Image

കന്യാകുമാരി ക്ഷിതിയാദിയായ് ഗോ.. (യാത്രാവിവരണം: നൈന മണ്ണഞ്ചേരി)

Published on 28 August, 2022
കന്യാകുമാരി ക്ഷിതിയാദിയായ് ഗോ.. (യാത്രാവിവരണം: നൈന മണ്ണഞ്ചേരി)

രണ്ടു ദിവസം അവധി കിട്ടിയപ്പോൾ ഓർത്തു, എന്നാൽ ഇത്തവണ വിനോദയാത്ര കന്യാകുമാരിയിലേക്ക് തന്നെയാകാം. അങ്ങനെ പ്ളാനിംഗ് തുടങ്ങി. എല്ലാവരും കരുതും പോലെ അത്ര വലിയ പ്ളാനൊന്നുമില്ല. ആദ്യം ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് പുറപ്പെടുക, അവിടെ ചെന്നിട്ടാണ് പിന്നെ മറ്റു കാര്യങ്ങൾ. എല്ലാ യാത്രകളും ഏതാണ്ട് അങ്ങനെ തന്നെ.   ഗുരുവായൂർ- തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ്സിൽ വെളുപ്പിന് കയറിയതോടെ ഞങ്ങളുടെ കന്യാകുമാരി ടൂറിന് തുടക്കം കുറിച്ചു.

ഏകദേശം പതിനൊന്നുമണിയോടെ തിരുവനന്തപുരത്തെത്തി. തലസ്ഥാന നഗരവുമായി പല രീതിയിലിലും എന്റെ സാഹിത്യ മേഖലയിലെ വളർച്ച ബന്ധപ്പെട്ടു കിടക്കുന്നു. ആകാശവാണിയിൽ സൃഷ്ടികൾ അവതരിപ്പിക്കാൻ വരുന്നത് മുതൽ തുടങ്ങുന്നു തിരുവനന്തപുരവുമായുള്ള ബന്ധം. പപ്പോഴും മ്യൂസിയവും ശംഖുമുഖവും വേളിയുമൊക്കെ കറങ്ങിയിട്ടെ വരുമ്പോഴൊക്കെ പോകാറുള്ളു. ഇത്തവണ  അതിന് സമയമില്ലായിരുന്നു. എത്രയും വേഗം കന്യാകുമാരിയിലെത്തുക എന്നത് മാത്രമായിരുന്നു ലക്ഷ്യം.

റെയിൽവെ സ്റ്റേഷനിൽ നിന്നും നാഗർകോവിൽ ട്രെയിനിൽ കയറി. അവിടെ നിന്നും കന്യാകുമാരിയിലേക്ക് ബസ്സിൽ പോകാം എന്നറിഞ്ഞു. പാസഞ്ചർ ട്രെയിനായതിനാൽ വലിയ തിരക്കൊന്നുമില്ല. മനോഹരമായ കാഴ്ച്ചകൾ കണ്ണിന് കുളിർമ്മ പകർന്നു. റെയിൽപാളത്തിനധികം ദൂരെയല്ലാതെ പല സ്ഥലത്തും വാഴകളും  തെങ്ങുകളും നിരനിരയായി കണ്ണിന് കുളിർമ്മ പെയ്യുന്ന കാഴ്ച്ചയായിരുന്നു.

ട്രെയിനിൽ വെച്ച് തന്നെ വിശക്കാൻ തുടങ്ങിയിരുന്നു. അതു കൊണ്ടു  ട്രെയിനിറങ്ങി അധികം കറങ്ങാതെ അടുത്തു കണ്ട ഒരു ഹോട്ടലിൽ കയറി. ഭക്ഷണതിന്റെ രുചിഭേദം അനുഭവപ്പെട്ടു തുടങ്ങി. ഇനി രണ്ടു ദിവസം കഴിക്കേണ്ട തമിഴ് ഭക്ഷണത്തിന്റെ ഉൽഘാടനമായിരുന്നല്ലോ അത്? അവിടെ നിന്നും ബസ് സ്റ്റോപ്പിലെത്തി കന്യാകുമാരി ബസ്സും നോക്കി ഒരു നിൽപ്പ് തുടങ്ങി. പല പല ബസ്സുകളും വന്നെങ്കിലും ബോർഡ് വായിക്കാൻ കഴിയുന്നില്ല. എല്ലാം എഴുതി വെച്ചിരിക്കുന്നത് തമിഴിൽ. ഒടുവിൽ ഒരാളോട് തിരക്കിയപ്പോഴാണ് നമ്പർ നോക്കി കയറിയാൽ മതിയെന്ന് പറഞ്ഞു തന്നത്.

മൂന്നാം നമ്പർ ബസ്സുകളെല്ലാം കന്യാകുമാരിയിലേക്കാണത്രേ. അടുത്തു വന്ന മൂന്നാം നമ്പർ ബസ്സിൽ കയറി. കന്യാകുമാരിയിലേക്ക്..’’രണ്ട് ഫുള്ളും രണ്ട് ഹാഫും’’ ടിക്കറ്റ് പറഞ്ഞപ്പോൾ കണ്ടക്ടറുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു’’ ഇവിടെ ബസ്സിൽ ഹാഫ് ടിക്കറ്റ് കെടയാത്..’’

അതും പുതിയ അറിവായിരുന്നു.അങ്ങനെയെങ്കിൽ അങ്ങനെ, എതായാലും ഒടുവിൽ കന്യാകുമാരിയിലെത്തി. ഒരു കാലത്ത് കേരളത്തിന്റെ സ്വന്തമായിരുന്ന, പിന്നീട് പാലക്കാടിന് പകരം തമിഴ് നാടിന് കൈ മാറേണ്ടി വന്ന കന്യാകുമാരി ഞങ്ങളെ സ്നേഹപൂർവ്വം സ്വാഗതം ചെയ്തു.

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം..

ബംഗാൾ ഉൾക്കടലിന്റെയും  അറബിക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും തീരത്ത് സ്ഥിതി ചെയ്യുന്ന  കന്യാകുമാരിയ്ക്ക് ആ പേര് കിട്ടിയത് കുമരി അമ്മൻ ക്ഷേത്രത്തിൽ നിന്നുമാണ്.. ഹിന്ദു മതത്തിന്റെ ആവിർഭാവത്തിന് മുമ്പ് ഉണ്ടായിരുന്ന ദ്രാവിഡ ദേവതകളിൽ ഒരാളായിരുന്നു കുമരി അമ്മൻ. ആദ്ധ്യാത്മിക കേന്ദ്രവും കലാകേന്ദ്രവും മാത്രമല്ല വ്യാപാര കേന്ദ്രവും കൂടിയായിരുന്നു ചേര ചോള പാണ്ഡ്യ നായക രാജാക്കൻമാർ ഇവിടം ഭരിച്ചിട്ടുണ്ട്. പിൽക്കാലത്ത് പത്മനാഭപുരം ആസ്ഥാനമായ വേണാടിന്റെ ഭാഗമയി. 1947 വരെ കന്യാകുമാരി തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു, പിന്നീട് ഇന്ത്യൻ യൂണിയനിലേക്ക് ലയിച്ചപ്പോൾ രാജഭരണം അവസാനിക്കുകയും തിരു കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമാകുകയും 1949 ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചപ്പോൾ കന്യാകുമാരി തമിഴ് നാടിന്റെ ഭാഗമാകുകയും ചെയ്തു.

കന്യാകുമാരിയിലെ മനോഹരമായ ഉദയവും അസ്തമയവും..

നാഗർകോവിലാണ് ഭരണ സിരാകേന്ദ്രം.. നാഗർകോവിൽ, പത്നാഭ പുരം, കുളച്ചൽ, കുഴിത്തുറ എന്നിവയാണ് മുനിസിപ്പാലിറ്റികൾ.

കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമ പ്രധാന ആകർഷണമാണ് തമിഴ് വേദ ഗ്രന്ഥമായ തിക്കുറളിന്റെ 133 അദ്ധ്യായങ്ങൾ   ഇതിൽ ആലേഖനം ചെയ്തിരിക്കുന്നു.7000 ടൗൺ ഭാരവും 29 മീറ്റർ ഉയരവുമുണ്ട്.

ഗാന്ധി മണ്ഡപം

ഗാന്ധിജിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത സ്ഥലത്താണ്  ഗാന്ധി മണ്ഡപം സ്ഥാപിച്ചിരിക്കുന്നത് ക്ഷേത്രങ്ങളുടെ മാതൃകയിൽ നിർമ്മിച്ച ഇതിൽ .ഗാന്ദ്ധി ജയന്തി ദിനമായ ഒക്ടോബർ 2 ന് ആദ്യസൂര്യ കിരണങ്ങൾ പതിക്കുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.

പ്രധാനമായും ഉദയവും അസ്ത്മയവും കാണാനാണല്ലോ  സന്ദർശകർ കന്യാകുമാരിയിലെത്തുന്നത്.അതു കൊണ്ട്  കടൽ തീരത്തിന് സമീപമുള്ള ഒരു ലോഡ്ജിൽ തന്നെ മുറിയെടുത്തു.കുളിച്ച് റെഡിയായി നേരെ കന്യാകുമാരിയുടെ മനോഹരമായ കടൽ തീരത്തേയ്ക്ക്…ചിപ്പികളും കക്കകളും മാലകളും വിൽക്കുന്ന കുട്ടികളുൾപ്പെടെയുള്ള കച്ചവടക്കാർ ഒരു വശത്ത്..കപ്പലണ്ടി.. ഐസ്ക്രീം കച്ചവടക്കാരുടെ ബഹളം മറു വശത്ത്...എതായാലും അസ്തമയത്തിന് മുമ്പുള്ള സമയം കടപ്പുറത്തിന്റെ മനോഹാരിതയിൽ കറങ്ങി നടന്നു.വിവേകാനന്ദപ്പറ ദൂരെ നിന്ന് കണ്ടു.നീണ്ട ക്യൂ ഉള്ളതിനാൽ അങ്ങോട്ടേക്കുള്ള ബോട്ടിന് ടിക്കറ്റെടുക്കാൻ നിന്നില്ല,അടുത്ത തവണ ഏതായാലും കാണണം.

വാവതുറൈ മുനമ്പിൽ നിന്ന് 500 മീറ്റർ അപ്പുറം ഉള്ള രണ്ടു പാറകളീൽ ഒന്നാണ് വിവേകാനദപ്പാറ.സ്വാമി വിവേകാന്ദൻ  1892 ഡിസംബർ 23,24,25 തീയതികളിൽ കടൽ നീന്തിക്കടന്ന് ഈ പാറയിൽ ധ്യാനമിരുന്നു..അതിന്റെ സ്മരണക്കായി നിർമ്മിച്ച ഈ സ്മാരകം 1972ൽ അന്നത്തെ ഇന്ത്യൻ പ്രസിഡന്റായിരുന്ന വി.വി.ഗിരി രാഷ്ട്രത്തിന് സമർപ്പിച്ചു.വിവേകാനന്ദ സ്വാമികളുടെ പ്രതിമയാണ് മുഖ്യ ആകർഷണം.സന്ദർശകർക്ക് ധ്യാനിച്ചിരിക്കാനുള്ള ഒരു ധ്യാന മണ്ഡപവും ഇവിടുണ്ട്.കന്യാകുമാരി ദേവി ഒറ്റക്കാലിൽ തപസ്സനുഷ്ടിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ശ്രീപാദപ്പാറയും ഇവിടെയാണ്.

ഗാന്ധി മണ്ഡപം,കന്യാകുമാരി

ഇതിനടുത്ത്  കാണുന്ന പാറയിലാണ്  തമിഴ് കവിയും തിരുക്കുറളിന്റെ കർത്താവുമായ തിരുവള്ളുവരുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.40.6 മീറ്ററാണ്  ഉയരം.തിരുക്കുറളിന്റെ അദ്ധ്യായങ്ങളും ഇവിടെ ആലേഖനം ചെയ്തിരിക്കുന്നു.വിവേകാനന്ദപ്പാറയിലേക്ക് പോകുന്ന വഴി തിരുവള്ളുവരുടെ പ്രതിമ അടുത്തു നിന്ന് കാണാം,വേണമെന്നുള്ളവർക്ക് ഈ പാറയിൽ ഇറങ്ങാനും സൗകര്യമുണ്ട്..

ഇന്ത്യൻ മഹാസമുദ്രവും അറബിക്കടലും ബംഗാൾ ഉൾക്കടലും ഒന്നു ചേരുന്ന ത്രിവേണീ സംഗമം ഇവിടെ നിന്നാൽ കാണാം, ആ മനോഹര കാഴ്ച്ച എത്ര നേരം നോക്കി നിന്നുവെന്നറിയില്ല.ഏതായാലും അവിസ്മരണീയമായ ഒരു അനുഭവം തന്നെയായിരുന്നു വിവേകാനന്ദപ്പാറ സന്ദർശനം..കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രവും സ്വാമി വിവേകാനന്ദന്റെയും പാറയുടെ നിർമ്മാണത്തിന്റെയും വിശദ വിവരങ്ങളും നൽകുന്ന .ഒരു മ്യൂസിയവും ഇതോട് ചേർന്നുണ്ട്

സുനാമി സമയത്ത് അവിടെ കുടുങ്ങിപ്പോയ യാത്രികരുടെ ഓർമ്മകളായിരുന്നു അപ്പോൾ എന്റെ മനസ്സിൽ.കടലിൽ നിന്നും അൽപ്പം ദൂരെ ആഞ്ഞടിക്കുന്ന തിരമാലകൾക്കിടയിലും സ്വച്ഛശാന്തമായി നിൽക്കുന്ന വിവേകാനന്ദപ്പാറ  ദൂരെ നിന്ന് കണ്ട് നിർവൃതിയടഞ്ഞു.

വായിച്ചും പറഞ്ഞും മാത്രം കേട്ടിട്ടുള്ള കന്യാകുമാരിയിലെ അസ്തമയത്തിന്റെ ഭംഗി പൂർണ്ണമായും കാണാൻ പ്രധാന കടൽ തീരത്തു നിന്നും അൽപ്പം ദൂരെ പോകണം.അങ്ങോട്ട് ഓട്ടോയിൽ കയറി പോയി.നിറഞ്ഞ മനസ്സോടെ അസ്തമയഭംഗി ആവോളം നുകർന്നു.വീണ്ടും തിരിച്ച് റൂമിലേക്ക്.

വെങ്കായം സ്പെഷ്യൽ..

ഭക്ഷണതിന്റെ കാര്യത്തിൽ മറ്റു നാടുകളിൽ വരുമ്പോൾ നമ്മൾ കുടിങ്ങിപ്പോയതു തന്നെ.   പല സ്ഥലത്തും കേരള ഹോട്ടലുകൾ ഉള്ളതാണ് ഇപ്പോൾ ഒരു ആശ്രയം.ഏതായാലും ശാപ്പാട് പുറത്തു നിന്ന് തന്നെ കഴിച്ചിട്ട് പോകാമെന്ന് തീരുമാനിച്ചു.സാമാന്യം ഭേദപ്പെട്ടതെന്ന് തോന്നിയ ഒരു ഹോട്ടലിൽ കയറി.

‘’എന്നാ സാർ വേണ്ടത്?’’ തമിഴും മലയാളവും കലർത്തി സപ്ളയർ ചോദീച്ചു.

 ‘’ഇവിടെ എന്തൊക്കെ കിടയും?’’ അറിയാവുന്ന തമിഴിൽ ഞാനും തട്ടിവിട്ടു. അയാൾ പറഞ്ഞ ലിസ്റ്റിൽ നിന്നും കഴിക്കൻ പറ്റിയതെന്ന് തോന്നിയത് കൊണ്ട് ദോശ തന്നെ ഓർഡർ ചെയ്തു.കറി എന്തെങ്കിലും സ്പെഷ്യലുണ്ടോയെന്ന് ചോദിച്ചപ്പോൾ അയാളുടെ മറുപടി,’’വെങ്കായം സ്പെഷ്യലിരിക്കത് സാർ.’’

ഓർഡർ ചെയ്തതനുസരിച്ച് വെങ്കായം സ്പെഷ്യലെത്തി.ആകാംക്ഷയോടെ ആ സ്പെഷ്യലിൽ ഞാൻ കണ്ണോടിച്ചു.ഏതായാലും  വെങ്കായം സ്പെഷ്യൽ കണ്ടപ്പോളുള്ള നിരാശ വേറൊരു സ്പെഷ്യൽ കണ്ടപ്പോഴും ഉണ്ടായിട്ടില്ല.   നമ്മുടെ സവാള നീളത്തിൽ അരിഞ്ഞിട്ട് മസാലയും ചേർത്ത കറി.ഏതായാലും അവിടെ തങ്ങിയ രണ്ടു ദിവസം ബുദ്ധിമുട്ടനുഭവിച്ചത് ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രമായിരുന്നു.കന്യാകുമാരി തമിഴ് നാടിന് വിട്ടു കൊടുക്കണ്ടായിരുന്നു എന്നു വരെ തോന്നിപ്പോയി.

സുപ്രഭാതം..

നേരത്തെ കിടന്നുറങ്ങണം..എന്നാലേ നേരത്തെ എഴുന്നേറ്റ് ഉദയം കാണാൻ പറ്റൂ.എല്ലാവരോടും എന്നോട് തന്നെയും പറഞ്ഞ് വെളുപ്പിന് അലാറവും വെച്ച് ഉറങ്ങാൻ കിടന്നു.അങ്ങനെ ആ നിമിഷവും വന്നെത്തി.

കടൽ തീരത്തു തന്നെയുള്ള ഹോട്ടലായതിനാൽ അധികം നടക്കേണ്ടി വന്നില്ല.അൽപനേരം കിഴക്കോട്ട് നോക്കി നിൽക്കുമ്പോൾ അതാ കാണുന്നു,പഴുത്ത ഒരു ഗോളം പോലെ പതുക്കെ പതുക്കെ സൂര്യൻ മനോഹാരിതയോടെ ഉദിച്ചു വരുന്നു,ഇന്നു വരെ സൂര്യനെ കണ്ടിട്ടുള്ളതിൽ ഏറ്റവും ഭംഗിയാർന്ന രൂപമായിരുന്നു അത്.എല്ലാവരും അതിന്റെ ഭംഗിയിൽ മുഴുകി ഏറെ നേരം നിന്നു,പൂർണ്ണമായും ഉദിച്ചുയരും വരെ  അതിന്റെ ഭംഗി നോക്കി നിന്നത് ഇത്ര നാളായിട്ടും മറന്നിട്ടില്ല.

കന്യാകുമാരിയിലെ മെഴുക് മ്യൂസിയം

പിന്നെ വൈകുന്നേരം വരെ സമയമുണ്ടായിരുന്നതിനാൽ കന്യാകുമാരിയിലെ വാട്ടർ തീം പാർക്കിൽ പോകാമെന്ന് തീരുമാനിച്ചു.നമ്മുടെ നാട്ടിൽ വാട്ടർതീം പാർക്കുകൾ പ്രചാരത്തിൽ വരും മുമ്പേ പ്രശസ്തമായ പാർക്കാണ് കന്യാകുമാരിയിലേത്.വിശാലമായ പാർക്കിനുള്ളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വൈവിദ്ധ്യമാർന്ന റൈഡുകളുണ്ട്.നാട്ടിൽ വെച്ച് വാട്ടർ റൈഡുകളിൽ കുട്ടികളെ വിട്ട് മാറി നിൽക്കുകയാണ് പതിവെങ്കിൽ ഇവിടെ പല റൈഡുകളിലും പങ്കെടുത്തു.
വിനോദങ്ങളിൽ മുഴുകി സമയം പോയത് അറിഞ്ഞതേയില്ല.പ്രശസ്തമായ മെഴുക് മ്യൂസിയവും സന്ദർശിച്ചു.തമിഴ് നാട്ടിലെ മാത്രമല്ല കേരളത്തിലെയും പ്രശസ്തരായ രാഷ്ട്രീയ നേതാക്കൾ,സിനിമാതാരങ്ങൾ,സ്പോർട്സ് താരങ്ങൾ..എല്ലാവരുടെയും മെഴുക് പ്രതിമകൾക്ക് വല്ലാത്ത ഒറിജിനിലാറ്റി. 
മുഖ്യമന്ത്രിമാരായിരുന്ന കെ.കരുണാകരൻ,ഇ.കെ.നായനാർ തുടങ്ങി പലരുടെയും കൂടെ നിന്ന് ഫോട്ടോ എടുത്തു.ഫോട്ടോയിൽ നോക്കുമ്പോൾ യഥാർഥത്തിൽ അവരോടൊപ്പം നിന്ന് ഫോട്ടോ എടുത്തതു പോലെ.മരിച്ചവരുടെ മാത്രമല്ല ജീവിച്ചിരിക്കുന്നവരുടെയും പ്രതിമകൾ കന്യാകുമാരി വാക്സ് മ്യൂസിയത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

പിന്നെ വൈകുന്നേരം വരെ സമയമുണ്ടായിരുന്നതിനാൽ കന്യാകുമാരിയിലെ ബേ വാച്ചസ് വാട്ടർ തീം പാർക്കിൽ പോകാമെന്ന് തീരുമാനിച്ചു.നമ്മുടെ നാട്ടിൽ വാട്ടർ തീം പാർക്കുകൾ പ്രചാരത്തിൽ വരും മുമ്പേ പ്രശസ്തമായ പാർക്കാണ് കന്യാകുമാരിയിലേത്.വിശാലമായ പാർക്കിനുള്ളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വൈവിദ്ധ്യമാർന്ന റൈഡുകളുണ്ട്.നാട്ടിൽ വെച്ച് വാട്ടർ റൈഡുകളിൽ കുട്ടികളെ വിട്ട് മാറി നിൽക്കുകയാണ് പതിവെങ്കിൽ ഇവിടെ പല റൈഡുകളിലും പങ്കെടുത്തു.മുകളിനിന്നും വേഗതയിൽ വന്ന് വെള്ളച്ചാട്ടത്തിലേക്ക് പതിക്കുന്ന റൈഡാണ് ഏറ്റവും ആകർഷകം എന്ന് എനിക്കു തോന്നുന്നു.

വിനോദങ്ങളിൽ മുഴുകി സമയം പോയത് അറിഞ്ഞതേയില്ല. ബേ വാച്ചസ് അമ്യൂസ്മെന്റ് പാർക്കിനോട്  ചേർന്നുള്ള മായാപുരി എന്ന മെഴുക് മ്യൂസിയവും സന്ദർശകരെ ഏറെ ആകർഷിക്കുന്നു.തമിഴ് നാട്ടിലെ മാത്രമല്ല കേരളത്തിലെയും പ്രശസ്തരായ രാഷ്ട്രീയ നേതാക്കൾ, അമിതാബ് ബച്ചൻ,മമ്മൂട്ടി,മോഹൻലാൽ തുടങ്ങിയ സിനിമാതാരങ്ങൾ,സ്പോർട്സ് താരങ്ങൾ..എല്ലാവരുടെയും മെഴുക് പ്രതിമകൾക്ക് വല്ലാത്ത ഒറിജിനിലാറ്റി തന്നെ.മുഖ്യമന്ത്രിമാരായിരുന്ന കെ.കരുണാകരൻ,ഇ.കെ.നായനാർ തുടങ്ങി പലരുടെയും കൂടെ നിന്ന് ഫോട്ടോ എടുത്തു.ഫോട്ടോയിൽ നോക്കുമ്പോൾ യഥാർത്ഥത്തിൽ അവരോടൊപ്പം നിന്ന് ഫോട്ടോ എടുത്തതു പോലെ.മരിച്ചവരുടെ മാത്രമല്ല മമ്മൂട്ടി,മോഹൻലാൽ..തുടങ്ങി  ജീവിച്ചിരിക്കുന്നവരുടെയും പ്രതിമകൾ മായാപുരി വാക്സ് മ്യൂസിയത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്

ബസ്സിന് വൈകുന്നേരം തിരുവനന്തപുരത്തു ചെന്ന് അവിടെ നിന്ന് വേണം ആലപ്പുഴയിലേക്ക് പോകാൻ..മനസ്സില്ലാ മനസ്സോടെയാണെങ്കിലും കന്യാകുമാരിയോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ സ്കൂളിൽ പഠിച്ച പദ്യത്തിന്റെ വരികൾ അറിയാതെ ചുണ്ടിലെത്തി.’’കന്യാകുമാരി ക്ഷീതിയാദിയായ് ഗോ കർണ്ണാന്തമായ് തെക്കു വടക്കു നീളെ,അന്യോന്യമംബാശിവർ നീട്ടിവിട്ട കണ്ണോട്ടമേറ്റുണ്ടൊരു  നല്ല രാജ്യം..

KANYAKUMARI

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക