MediaAppUSA

മഴയിൽ ഒരു മാവേലി..(നർമ്മകഥ: നൈന മണ്ണഞ്ചേരി)

Published on 20 August, 2022
മഴയിൽ ഒരു മാവേലി..(നർമ്മകഥ: നൈന മണ്ണഞ്ചേരി)

കഴിഞ്ഞ രണ്ടു വർഷമായി പ്രജകളെ നേരിൽ കാണാൻ കഴിയാതെ ആകെ വിഷമത്തിലായിരുന്നു മവേലി തമ്പുരാൻ.കഴിഞ്ഞ തവണ ഗൂഗിൾ മീറ്റു വഴി കുറച്ചു പ്രജകളുമായി സംവദിക്കാൻ കഴിഞ്ഞു,എങ്കിലും പ്രജകളെ നേരിൽ കാണുന്ന ഒരു സുഖം,അതൊന്നു വേറേ തന്നെ.അതു വിചാരിച്ചാണ് പാതാളം മന്ത്രിസഭയുടെ അടിയന്തര യോഗം തമ്പുരാൻ വിളിച്ചു ചേർത്തത്.തമ്പുരാൻ ഇത്തവണയും ഗൂഗിൾ മീറ്റിലൂടെ ചാറ്റിയാൽ മതിയെന്നാണ് പലരും അഭിപ്രയപ്പെട്ടത്.കോവിഡാണേൽ പൂർണ്ണമായി മാറിയിട്ടില്ല.പിന്നെ കുരങ്ങു പനി റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു.ഒടുവിൽ മാവേലിത്തമ്പുരാന്റെ നിർബന്ധത്തിന് വഴങ്ങി കേരളത്തിൽ പോകാൻ അനുവാദം കൊടുത്തപ്പോൾ എല്ലാവരും മാവേലിയെ ഓർമ്മപ്പെടുത്തി.’’പോകുന്നതൊക്കെ കൊള്ളാം,വല്ല കോവിഡോ മറ്റോ പിടിച്ചാൽ അവിടെ തന്നെ കിടന്നോളണം.പിന്നെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ഇങ്ങോട്ട് പ്രവേശനം നൽകൂ.’’

ഏറെ സന്തോഷത്തോടെ പാതാളം എയർവെയ്സിന്റെ  പാതാളം..കൊച്ചി ഫ്ളൈറ്റിൽ തമ്പുരാൻ നെടുമ്പാശ്ശേരിയിൽ പറന്നിറങ്ങി.ഓലക്കുടയും നിവർത്തി പതിയെ പുറത്തിറങ്ങുമ്പോഴാണ് റോഡി നിറയെ വെള്ളം കയറിക്കിടക്കുന്നതു കണ്ടത്.മാവേലി തന്റെ പ്രജകളെ മനസ്സാ അഭിനന്ദിച്ചു.ഈ തിരക്കിനിടയിലും ഇത്രയും വലിയ  സ്വിമ്മിങ് പൂൾ നിർമ്മിക്കാൻ കഴിഞ്ഞതിന് അപ്പോഴാണ് ആരോ പറഞ്ഞു കൊടുത്തത്.’’മാവേലീ,അത് സ്വിമ്മിങ് പൂളൊന്നുമല്ല.ഒരാഴ്ച്ചയായി പെയ്യുന്ന മഴയിൽ റോഡ് വെള്ളത്തിലായതാണ്.നേരെ നോക്കി നടന്നില്ലെങ്കിൽ വീണ്ടും പാതാളത്തിലോട്ട് തന്നെ പോയെന്നു വരും..’’

പ്രജയുടെ സ്നേഹോപദേശം കേട്ടപ്പോൾ തമ്പുരാനോർത്തു,’’അങ്ങനെയെങ്കിൽ തിരിച്ചുള്ള വിമാനക്കൂലിയെങ്കിലും ലാഭിക്കാമായിരുന്നു.’’

വെള്ളക്കെട്ടിനപ്പുറം ചില വലിയ കെട്ടിടങ്ങൾ കാണൂന്നുണ്ട്..ഫ്ളാറ്റുകൾ ഓരോന്നായി അങ്ങനെ  നിരന്നു നിൽക്കുകയാണ്,പാടങ്ങളും പുഴകളുമൊക്കെ നികത്തി വീടു വെച്ചിരിക്കുകയാണ്..പിന്നെ വെള്ളം എങ്ങോട്ട് പോകാനാണെന്ന് മാവേലി ഓർക്കാതിരുന്നില്ല.ഫ്ളാറ്റ് കേറിയുള്ള പ്രജകളെ കാണൽ വല്ലാത്ത പണി അന്നെയാണ്.ലിഫ്റ്റുണ്ടെന്ന് പറഞ്ഞിട്ടൊന്നും ഒരു  കാര്യവുമില്ല..ഈ ഓലക്കുടയും കുടവയറുമൊക്കെയായി ലിഫ്റ്റിൽ കയറി ഇനി അതു വല്ല ബ്ളോക്കായാൽ പിന്നെ അതു മതി.

കയ്യിലിരുന്ന മാസ്ക്ക് എടുത്തണിഞ്ഞ് മാവേലിത്തമ്പുരാൻ വെള്ളം നീന്തി നടന്നു.എല്ലാ പ്രജകളുമൊന്നും മാസ്ക്ക് വെച്ചിട്ടില്ല.നിർബന്ധമാണെന്ന് പറഞ്ഞെങ്കിലും പിഴയീടാക്കാത്തതു കൊണ്ടാകാം എല്ലാ പ്രജകളും മാസ്ക്ക് വെക്കാത്തതെന്ന് തമ്പുരാനോർത്തു. ഏതായാലും വെച്ചേക്കാം,കഷ്ടകാലത്തിന്  വല്ല പോലീസുകാർക്കും കാശിന് അത്യാവശ്യം വന്നിരിക്കുമ്പോഴാണ് മാസ്ക്കില്ലാതെ പോകുന്നതെങ്കിൽ വെറുതെ അഞ്ഞൂറ് പോകാൻ അതു മതി. ഓരോന്ന് ഓർത്തു നടക്കവെയാണ്  പാഞ്ഞു വന്ന ഒരു കാർ വെള്ളവും തെറുപ്പിച്ച് കടന്നു പോയത്. കാറിനറിയാമോ മാവേലിയേയും തമ്പുരാനെയുമൊക്കെ...മാസ്ക്കുണ്ടായിരുന്നതു കൊണ്ട് വായിൽ മാത്രം വെള്ളം കേറിയില്ല.ചെളി വെള്ളത്തിൽ മുങ്ങി മാവേലിത്തമ്പുരാന്റെ കളർ തന്നെ മാറി.

ഇനി റോഡിൽ നിന്നാൽ പ്രശ്നമാകും എന്ന് കണ്ട് തമ്പുരാൻ ആദ്യം കണ്ട ഫ്ളാറ്റിലേക്ക് തന്നെ കേറി.പറ്റുമെങ്കിൽ ദേഹമൊക്കെ ഒന്നു ശുദ്ധമാക്കുകയും ചെയ്യണം.ലിഫ്റ്റിൽ കയറി ഏതോ ഒരു സ്വിച്ച് അമർത്തിയതു മാത്രം ഓർമ്മയുണ്ട്.ഏതോ ഒരു നിലയിൽ തമ്പുരാൻ എത്തി.ആദ്യം കണ്ട ഡോറിലെ ബെല്ലിൽ വിരലമർത്തി.കുറെ നേരം കഴിഞ്ഞപ്പോൾ വാതിൽ തുറന്നു.വാതിൽ തുറന്നതും ‘’അയ്യോ,കള്ളൻ..കള്ളൻ..’’ ഒരു സ്ത്രീ ശബ്ദം മുഴങ്ങി.

.സെക്യൂരിറ്റിയാണ് ആദ്യം ഓടി വന്നത്.അയാൾ ആർക്കോ ഫോൺ ചെയ്യുന്നുണ്ടായിരുന്നു.മറ്റൊരു സെക്യൂരിയും ഓടിവന്നു.രണ്ടു പേരും ചേർന്ന്  തമ്പുരാനെ വട്ടം പിടിച്ചു.

‘’അതെ,സാർ, കള്ളനെ ഞങ്ങൾ കീഴ്പ്പെടുത്തിയിട്ടുണ്ട്.നിങ്ങൾ പെട്ടെന്ന് വന്നാൽ മതി.കള്ളനാണോ ഇനി വല്ല പീഡനക്കാരനാണോ എന്നൊന്നുമറിയില്ല. വേഷമൊക്കെ മാറി പ്രത്യേക തരം വേഷത്തിലാണ് വന്നിരിക്കുന്നത്.’’

സെക്യൂരിറ്റിക്കാരൻ  പോലീസ് സ്റ്റേഷനിലേക്ക്  വിളിച്ചു.

പേടിച്ച് തൊണ്ട വരണ്ട തമ്പുര്രാന്റെ ശബ്ദം അപ്പോഴാണ് പുറത്തു വന്നത്..’’ഞാൻ കള്ളനും പീഡകനുമൊന്നുമല്ല, നിങ്ങളുടെ തമ്പുരാനാണ്,മാവേലി തമ്പുരാൻ..’’

‘’അത് കണ്ടാലും പറയും..ഇങ്ങനെ പല ഫാൻസി ഡ്രസ്സുകാരെയും ഞങ്ങൾ കണ്ടിട്ടുണ്ട്…’’     സെക്യൂരിറ്റി പറഞ്ഞു.

ശരിയാണ്,ചെളി വെള്ളം തെറിച്ച് ആകെ പരുവക്കേടായ അവസ്ഥയിലാരുന്നു.തമ്പുരാൻ.പാതാളം ബ്യൂട്ടിപ്പാർലറിൽ ചെയ്ത ടച്ചപ്പൊക്കെ പോയി ഓലക്കുടയാകെ ഒടിഞ്ഞു മടങ്ങി.എങ്ങനെ വന്ന തമ്പുരാനായിരുന്നു.ഇനി പോലീസുകാരും കൂടി വന്നാൽ എന്താകും സ്ഥിതിയെന്ന വേവലാതിയിലായിരുന്നു   മാവേലിത്തമ്പുരാൻ.തെളിയാത്ത പോക്സോ കേസൊക്കെ തന്റെ പേരിൽ വെക്കാനാണ് സാദ്ധ്യത.

ആധാർ കാർഡ് മടിയിലിരിപ്പുണ്ടോ എന്ന് തമ്പുരാൻ തപ്പി നോക്കി.. ഭൂമിയുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിലും തൽക്കാലം അതെങ്കിലും കാണിച്ച് രക്ഷപെടാമായിരുന്നു.അതിന്റെ അവശിഷ്ടം മാത്രമേയുള്ളൂ..വെള്ളം നനഞ്ഞ് അതും തിരിച്ചറിയാൻ വയ്യാത്ത അവസ്ഥയായി.അല്ലെങ്കിൽ തന്നെ ആധാർ കാർഡിലെ ഫോട്ടോ ആർക്കും തിരിച്ചറിയാൻ കഴിയില്ല..പിന്നെ നനഞ്ഞപ്പോഴാണെങ്കിൽ  പറയാനുമില്ല.

 കഷ്ടകാലം എങ്ങനെ വരുമെന്ന് ആർക്കും പറയാൻ കഴിയില്ല.പാതാളത്തിൽ നിന്നിറങ്ങിയപ്പോഴേ എല്ലാവരും പറഞ്ഞതാണ് പോകേണ്ട പോകേണ്ട എന്ന്.കോവിഡെങ്ങാനും പിടിച്ചാൽ ഇങ്ങോട്ട് വരണ്ട എന്നാണ് അവർ പറഞ്ഞത്,ഇതിപ്പോൾ പോലീസാണ് പിടിക്കാൻ പോകുന്നത്.പ്രജകളെ കണ്ട് ഓണത്തിന്റെ സന്തോഷം പങ്കുവെക്കാൻ വന്ന തനിക്ക് പോലീസ് സ്റ്റേഷനിൽ കേറാനാണല്ലോ ഈശ്വരാ, വിധി എന്ന ദു:ഖത്തോടെ സെക്യൂരിറ്റിക്കാരുടെ വലയത്തിൽ തമ്പുരാൻ നിന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക