Image

ദേവദൂതർ പാടി, സ്നേഹദൂതർ പാടി... (വിജയ് സി. എച്ച്)

Published on 21 August, 2022
ദേവദൂതർ പാടി, സ്നേഹദൂതർ പാടി... (വിജയ് സി. എച്ച്)

ഔസേപ്പച്ചനും ഞാനും തമ്മിൽ ഒരു ദിവസം മുഴുവൻ സംഗീതം സംസാരിച്ചാൽ, ഒന്നുകിൽ അദ്ദേഹത്തിനു ശെരിക്കും ബോറടിച്ചേക്കാം, അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ പാട്ടുകൾ ജനപ്രിയമാകുന്നതിൻ്റെ രഹസ്യം അൽപമെങ്കിലും എനിയ്ക്കു  മനസ്സിലായേക്കാം! രണ്ടാമത്തേതിനാണ് സാധ്യത കൂടുതലെങ്കിലും, ഔസേപ്പച്ചൻ്റെ ഇടത്തും വലത്തുമിരുന്നു ആഴത്തിൽ സംഗീതം പഠിച്ച എ. ആർ. റഹ്മാനെപ്പോലെയോ, വിദ്യാസാഗറിനെപ്പോലെയോ ഞാൻ ആകുകയേയില്ല! 

കണ്ണാന്തുമ്പീ പോരാമോ, എന്നോടിഷ്‌ടം കൂടാമോ
നിന്നെക്കൂടാതില്ലല്ലോ ഇന്നെനുള്ളിൽ‍ പൂക്കാലം... 

ബാല്യകാല ഓർമ്മകളെ തട്ടിയുണർത്തുന്ന ഈ തേനൂറും ഗാനം ഈ ലേഖകൻ ആദ്യം കേട്ടത് എൺപതുകളുടെ അവസാനത്തിലാണ്. അന്നുമുതലുള്ള മോഹമായിരുന്നു ഈ ഗീതത്തിനു സംഗീതം നൽകിയ പ്രതിഭയെ കണ്ടൊന്ന് സംവദിക്കണമെന്ന്. വിഭിന്നമായ കാരണങ്ങളാൽ നടക്കാതെപോയ ആ അഭിമുഖം കുറച്ചു ദിവസങ്ങൾക്കു മുന്നെയാണ് സാധ്യമായത്. 

പതിനാലു കോടി രൂപയും, പതിനാലു പുരസ്കാരങ്ങളും വാരിക്കൂട്ടിയ, 'അയാളും ഞാനും തമ്മിൽ' നാട്ടിൽ എല്ലാവരും മുന്നെത്തന്നെ കണ്ടു. ഈയിടെ, ഞാനും. ഇത്രയും ഊഷ്‌മളമായ സൗണ്ട് ട്രേക്കും പശ്ചാത്തല സംഗീതവും മറ്റൊരു പടത്തിലും അടുത്ത കാലത്ത് വേറെ കേട്ടിട്ടില്ല! അന്നത്തെ പോലെ ഇന്നും ഔസേപ്പച്ചൻ എന്ന സംഗീതജ്ഞൻ ശ്രോതാക്കളെ സ്വരമാധുര്യം കൊണ്ടു കുളിരണിയിക്കുന്നല്ലൊ എന്നോർത്തു!  

ഈ സിനിമയിലെ, 'അഴലിൻ്റെ ആഴങ്ങളിൽ അവൾ‍ മാഞ്ഞുപോയ്, നോവിൻ്റെ തീരങ്ങളിൽ ഞാൻ മാത്രമായ്‌' എന്നു തുടങ്ങുന്ന ഗാനം എൻ്റെ ഒരു ദൗർബല്യമായി മാറിയത് ഞാൻ അറിയാതെയായിരുന്നു -- കേൾക്കാനും ഒറ്റക്കിരിക്കുമ്പോൾ മൂളാനും!  വയലാർ ശരത്ചന്ദ്ര വർമ്മയുടെ വരികൾ തുടക്കക്കാരനായ നിഖിൽ മാത്യുവിനെക്കൊണ്ട് ഔസേപ്പച്ചൻ ഇത്രയും മനം കവരുന്ന മട്ടിൽ പാടിപ്പിച്ചെന്നോ! 

'അഴലിൻ്റെ ആഴങ്ങളിൽ' ഒരോ പ്രാവശ്യം കേട്ടു തീരുമ്പോഴും വിരഹാർദ്രനൊമ്പരത്തിൻ്റെ ഏതോ തീരത്തുനിന്നു എൻ്റെ  മനസ്സിൽ എന്തെന്നില്ലാത്ത നസ്റ്റാൽജിയ പുനർനിർമ്മിച്ചയാൾക്കു ഡയൽ ചെയ്തിരുന്നു, എൻ്റെ ഉള്ളിലുണ്ടായിരുന്നത് ഔസേപ്പച്ചനെ ഞാൻ മുഖതാവിൽ അറിയിച്ചു. 

"ഹാ... ഹാ... വിജയുമായുള്ള അഭിമുഖം ഞാൻ മനപ്പൂർവ്വം നീട്ടിക്കൊണ്ടുപോയതാണെന്ന് കരുതരുത്. തിരക്കിലായതുകൊണ്ടാണ്," അദ്ദേഹം വ്യക്തമാക്കി. 

'അയാളും ഞാനും തമ്മിൽ' ഏതായാലും ഔസേപ്പച്ചനും ഞാനും തമ്മിൽ ഉള്ളതിന് കളമൊരുക്കിയിരിക്കുന്നു! 

"ഈ കാത്തിരുപ്പ് 'കണ്ണാംതുമ്പി' മുതൽ തുടങ്ങിയതാണല്ലേ! നഷ്‌ടപരിഹാരമായി നമുക്കിന്നു മൊത്തം സംസാരിയ്ക്കാം, പോരേ...?" 
Enough, Sir! Many thanks! 
മുപ്പതു വർഷത്തെ കാത്തിരുപ്പ് വെറുതെയായില്ലല്ലൊ! Too long a wait shouldn't be in vain... 
"Of course, you are welcome, Vijay. Let us have a memorable musical session." 

ഔസേപ്പച്ചൻ്റെ മുഖത്ത് സ്വതവെ കാണാറുള്ള ഗൗരവഭാവത്തിന് പെട്ടെന്നൊരയവ് വന്നതുപോലെ തോന്നി. 

"കണ്ണാംതുമ്പി' മുതൽ എന്നു പറയുമ്പോൾ, ഞാനും ഇവിടെ ഉണ്ടെന്ന കാര്യം വിജയ് അറിഞ്ഞത് (കാക്കോത്തിക്കാവിലെ) 'അപ്പൂപ്പൻ താടി'ക്കു ശേഷം മാത്രമാണോ?" 
അല്ല, സാർ. ഭരതൻ്റെ 'കാതോട് കാതോരം' (1985) മുതൽ മലയാളികൾക്കു ഔസേപ്പച്ചനെ അറിയാം. സംഗീത സംവിധായകൻ എന്ന നിലയിൽ താങ്കളുടെ അരങ്ങേറ്റമായിരുന്നില്ലേ ആ സിനിമ! 
"അതെ." 
"കാതോട് കാതോരത്തിൽ, വിജയ് എന്നെ ഓർക്കാനുള്ള കാരണമെന്താണ്?" 
അതിലെ പാട്ടുകൾക്ക് ശ്രോതാക്കൾ അതുവരെ കേൾക്കാത്തൊരു ഈണമായിരുന്നു! എല്ലാം മധുര ഗാനങ്ങളായിരുന്നുവെങ്കിലും, ആ കൊച്ചു കൊച്ചു മാലാഖമാരെല്ലാം ഒരുമിച്ചുപാടുന്ന... 
ദേവദൂതർ പാടി സ്നേഹദൂതർ പാടി
ഈയൊലീവിൻ പൂക്കൾ‍ ചൂടിയാടും നിലാവിൽ...
ഇന്നു നിൻ്റെ പാട്ടുതേടി കൂട്ടുതേടിയാരോ 
വന്നു നിൻ്റെ വീണയിൽ‍ നിൻ‍ പാണികളിൽ തൊട്ടു... 
ആടു മേയ്ക്കാൻ കൂടെ വരാം പയ്ക്കളുമായ് പാടിവരാം കാതിലാരോ ചൊല്ലി... 

സ്വർഗ്ഗത്തിലെ സ്നേഹദൂത് ഭൂമിയിലെത്തുന്നു മാസ്മരികമായ ഈ ഗാനത്തിലൂടെ. ഒഎൻവി സാറിൻ്റെ ജീവനുള്ള വരികൾക്ക് മരണമില്ലാതെയാക്കിയത് ഔസേപ്പച്ചൻ്റെ ഭാവനാപൂർണ്ണമായ സംഗീത രചനയാണ്! മനം കവരുന്ന ഗീതിക ഇതിലൂടെ, ഔസേപ്പച്ചൻ എന്ന സംഗീത സംവിധായകൻ പിറന്നു എന്നല്ല പറയേണ്ടത്, സ്വർഗ്ഗത്തിൽനിന്നു ഭൂമിയിലെത്തിയെന്നാണ്! 

"Wonderful, you have answered my question very well..." 
"ക്ഷമിക്കണം, വിജയ്... എന്നെ ഇൻറർവ്യൂ ചെയ്യുന്ന ആളുടെ ആഴങ്ങളും എനിയ്ക്കൊന്ന് അറിയേണ്ടേ? അതാണ് ഇങ്ങനെയൊരു ചോദ്യം ചോദിച്ചത്." 
You are welcome, Sir. 

നമ്മുടെ പിന്നണി സംഗീതത്തിൻ്റെ അടിസ്ഥാന ഘടകമാണ് ഹാർമോണിയം. എന്നാൽ, ഔസേപ്പച്ചൻ്റെ ഏറ്റവും പ്രിയപ്പെട്ട സംഗീതോപകരണം വയലിൻ ആകുന്നു. എന്തുകൊണ്ടാണ് ഇങ്ങനെയൊരിഷ്ടം? 

"സംഗീതജ്ഞൻ്റെ കർശനമായ നിയന്ത്രണ പരിധിയിൽ കൊണ്ടുവരാൻ കഴിയുന്നൊരു ഉപകരണമാണ് വയലിൻ. സായിപ്പൻമാർ അതിൻ്റെ മികവ്‌ കുറെ വർദ്ധിപ്പിച്ചിട്ടുമുണ്ട്. സംഗീതത്തിൽ ഒരു compromise-ഉം ഞാൻ ചെയ്യില്ല. മാത്രവുമല്ല, ശ്രോതാക്കളുടെ അജ്ഞത ഒരു സൗകര്യമായെടുക്കാൻ എനിയ്ക്കു താൽപര്യവുമില്ല. ആയതിനാൽ, കൃത്യതയും, സൂക്ഷ്‌മതയും വേണ്ടുവോളം പാലിയ്ക്കാൻ വയലിനിലാണ് എനിയ്ക്കു സാധിക്കുന്നത്." 

"മറ്റൊരു കാരണം കൂടിയുണ്ട്. ഞാൻ സംഗീതം പഠിക്കാൻ തുടങ്ങിയത് വയലിൻ വായിച്ചാണ്. ജനിച്ചു വളർന്ന ഒല്ലൂരിലെ (തെക്കൻ തൃശ്ശൂർ) ഞങ്ങളുടെ ഇടവകയിലെ അച്ചൻ‍ എനിക്കൊരു വയലിൻ സമ്മാനമായി തന്നു. അങ്ങനെ പള്ളിയിലെ മ്യൂസിക് ട്രൂപ്പിൽ അംഗമായി. പിന്നീട്, ഒല്ലൂരിലും തൃശ്ശൂരിലുമുള്ള പല ഗായക സംഘങ്ങളിലും വയലിനിസ്റ്റായി പ്രവർത്തിച്ചു. ചിന്തയിലൊക്കെ സംഗീതമായതിനാൽ, വയലിനുമായി ഈ മേഖലയിൽ അങ്ങനെ മുന്നോട്ടു പോയി." 

എങ്ങനെയാണ് സിനിമാലോകത്തെത്തുന്നത്? 

“തൃശ്ശൂരിൽ (പ്രശസ്ത സംഗീത സംവിധായകനായിരുന്ന) ജോൺസൺ ഒരു മികച്ച മ്യൂസിക് ട്രൂപ്പ് നടത്തിയിരുന്നു. ഈ ട്രൂപ്പിൽ ഞാൻ വയലിസ്റ്റായി ചേർന്നു. ഓർക്കസ്‌ട്രാ ഡയറക്ടർ എന്ന നിലയിൽ ജോൺസൺ എൻ്റെ വയലിനിലെ പെർഫോർമൻസ് ശ്രദ്ധിക്കുമായിരുന്നു. ആയിടക്ക് അദ്ദേഹം മുഖാന്തിരം സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്ററെ പരിചയപ്പെ ടുകയും ചെയ്തു. അദ്ദേഹം എന്നെ ചെന്നൈയിലേക്കു വിളിച്ചു. അങ്ങനെ ഞാൻ ദേവരാജൻ മാസ്റ്ററുടെ കീഴിൽ വയലിനിസ്റ്റായി പ്രവർത്തിച്ചു തുടങ്ങി. ദേവരാജൻ മാസ്റ്റർ സിനിമാരംഗത്ത് വളരെ തിരക്കേറിയൊരു സംഗീത സം‌വിധായകനായിരുന്നു അന്ന്.  
"ഈ സമ്പർ‍ക്കത്തിലൂടെയാണ് സ്വന്തമായി സംഗീത സംവിധായകനാകാനുള്ള ആത്മവിശ്വാസം വളർന്നു വന്നത്." 

സംസാരശേഷിയില്ലാത്ത തൻ്റെ ഒരു കഥാപാത്രത്തിൻ്റെ സകല വികാര വിചാരങ്ങളും ഒരു സംഗീത ഉപകരണം ഉപോഗിച്ചു പ്രകടിപ്പിക്കാൻ, വയലിനിൽ വിസ്‌മയം സൃഷ്ടിക്കുന്ന ഔസേപ്പച്ചനെ ചലചിത്ര സംവിധായകൻ ഭരതൻ ഏൽപിച്ചത് സ്വാഭാവികം. നിലവാരമുള്ളൊരു മലയാളപടമെന്ന് കണ്ടവരെല്ലാവരും വിലയിരുത്തിയ 'ആരവ'ത്തിൻറെ വിജയം (1978), അതിൻ്റെ സംവിധായകൻറേതു മാത്രമല്ല, ഔസേപ്പച്ചൻ്റെ കൂടിയാണെന്ന് പ്രേക്ഷക ലോകം ശ്രദ്ധിച്ചിരുന്നു! 

ഔസേപ്പച്ചൻ സ്വതന്ത്രമായി സംഗീതം നൽകിയ, ഭരതൻ്റെ 'കാതോട് കാതോര'ത്തിനു മുന്നെത്തന്നെ, ഒരു സംഗീതപ്രതിഭയെ മലയാള സിനിമ കണ്ടെത്തിയിരുന്നുവെന്നു പറയുന്നതായിരിക്കാം, അതിനാൽ കൂടുതൽ ശരി. സംസ്ഥാന പുരസ്കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഔസേപ്പച്ചനെ തേടിയെത്തിയത്, 'ഉണ്ണികളേ ഒരു കഥപറയാം ഈ പുല്ലാങ്കുഴലിൻ കഥ പറയാം...' എന്ന ഗാനത്തിലൂടെയാണ് (1987). ഒരുപക്ഷെ, വയലിൻ്റെ റേഞ്ച് എന്താണെന്ന് മലയാളികൾ മനസ്സിലാക്കിയതും ഈ ഗാനത്തിലൂടെത്തന്നെയാണ്!  

പുല്ലാഞ്ഞികൾ പൂത്തുലഞ്ഞിടും
മേച്ചിൽ‍പ്പുറം തന്നിലും... 
ആകാശക്കൂടാരക്കീഴിലെ
ആശാമരച്ചോട്ടിലും...
ഈപ്പാഴ്മുളം തണ്ടുപൊട്ടും വരെ,
ഈഗാനമില്ലാതെയാകും വരെ,
കുഞ്ഞാടുകൾക്കെല്ലാം കൂട്ടായിരുന്നിടും
ഇടയൻറെ മനമാകുമീ പുല്ലാങ്കുഴൽ നാദമായ്...
ഉണ്ണികളേ ഒരു കഥപറയാം... 

ഈ മധുരഗാനം ആലപിച്ചത് ദാസേട്ടൻ. നേടിയതൊരു മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം! ദാസേട്ടൻ്റെ ശബ്ദം കയറിയിറങ്ങുന്ന അതിലോലമായ സകല ശ്രുതി മന്ദിരങ്ങളിലും ഔസേപ്പച്ചൻ്റെ മാന്ത്രിക സംഗീത ഉപകരണവും വഴിയാംവണ്ണം എത്തിയിരുന്നു. പിന്നെ താമസമുണ്ടായില്ല, ഔസേപ്പച്ചൻ്റെ സംഗീതമെന്നാൽ അത് വയലിൻ സൃഷ്ടിക്കുന്ന അത്ഭുതമാണെന്ന് ജനം തിരിച്ചറിഞ്ഞു. ശ്രോതാക്കളതിന് 'ഔസേപ്പച്ചൻ ടച്ച്' എന്നു പേരിട്ടു! 
"അതെ…" 
വന്ദനത്തിലെ 'അന്തിപ്പൊൻവെട്ടം...', ചിലമ്പിലെ 'താരും തളിരും...', ഹരികൃഷ്ണൻസിലെ 'സമയമിതപൂർവ്വ സായാഹ്നം...', ആകാശദൂതിലെ 'രാപ്പാടീ കേഴുന്നുവോ...', ഉള്ളടക്കത്തിലെ 'അന്തിവെയിൽ പൊന്നുതിരും...' എന്നതും മുതൽ, മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരവുമായെത്തിയ 'ഒരേകട'ലും, അടുത്തിടെയിറങ്ങിയ ഒരു കുപ്രസിദ്ധ പയ്യനിലെ ഗാനങ്ങൾവരെ വിലയിരുത്തിയാൽ ഒരുകാര്യം വ്യക്തം -- നാടനായാലും ക്ലാസിക്കലായാലും, മെലഡിയായാലും, ശോകമായാലും അദ്ദേഹത്തിൻ്റെ ഗാനങ്ങൾക്കൊരു വേറിട്ട സ്വത്വം നൽകുന്നത് മേൽപറഞ്ഞ ആ ഔസേപ്പച്ചൻ 
ടച്ച് തന്നെയാണ്! 

'ഫ്രീക്കി ചക്ര', 'ആക്രോശ്', 'ഖട്ട മീട്ട', 'ബംബംബോലേ' മുതലായ ഹിന്ദി ചലച്ചിത്രങ്ങളുൾപ്പെടെ, നൂറ്റിയിരുപത്തഞ്ച് പടങ്ങളിലായി അറനൂറിലധികം മനോഹര ഗാനങ്ങൾക്കു ഈണം നൽകിയ ഔസേപ്പച്ചൻ, ഈയിടെയിറങ്ങിയ സിനിമകളിലും ജനപ്രിയ സംഗീത സംവിധായകനായി തുടരാനുള്ള കാരണം, അന്നും ഇന്നും അദ്ദേഹം സൃഷ്ടിക്കുന്ന സ്വരമാധുരിയുടെ പൊതുഅടിത്തറ നിത്യഹരിതമായതൊന്നായതുകൊണ്ടുമാണ്! 

ഔസേപ്പച്ചനെ സംഗീത സംവിധായകനെന്നു വിളിക്കുന്നില്ല; സംഗീതജ്ഞൻ എന്നതാണ് കൂടുതൽ ഉചിതം! സംഗീത സപര്യയിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങൾ ഒന്നു പങ്കിടാമോ? 

"അങ്ങനെ പല മുഹൂർത്തങ്ങളും ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും, 'ഡാം 999' എന്ന ഇംഗ്ലീഷ് ചിത്രത്തിലെ ഞാൻ ഈണം നൽകിയ മൂന്നു ഗാനങ്ങളും മികച്ച ഗാനത്തിനുള്ള ഓസ്കാർ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടപ്പോൾ… I was feeling elated..." 

"ആ സമയത്ത് ഞാൻ ഹോളിവുഡിൽ ഉണ്ടായിരുന്നു. Oscar Nomination Display Board-ൽ ലോകോത്തര സംഗീതജ്ഞന്മാരുടെ ഇടയിൽ എൻറെ പേരു കണ്ടപ്പോൾ വല്ലാത്തൊരു നിർവൃതിയായിരുന്നു..." 

ആ ഓസ്കാർ എങ്ങനെയാണ് നഷ്ടമായത്? 

"ചില വിദഗ്‌ദ്ധരുടെ നിർദ്ദേശ പ്രകാരം, nature film category-യിലാണ് 'Dam 999' സബ്മിറ്റ് ചെയ്തിരുന്നത്. ഈ വിഭാഗത്തിൽ അധികം പടങ്ങൾ വരാൻ സാദ്ധ്യതയില്ലാത്തതിനാൽ വിജയം ഉറപ്പാണെന്നാണ് അവർ പറഞ്ഞത്. English film ആയതിനാൽ open category-യിൽ ആയിരുന്നല്ലൊ..." 

അതെ. എന്നിട്ട്... 

"Motion Picture Academy അവസാന നിമിഷത്തിൽ nature film category കേൻസൽ ചെയ്തു." 
Why? 
"മിനിമം മൂന്നു പടങ്ങളെങ്കിലും വേണമായിരുന്നു. ആകെ 'Dam 999' മാത്രമേ മത്സരത്തിനു എത്തിയിരുന്നുള്ളൂ." 
"ഓർക്കാൻ കഴിയുന്നില്ല, ആ ഓസ്കാർ കൈവിട്ടുപോയത്. വളരെ വിഷമം തോന്നുന്നു.”

NEWS SUMMARY: OUSEPPACHEN INTERVIEW

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക