Image

തിരുവോണപ്പുലരി (കവിത: ജയൻ വർഗീസ്)

Published on 20 August, 2022
തിരുവോണപ്പുലരി (കവിത: ജയൻ വർഗീസ്)

തിരുവോണപ്പുലരികളേ, 
തുയിലുണരൂ, തുയിലുണരൂ ! 
വരവായീ, വരവായീ 
വസന്ത നർത്തകികൾ, 
വരവായീ, വരവായീ 
സുഗന്ധ രഞ്ജിനികൾ ! 

കേരക്കുട, യോലക്കുട 
ചൂടും നാട് - എന്റെ 
പേരാറും, പെരിയാറും 
പാടും നാട്......!
വരിനെല്ലിൻ മണി കൊത്തി - 
ക്കുരുവികളീ ഗഗനത്തിൽ, 
വരയായി, ത്തിരയായി - 
ട്ടൊഴുകും നാട് ! - എന്റെ 
കരളിന്റെ കുളിരായ
തിരു മലയാളം !!

അടിമത്തക്കഴുതകളാ- 
യാവകാശ- ക്കനലുകളിൽ 
അടിപതറി, ത്തലമുറ വീ -
ണടിയും നാട് ! എന്റെ 
ചുടു കണ്ണീർ അതിൽ വീ - 
ണിട്ടെരിയും നാട് !?

ഈ മണ്ണിൽ, ഈ വിണ്ണിൽ 
ഇനിയുണരും പകലുകളിൽ,
ഒരു ചെറു തിരി, യുഗനാള -
ക്കതിരായ് വായോ ...? എന്റെ 
കരളിന്റെ കനവിന്റെ 
കുളിരായ് വായോ ...?

തൂവാനത്തുമ്പികളേ,,
തുയിലുണരൂ, തുയിലുണരൂ, 
വരവായീ, വരവായീ 
വസന്ത നർത്തകികൾ !
വരവായീ, വരവായീ 
തിരുവോണപ്പുലരീ !!

*   ജയൻ വർഗീസ് രചിച്ച 100 കവിതകൾ ഉൾപ്പെടുത്തി ഗ്രീൻബുക്സ് പ്രസിദ്ധീകരിച്ച ‘ സൂര്യജന്മം ‘ എന്നകവിതാ സമാഹാരത്തിലെ ഒരു കവിതയാണ് ‘ തിരുവോണപ്പുലരി ‘ 

Join WhatsApp News
അയ്യപ്പൻ കവി 2022-08-25 00:05:30
അടിമത്തക്കഴുതകളാ-  യാവകാശ- ക്കനലുകളിൽ അടിപതറി, ത്തലമുറ വീണടിയും നാട് ! എന്റെ ചുടു കണ്ണീർ അതിൽ വീ - ണിട്ടെരിയും നാട് !? അടിമത്വത്തെ ഒരിക്കലും ഇവിടെ നിന്നും തുടച്ചു നീക്കാനാവില്ല കവി . അടിമകൾ ഇല്ലെങ്കിൽ ഈ പ്രപഞ്ചം അതിന്റെ അച്ചുതണ്ടിൽ കറങ്ങാതെ നിന്നുപോകും. മെക്സിക്കോക്കാരില്ലെങ്കിൽ അമേരിക്കയുടെ ഭൂപ്രദേശം കാടുകേറും. പക്ഷെ കവികൾ എഴുതിക്കൊണ്ടേ ഇരിക്കണം . കവികളും കലാകാരന്മാരും കരഞ്ഞുകൊണ്ടേയിരിക്കണം. അലെങ്കിൽ നീതിക്കുവേണ്ടി ദാഹിക്കുന്ന അവന്റെ ഹൃദയം, പൊട്ടി തകർന്നു മരിക്കും. നിങ്ങളുടെ ഹൃദയ സ്പന്ദനം ഞാൻ മനസിലാക്കുന്നു. എന്റെ ഹൃദയത്തിന്റെ തേങ്ങലുകൾ ഞാൻ ഇവിടെ രേഖപ്പെടുത്തി ആശ്വാസം കൊള്ളുന്നു. എന്റെ വോഡ്‌ക്കാ എന്റെ അരികിൽ ഇരുന്നു എന്നെ സ്വാന്തനപെടുത്തുന്നു . പേടിക്കേണ്ട ഞാൻ ആരുടേയും വാതിലിൽ പോയി മുട്ടില്ല . നിങ്ങൾക്ക് എല്ലാ നന്മകളും നേരുന്നു . ഒന്നുകിൽ ഓടയിൽ അല്ലെങ്കിൽ സ്വർഗ്ഗത്തിൽ കാണാം . നിങ്ങൾ സ്നേഹിച്ച നിങ്ങളുടെ സ്വന്തം . ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക