Image

പാട്ടു പഠിക്ക ഹൃദയമേ.. ( കവിത: ആൻസി സാജൻ )

Published on 24 August, 2022
പാട്ടു പഠിക്ക ഹൃദയമേ.. ( കവിത: ആൻസി സാജൻ )

തൊട്ടതെല്ലാം
പൊന്നാക്കിയെന്ന്
കള്ളം പറയുന്നത്
കേൾക്കാൻ നിക്കണ്ട
നടന്നുകൊൾക
പാദമുദ്രകൾ
എവിടെയും
പതിയുകില്ലെന്നാലും
തിരിഞ്ഞുനിൽക്കാതെ പൊയ്ക്കൊൾക..
മുന്നിലും പിന്നിലും
ഒപ്പവും
ഒന്നുമുണ്ടാവില്ലയെന്നാലും
ഉള്ളിലുള്ള നിനക്കൊപ്പം
സഞ്ചരിക്ക ..
സങ്കടവും വിഷാദവും പൊതിയുമ്പോൾ
പാട്ടുകൾ കേൾക്കാം
നിന്റെ ശേഖരത്തിൽ
നിർന്നിമേഷമാവട്ടെ
ചുറ്റുവട്ടങ്ങൾ ..
എവിടുന്നുയർന്നതായാലും
പുതിയ പാട്ടുകൾ
ഉളളം കൂർപ്പിച്ച്
കേട്ടുപഠിച്ചൊരു
ബാല്യവും കൗമാരവുമുണ്ടെങ്കിൽ
കരച്ചിൽ കാലത്തത് പ്രയോജനപ്പെടും ,
പതിഞ്ഞ സ്ഥായിയിലുള്ള
സംഗീതത്തോടൊപ്പം
നൂർജഹാന്റെ
സ്വരത്തിന്റെ ശക്തിയും ചേർക്കുക,
അതു കേൾക്കേ
നിന്റെ വിഷാദങ്ങൾക്കുപോലുമൊരു
ഗാംഭീര്യമുണ്ടാകും..
അതിസുന്ദരിയായ
നൂർജഹാൻ
നിന്നു പാടുമ്പോൾ
അപശബ്ദങ്ങളും ചൂഴ്ന്ന നോട്ടങ്ങളും
കൊണ്ട്
ആരും ആ സൗന്ദര്യത്തിന്
ശല്യമാകുന്ന ചെറിയൊരു
ധൈര്യം പോലും കാട്ടുകില്ല ..
നിന്റെ ഉള്ളിലെ പാട്ടും എത്രശക്തമെന്നറിയാൻ
പഴയ പതിഞ്ഞ പാട്ടുകൾക്കൊപ്പം
നൂർജഹാനെയും കേൾക്കുക ..
അവകളിലലിഞ്ഞാൽ
പിന്നെ,
സ്വരക്കാടുകൾക്കു - ള്ളിലങ്ങനെ
തളകിലുക്കി
ഇളകിയോടുകയാവും നീ ,
മുന്നിലോ പിന്നിലോ
ഒപ്പമോ
വേറെയൊന്നും
വേണ്ടിടാത്ത
നിത്യസ്വർഗ്ഗമാകും
നിന്റെ വാസസ്ഥാനം ..
അതിനാൽ,
പാട്ടുകൾ
ഹൃദയത്തെ
ശീലിപ്പിക്ക
താമസം കൂടാതെ

MALAYALAM POEM - PAATTU PADIKKA HRUDAYAME BY ANCY SAJAN

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക