MediaAppUSA

ചാക്കിലെ ഭൂതം (ബാംഗ്ലൂര്‍ ഡേയ്‌സ്- 20: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

Published on 28 August, 2022
ചാക്കിലെ ഭൂതം (ബാംഗ്ലൂര്‍ ഡേയ്‌സ്- 20: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

ബാംഗ്ലൂരിൽ മഴപെയ്താൽ  ജനജീവിതം വല്ലാതെ  കുഴഞ്ഞു  മറിയും. ഓടകൾ നിറഞ്ഞൊഴുകി  റോഡുകൾ തോടുകളായി യാത്ര ദുസ്സഹമാകും.റോഡിൽക്കൂടി പോകുന്ന  വാഹനങ്ങൾ ചെളി വെള്ളം തെറിപ്പിച്ചു്  കാൽനട യാത്രക്കാരെ  കുളിപ്പിക്കും. 

ശക്തിയായി പെയ്തുകൊണ്ടിരിക്കുന്ന  മഴയിൽ, പരസ്പരം ഒന്നും സംസാരിക്കാതെ  വിരസമായി റോഡിലേക്ക് നോക്കി  ഞാനും ജോർജുകുട്ടിയും ഞങ്ങളുടെ വാടകവീടിൻ്റെ വരാന്തയിൽ ഇരുന്നു.ഞങ്ങൾക്ക് ഈ മഴയിൽ പുറത്തേക്കൊന്നും പോകാൻ തോന്നുന്നില്ല.

ഞങ്ങളുടെ ആ ഇരിപ്പുകണ്ട് സഹതാപം തോന്നിയിട്ടാകണം അക്ക ചോദിക്കുകയും ചെയ്തു,"എന്നാച്ചു  ജോർജ്‌കുട്ടി ?"ജോർജ്‌കുട്ടി ഒന്നും പറഞ്ഞില്ല.

രണ്ടുമൂന്ന് പരിപ്പുവടയും രണ്ടു ഗ്ലാസ്സ് ചായയും അക്ക  കൊണ്ടുവന്ന് ഞങ്ങളുടെ  മുൻപിൽ വച്ചു.

ജോർജ്‌കുട്ടി വെറുതെ ചിരിച്ചു. എന്തുചെയ്യാനാണ് ?പുറത്തേക്കിറങ്ങാൻ കഴിയുന്നില്ല. ഒരു തത്വചിന്തകനെപോലെ  ജോർജുകുട്ടി പറഞ്ഞു," ഇത്രയും കാലം നമ്മൾ ഇവിടെ ജീവിച്ചു എന്തു നേടി? നമ്മൾ ബുദ്ധിപരമായി പ്രവർത്തിക്കണം ,ചിന്തിക്കണം. അതുകൊണ്ട് സ്വന്തമായി എന്തെങ്കിലും തൊഴിൽ ചെയ്യുന്നതിനോ വ്യവസായങ്ങൾ  നടത്തുന്നതിനെക്കുറിച്ചോ മാറി ചിന്തിക്കണം."

ഞാൻ  ഒന്നും പറഞ്ഞില്ല.എല്ലാ മറുനാടൻ മലയാളികളും ചിന്തിക്കാറുള്ള കാര്യമാണ്.ബിസ്സിനസ്സ്,വ്യവസായം അങ്ങനെ പലതും മറുനാടൻ മലയാളികളുടെ സ്വപ്നങ്ങളാണ്.

"നമ്മളെപ്പോലെ  ബുദ്ധിയുള്ള മലയാളികൾ മടിപിടിച്ച് ഇരിക്കാൻ പാടില്ല." 

പറയുന്നതിൽ അല്പം കാര്യമുണ്ടെന്ന് എനിക്കും തോന്നി.പ്രത്യേകിച്ചും ബുദ്ധിയുള്ള മലയാളികൾ എന്ന പദപ്രയോഗം എനിക്ക് വളരെ ഇഷ്ടപ്പെട്ടു . 

"നമ്മൾക്ക് എന്ത് ബിസ്സിനസ്സ് നടത്താൻ  പറ്റും?" 

ഞങ്ങൾ രണ്ടുപേരും കൂടി ആലോചന തുടങ്ങി.നമ്മുടെ നാട്ടിൽ ഇല്ലാത്ത എന്ത് ബിസ്സിനസ്  ആണ്  ആരംഭിക്കുവാൻ കഴിയുക?

ഇപ്പോൾ ആയുർവേദം, പ്രകൃതി സംരക്ഷണം  ഗ്ലോബൽ വാമിംഗ്  ഇങ്ങനെയുള്ള വിഷയങ്ങൾക്ക്  നല്ല ഡിമാൻഡാണ്.അങ്ങനെയുള്ള എന്തെങ്കിലും  ആകട്ടെ. 

പക്ഷെ,ചർച്ചകൾ  എങ്ങുമെത്തിയില്ല.

ജോർജുകുട്ടി പറഞ്ഞു," ബാംഗ്ലൂരിലുള്ള നല്ല  ശതമാനം ആളുകൾക്കും അലർജി രോഗങ്ങൾ ഉണ്ട്, ഇതിന്  നമുക്ക് ആയുർവേദ മരുന്നുകൾ എന്തെങ്കിലും കണ്ടു പിടിച്ചാലോ?"

വളരെ നേരം ഞങ്ങൾ ആലോചിച്ചിരുന്നു. മൂക്കിപ്പൊടി മുതൽ കാറുകൾ ഇംപോർട്ട് ചെയ്യുന്നതുവരെ പല പദ്ധതികൾ ഞങ്ങൾ ചർച്ച ചെയ്തു.എങ്കിലും  ഞങ്ങൾക്ക് ഒരു തീരുമാനത്തിൽ എത്താൻ കഴിഞ്ഞില്ല. ഞങ്ങൾ നടപ്പിലാക്കണം  എന്ന് വിചാരിച്ചിരുന്ന കാര്യങ്ങൾ എല്ലാം തന്നെ  മറ്റുപലരും നേരത്തെ ആരംഭിച്ചു കഴിഞ്ഞിരുന്നു.അത്  ഞങ്ങളുടെ കുറ്റമാണോ?

ഞങ്ങളുടെ ചർച്ചകൾ  നീണ്ടുപോയി.ഇതിനിടയിൽ  രാധാകൃഷ്ണൻ ,സെൽവരാജൻ , അച്ചായൻ, ഗംഗാധരൻ ഇങ്ങനെ ഞങ്ങളുടെ ബാംഗ്ലൂർ നോർത്ത് മലയാളി അസോസിയേഷനിലെ പലരും അവധി ദിവസമായതുകൊണ്ട് ഞങ്ങളെ അന്വേഷിച്ചുവന്നു.വന്നവർ എല്ലാവരും ഞങ്ങളുടെ ചർച്ചയിൽ സജീവമായി പങ്കെടുത്തു.

രാധാകൃഷ്ണൻ പറഞ്ഞു," വ്യവസായം നമ്മുക്ക് പതുക്കെ ആലോച്ചിച്ചു്  ചെയ്യാം.അതിന് ഒരു നല്ല പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കണം.ഫണ്ട്,ബാങ്ക് ലോൺ മാർക്കറ്റിങ് തുടങ്ങിയ കാര്യങ്ങൾ നമ്മൾ തയ്യാറാക്കണം.അതുകൊണ്ട് ഇപ്പോൾ അത്ര പെട്ടന്ന് സാധിക്കുന്ന ഒരു കാര്യമല്ല. നമുക്കൊരു ഷോർട്ട് ഫിലിം എടുത്താലോ?"

"അത് നല്ല ഒരു ഐഡിയ ആണ്.നമ്മൾക്ക് ഒരു ഒന്നാന്തരം സംവിധയകൻ കസ്റ്റഡിയിൽ ഉണ്ട്.അദ്ദേഹം തിരക്കഥ കഥ തയ്യാറാക്കും. നമ്മൾ വെറുതെ ഒന്നു താങ്ങി കൊടുത്താൽ മതി.അദ്ദേഹത്തിൻറെ കയ്യിൽ  തിരക്കഥയും ഉണ്ട്."എന്നെ ആണ് ജോർജ് കുട്ടി വാരാൻ  നോക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. എങ്കിലും ഞാൻ ഒന്നും അറിയാത്ത ഭാവത്തിൽ ഇരുന്നു.

"സംവിധായകൻ ആരായാലും വേണ്ടില്ല, എൻ്റെ കഥവേണം."കൊല്ലം രാധാകൃഷ്ണൻ പറഞ്ഞു.

"പാടത്തിൻ്റെ വരമ്പത്തെ എലി ,എന്ന എൻ്റെ കഥ മതി.അതാകുമ്പോൾ നടി നടന്മാരെ തേടി അലയേണ്ടതില്ല. ഞാൻ നായകൻ,പിന്നെ ഒരു നായികവേണം."

ഗംഗാധരൻ ഇടക്കുകയറി  പറഞ്ഞു,"നായിക എലിയാണ്, അപ്പോൾ നമ്മൾക്ക് എലി പിടുത്തം ആരംഭിക്കാം."

"അല്ല,എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുണ്ട്."രാധാകൃഷ്ണൻ പറഞ്ഞു.

"തൻ്റെ ഓഫിസിലെ റിസപ്‌ഷനിസ്റ്റ് അല്ലെ?എനിക്കറിയാം,അതുമതി.പേരിന് ചേർന്ന നായിക തന്നെ, സമ്മതിച്ചു,ഒരേ മുഖഛായ ,കൊള്ളാം.ഒരു വാലിൻ്റെ  മാത്രം കുറവുണ്ട്.അത് നമ്മൾക്ക് ശരിയാക്കാം" . ഗംഗാധരൻ പറഞ്ഞു.

"വാൽ നമ്മൾ വച്ചുപിടിപ്പിക്കേണ്ടിവരും.വാൽ വച്ചുപിടിപ്പിക്കാൻ സെൽവരാജൻ മിടുക്കനാണ്.അതുകൊണ്ട് സെൽവരാജൻ  മേക്കപ്പ് ആർട്ടിസ്റ്റ്."

"ഷോർട്ട് ഫിലിമിന് പാടത്തിൻ്റെ വരമ്പത്തെ എലി എന്ന പേര് ചേരില്ല.ഇരട്ടക്കുട്ടികളുടെ കാമുകൻ, എന്നാക്കിയാലോ?"അച്ചായൻ തൻ്റെ വിജ്ഞാനം വിളമ്പി.

"ഗാനങ്ങൾ എഴുതണം ചിട്ടപ്പെടുത്തണം,ക്യാമറ,അങ്ങനെ ഒരുപാട് ജോലികൾ ബാക്കിയുണ്ട്."ജോർജ് കുട്ടി പറഞ്ഞു.

ഗംഗാധരൻ പറഞ്ഞത് ഓർമ്മിച്ചു് രാധാകൃഷ്‌ണൻ ഒരു ചോദ്യം "അത് ..താൻ  എങ്ങനെയാ എൻ്റെ ഓഫിസിലെ പെൺകുട്ടിയെ അറിയുന്നത്?നായികയാക്കാം എന്ന് തീരുമാനിച്ച പെൺകുട്ടിയെ?"

"ആ പെൺകുട്ടിയെ അറിയാത്തവർ ആരാ ഈ നാട്ടിൽ ഉള്ളത്?"ഗംഗാധരൻ്റെ മറുചോദ്യത്തിൽ രാധാകൃഷ്ണൻ വീണു.

"ഞാൻ എൻ്റെ കഥ പിൻ‌വലിക്കുന്നു."

"അത് പറ്റില്ല,എന്താ കാരണം?"അച്ചായൻ ചോദിച്ചു.ഗംഗാധരൻ പതുക്കെ പുറത്തേക്ക് ഇറങ്ങി,ഒരു സിഗരറ്റ് കത്തിച്ചു.രാധാകൃഷ്ണൻ പറഞ്ഞു,"ഞാൻ പറഞ്ഞത് ചിലർക്ക് ഇഷ്ടപ്പെട്ടില്ല എന്ന്  തോന്നുന്നു.ഞാൻ പിൻമാറുന്നു." 

"അങ്ങനെ തോന്നുമ്പോൾ വാക്ക് മാറ്റാൻ പറ്റില്ല.നമ്മൾ കഥയും തിരക്കഥയും തയാറാക്കി.മേക്കപ്പ് ആർട്ടിസ്റ്റിനെ കണ്ടുപിടിച്ചു.സംവിധായകൻ റെഡിയായി.അങ്ങനെ മേജറായിട്ടുള്ള കാര്യങ്ങൾ എല്ലാം ഫിക്സ് ചെയ്തു.ഇനി പിന്മാറിയാൽ നഷ്ടപരിഹാരം നൽകണം.പോരെങ്കിൽ നായികയെ വിളിച്ചു് ഗംഗാധരൻ വിവരം പറഞ്ഞും കഴിഞ്ഞു.കുളിച്ച് കുറിയും തൊട്ട് നമ്മുടെ നായിക അഭിനയിക്കാൻ  റെഡിയായി കാത്തിരിക്കുകയാണ്. ഇനി പിന്മാറാൻ പറ്റില്ല.അപ്പോൾ ഇരട്ടക്കുട്ടികളുടെ കാമുകൻ എന്ന കൊല്ലം രാധാകൃഷ്ണൻ്റെ കഥയിൽ നമ്മളുടെ ഷോർട് ഫിലിം ആരംഭിക്കുകയാണ്."അതുവരെ മിണ്ടാതിരുന്ന ജോർജ് മാത്യു പറഞ്ഞു.

"ഇതിൽ നിന്നും പിൻമാറാൻ എന്ത് ചെയ്യണം.?"രാധാകൃഷ്ണൻ.

"പതിവുപോലെ എല്ലാവർക്കും മസാലദോശയും കാപ്പിയും വാങ്ങി കൊടുക്കണം".

മഴയും ചെളിയും എല്ലാം മറന്ന് ഞങ്ങൾ ആഘോഷമായി എല്ലാവരും മഞ്ജുനാഥ കഫേയിലേക്ക് യാത്രയായി.

ഒരു പഴഞ്ചൻ ക്യാമറയും  കയ്യിൽ പിടിച്ചു് അതുവരെ യാതൊന്നും സംസാരിക്കാതെ ഒരു കസേരയിൽ ഇരിപ്പുറപ്പിച്ചിരുന്ന ഹുസ്സയിൻ പറഞ്ഞു,"എൻ്റെ കയ്യിൽ ഒരു കഥയുണ്ട്.ഷോർട് ഫിലിം പെട്ടന്ന് എടുക്കാൻ പറ്റിയ കഥയാണ്."

"എന്താ തൻ്റെ കഥയുടെ പേര്?"

"പേര്? അപ്പോൾ ഒരു പേര് വേണം അല്ലേ? ഒരു ഓന്തിൻ്റെ  വിലാപകാവ്യം."

"അത് ഹുസൈൻ, മുതലാളിയുടെ കൂടെ  പെണ്ണുകാണാൻ പോയ സംഭവം ആയിരിക്കും അല്ലേ?"

 "അതെ. അത് നിങ്ങൾക്ക് എങ്ങനെ മനസ്സിലായി?"

" ഉണ്ണിയെ കാണുമ്പോൾ അറിയാം ഊരിലെ പഞ്ഞം."

 "ഏത് ഉണ്ണി?നമ്മുടെബാലേട്ടൻറെ ബേക്കറിയിൽ ജോലി ചെയ്യുന്ന ഉണ്ണി ആണോ?"

" ഞാൻ ഒരു പഴഞ്ചൊല്ല് പറഞ്ഞതല്ലേ?"

"ഈ ചേട്ടനെക്കൊണ്ട് മടുത്തുപോകും.പഴഞ്ചൊല്ലുകൾ  മൊത്തം വിലയ്ക്ക് എടുത്തുകളഞ്ഞല്ലോ." 

കാപ്പികുടിയും കഴിഞ്ഞ പുറത്തിറങ്ങുമ്പോൾ സെൽവരാജൻ പറഞ്ഞു,"നായകനായി അഭിനയിക്കുന്ന ചേട്ടൻ എൻ്റെ കൂടെ ഒന്ന് ഞങ്ങളുടെ വീട് വരെ വരണം.costume  ചെക്ക് ചെയ്യാനാണ്."

ഗംഗാധരനും സെൽവരാജനും  കൂടി സൈക്കിൾ എടുത്ത് വീട്ടിലേക്ക് പാഞ്ഞുപോയി.കാര്യങ്ങൾ എത്ര വേഗത്തിലാണ് നീങ്ങുന്നത് എന്ന് കണ്ട് ഞാൻ അമ്പരന്നുപോയി.പോയവർ തിരിച്ചുവരുന്നതിനായി ഞങ്ങൾ ഒരുമണിക്കൂർ കാത്തിരുന്നിട്ടും കാണുന്നില്ല.അച്ചായൻ പറഞ്ഞു,"എന്തോ സംഭവിച്ചിരിക്കുന്നു.ഒരുമണിക്കൂർ ആയിട്ടും അവരെ കാണുന്നില്ല."ഞങ്ങൾ എല്ലാവരുംകൂടി അച്ചായൻ്റെ  വീട്ടിലേക്ക് ഓടി.

ദൂരെ നിന്നേ ഞങ്ങൾ കണ്ടു,സെൽവരാജൻ മുറ്റത്തിനരുകിൽ താടിക്ക് കയ്യും കൊടുത്തു ഇരിക്കുന്നു.

"എവിടെ ഗംഗാധരൻ?അയാൾക്ക് എന്തുപറ്റി?"ഞങ്ങൾ എല്ലാവരും ഒന്നിച്ചാണ് ആ ചോദ്യം ചോദിച്ചത്.

മുറ്റത്തിനരുകിൽ ഒരു ചാക്കുകെട്ട് കിടന്ന് ഉരുളുന്നു.അതിനുള്ളിൽ നിന്നും ഒരു മനുഷ്യ ശബ്ദം,"എന്നെ  രക്ഷിക്കൂ."

ഞങ്ങൾ ഓടിച്ചെന്നു.സെൽവരാജൻ  പറഞ്ഞു,"അവനോട് നൂറുതവണ  ഞാൻ പറഞ്ഞതാ എൻ്റെ സ്യൂട്ട്  നിനക്ക് പാകമല്ല  അത് ഇടരുത് എന്ന്.അവൻ മുറുക്കമുള്ള സ്യൂട്ടും പാൻറും  വലിച്ചുകയറ്റി ,ഇപ്പോൾ ഊരാൻ പറ്റുന്നില്ല.ഞാൻ സ്യൂട്ട് തലയിൽക്കൂടി ഊരാൻ നോക്കി.പറ്റുന്നില്ല.ഇപ്പോൾ ഈ കോലത്തിലായി.എൻ്റെ പുതിയ സ്യൂട്ട് ,അത് മുറിക്കണം എന്നാണ് അവൻ പറയുന്നത്."

ഇത്തരം ഒരു കോമാളിത്തരം ഞങ്ങൾ ആദ്യമായി കാണുകയാണ്.വളരെ മുറുക്കമുള്ള ഡ്രസ്സ് കുത്തിക്കയറ്റി ഊരാൻ സാധിക്കുന്നില്ല.

"ശ്വാസം മുട്ടി അയാൾ ചത്തുപോകും."ആരോ അടുക്കളയിൽ നിന്നും ഒരു കത്തി എടുത്തുകൊണ്ടുവന്നു.ബട്ടണുകൾ  മുറിച്ചുമാറ്റി .രണ്ടുമൂന്നുപേർകൂടി ഒരുതരത്തിൽ സ്യൂട്ട് ഊരിയെടുത്തു.

ഹുസ്സയിൻ പറഞ്ഞു,"എൻ്റെ ഷോർട്ട് ഫിലിം റെഡി,"ചാക്കിലെ ഭൂതം."

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക