Image

അപമാനത്തിൽ കൊത്തിയ അടയാളപ്പലകകൾ (മൃദുല രാമചന്ദ്രൻ)

Published on 23 August, 2022
അപമാനത്തിൽ കൊത്തിയ അടയാളപ്പലകകൾ (മൃദുല രാമചന്ദ്രൻ)

"എല്ലാ അപമാനങ്ങളും എപ്പോഴെങ്കിലും രേഖപ്പെടുത്തണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു.നോക്കൂ, ഞാൻ അപമാനിതനായിരുന്നു,അപമാനങ്ങൾ ഞാൻ മറന്നിട്ടില്ല എന്നു പറയാൻ ഒരു അവസരത്തിന് വേണ്ടി ഓരോ മനുഷ്യനും കാത്തിരിക്കുന്നു." 

( മൂന്ന് കല്ലുകൾ - അജയ് പി മങ്ങാട്ട്)

അപമാനം....വേദനയും, നിരാശയും,നിസ്സഹായതയും,ആത്മപീഡയും സമാസമം കലരുന്ന ഒരു വാക്കാണ് അപമാനം.

ദുഃഖം എന്ന അവസ്‌ഥയിൽ നിന്ന് അപമാനത്തിനുള്ള വ്യത്യാസം , ദുഃഖം സ്വാഭാവികമായി ഉണ്ടാകുന്ന ഒരു ഭാവമാണ്. അതിന് കാരണഭൂതനായ ഒരു വ്യക്തി ഉണ്ടാകണം എന്നില്ല .ഉദാഹരണത്തിന് പ്രിയപ്പെട്ട ഒരാളുടെ മരണം, രോഗം ഇവയൊക്കെ ദുഃഖ ഹേതുക്കൾ ആണ്.പക്ഷെ ഇത് എല്ലാം പ്രകൃത്യാ ഉള്ള ചില പരിണിതികൾ ആണ്.ഇത് ഒരാൾ വരുത്തി തീർക്കുന്ന ഒന്നല്ല.

പക്ഷെ, അപമാനം എന്നത് അങ്ങനെ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നല്ല.അത് എപ്പോഴും മറ്റൊരാളാൽ ഹേതുവായി ഉണ്ടാകുന്നതാണ്.രണ്ടോ, അതിലധികമോ  മനുഷ്യർ തമ്മിലുള്ള ഇടപെടലുകളുടെ ഉപോത്പന്നമാണ് അപമാനം.അപമാനത്തിന് കാരണമായ ഒരാളോ, ഒന്നിൽ അധികം ആളുകളോ അപ്പുറത്ത് ഉണ്ട് എന്നുള്ളത് കൊണ്ടാണ് ,അവർ വിചാരിച്ചിരുന്നുവെങ്കിൽ അങ്ങനെയൊരു അപമാനം ഒഴിവാക്കാമായിരുന്നു എന്നൊരു തോന്നൽ ഉള്ളത് കൊണ്ടാണ്,അപമാനിക്കപ്പെട്ട സന്ദർഭത്തെ കുറിച്ച് ഉറക്കെ പറയണം എന്ന് മനുഷ്യർ ആഗ്രഹിക്കുന്നത്.അപമാനിക്കപ്പെട്ട സന്ദർഭത്തിൽ അനുഭവിച്ച തീവ്ര വേദനയുടെ ആഘാതം ,കാലങ്ങൾ കഴിഞ്ഞിട്ടും കുറയാതെ നീറുന്നത് കൊണ്ടാണ്  താൻ അപമാനിക്കപ്പെട്ടിരുന്നു എന്ന് വിളിച്ചു പറയാൻ മനുഷ്യർ ആഗ്രഹിക്കുന്നത്.

"മി ടൂ" മൂവ്മെന്റ് ഉണ്ടായ സമയത്ത് , അനവധി വർഷങ്ങൾക്ക് മുൻപ് തങ്ങൾ അനുഭവിക്കേണ്ടി വന്ന ലൈംഗികചൂഷണങ്ങളെപറ്റി സ്ത്രീകൾ തുറന്നു പറഞ്ഞപ്പോൾ പലരും ചോദിച്ച ഒരു കാര്യമുണ്ട് : "ഇത് ഒക്കെ കഴിഞ്ഞിട്ട് എത്ര കാലമായി .ഇത്ര കാലം കഴിഞ്ഞ് ഇത് ഒക്കെ വിളിച്ചു പറയേണ്ട ആവശ്യം എന്താണ്. ഇത് ഒക്കെ ഇപ്പൊ പറഞ്ഞിട്ട് ഇനിയെന്ത് കിട്ടാനാണ്" എന്നെല്ലാം, എല്ലാം....ഒരു പബ്ലിസിറ്റി സ്റ്റണ്ട് ആയും, അല്ലെങ്കിൽ ചിലരെ അപകീർത്തിപ്പെടുത്താൻ ഉള്ള ശ്രമമായോ ഒക്കെ "മി ടൂ" തുറന്നു പറയലുകളെ നോക്കി കണ്ടവരുണ്ട്. തന്റെ അനുവാദമില്ലാതെ തന്റെ ശരീരത്തെ സ്പർശിക്കുമ്പോൾ ഒരു സ്ത്രീ അനുഭവിക്കുന്ന അപമാനത്തിന്റെ ആഴത്തെ മനസിലാക്കാത്തവർ ആണ് ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നത്.അപമാനിക്കപ്പെട്ട ഒരുവളെ സംബന്ധിച്ചിടത്തോളം ആ അനുഭവത്തിന്റെ മുറിവ് ഒരു കാലവും ഉണങ്ങാതെ അവൾ അറിഞ്ഞു കൊണ്ടിരിക്കും.അതുറക്കെ തന്നെ പറയാൻ കിട്ടുന്ന ആദ്യത്തെ അവസരത്തിൽ അത് ചെയ്യണമെന്ന് അവൾ സദാ ആഗ്രഹിച്ചു കൊണ്ടിരിക്കും.മാനം മുറിഞ്ഞ ഒരു പെണ്ണിന് "പശുവും ചത്തു, മോരിലെ പുളിയും പോയി" എന്നുള്ളത് ഒരു വിലയില്ലാത്ത പഴമൊഴിയാണ്.

 അംബാ രാജകുമാരി സ്വന്തം പ്രാണൻ ത്യജിച്ച് ,പകരം വീട്ടാൻ  ശിഖണ്ഡിയായി പുനർജനിച്ചതും, വസ്ത്രാക്ഷേപം ചെയ്യപ്പെട്ട പാഞ്ചാലി പതിനാല് വർഷങ്ങൾ തന്റെ മുടി അഴിച്ചിട്ടതും അവർ അനുഭവിച്ച അപമാനം മറന്ന് പോകാതെ എരിഞ്ഞു നിൽക്കാൻ ആയിരുന്നു.

"Insult is an investment"എന്ന് ഈയടുത്ത് ഒരു സിനിമ പറഞ്ഞിരുന്നു. നൈതികവും, ധാർമികവുമായി തനിക്ക് അർഹതയും, യോഗ്യതയും ഉള്ള ഇടങ്ങളിൽ നിന്ന് നിഷ്കരുണം പുറത്താക്കപ്പെടുന്ന മനുഷ്യർ നിഷ്ടുരമായി അപമാനിക്കപ്പെടുന്നവർ ആണ്.അങ്ങനെ പുറന്തള്ളപ്പെടുന്നതിനുള്ള കാരണങ്ങൾ പലതാകാം, പണമില്ലാത്തതാകാം, രൂപ ലാവണ്യം ഇല്ലാത്തത് കൊണ്ടാകാം, പദവിയും, തറവാടിത്ത ഘോഷണങ്ങളും പോരെന്നുള്ളത് കൊണ്ടാകാം, പിടിച്ചു കയറ്റാൻ തലതൊട്ടപ്പന്മാരും, അമ്മമാരും ഇല്ലാത്തത് കൊണ്ടാകാം, ആരെയൊക്കെ ,ഏതൊക്കെ അനുപാതത്തിലും,രീതിയിലും  പ്രീതിപ്പെടുത്തണം എന്നുള്ള പ്രായോഗിക ജ്ഞാനം കുറഞ്ഞു പോയത് കൊണ്ടാകാം, അപ്രിയ സത്യങ്ങൾ വിളിച്ചു പറയാൻ കഴിയാതെ ഇരിക്കുന്നതിനാലോ, അല്ലെങ്കിൽ അപ്രിയ സത്യങ്ങളെ മധുരം കുടഞ്ഞു പ്രിയമാക്കി വിളമ്പാനുള്ള ചതുരത കുറഞ്ഞത് കൊണ്ടോ ആകാം.കാരണം എന്തു തന്നെയായാലും അവർക്ക് അർഹതപ്പെട്ടത്‌ നിഷേധിക്കപ്പെടുന്നു എന്നതാണ് അവസാനത്തെ സത്യം.

അപമാനിക്കപെട്ട്, ആപാദചൂഡം മുറിഞ്ഞ്‌, കണ്ണിൽ നിന്ന് രക്തം പൊടിഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ, അപമാനിച്ചവരുടെ അടക്കി പിടിച്ച ചിരി കേൾക്കാം, അവരുടെ പരിഹാസം പുരണ്ട ഭാവം കാണാം. ഈ അപമാനത്തിന്റെ മുനമ്പിൽ നിന്ന് ഓരോ മനുഷ്യനും പിടഞ്ഞിറങ്ങുന്നത് എങ്ങോട്ടാണ് ??

അവമതികളെയും, പ്രതിസന്ധികളെയും മറികടന്ന് വിജയം കണ്ടവർ ലോകത്തിന്റെ വീര നായകർ ആണ്.തോമസ് ആൽവ എഡിസൺ മുതൽ ജെ.കെ റൗളിങ് വരെ ചവിട്ടി താഴ്ത്തിയ ഇടത്തു നിന്നും പൊടിച്ചു, നൂറായി പടർന്നു ജയിക്കുന്നവർ മനുഷ്യർക്ക് എന്നും മുന്നോട്ട് കുതിക്കാൻ ഉള്ള ഊർജമാകുന്നവർ ആണ്.പക്ഷെ അപമാനത്തിന്റെ മുനമ്പിൽ നിന്ന് എല്ലാവരും വിജയത്തിന്റെ ആകാശത്തിലേക്കല്ല ചിറക് വിരിക്കുന്നത്...ഏറിയ പങ്കും അവിടെ നിന്ന് കുത്തനെ പതിക്കുന്നത് കൊടിയ ആത്മ പീഡയുടെയും, സംഘർഷത്തിന്റെയും തീ എരിയുന്ന പാതാളത്തിലേക്കാണ്. അപമാനിക്കപ്പെട്ടു എന്നോ, അതി കഠിനമായി വേദനിച്ചു എന്നോ ലോകത്തിനോടോ , ആരോടെങ്കിലുമോ പറയാനുള്ള അവസരങ്ങൾ ഒന്നും കിട്ടാതെ അകമെരിഞ്ഞു കൊണ്ട് അവർ അവിടെ തന്നെ ദഹിച്ചു തീരുന്നു.

ചിലർ, ആ കനലിലും എരിഞ്ഞു കൊണ്ട് നിലനിൽക്കും.പാറമുകളിൽ ബന്ധിക്കപ്പെട്ട പ്രോമിത്യൂസിനെ പോലെ അവർ ഓരോ നിമിഷവും സ്വന്തം ഹൃദയം കുത്തി തുറന്ന് അതിനെ കൊത്തി കീറും...സ്നേഹിച്ചതിന്, വിശ്വസിച്ചതിന്, നേരും, നെറിവും കാട്ടിയതിന്, സത്യം പറഞ്ഞതിന്, നീതിയുണ്ടെന്ന് വിശ്വസിച്ചതിന് അവർ എല്ലായ്പ്പോഴും തങ്ങളെ മുള്ളു ചാട്ടകൾ കൊണ്ട് മർദ്ധിക്കും. അവരുടെ ഉടലും, ഉയിരും സ്വയം പീഡയുടെ വടു കെട്ടി വികൃതമാകും...അവരുടെ മുഖം കണ്ണീർ നനഞ്ഞു, നനഞ്ഞു കുഴിഞ്ഞു പോകും.അവർ ആണ് പലപ്പോഴും വിളിച്ചു പറയലിന്റെ സ്വരമാകുന്നത്...അവരാണ് അവസരം കിട്ടുമ്പോൾ അപമാനങ്ങളെ പറ്റി ആക്രോശിക്കുന്നത്...

എതിർക്കാൻ ആവതില്ലാത്തവനെ, അരി കോരത്തെക്ക് ഉന്തി മാറ്റി തമസ്കരിച്ചു കൊണ്ട്, അനർഹമായി നേടിയ വിജയം ആഘോഷിക്കുന്നവരെ നോക്കി നാം ഒരു പൊതു തത്വം പറയൽ ഉണ്ട് - ഇവരോട് ഒക്കെ ദൈവം ചോദിക്കും എന്ന് ! 

ശരിയാണ്, കാലത്തിന്റെ പരമമായ  നീതിയിൽ ,ഒരു കാലവും മങ്ങാതെ  സ്വർണം കണക്ക് സദാ ജ്വലിക്കുന്ന സത്യത്തിന്റെ മഹാ ശോഭ പുറത്ത് വരാം, വരും...അങ്ങനെ വന്ന എത്ര അധികം സംഭവങ്ങൾ നമുക്ക് മുൻപിൽ തന്നെയുണ്ട്.പക്ഷെ അപ്പോഴേക്കും അപമാനത്തിന്റെ ബലിക്കല്ലിൽ ഉടഞ്ഞു പോയ ജീവിതങ്ങൾ ഇനി ഒരിക്കലും കൂട്ടി ചേർത്ത് മിനുക്കാൻ ആകാത്ത വിധമായിരിക്കും.അവർക്ക് ഒരിക്കലും തങ്ങൾക്ക് നഷ്ട്ടപ്പെട്ടു പോയ ചെറിയ ആഹ്ലാദങ്ങളെ, കുഞ്ഞു സ്നേഹ നിമിഷങ്ങളെ തിരിച്ചു വിളിക്കാനും, അനുഭവിക്കാനും ഒന്നും പറ്റില്ല.ഏറെ വൈകിയെത്തുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിയാകുന്നത് അങ്ങനെയാണ്.

തോല്പിക്കപ്പെടുന്നവരോട്, ചതിയിൽ പെടുന്നവരോട്, അപമാനിതരാകുന്നവരോട് ലോകത്തിന് തോന്നുന്ന ഒരു അകമഴിഞ്ഞ കനിവും, ആരാധനയും ഉണ്ട്.കർണനും, ഏകലവ്യനും, ക്രിസ്തു ദേവനും ഒക്കെ ഒറ്റു കൊടുക്കപ്പെട്ടവരും, ചതിക്കപ്പെട്ടവരും ആണ്.

അറുത്തു മാറ്റപ്പെട്ട പെരുവിരൽ ആയി, ചെളിയിൽ പുതഞ്ഞു പോയ രഥചക്രമായി, മലമുകളിൽ ആകാശം പിളരുന്ന കുരിശായി, അങ്ങനെയുള്ള അനവധി അടയാളപ്പെടുത്തലുകൾ ആയി തോല്പിക്കപ്പെട്ടവരുടെ അടക്കി പിടിച്ച കരച്ചിലുകളും, പ്രാണൻ പറിയുന്ന അലമുറകളും നമുക്ക് ചുറ്റും ഉണ്ട്. അത്തരം അടയാള പലകകൾ ആണ് ചരിത്രവും, വർത്തമാനവും...

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക