Image

കുഞ്ചൻ നമ്പ്യാർക്കു ശേഷം... (വിജയ്  സി.എച്ച്)

Published on 28 August, 2022
കുഞ്ചൻ നമ്പ്യാർക്കു ശേഷം... (വിജയ്  സി.എച്ച്)

ആക്ഷേപഹാസ്യത്തിൻ്റെ ഏറ്റവും ജനപ്രിയമായ ആവഷ്കാരമാണ് ഓട്ടൻ തുള്ളലെങ്കിൽ, ഈ രംഗാവതരണത്തിൻ്റെ ഏറ്റവും സമുന്നതനായ കലാകാരനാണ് കലാമണ്ഡലം പ്രഭാകരൻ. 
എഴുപത്തിയേഴിലും സംസ്ഥാനത്തെ  അങ്ങോളമിങ്ങോളമുള്ള അരങ്ങുകളിൽ ഓട്ടൻ തുള്ളൽ എന്ന് പൊതുവെ അറിയപ്പെടുന്ന മൂന്നു തരം വേഷങ്ങളുമായി പ്രഭാകരനാശാൻ തൻ്റെ സർഗസാന്നിദ്ധ്യം അറിയിക്കുമ്പോൾ, മൂന്നൂറു വർഷത്തോളം പഴക്കമുള്ള ഈ നൃത്തകലാരൂപത്തിൻ്റെ ഉപജ്ഞാതാവായ കുഞ്ചൻ നമ്പ്യാരുടെ ഇളംതലമുറക്കാരനായി കലാസ്നേഹികൾ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് സ്വാഭാവികം! 
"തുള്ളലെന്നാൽ നൃത്തമെന്നർത്ഥം. ഒടുവിൽ തുള്ളിയത് കഴിഞ്ഞ ആഴ്ച്ചയിലാണ്. 'പുളിന്തി മോക്ഷം' പറയൻ തുള്ളൽ. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവരങ്ങിൽ," പ്രഭാകരനാശാൻ പറഞ്ഞു തുടങ്ങി...
🟥പതിനായിരത്തിലേറെ വേദികൾ 
കേരള കലാമണ്ഡലത്തിൽ തുള്ളൽ വിദ്യാർത്ഥിയായിരിക്കെ, 'കിരാതം കഥ' ഓട്ടൻ തുള്ളൽ അവതരിപ്പിച്ചുകൊണ്ട് 1962-ൽ അരങ്ങേറ്റം കുറിച്ചു.  കഴിഞ്ഞ അറുപതു വർഷത്തിൽ ശീതങ്കനും, ഓട്ടനും, പറയനും ഉൾപ്പെടെ രാജ്യത്തും വിദേശങ്ങളിലുമായി പതിനായിരത്തിലേറെ വേദികളിൽ തുള്ളൽ അവതരിപ്പിക്കാൻ കഴിഞ്ഞു. 
🟥തുള്ളലുമായി ഗ്രാമങ്ങളിലേയ്ക്ക് 
കലാമണ്ഡലത്തിലെ നാലു വർഷത്തെ കോഴ്സ് പൂർത്തിയാക്കിയതിനു ശേഷം മുതിർന്ന ആശാന്മാരുടെ സംഘങ്ങളിൽ കുറച്ചു കാലം പരിപാടികൾ അവതരിപ്പിച്ചു. എന്നാൽ, കടുത്ത ദാരിദ്ര്യത്തിലായിരുന്ന കുടുംബത്തിൻ്റെ ചുമതല ഏറ്റെടുക്കേണ്ടി വന്നു. മുൻകൂട്ടി ഏർപ്പാടാക്കുന്ന പരിപാടികൾ മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് ലഭിച്ചിരുന്നത്. അതിനാൽ, ഗ്രാമങ്ങളിലുള്ള ധനികരുടെയും, കർഷക പ്രമാണിമാരുടെയും വസതികളിൽ പോയി കഥകൾ അവതരിപ്പിയ്ക്കാൻ തീരുമാനിച്ചു. പ്രതിമാസം 30 രൂപയോളം പ്രതിഫലം ലഭിച്ചു തുടങ്ങിയപ്പോൾ അത് വലിയ ആശ്വാസം നല്കി. കാലം അതായിരുന്നു! ഒരു നേരത്തെ ഭക്ഷണം പ്രതിഫലമായി ലഭിയ്ക്കുവാ൯ പോലും ഞാൻ തുള്ളിയിട്ടുണ്ടെന്ന യാഥാർത്ഥ്യം ഇന്നുള്ളവർക്ക് ഉൾക്കൊള്ളുവാൻ കഴിയുമോ? തുള്ളലുമായി ഗ്രാമങ്ങളിലേയ്ക്കുള്ള കാൽനട യാത്രകൾ രണ്ടു വർഷത്തിലേറെ കാലം തുടർന്നു. രണ്ടണ (12 പൈസ) കൊടുത്തു ട്രെയിൻ ടിക്കറ്റ് എടുക്കാൻ നിവൃത്തിയില്ലാതെ, 16 മൈൽ നടന്നു നീലേശ്വരം രാജാസ് ഹൈസ്കൂളിലേയ്ക്കു പോയിരുന്നവനാണ് ഞാൻ. മനസ്സിൽ നിന്നു മാഞ്ഞു പോകുമോ ഇത്തരം ജീവിത യാത്രകൾ? 


🟥ചരിത്ര സംഭവം 
കുഞ്ചൻ നമ്പ്യാർ ആദ്യമായി തുള്ളൽ അവതരിപ്പിച്ച അതേ നാടകശാലയിൽ 246 വർഷങ്ങൾക്കു ശേഷം, 'പുനഃപ്രവേശനം' എന്ന ചരിത്ര സംഭവത്തിലൂടെ ഈ ജനകീയ കല വീണ്ടും നിവേദിയ്ക്കാൻ അവസരം ലഭിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ധന്യതയായി ഞാൻ കരുതുന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മിഴാവ് കൊട്ടുന്നതിനിടയിൽ അറിയാതെയൊന്നു മയങ്ങിപ്പോയപ്പോൾ, കൂത്തുകാരൻ ചാക്യാർ നമ്പ്യാരാശാനെ സദസ്യരുടെ സാന്നിദ്ധ്യത്തിൽ മുൻപിൻ നോക്കാതെ പരിഹസിച്ചു. നമ്പ്യാരാശാൻ പിറ്റേന്ന് ക്ഷേത്രത്തിലെത്തിയത് ശീതങ്കൻ വേഷത്തിലാണ്. തന്നെ അപമാനിച്ച ചാക്യാരെ ഒരു പാഠം പഠിപ്പിയ്ക്കലായിരുന്നു ഉദ്ദേശ്യം. കൂത്തമ്പലത്തിനു സമീപത്തുള്ള കളിത്തട്ടിൽ നമ്പ്യാരാശാൻ 'കല്യാണസൗഗന്ധികം' വരികൾ പാടി ചടുലനൃത്തമാടാൻ തുടങ്ങി. ചാക്യാർക്കൂത്ത് കാണാൻ എത്തിയവരൊക്കെ തൽക്ഷണം തുള്ളൽക്കാരൻ്റെ ചുറ്റും കൂടി അദ്ദേഹത്തിൻ്റെ ലളിതമായ ആഖ്യാനം ശരിയ്ക്കും ആസ്വദിച്ചു. തുള്ളൽ എന്നൊരു ജനപ്രിയ ആവിഷ്കാരം പിറവികൊണ്ടെങ്കിലും, പ്രേക്ഷകർ നഷ്ടപ്പെട്ട ചാക്യാർ ചെമ്പകശ്ശേരി രാജാവ് ദേവനാരായണ തിരുമനസ്സിനോട് പരാതിപ്പെട്ടു. ഉടൻ തന്നെ ഭരണാധിപൻ തുള്ളലിന് ക്ഷേത്രത്തിൽ വിലക്ക് ഏർപ്പെടുത്തി. അരങ്ങേറിയ അന്നു തന്നെ നിരോധിയ്ക്കപ്പെട്ടൊരു കലാരൂപം സംസ്ഥാനത്തിൻ്റെ ഒരു മഹത് പൈതൃകമായിത്തീരുമെന്ന് അന്നാരും കരുതിക്കാണില്ല! ജനകീയ സർക്കാർ സംസ്ഥാനത്തെ ഭരണം ഏറ്റെടുത്തുവെങ്കിലും, അമ്പലപ്പുഴയിലെ അമ്പലത്തിൽ തുള്ളൽ നിരോധനം രണ്ടര നൂറ്റാണ്ട് കാലം നീണ്ടു നിന്നു. തീവ്ര ശ്രമങ്ങൾക്കൊടുവിൽ, ക്ഷേത്രത്തിലെ തുള്ളൽ വിലക്ക്‌ തിരുവിതാംകൂർ ദേവസ്വം പിൻവലിച്ചു. 2006, മെയ് 5-ആം തീയതി, നമ്പ്യാരാശാൻ്റെ 306-ആം ജന്മദിനത്തിൻ്റെയന്ന് ആഹ്ളാദത്തിൽ ആറാടി നിന്ന വൻ ജനസഞ്ചയം എന്നെയും മറ്റു കലാകാരന്മാരെയും ക്ഷേത്രത്തിനകത്തേയ്ക്ക് ആനയിച്ചു. കുരുത്തോലയുടെ പൊൻതിളക്കത്തിൽ, നമ്പ്യാരാശാൻ്റെ ദീപ്തസ്മരണയിൽ, അദ്ദേഹത്തിൻ്റെ പാദസ്പർശമേറ്റ അതേയിടത്തു നിന്നുകൊണ്ട് ഞാൻ തുള്ളി; സൗഗന്ധിക വരികൾ ആലപിച്ചു. തിങ്ങിക്കൂടി നിന്ന തുള്ളൽ പ്രേമികൾ ആനന്ദക്കണ്ണീരൊഴുക്കി. 'പുനഃപ്രവേശനം' ശുഭം; മറക്കാനാകുമോ ആ ധന്യനിമിഷങ്ങൾ! 
🟥ചിന്തയിലെന്നും ശീതങ്കൻ 
നമ്പ്യാരാശാൻ ആദ്യമണിഞ്ഞ വേഷമായതിനാലോ, അത് അമ്പലപ്പുഴയിൽ പുനഃപ്രവേശിപ്പിച്ചതിനാലോ, കേരളത്തനിമ നിറഞ്ഞു നിൽക്കുന്ന കേരവൃക്ഷത്തിൻ്റെ ഓലകൊണ്ടുള്ള മെയ്യാഭരണങ്ങൾ അണിയുന്നതിലോ എന്നറിയില്ല, എൻ്റെ ചിന്തയിൽ എന്നും ശീതങ്കനാണ്! നമ്മുടെ തനത് ക്ലാസ്സിക് കലകളായ കൂടിയാട്ടം, കൃഷ്ണനാട്ടം, കഥകളി, പാഠകം മുതലായവയുടെയും, അനുഷ്ഠാന കലകളായ കോലം തുള്ളൽ, ഊരാളി തുള്ളൽ, പൂപ്പട തുള്ളൽ, പടയണി മുതലായവയുടെയും നർമ്മോക്തി ശകലങ്ങൾ കണ്ണിചേർത്തു നമ്പ്യാരാശാൻ തൻ്റെ ആവിഷ്‌ക്കാരങ്ങൾക്ക് ജന്മം നൽകിയപ്പോൾ, മന്ദഗതിയിൽ പാടുകയും ആടുകയും ചെയ്തു ലാസ്യത്തിന് മുൻഗണന ലഭിയ്ക്കുന്നതായിത്തീർന്നു ശീതങ്കൻ. ഏറെ മോഹനമാണ് ലാസ്യരസം! 
🟥പറയനോട് പ്രണയമേറെ 
കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ച ഏക തുള്ളൽ കലാകാരനായ ഗുരു വെച്ചൂർ തങ്കമണിപ്പിള്ളയിൽ നിന്നാണ് പറയൻ തുള്ളലിൻ്റെ സൂക്ഷ്മവശങ്ങൾ ഞാൻ ഗ്രഹിച്ചത്. വേദികളിൽ അന്ന് അപൂർവമായേ പറയൻ അവതരിപ്പിക്കപ്പെട്ടിരുന്നുള്ളൂ. ഈ തുള്ളൽ രൂപത്തിൻ്റെ സ്വീകാര്യത വർദ്ധിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ അഭിനയത്തിലും, വേഷത്തിലും, ഗാനസമ്പ്രദായത്തിലും കാലോചിതമായ പരിഷ്കാരങ്ങൾ ഞാ൯ സന്നിവേശിപ്പിച്ചു. സ്വാഭാവികമായും പറയന് ആസ്വാദകർ വർദ്ധിയ്ക്കുവാൻ തുടങ്ങി. ഇതു പരിഗണിച്ചാണ് കേരള കലാമണ്ഡലം 2005-ൽ എനിയ്ക്ക് പുരസ്കാരം നൽകിയത്. സൂര്യ ഫെസ്റ്റിൻ്റെ ഭാഗമായി രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും ഞാൻ പരിഷ്കരിച്ച പറയനുമായി പോയിട്ടുണ്ട്. അരയിൽ ചുവന്ന പട്ടുടുത്തും, തലയിൽ നാഗഫണ കിരീടം ധരിച്ചും, വലതു കാലിൽ ചിലങ്ക കെട്ടിയുമുള്ള എൻ്റെ പറയൻ പ്രകടനം കാണാനെത്തിയ മുഖ്യാതിഥി തകഴി ശിവശങ്കരപ്പിള്ള അഭിനയത്തെ വിലയിരുത്തി പറഞ്ഞ വാക്കുകൾ ഉള്ളിൻ്റെ ഉള്ളിൽ ഞാൻ ചില്ലിട്ടു സൂക്ഷിക്കുന്നു. 


🟥ഓട്ടൻ ഇത്തിരി കഥകളിപോലെ 
ഓട്ടന് സാധാരണക്കാരൻ്റെ കഥകളിയെന്നൊരു വിശേഷണമുണ്ട്. കഥകളി വേഷവുമായി ഓട്ടനു സാദൃശ്യമുള്ളത് ഇതിനൊരു കാരണമായിരിയ്ക്കാം. ഓട്ടൻ കലാകാരൻ്റെ മുഖത്തും പച്ച മനയോലയുണ്ട്. എന്നാൽ, തുള്ളലിൽ ചുട്ടിയ്ക്കു (താടി) പകരം, വെളുത്ത വളയം വരയ്ക്കുന്നു. കഥകളി കലാകാരൻ പൂർണ വൃത്താകൃതിയിലുള്ള കിരീടം (കേശഭാരം) ധരിയ്ക്കുമ്പോൾ, ഓട്ടൻ തുള്ളലിൽ അർദ്ധവൃത്തത്തിലുള്ളത് ഉപയോഗിക്കുന്നു. ഹസ്തകടകം, തോൾപൂട്ട്, കുരലാരം, കഴുത്താരം, മാർമാല, ഒറ്റനാക്ക്, മുതലായ ആടയാഭരണങ്ങൾ രണ്ടിലും ഏകദേശം ഒരുപോലെയാണ്. നാടകൾ കൊണ്ടു നിർമ്മിച്ച പാവാടയും, പാദങ്ങളിൽ ചിലങ്കയുമാണ് ഓട്ടനിലെ മറ്റു അനുസാരികൾ. വാലുനീട്ടി കണ്ണും പുരികവും എഴുതുന്നത് കഥകളിയിലെന്ന പോലെ മൂന്നിനം തുള്ളലുകളിലുമുണ്ട്. എന്നാൽ, അഭിനയ രീതികളിൽ സാദൃശ്യമില്ല. കഥകളി പിൻതുടരുന്നത് ശാസ്ത്രീയമായ നാട്യധർമി അഭിനയ സമ്പ്രദായമാണെങ്കിൽ, ഓട്ടനിൽ ജനകീയമായ ലോകധർമിയാണ്. തുള്ളലിൽ കഥകളി പോലെ സവിസ്തരമായ കൈമുദ്രകളില്ല. അവതരണ വിഷയത്തിലെ മുഖ്യമായ വാക്കുകൾ മാത്രം ആംഗ്യഭാഷയിൽ പ്രകടിപ്പിയ്ക്കുന്നു. കലാകാരൻ ദ്രുതഗതിയിലുള്ള ചുവടുകൾ വെച്ചു, കഥ ജനപ്രിയമാം വിധം അവതരിപ്പിക്കുന്നതാണ് ഈ ആവിഷ്കാരത്തിൻ്റെ വിജയ രഹസ്യം. നാടൻ മട്ടിലുള്ള അംഗചലനങ്ങളാൽ ആക്ഷേപവും, നർമ്മവും കലർന്ന സാമൂഹിക വിശകലങ്ങൾ മൂന്നു തരം തുള്ളലുകളെയും ഏറെ കരുത്തുറ്റതാക്കി മാറ്റുകയും ചെയ്യുന്നു. തുള്ളൽ കലാകാരൻ പാടുകയും അതിനൊത്ത് ആടുകയും വേണം. മൃദംഗവും, ജാലറയുമായി (കൈമണി) പുറകിൽ രണ്ട് അകമ്പടിക്കാർ ഉണ്ടാകണം. ജാലറ കൊട്ടുന്ന ശിങ്കിടിയാണ് തുള്ളൽക്കാരൻ്റെ പാട്ട് ഏറ്റുപാടുന്നത്. അടന്തയും, ചെമ്പടയും, ചമ്പയും, പഞ്ചാരിയുമെല്ലാം താളങ്ങളാണ്. 


🟥തുള്ളൽത്രയം 
തുള്ളൽത്രയം ആവിഷ്കരിച്ചു, അവതരിപ്പിച്ചു, മുന്നോട്ടു പോകുന്നത് ഒരു തുള്ളൽ കലാകാരൻ എന്ന നിലയിൽ അഭിമാനം തോന്നുന്നൊരു സംഗതിയാണ്. മൂന്നു തരം തുള്ളൽ സമ്പ്രദായങ്ങളും ഒരേ വേദിയിൽ ഒരുമിച്ചു കൊണ്ടുവന്ന് പ്രേക്ഷകർക്ക് ഒരോന്നുമെന്തെന്ന് വ്യക്തമായി മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് തുള്ളൽത്രയത്തിൻ്റെ ഉദ്ദേശ്യം. കല്യാണസൗഗന്ധികമാണ് തുള്ളുന്നതെങ്കിൽ, പ്രധാന കഥാപാത്രങ്ങളായ ഭീമനും, ഹനുമാനും, പാഞ്ചാലിയുമായി മൂന്നു പേർ അരങ്ങിലെത്തുന്നു. ഓരോരുത്തരും അണിയുന്നത് ഓരോ തരം തുള്ളലിൻ്റെ വേഷമാണ് -- ഹനുമാൻ ശീതങ്കനും, ഭീമൻ ഓട്ടനും, പാഞ്ചാലി പറയനും. ഓരോരുത്തരും അവരവരുടെ വരികൾ പാടി അഭിനയിക്കുന്നു. പിൻപാട്ടുകാരുണ്ട്. കാറ്റിൽ പറന്നെത്തിയ സൗഗന്ധിക പുഷ്പം കണ്ടു ആകൃഷ്ടയായ പാഞ്ചാലി, ഭീമനോട് ഇപ്രകാരം പറയുന്നു, "കണ്ടാലുമാശ്ചര്യപുഷ്പമെൻ വല്ലഭാ, കണ്ടാൽ മനോഹരം കാഞ്ചനാഭം ശുഭം." ദ്രൗപദിയുടെ ആഗ്രഹം മനസ്സിലാക്കിയ വൃകോദരൻ സൗഗന്ധികം വിരിയുന്ന കുബേരൻ്റെ പൊയ്ക അന്വേഷിച്ചിറങ്ങുന്നു. എന്നാൽ, വഴിയിൽ വിഘ്‌നം സൃഷ്ടിച്ചുകൊണ്ട് കിടക്കുന്ന ആഞ്ജനേയനെ ഭീമന് അഭിമുഖീകരിക്കേണ്ടിവന്നു. "നോക്കെടാ നമ്മുടെ മാർഗ്ഗേ കിടക്കുന്ന മർക്കടാ നീയങ്ങു മാറിക്കിട ശഠാ, ദുർഘടസ്ഥാനത്തു വന്നു ശയിപ്പാൻ നിനക്കെടാ തോന്നുവാനെന്തെടാ സംഗതി, നാട്ടിൽ പ്രഭുക്കളെക്കണ്ടാലറിയാത്ത കാട്ടിൽ കിടക്കുന്ന മൂളിക്കുരങ്ങു നീ," ഭീമസേനൻ കുറ്റപ്പെടുത്തി. അധിക്ഷേപ വചനങ്ങൾ ശ്രവിച്ചു കോപിഷ്ടനായ ഹനുമാൻ പ്രതികരിക്കുന്നതിങ്ങനെ: "ഏറ്റം കയർത്തു പറയുന്നതെന്തു നീ, ഏറ്റുമാറാനെനിക്കേതുമെളുതല്ല, മറ്റൊരു മാർഗ്ഗമായ് പൊയ്കൊള്ളണേ ഭവാൻ..." മൂന്നു കഥാപാത്രങ്ങൾ വൈകാരികതയോടെ സംവദിയ്ക്കുന്ന ഹൃദ്യമായൊരു ദൃശ്യമാണ് തുള്ളൽത്രയത്തിൽ സൃഷ്ടിയ്ക്കപ്പെടുന്നത്. എന്നാൽ, പരമ്പരാഗത രീതിയിൽ, ഒരൊറ്റ കലാകാരൻ തന്നെയാണല്ലോ മൂന്നു കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരുന്നത്. തുള്ളൽത്രയം അതിനാൽ മുമ്പില്ലാത്ത കരുത്തും, ദൃശ്യഭംഗിയും, വ്യക്തതയും കഥയ്ക്കു നൽകുന്നുവെന്നുമാത്രമല്ല, തുള്ളൽ രൂപങ്ങളുടെ വേറിട്ട രീതികൾ തൽസമയം കാട്ടിക്കൊടുക്കുന്നൊരു പാഠ്യ പ്രദർശനമായി മാറുകയും ചെയ്യുന്നു. വേഷവിധാനം മുതൽ അഭിനയ തനിമ വരെയുള്ള കാര്യങ്ങളിലെ വ്യത്യാസങ്ങൾ പെട്ടെന്ന് പ്രേക്ഷകരുടെ ശ്രദ്ധയിൽപ്പെടുന്നു. ഞാനും, മകൻ പ്രവീണും, മകൾ പ്രവീണയും യഥാക്രമം ശീതങ്കനും, ഓട്ടനും, പറയനുമായി 2003-ൽ തിരുവനന്തപുരത്ത് അരങ്ങേറ്റം കുറിച്ച തുള്ളൽത്രയം ഇന്ന് ക്ലാസ്സിക് കലാവീഥിയിലെ പ്രിയമാർന്നൊരു ആവിഷ്കാര വിസ്മയമായി രൂപാന്തരപ്പെട്ടിരിയ്ക്കുന്നു!  
🟥കുരുത്തോല വിമാനം കയറി 
2012, ഫെബ്രുവരി ആദ്യവാരം ഡെൽഹിയിൽ അവതരിപ്പിച്ച ശീതങ്കന് അണിയാൻ കേരളത്തിൽ നിന്ന് കുരുത്തോല എത്തിച്ചത് വിമാനം വഴിയായിരുന്നു! അന്നേ ദിവസം തന്നെ തെങ്ങിൽ നിന്ന് വെട്ടിയെടുത്ത, വാടാത്ത, നിറം മങ്ങാത്ത കുരുത്തോല മെടഞ്ഞു വേണം തലപ്പാമ്പ്, കൊണ്ടത്താമര, കൈത്താമര എന്നീ മൂന്നു അലങ്കാരങ്ങൾ നിർമ്മിയ്ക്കാൻ. പളപളപ്പുള്ള മഞ്ഞ കുരുത്തോലകൾ മുറിച്ചെടുത്തു ആഭരണങ്ങൾ മെടയാൻ രണ്ടുമൂന്നു മണിക്കൂറെങ്കിലും വേണം. ചാക്യാരുമായി പിണങ്ങിയതിൻ്റെ പിറ്റേ നാൾ പുത്തൻപുതിയ കുരുത്തോല ആഭരണങ്ങൾ അണിഞ്ഞല്ലേ നമ്പ്യാരാശാൻ എത്തിയത്! വെട്ടിയെടുത്ത് അധിക നേരം കഴിയും മുമ്പെ കുരുത്തോല വിളറാനും തിളക്കം കുറയാനും തുടങ്ങുന്നു. കുരുത്തോല ആഭരണങ്ങൾ ശീതങ്കൻ്റെ സ്വത്വം! അതിനാൽ, ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയ്ക്ക് ഞാൻ തയ്യാറല്ല. മലേഷ്യയിൽ ശീതങ്കൻ അവതരിപ്പിച്ചപ്പോൾ അവിടത്തെ തെങ്ങിൽ നിന്നു തന്നെ പുത്തൻ കുരുത്തോല വെട്ടിയെടുക്കുകയായിരുന്നു. ജർമ്മനിയിലും സ്വിറ്റ്സർലാൻഡിലും മൂന്നിനം തുള്ളലുകളും ഷെഡ്യൂൾ ചെയ്തിരുന്നുവെങ്കിലും, വാടാത്ത കുരുത്തോല ലഭ്യമല്ലാത്തതിനാൽ, അവസാന നിമിഷം ഏറെ വേദനയോടെ ശീതങ്കൻ ഉപേക്ഷിക്കേണ്ടി വന്നു. 
🟥കുടുംബ പശ്ചാത്തലം 
തുള്ളൽ ഗ്രാമമെന്ന് അറിയപ്പെടുന്ന കുട്ടമത്തു തന്നെയാണ് ഞാനും ജനിച്ചു വളർന്നത്. മലബാർ രാമൻ നായർ (പിതൃസഹോദരൻ) ഉൾപ്പെടെയുള്ള നിരവധി പ്രശസ്ത തുള്ളൽ ആചാര്യന്മാരുടെ ജന്മനാടാണ് കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ പട്ടണത്തിൻ്റെ ഭാഗമായ കുട്ടമത്ത്. വത്സല, പത്നി. പ്രവീണും, ഡോ. പ്രവാസും, ഡോ. പ്രവീണയും മക്കൾ. ഇപ്പോൾ എറണാകുളം എളമക്കരയിലെ 'സൗഗന്ധികം' വസതിയിൽ താമസിക്കുന്നു. 

Kalamandalam Prabhakaran interview by Vijay CH

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക