Image

ന്നാ നീ പോയി കേസ് കൊട് : ഒരുപാട് കാര്യം ബോദ്ധ്യപ്പെടുത്തിയ ഒരു പരസ്യം (ബ്ലെസന്‍ ഹ്യൂസ്റ്റന്‍)

Published on 19 August, 2022
ന്നാ  നീ പോയി കേസ് കൊട് :  ഒരുപാട് കാര്യം ബോദ്ധ്യപ്പെടുത്തിയ ഒരു പരസ്യം  (ബ്ലെസന്‍ ഹ്യൂസ്റ്റന്‍)

കാലത്തിനു മുന്‍പെ പ്രവചിച്ച സിനിമകള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. കാലഘട്ടത്തിലെ സംഭവവികാസങ്ങളും രാഷ്ട്രീയ സാമൂഹിക വിഷയങ്ങളും തുറന്നുകാട്ടിയ സിനിമകളും മലയാള സിനിമയിലുണ്ടായിട്ടുണ്ട്. ജനങ്ങള്‍ നേരിടുന്ന ആനുകാലിക വിഷയങ്ങള്‍ ഇതിവൃത്തങ്ങളായ എത്രയോ സിനിമകള്‍ മലയാളക്കരയുടെ തീയറ്ററുകളില്‍ നിറഞ്ഞാടിയിട്ടുണ്ട്. മദ്യദുരന്തത്തിന്റെ കഥ ഇതിവൃത്തമായ 'ഈ നാട്', അണികളെക്കൊണ്ട് കൊല്ലും കൊലയും നടത്തി അവരെ അക്രമത്തിന് ആഹ്വാനമിട്ടിട്ട് പാര്‍ട്ടി ഓഫീസിലെ മുറിയില്‍ സുഖിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന നേതാക്കളുടെ കഥ തുറന്നു കാട്ടിയ 'സന്ദേശം'. കാലത്തിനനുസരിച്ച് മാറാത്ത പ്രത്യയശാസ്ത്രത്തില്‍ തളച്ചിട്ട് അണികളെക്കൊണ്ട് അധികാരത്തില്‍ കയറി അഴമിതിയും വിദേശ നിക്ഷേപത്തിന്റെ പേരില്‍ ഗള്‍ഫ് നാടുകളില്‍ പോയി അനധികൃത നിക്ഷേപം നടത്തി സ്വന്തം കീശ വീര്‍പ്പിച്ച് ഭരണം നടത്തുന്ന സഖാക്കളുടെ കഥ പറയുന്ന 'അറബിക്കഥ'യുമൊക്കെ അതിലെ ചില ചലച്ചിത്രങ്ങള്‍ മാത്രമാണ്. അങ്ങനെ എത്രയെത്ര ചലച്ചിത്രങ്ങള്‍ കേരളത്തില്‍ ആനുകാലിക സംഭവവികാസങ്ങള്‍ തുറന്നു കാട്ടിയിട്ടുണ്ട്.

ചില സിനിമകളുടെ ഇതിവൃത്തങ്ങള്‍ വിവാദങ്ങളാകുകയും എതിര്‍പ്പുകള്‍ക്ക് കാരണമാകുകയും ചെയ്തിട്ടുണ്ട്. അതിലൊരു സിനിമയായിരുന്നു പൊന്‍മുട്ടയിടുന്ന താറാവ് എന്ന ശ്രീനിവാസന്‍ സിനിമ. പൊന്‍മുട്ടയിടുന്ന തട്ടാന്‍ എന്നായിരുന്നു അതിന്റെ ആദ്യ പേരെങ്കിലും തട്ടാന്‍മാരെ അവഹേളിക്കുന്ന സിനിമയെന്ന് ആ തൊഴില്‍ ചെയ്യുന്നവര്‍ എതിര്‍പ്പുമായി രംഗത്തു വന്നതോടെയാണ് പേര് മാറ്റുകയുണ്ടായത്.

എന്നാല്‍ ഒരു സിനിമയുടെ പരസ്യത്തിന്റെ പേരില്‍ ഇത്രയധികം വിവാദമുണ്ടാകുന്നത് ഇതാദ്യമാണ്. മലയാള സിനിമയില്‍ ന്നാ നീ പോയ് കേസ്സുകൊടുക്കെന്ന കുഞ്ചാക്കോ ബോബന്‍ സിനിമയുടെ പരസ്യവാചകത്തില്‍ പറയുന്ന ഒരു ഡയലോഗാണ് അത്തരമൊരു വിവാദമുണ്ടാകാന്‍ കാരണം. റോഡില്‍ കുണ്ടും കുഴിയുമുണ്ട് എന്നാലും സിനിമ കാണാന്‍ തീയറ്ററില്‍ വരണമെന്ന് ആഹ്വാനം നല്‍കുന്നതാണ് പരസ്യവാചകം. സി.പി.എം. നേതൃത്വം നല്‍കുന്ന ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്ക് ആ വാചകം അത്രയ്ക്കങ്ങ് രസിച്ചില്ല. പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്യുന്ന പാര്‍ട്ടിക്കും ഭരണത്തിലിരിക്കുന്നവര്‍ക്കും ആ വാചകം തങ്ങളെ നോക്കി കൊഞ്ഞനം കാണിക്കുന്ന പ്രതീതി ഉണ്ടായിയെന്ന് തോന്നിപ്പോയി. പണ്ടെ ദുര്‍ബല പിന്നിപ്പോള്‍ ഗര്‍ഭിണിയെന്നു പറയുന്നതോ, ഇടിവെട്ടിയവന്റെ കാലില്‍ പാമ്പ് കടിച്ചെന്ന് പറയുന്നതോ പോലെയായി അവര്‍ക്ക് ആ വാചകം.

മഴക്കാലമായതോടെ കേരളത്തിലെ റോഡുകളെല്ലാം കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. അതിശക്തമായ മഴയുണ്ടാകുമ്പോള്‍ റോഡില്‍ വെള്ളം കയറി കുഴികള്‍ കാണാത്ത അവസ്ഥയാണ്. ഇതുമൂലം ഇരുചക്രവാഹനങ്ങളില്‍ പോകുന്നവര്‍ ഈ കുഴിയില്‍ വീണ് അപകടത്തില്‍പ്പെടാറുണ്ട് പലപ്പോഴും. ഓട്ടോറിക്ഷ ടെമ്പോ വാന്‍ തുടങ്ങിയ വാഹനങ്ങള്‍പ്പോലും ഈ കുഴിയില്‍ വീണ് അപകടങ്ങള്‍ സംഭവിക്കാറുണ്ട്. കാല്‍നടയാത്രക്കാരുടെ അവസ്ഥയും ഇതില്‍ നിന്ന് വിഭിന്നമല്ല. കുണ്ടും കുഴിയും നികത്താതെ അപകടങ്ങള്‍ നിത്യസംഭവങ്ങളാകുകയും പൊതുമരാമത്ത് വകുപ്പ് നിസംഗത പുലര്‍ത്തുകയും ചെയ്യുന്നതോടെ ജനങ്ങള്‍ എതിര്‍പ്പുമായി രംഗത്തു വരികയുണ്ടായി. അവരോടൊപ്പം പ്രതിപക്ഷ മുന്നണി നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സും രഗത്തു വന്നതോടെ സര്‍ക്കാരും പൊതുമരാമത്ത് വകുപ്പും സത്യത്തില്‍ പ്രതിരോധത്തിലായി.

റോഡിലെ കുണ്ടും കുഴിയും വലുതാകുകയും ആഴമുള്ളതായതോടെ ജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കാനും അതിനെ കളിയാക്കാനും രംഗത്തു വരികയുണ്ടായി. റോഡിന്റെ നടുവിലെ വിസ്തീര്‍ണ്ണമായ വെള്ളം നിറഞ്ഞ കുഴിയില്‍ ഇറങ്ങി കുളിച്ച് പരിഹസിച്ച യുവാവിന്റെ വീഡിയോ ഏറെ ജനശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. ഒരു റോഡിന്റെ കുഴിയില്‍ താറാവ് നീന്തുന്നത് മനോരമയുടെ പേജിലെ വീഡിയോയില്‍ കൂടി കാണിക്കുകയുണ്ടായി.

സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്നുയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കേരളത്തിലെ റോഡുകള്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലാണ് കേരളത്തിന്റെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍പോലും എത്രയോ മികച്ച റോഡുകള്‍ ഉണ്ടെന്ന് അവിടെ സഞ്ചരിക്കുന്ന ആര്‍ക്കും മനസ്സിലാകും. കേരളത്തിലെ ഹൈവേകളേക്കാള്‍ എത്രയോ മികച്ചതാണ് കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലെ ഹൈവേകള്‍. അവിടെയൊക്കെയുള്ള ഗ്രാമപ്രദേശങ്ങളിലെ റോഡുകള്‍ പോലും കേരളത്തിലെ റോഡുകളേക്കാള്‍ എത്രയോ ഭേദപ്പെട്ടവയാണ്.

ഇന്ന് കേരളത്തിലെ റോഡുകളില്‍ക്കൂടി സഞ്ചരിക്കാന്‍ മന്ത്രിമാര്‍പോലും ഭയക്കുന്നു. എത്ര മന്ത്രിമാരാണ് കേരളത്തിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ക്കൂടി സഞ്ചരിക്കുന്നത്. മന്തിരമാര്‍ മാത്രമല്ല രാഷ്ട്രീയ നേതാക്കള്‍ക്കും അതേ അവസ്ഥയാണ്. അവരും ഈ റോഡുകളില്‍ കൂടിയുള്ള യാത്ര ഭയക്കുന്നു. അതുകൊണ്ടാണ് കെ-റെയിലും കെ ഫ്‌ളൈറ്റുമൊക്കെ അതിവേഗം നടപ്പാക്കണമെന്ന് ഭരണകൂടം ആവശ്യപ്പെടുന്നത്. അതാകുമ്പോള്‍ ദുഷ്‌ക്കരമായ റോഡുകള്‍ ഒഴിവാക്കാമല്ലോ. തിരുവനന്തപുരം, കണ്ണൂര്‍ വിമാന സര്‍വ്വീസില്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്നത് മന്ത്രിമാരും രാഷ്ട്രീയക്കാരുമാണെന്നത് ഇതിന്റെ ഉദാഹരണമാണ്. മന്ത്രിമാര്‍പ്പോലും സൂം മീറ്റിംഗുകള്‍ ഇഷ്ടപ്പെടുന്നുയെന്നത് ഈ അടുത്തകാലത്ത് വന്ന ഒരു റിപ്പോര്‍ട്ടിലാണ് ഈ വാര്‍ത്ത കണ്ടത്.

കേരളത്തിലെ ഈ റോഡുകളുടെ അവസ്ഥയ്ക്ക് കാരണം എന്താണ് ആരാണ്. ഭരണവര്‍ഗ്ഗത്തിന്റെ കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥരുടെ അനാസ്ഥയും അലംഭാവവും പൊതുമരാമത്ത് എന്ന ശക്തമായ വകുപ്പ് തന്നെ കേരളത്തിലുണ്ട്. മന്ത്രിസഭ രൂപീകരിക്കുമ്പോള്‍ ഏറ്റവും മുന്‍ഗണന നല്‍കുന്നത് പൊതുമാരമത്തിനും റവന്യു വകുപ്പിനും എക്‌സൈസിനുമാണ്. മുന്നണികളും എം.എല്‍.എ. മാരും നോട്ടമിടുന്നതും ഈ വകുപ്പില്‍ തന്നെ. കാരണം അതൊരു പണം കായ്ക്കുന്ന മരം തന്നെയാണ്. റോഡും കലിങ്കുമായി കോടികള്‍ ടെണ്ടര്‍ നല്‍കുന്ന വകുപ്പാണ് പൊതുമരാമത്ത്. പട്ടയമെന്ന പണപ്പെട്ടിയായിരുന്നു റവന്യു വകുപ്പെങ്കില്‍ അബ്കാരിയെന്ന പണച്ചാക്കായിരുന്നു എക്‌സൈസ്. എന്നാല്‍ ചാരായ നിരോധനത്തില്‍ കൂടി എക്‌സൈസും പട്ടയ വിപ്ലവ അഴിമതി പുറത്തായതോടെ റവന്യു വകുപ്പിനും പഴയ പ്രതാപമില്ലെങ്കിലും ഇന്നും പണം കായ്ക്കുന്ന മരം തന്നെയാണ് പൊതുമരാമത്ത്. അത് വിട്ടുകൊടുക്കാന്‍ മുന്നണി നേതൃത്വം നല്‍കുന്നവരാരും തയ്യാറല്ല. വകുപ്പ് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും പണം കൊയ്യുന്ന പാടമായിരുന്നിട്ടും പൊതുമരാമത്ത് എന്ന വകുപ്പ് ഏറ്റവും കെടുകാര്യസ്ഥതയും അലംഭാവത്തിന്റെയും ഇടമായി മാറുന്നതെന്തുകൊണ്ട്. കാട്ടിലെ തടി തേവരുടെയാനയെന്നതാണ് അതിനുള്ള കാരണം. അഴിമതിയുടെയും അലസതയുടെയും വകുപ്പില്‍ ഏറെയും അതിനൊത്ത വെള്ളാനകളായ ഉദ്യോഗസ്ഥരാണ്. മന്ത്രി വകുപ്പിന്റെ തലപ്പത്തുണ്ടെങ്കിലും ഭരിക്കുന്നത് ഐ.എ.എസ്സുകാരായ സെക്രട്ടറിമാരാണ്. ഒപ്പം തലപ്പത്തുള്ള എഞ്ചിനീയര്‍മാരും. മേലെ തട്ടു മുതല്‍ താഴെ തട്ടുവരെയുള്ളവരെല്ലാം അങ്ങനെ തന്നെ.

ടെണ്ടര്‍ തുകയില്‍ മുക്കാല്‍ ഭാഗവും ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും കൈയ്യില്‍ പോകും. പിന്നെയുള്ള തുകയാണ് റോഡു പണികള്‍ക്കും മറ്റുമായി ഉപയോഗിക്കുന്നത്. മാജിക്കു കാരനെപ്പോലെയാണ് കരാറുകാരന്‍ കേരളത്തിലെ റോഡുകള്‍ പണിയുന്നത്. ആത്മാര്‍ത്ഥയും സത്യസന്ധവുമായി ആരെങ്കിലും കരാറുപണിക്ക് വന്നാല്‍ അവന്‍ ആത്മഹത്യ ചെയ്തിരിക്കും. അല്ലെങ്കില്‍ ചെയ്യിപ്പിച്ചിരിക്കും. എം.സി. റോഡ് കോണ്‍ട്രാക്ട് എടുത്ത മലേഷ്യന്‍ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥന്റെ അവസ്ഥ അതിനുദാഹരണമാണ്. പൊതുമരാമത്തിലെ അഴിമതിയുടെ കെടുകാര്യസ്ഥതയുടെയും കള്ളത്തരങ്ങളുടെയും കഥ പറയുന്ന സിനിമയാണ് വെള്ളാനകളുടെ നാട് എന്നത്. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയും അഴിമതി നിറഞ്ഞ പ്രവര്‍ത്തികളും കാരണം അദ്ദേഹത്തിന് തന്റെ ജീവന്‍ തന്നെ ബലികഴിക്കേണ്ടി വന്നു. അന്ന് അതിന്റെ വകുപ്പ് സെക്രട്ടറിയായിരുന്ന ടി.ഒ. സൂരജിനെ പിന്നീട് അഴിമതിക്കും അനധികൃത സ്വത്ത് സമ്പാദനത്തിനുമായി അറസ്റ്റ് ചെയ്യുകയുമുണ്ടായി. അങ്ങനെയെത്രയോ സംഭവങ്ങള്‍.

എന്നിട്ടും എന്നെ അടിക്കണ്ടാ അമ്മാവ ഞാന്‍ നന്നാവില്ലായെന്നതാണ് പൊതുമരാമത്ത് വകുപ്പിന്റെ ചിന്ത. സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ തുറന്നു പറഞ്ഞതാണ് അവിടെ നടക്കുന്ന വികസന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിട്ടും മാറിയില്ല. മാറുകയുമില്ല. റോഡു നന്നാക്കാത്തത് പണമില്ലാത്തതുകൊണ്ടാണെന്ന് മന്ത്രി പറയുമ്പോള്‍
പണമുണ്ടായാലും ഞങ്ങള്‍ക്കിഷ്ടമുള്ളത് ഞങ്ങള്‍ ചെയ്യുമെന്നാണ് ഉദ്യോഗസ്ഥരുടെ മനോഭാവം.

കുഞ്ചാക്കോ ബോബന്‍ അറിഞ്ഞോ അറിയാതെയോ പറഞ്ഞത് കേരള ജനത മൊത്തത്തില്‍ കേട്ടു. അത് കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു. മൂടും താങ്ങി നില്‍ക്കുന്നവര്‍ക്ക് അത് രസിച്ചില്ലെങ്കിലും ജനത്തിന് അത് രസിക്കുക തന്നെയുണ്ടായി എന്നു തന്നെ പറയാം. നാടിന്റെ നീറുന്ന പ്രശ്‌നങ്ങള്‍ രാഷ്ട്രീയം നോക്കി മാത്രം പ്രതികരിക്കുന്ന ജോജുമാരും ജയസൂര്യമാരുമുള്ള നാട്ടില്‍ കുഞ്ചാക്കോ ബോബന്‍ വേറിട്ടു നില്‍ക്കുന്നു. അതുകൊണ്ട് പ്രയോജനമില്ലെങ്കിലും അത്രയെങ്കിലുമായല്ലോയെന്ന് ആശ്വസിക്കാം. ഇതൊരു തുടക്കമാകട്ടെ. ഇങ്ങനെയുള്ള പരസ്യങ്ങള്‍.

ബ്ലെസന്‍ ഹ്യൂസ്റ്റന്‍ : blessonhouston@gmail.com

Join WhatsApp News
Jacob John 2022-08-20 12:42:40
Very good article, keep going Blessan
Blesson 2022-08-20 23:34:19
Thanks Jacob John
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക