MediaAppUSA

പദപ്രശ്‌നങ്ങൾ ( കഥ: പുഷ്പമ്മ ചാണ്ടി )

Published on 17 August, 2022
 പദപ്രശ്‌നങ്ങൾ ( കഥ: പുഷ്പമ്മ ചാണ്ടി )

കുറെ ദിവസങ്ങളായി പദപ്രശ്‌നത്തിൽ ആയിരുന്നു അവൾ . ചിതറിയ അക്ഷരങ്ങൾ ഒന്നാക്കി , ഒരു പദമാക്കാൻ കഷ്ടപ്പെട്ട് , ചിലതിനെ തുറിച്ചു നോക്കി , മനസ്സിൽ വാക്കുകൾ കൂട്ടിച്ചേർത്തു . ഒന്നും പിടികിട്ടാതെ , കുറച്ചു സമയം കണ്ണടച്ചിരിക്കും. രാത്രിയിൽ ഉറക്കത്തിൽ പോലും , പിടികിട്ടാത്ത അക്ഷരക്കൂട്ടം അവളെ നോക്കി പേടിപ്പിച്ചു.  
സമയം പോകാൻ , പിന്നെ ഓർമ്മശക്തി കൂട്ടാൻ പദപ്രശ്‌നം നല്ലതാണെന്നു പറഞ്ഞ കൂട്ടുകാരിയെ മനസ്സിൽ ശപിച്ചു . വല്ലാത്തയൊരു ആസക്തിക്ക് അടിമപ്പെട്ടതു പോലെ . തുടക്കത്തിൽ വാക്കുകൾ വേഗം പിടികിട്ടി . പിന്നെപ്പിന്നെ ചിലതെല്ലാം ഒരു എത്തും പിടിയും കിട്ടാതെ പിണങ്ങി നിന്നു. അക്ഷരങ്ങളുടെ അലങ്കാരപ്പണി നിർത്തി, പുറത്തേക്കു വരണം .

സുഡോക്കു, അക്കങ്ങൾ ആയതു കൊണ്ട് കുറച്ചുകൂടി എളുപ്പമായിരുന്നു .

പെട്ടെന്നാണ് ആരോ കാളിങ് ബെൽ അടിച്ചത് . ശ്രദ്ധ നഷ്ടപ്പെടുത്താനായി 
ഓരോരുത്തർ വരും . 

വാതിൽ തുറന്നപ്പോൾ , ഏകദേശം തന്റെ ഒപ്പം പ്രായം തോന്നിപ്പിക്കുന്ന ഒരു സ്ത്രീ .

ചിരിച്ചുകൊണ്ടവർ പറഞ്ഞു 
" അടുത്ത ഫ്‌ളാറ്റിൽ പുതിയതായി താമസം തുടങ്ങി ഞങ്ങൾ " 
ഹൃദയം തുറക്കാതെ ഒരു ചിരികൊണ്ടവരെ അകത്തേക്ക് ക്ഷണിച്ചു .
വാച്ച്മാൻ ആണ് പറഞ്ഞത് , പകൽ നിങ്ങൾ മാത്രമേ ഇവിടെ കാണു എന്ന് .

അതെ ജോലിക്കു പോകാത്തത് ഇവിടെ  ഞാൻ മാത്രമേ ഉള്ളു .

കുറെ സമയം അവരുമായി സംസാരിച്ചിരുന്നു  . പേര് ലീന , 
മകന്‌ ഇവിടെ ജോലിയായി . അവന്റെ കല്യാണം കഴിഞ്ഞിട്ടില്ല . 'അമ്മ കൂടെ വേണം എന്ന് അവനു നിർബന്ധം , നാട്ടിലെ വീട്പൂട്ടി അവന്റെ കൂടെ വന്നു .
അവിടെ  വീട്ടിൽ ആരും ഇല്ല , ഞാനും അവനും മാത്രം ..
ഭർത്താവ് , മരിച്ചുപോയോ ? 

അവർ അലസമായി ഒന്നു മൂളി .

കൂടുതലും അവരെക്കുറിച്ചാണ് സംസാരിച്ചത് . 

എന്നാലും 
അവരുടെ വരവ് അവളെ സന്തോഷിപ്പിച്ചു . പള്ളിയിൽ പോകാൻ ഒരു കൂട്ടായി , ഒന്നിച്ച് നടക്കാനും പോകാം .

ലീനയുടെ സംസാരം കേട്ടിരിക്കാൻ നല്ല രസം തോന്നി . മലയാള ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിവുള്ള ഒരാളാണെന്ന് തോന്നും വിധമായിരുന്നു അവരുടെ സംഭാഷണം .

മലയാളം ടീച്ചർ ആയിരുന്നു എന്ന് ..! വെറുതെയല്ല ഇത്രയും നന്നായി വാക്കുകൾ ഉപയോഗിക്കുന്നത് 

പ്രശസ്ത എഴുത്തുകാരന്റെ സഹധർമ്മിണി ആയിരുന്നിട്ടും തനിക്കു ലീനയെപ്പോലെ മലയാളം കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ലല്ലോ എന്നോർത്ത് കുറച്ചു വിഷമം തോന്നി .
അവര് മലയാളം അധ്യാപിക , താനോ ഗണിതശാസ്ത്രം കൈകാര്യം ചെയ്യുന്നവൾ.

അലമാരയിലെ പുസ്തകങ്ങൾ അവർ എഴുനേറ്റുപോയി നോക്കി .
ആവശ്യം ഉള്ളത് എടുക്കാം കേട്ടോ ..അവൾ പറഞ്ഞു.

ഇതെല്ലം തന്നെ ഞാൻ വായിച്ചതാണ് .

തൻ്റേയും ഭർത്താവിന്റെയും ഒന്നിച്ചുള്ള ഫോട്ടോ അവർ ഒരു നിമിഷം നോക്കിയിട്ടു കണ്ണുകൾ എടുത്തു .

അദ്ദേഹം പോയിട്ട് പത്തു വർഷം കഴിഞ്ഞു .
അറിയാം .. എന്നവർ മെല്ലെ ഉത്തരം പറഞ്ഞു .

സത്യം , അദ്ദേഹത്തെ അറിയാത്ത മലയാളം വായിക്കുന്നവർ കുറവായിരിക്കും . 
മുപ്പതിൽപരം പുസ്തകങ്ങൾ എഴുതിയ പ്രസിദ്ധനായ എഴുത്തുകാരൻ .!

എന്നാലും താൻ അവയിൽ വായിച്ചത് ഒന്നോ , രണ്ടോ .

അതൊരു കുറവായി അദ്ദേഹം പറഞ്ഞിട്ടില്ല . ഓരോരുത്തർക്കും ഓരോ താല്പര്യങ്ങൾ .

കാപ്പി ഉണ്ടാക്കാൻ അടുക്കളയിലേക്കു പോയപ്പോൾ അവരും കൂടെ വന്നു .
ആ ഫ്ലാറ്റിന്റെ മുക്കും , മൂലയും , അവർ പഠിക്കുന്നതു പോലെ തോന്നി . അതിൽ എന്തോ ഒരു അസ്വസ്ഥത. അത് പുറമെ കാണിക്കാതെ  അവരോടൊപ്പം അവൾ കാപ്പികുടിച്ചു .

അവർ , പിരിയുമ്പോൾ ,
പിന്നെ കാണാം അക്കു .. എന്നു പറഞ്ഞത് അക്ഷരാർത്ഥത്തിൽ അവളെ ഞെട്ടിച്ചുകളഞ്ഞു . തനിക്കങ്ങനെ ഒരു വിളിപ്പേര് ഉണ്ടായിരുന്നതു പോലും അവൾ മറന്നു പോയി .

തന്നെ ആ  പേര് വിളിച്ചയാൾ പോയിട്ട് പത്തു വർഷം .. 
ഇവരിത് എങ്ങനെയറിഞ്ഞു ..!

ചോദിക്കാൻ തുടങ്ങുന്നതിനു മുൻപേ അവർ ലിഫ്റ്റിൽ കയറിപ്പോയി.

മനസ്സ് വല്ലാതെ അസ്വസ്ഥമായി . 

ഇവർക്ക് എന്നെ അറിയാമോ , അതോ അദ്ദേഹത്തെയാണോ ഇവർ അറിയുന്നത് .. !

പൂരിപ്പിക്കാൻ സാധിക്കാത്ത ഒരു പദപ്രശ്‌നം പോലെ തോന്നി അവരുടെ വരവും , പോക്കും .

ക്ഷമ നശിച്ചപോലെ , സമാധാനം പോയതു പോലെ . 

വൈകുന്നേരം വാച്ച്മാനെ വിളിച്ച് അവരുടെ ഫ്ലാറ്റ് നമ്പർ ചോദിച്ചു . 

അവിടെച്ചെന്ന്
ബെല്ലടിച്ചപ്പോൾ വാതിൽ തുറന്നത് അവരുടെ മകൻ . 

ഒരു നാല്പതു വർഷം മുൻപേ കണ്ട അദ്ദേഹം മുന്നിൽ വന്നപോലെ . 

ഉള്ളിലുണരുന്ന നടുക്കങ്ങൾ പുറത്തു കാണിക്കാതെ ,
ഒരു വാക്കു പോലും പറയാതെ തിരികെ ലിഫ്റ്റിൽ കയറുമ്പോൾ കരച്ചിലല്ല വന്നത് .. 

പറഞ്ഞറിയിക്കാൻ കഴിയാത്ത , എഴുത്തുകാർ പറയുന്നതു പോലെ, പറഞ്ഞറിയിക്കാൻ സാധിക്കാത്ത എന്തൊക്കെയോ വികാരങ്ങൾ !

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക