Image

ആദ്യത്തെ ഖബർ ( കവിത : ഷലീർ അലി )

Published on 19 August, 2022
ആദ്യത്തെ ഖബർ ( കവിത : ഷലീർ അലി )

നമ്മൾ അവസാനിച്ചു
കൊണ്ടിരിക്കുകയാണ്
എന്നു ഞാൻ പറഞ്ഞാൽ 
മറുത്തു വല്ലതും തോന്നുമോ

ഞാനും നീയും 
നമ്മളായിരുന്ന കാലത്തെ 
കുറെ ഓർമ്മകൾ മാത്രമായിത്തീരാൻ
പോവുകയാണെന്നു പറഞ്ഞാൽ ?

നിനക്കറിയാമോ

ഞാൻ നീയില്ലായ്മയിൽ 
ചിരിക്കാൻ പഠിച്ചു
എനിക്കിപ്പോ 
കരയാതിരിക്കാൻ കഴിയുന്നുണ്ട്
ചങ്ക് വരളുന്നത് മാത്രമേ  
മുറിവ് വിള്ളുന്ന വേദനയായുള്ളൂ

അതും അതിജീവിക്കും..

ഇനി വേണ്ടത്.. 
ഓർമ്മകളുടെ വേട്ടയാടലിൽ നിന്ന്
ഒഴിഞ്ഞു മാറാനുള്ള 
മെയ് വഴക്കമാണ്

കൈകോർത്തു പിടിച്ച
കടൽ തീരങ്ങളിൽ നിന്ന്
ബസ്സുകളിൽ 
റോഡുകളിൽ 
ഇന്റർസിറ്റിയുടെ
ആളൊഴിഞ്ഞ കമ്പാർട്ട്‌മെന്റിലെ
മുഖാമുഖമിരിക്കുന്ന 
വിൻഡോ സീറ്റുകളിൽ 
അങ്ങനെയങ്ങനെ 
നമ്മളുണ്ടായിരുന്ന
ഇടങ്ങളിൽ നിന്നൊക്കെയും
ഒളിച്ചു നടക്കുകയെ വേണ്ടൂ

അവിടെയും 
ഞാനെന്നെ ജയിക്കും
നീയെന്റെ 
ചെകുത്താൻ കുന്നുകളിൽ നിന്ന്
പറക്കാൻ തുടങ്ങുന്നതെനിക്ക് കാണാം
നീ ചെന്നിറങ്ങുന്ന 
പ്രശാന്ത സുന്ദരമായ താഴ്വാരവും
ഞാനിപ്പോൾ സ്വപ്നം കാണാറുണ്ട്

നീ ആഗ്രഹിക്കുന്ന ശാന്തത..
നിന്നെ തലോടുന്ന മൗനം..
നിന്നെ പുതക്കുന്ന പ്രണയം
നിന്റെ ചിരികളിലേക്ക്  
കണ്ണിറുക്കി വിരിയുന്ന 
പ്രണയാർദ്രമായ 
രണ്ടു നുണക്കുഴികൾ
നീ.... നിന്റെ... സ്വർഗ്ഗം..

നീ തൊട്ടിടങ്ങൾ നീയില്ലായ്മകളിൽ

ഓർമ്മഗർഭങ്ങളെ ചുമക്കാതിരിക്കാൻ
ഇനിയെനിക്കെന്റെ നീളൻ മുടിയിൽ 
ജഡ തീർത്തു നടക്കണം
നെഞ്ചിലെ രോമക്കാടിന്‌ തീയിടണം,

പതിയെ പതിയെ.. 
ഈ കാറ്റില്ലാ കാട്ടിൽ നിന്നുള്ള 
പാതിരാ കൂവലുകളും 
നിലയ്ക്കുന്നത് വരെ നീ 
ക്ഷമയോടെ കാത്തിരിക്കുക
ഇത് അസ്തമയമാണ്
നിന്റെ 
പുത്തനുദയത്തിന് മുൻപുള്ള 
എന്റെ  വഴിയൊഴിലാണ്

ഒടുവിലായെന്നെ
കാണാൻ വരുമ്പഴും
എന്റെ ഹൃദയമുണ്ടായിരുന്ന 
ഇടതു ഭാഗത്ത് കൈ വെച്ചു 
നിനക്കു പറയാം
ഇവിടെയാണെന്റെ 
ആദ്യത്തെ ഖബറെന്ന്...!

                                 POEM - AADYATHE GHABAR - SHALEER  ALI

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക