Image

മിണ്ടാതിരി (ചെറുകഥ : ദീപ ബിബീഷ് നായർ)

Published on 22 August, 2022
മിണ്ടാതിരി (ചെറുകഥ : ദീപ ബിബീഷ് നായർ)

"മോനെ, ഇത് കുറേ നേരമായല്ലോ ഫോണും പിടിച്ചോണ്ട് ... എന്നാ യെടുക്കുവാ? "ജിജി മകൻ ജിബിനോട് ചോദിച്ചു.
"മമ്മിയൊന്നു മിണ്ടാതിരി"... അവൻ മുഖമുയർത്താതെ ജിജിയോട് പറഞ്ഞു.
അവൾ ദേഷ്യത്തോടെ പിറുപിറുത്തും കൊണ്ട് പുറത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു, 'അല്ല പറഞ്ഞിട്ടു കാര്യമില്ല.... ഈശോയേ എന്നാത്തിനാ പുതിയ ഓരോ  കണ്ടുപിടുത്തങ്ങൾ?' അതും കേട്ടുകൊണ്ടാണ് മകൾ ജസി അകത്തേക്ക് വന്നത്... "എന്നാ മമ്മീ.... " അവൾ ചോദിച്ചു.... അവളുടെ നോട്ടവും കയ്യിലെ ഫോണിൽ തന്നായിരുന്നു... "നീ ഈ കുന്തമൊന്ന് എവിടേലും കൊണ്ട് വച്ചിട്ട് വന്നേ "... ജിജിക്ക് ദേഷ്യം വന്നു.  "മമ്മിയൊന്നു മിണ്ടാതിരി" .... ജസി മുഖം വെട്ടിത്തിരിച്ച് അകത്തേക്ക് പോയി.
ജിജി തലയിൽകൈയ്യും വച്ച്  സോഫയിൽ ഇരുന്നു.

അപ്പോഴാണ് ഉച്ചയൂണിനായി പിള്ളേരുടെ പപ്പ കടയടച്ച് വീട്ടിലെത്തിയത്. കൈ കഴുകി ഊണു കഴിക്കാനിരുന്ന അദ്ദേഹത്തോട് ജിജി ചോദിച്ചു, "പിന്നേ ഒരു കാര്യം പറയട്ടെ?" അദ്ദേഹം മുഖമുയർത്തി  ചോദ്യചിഹ്നം പോലെ ജിജിയെ നോക്കി.... "അത് പിന്നെ മക്കൾ രണ്ടാളും എത് നേരവും ഫോണിലാ... അച്ചായനൊന്ന് ഉപദേശിക്കണം... " അദ്ദേഹം ദേഷ്യത്തോടെ പറഞ്ഞു. "നീ ഒന്ന് മിണ്ടാതിരി. പിള്ളേരെ കുറ്റം പറയാതെ"
"ഇപ്പം നിങ്ങക്ക് മനസിലാവില്ല".. ഇതും പറഞ്ഞ് ജിജി ചാടിത്തുള്ളി അടുക്കളയിലേക്ക് പോയി.
ഇതെല്ലാം കണ്ടും കേട്ടും മുറിയിലുണ്ടായിരുന്ന അമ്മച്ചി വെളിയിലേയ്ക്ക് വന്നു... അവർ മകനോടായി പറഞ്ഞു. "ടാ ജോസേ, ഇതെന്തോന്നാടാ ഈ വീട്ടിലിപ്പം ഈശോയേ എന്ന വിളിക്കു പകരം മിണ്ടാതിരി എന്നാണല്ലോ കേക്കുന്നത്. നീയുൾപ്പടെ നാലെണ്ണത്തിനെ മിണ്ടാതേം പറയാതേം ആണോ ഈ ഞാൻ വളർത്തിയത്. ഈ കുന്തത്തിനെ കൂടെ പെറ്റിട്ടപോലല്ലേ എപ്പഴും പിള്ളാര് പോണും കൊണ്ടു നടക്കുന്നത്. അതുങ്ങള് വാതോരാതെ ആരോടൊക്കെയോ വർത്താനം പറയുന്നത് കേക്കാം. വീട്ടിലാണേൽ വല്ലോം കഴിക്കാനേ വാ തുറക്കൂ.. ഇവിടേം മനുഷമ്മാരല്ലേ ഉള്ളത്...."
ജോസ് അമ്മച്ചിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു... "പണ്ടത്തെക്കാലമാണോ അമ്മച്ചീ..?അവരിപ്പം എല്ലാം അതിലല്ലേ  പഠിക്കുന്നത്. അല്ലാതെ മനഃപൂർവ്വം അവര് മിണ്ടാതിരിക്കുമോ? "
"മോനേ, നിങ്ങളോളം പഠിപ്പും വിവരോം അമ്മച്ചിക്കില്ല എന്നാലും ഞാൻ ഒന്ന് ഞാൻ പറയാം... അവളുണ്ടല്ലോ നിൻ്റെ പെണ്ണ്  ഈ വീട്ടിൽ കിടന്ന് നേരം വെളുത്ത് ഇരുട്ടുവോളം പണി ചെയ്യുമ്പം ഇടയ്ക്കെങ്കിലും കുറച്ച് സമയം അവൾടെ അടുത്തു ഒന്നിരിക്കാനും കാര്യങ്ങൾ ചോദിക്കാനും മക്കളോട് പറയണം... നിനക്കോ സമയമില്ല... എനിക്ക് പ്രായമായി. ടീ വീം വല്ലോം കണ്ടോണ്ടിരുന്നാ മതി.. അതുപോലല്ല അവൾ..... ഞാനും ഒരമ്മയല്ലേടാ.. എനിക്കറിയാം അവളുടെ മനസ് വിങ്ങുമ്പോ... ചെല്ല്.... മക്കളെപ്പറഞ്ഞ് മനസിലാക്ക് "... അവർ സ്നേഹത്തോടെ അവൻ്റെ പുറത്ത് തട്ടി..

ജോസ് മക്കൾടെ റൂമിലേയ്ക്ക് ചെന്നു.
രണ്ടു പേരും ഒരേ റൂമിൽ രണ്ടിടത്തായി ഫോണും പിടിച്ചു കൊണ്ടിരിപ്പുണ്ട്. അയാൾ ഒന്നു മുരടനക്കി. രണ്ടാളും ചാടിയെണീറ്റു. മകൾ ചോദിച്ചു "എന്താ പപ്പാ... ?
"മോളെന്തെടുക്കണു.? "
"അത് fnd മായി ചാറ്റുവാ.. എന്താ പപ്പാ.... "
" പറയാം...ടാ നീയെന്തെടുക്കുവാ....?" അതിനും ജസി തന്നെ മറുപടി പറഞ്ഞു. "ഏട്ടൻ Dream 11ലാ... കുറേ നേരമായി... "

"ഒരു കാര്യം ചെയ്യ് രണ്ടാളും ഫോണവിടെ വച്ചിട്ട് അടുക്കളയിലേക്ക് വാ... നമുക്ക് മമ്മിയെ ഒന്ന് help ചെയ്യാം ". "ഇന്നെന്താ പപ്പാ പതിവില്ലാതെ."... 
"ഇനി മുതൽ നിങ്ങൾ ഏത് നേരവും ഫോണും പിടിച്ചോണ്ടിരിക്കാതെ ഇടക്ക് മമ്മിയോടും അമ്മച്ചിയോടും  എന്തെങ്കിലും പറയുകേം, അവരോടൊപ്പം കുറച്ച് സമയം ചെലവിടുകേം വേണം. അതൊക്കെയാണ് അവരുടെ സന്തോഷങ്ങൾ.. കടയിലിരിക്കുന്നതു കൊണ്ട് എനിക്കോ സമയം കിട്ടാറില്ല.. പപ്പ പറഞ്ഞത് രണ്ടാൾക്കും മനസിലായോ?" ഉവ്വെന്ന് രണ്ടാളും തലയാട്ടി...

ഇതേ സമയം അടുക്കളയിലെ പാത്രങ്ങളോടെന്ന പോലെ  എന്തൊക്കെയോ പുലമ്പുകയും സങ്കടപ്പെടുകയുമായിരുന്നു ജിജി. അപ്പോഴാണ് ജസിമോൾ ഓടി വന്ന് പുറകിലൂടെ കെട്ടിപ്പിടിച്ചത്.. "എൻ്റെ മമ്മീ ആരോടാ ഇത്രേം ദേഷ്യം?" 
"ഞാനാരോട് ദേഷ്യപ്പെടാൻ?" അവൾ കൃത്രിമ ഗൗരവത്തോടെ ചോദിച്ചു.. "അതേ മമ്മിക്ക് എന്നോടാ ദേഷ്യം ജിബിനും പുറകെയെത്തി "
"ഈശോയേ ഇന്ന് കാക്ക മലന്ന് പറക്കുമല്ലോ ".. ജിജി ആരോടെന്നില്ലാതെ പറഞ്ഞു. "എടിയേ നീ വാ.. നമുക്ക് കാക്ക മലന്ന് പറക്കുന്നോന്ന് നോക്കിയേച്ച് വരാം ".. ഇതും പറഞ്ഞ് അച്ചായനും രംഗത്തെത്തി. "ഓ അച്ചായൻ്റെ ഒരു തമാശ..." ജിജി ഒരു കള്ളപ്പിണക്കത്തോടെ മുഖം തിരിച്ചു. അതു കണ്ട് മക്കൾ പൊട്ടിച്ചിരിച്ചു. അമ്മച്ചി ഇതൊക്കെ കേട്ട് അടുക്കളയിലെത്തി. അവരും  ആ ചിരിയിൽ ഒത്തുചേർന്നു.....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക