് ഉണ്ടാക്കി വിറ്റാലേ അടുത്തത് വാങ്ങാൻ പറ്റൂ.. കുടുംബം മുഴുവൻ ചേർന്നാൽ ദിവസവും 30 കുട വരെ ഉണ്ടാക്കാം. പക്ഷേ അത്രയ്ക്ക് കിറ്റുകൾ ആദ്യം വാങ്ങിവെക്കാൻ പറ്റാത്തതിനാൽ പിന്നീട് ചെല്ലുമ്പോൾ കമ്പനികളിൽ നിർമ്മാണക്കിറ്റ് തീർന്നിട്ടുണ്ടാവും. അതാണ് റഹീമിന്റെ ഏറ്റം വലിയ പ്രശ്നം.
ആദ്യമൊക്കെ പരിചയക്കാർ വഴിയായിരുന്നു റഹീം കുടകൾ വിറ്റിരുന്നത്.
സോഷ്യൽ മീഡിയ സജീവമായതോടെ ഫേസ്ബുക് പോസ്റ്റിലൂടെ റഹീമിന്റെ അഭ്യർത്ഥനയെത്തും.ത്രീ ഫോൾഡ്,കളർ,ബ്ലാക്ക് ,പ്രിന്റ്, കുട്ടികൾക്കുള്ള ടൂ ഫോൾഡ് .5 ഫോൾഡ്, മൂന്നുതരം കാലൻ കുടകൾ , ഡിസൈൻ കുടകൾ ആവശ്യാനുസരണം നിർമ്മിച്ചു നൽകുന്നു.
ഇത്തവണ കിറ്റുകൾ വാങ്ങിവെക്കാൻ കഴിയാത്ത വിധം പൈസയ്ക്ക് ബുദ്ധിമുട്ടായി. അതുകൊണ്ട് വിൽപനക്കാര്യം പറഞ്ഞ് FB യിലെഴുതാൻ കഴിഞ്ഞില്ല. പ്രതീക്ഷിക്കാതെ, നേരത്തെയെത്തിയ മഴയും നിലതെറ്റിച്ചു.
ഹതഭാഗ്യരുടെ ജീവിതം എപ്പോഴും ഞാണിൽമേൽ കളികളാവുന്നു. റഹീമിനും കുടുംബത്തിനും ജീവിക്കാൻ ഇതല്ലാതെ വേറെ വഴികളില്ല.
സഹായം ഏറ്റം ആവശ്യമുള്ള ഈ കുടുംബത്തെ ഓർക്കുവാൻ നമുക്ക് ശ്രമിക്കാം.
വീടിരിക്കുന്നതിന്റെ ഒരു വശത്ത് മുറി കെട്ടി കുട നിർമ്മാണ യൂണിറ്റ് വിപുലപ്പെടുത്തണമെന്നും തന്നെപ്പോലെ ആലംബമറ്റവർക്കും കൂടി തുണയാകണമെന്നും ആശയുണ്ട് റഹീമിന്.
പിന്നെ ഓണമാണ് വരുന്നത്.
വീൽ ചെയറിൽ കഴിയുന്ന 200 പേരോളം വരുന്ന കൂട്ടുകാരുമുണ്ട് റഹീമിന് . സംഘടനയുടെ കുടക്കീഴിൽ അവരെയും കൂട്ടി ഓണമാഘോഷിക്കാനും ആഗ്രഹിക്കുന്നു.
അനാരോഗ്യം മൂലം പണിയെടുത്ത് കഴിയാനാവാതെയായ ഇവർക്ക് സഹായഹസ്തം നീട്ടാൻ നമുക്ക് കഴിയും.
പരിസ്ഥിതി സൗഹൃദ വസ്തുക്കൾ കൊണ്ട് നിർമ്മിച്ച പേനകൾ വാങ്ങിയും സഹായിക്കാം. പേനകളുടെ പുറമെ പരസ്യത്തിനുള്ള സൗകര്യമുണ്ട്. കല്യാണത്തിനും മറ്റും ഒത്തു ചേരുന്നവർക്ക് വധൂവരൻമാരുടെ ചിത്രമടങ്ങിയ പേനകൾ സമ്മാനമായി കൊടുക്കാം.
എല്ലാ ഉപയോഗവും കഴിഞ്ഞ് വലിച്ചെറിയുമ്പഴും റഹീമിന്റെ പേനകൾ ഗുണപ്രദമാക്കുന്നു. ഉള്ളിൽ സൂക്ഷിച്ചിട്ടുള്ള പച്ചക്കറി വിത്തുകൾ പേന എറിയുന്നിടത്ത് കിടന്ന് കിളിർക്കും.
വ്യക്തികൾക്കും സന്നദ്ധ സംഘടനകൾക്കുമൊക്കെ റഹീമിനെയും കുടുംബത്തെയും സഹായിക്കാനാകും. സ്ക്കൂൾ പഠനോപകരണങ്ങൾ കുട്ടികൾക്ക് നൽകുമ്പോൾ അതിൽ റഹീമിന്റെ കുടയും ഉൾപ്പെടുത്താം.
വലിയ ഷോറൂമുകളിൽ കിട്ടുന്ന ഗുണനിലവാരത്തിൽ തന്നെയാണ് റഹീമും കുടകൾ നിർമ്മിക്കുന്നത്.
മഴയത്തും വെയിലത്തും നമുക്ക് ചൂടാൻ കുടകൾ വേണം.
കുടയുടെ ചിന്ത വരുമ്പോൾ റഹീമിനെയും കുടുംബത്തെയും ഓർക്കാം. ഒരു വിളിക്കപ്പുറം നാനാതരം കുടകളുമായി റഹീമുണ്ടാവും .
ആ കുടുംബവും അല്ലലില്ലാതെ ജീവിക്കാൻ അത് മതി.
റഹീമിനെ നേരിട്ട് വിളിക്കാം.
നമ്പർ 91 70 34 50 04 84