Image

കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-18  (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)

Published on 28 August, 2022
കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-18  (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)

READ MORE: https://emalayalee.com/writer/225

120
തോമായുടെ ജന്‍മദിനത്തില്‍
ഇന്നാണ് ആ ദിനം.
ഒന്നിനും വാശിപിടിക്കാതെ, കുഞ്ഞുനോയല്‍ സ്വന്തമായി നിയമങ്ങളുണ്ടാക്കി, കൃത്യമായി പാലിച്ചിരുന്നു. ഞാനാവശ്യപ്പെടാതെതന്നെ ഒരടുക്കും ചിട്ടയും ഓരോ കാര്യത്തിലും കാണിച്ചിരുന്നു.
അമേരിക്കയിലെത്തിയതിനുശേഷം, ശക്തമായ ചുഴലിക്കാറ്റിലകപ്പെട്ടപ്പോഴും ജയിക്കാനായി വാശിയോടെ പൊരുതി. പഠിത്തത്തിലും ജോലിയിലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല. എങ്കിലും ആര്‍ക്കും എന്തു സഹായംചെയ്യാനും തയ്യാര്‍!

കുഞ്ഞു നോയൽ

നമുക്കറിയാവുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കു പറഞ്ഞുകൊടുക്കുന്നതുകൊണ്ട് നമ്മുടെ അവസരങ്ങള്‍ നഷ്ടപ്പെടില്ല എന്നു വിശ്വസിക്കുന്ന അവന്‍, എല്ലാവര്‍ക്കും അവസരങ്ങളുള്ള രാജ്യമാണിതെന്നുതന്നെ കരുതുന്നു.
എന്റെ അച്ഛായാണ് അവന്റെ റോള്‍ മോഡലെന്നും അച്ഛായുമായി ഒരുപാടു കാര്യങ്ങള്‍ സംസാരിക്കാനുണ്ടായിരുന്നെന്നുമാണ് അവന്‍ പറഞ്ഞിട്ടുള്ളത്.
കുഞ്ഞുകാറുകള്‍ തലയണക്കീഴില്‍വച്ചുറങ്ങുമായിരുന്ന കുഞ്ഞുനോയല്‍ വളര്‍ന്നപ്പോള്‍ അവന്റെ പ്രായമുള്ള ഒരു റേസ് കാര്‍ സ്വന്തമാക്കി!
എന്റെ തോമായ്ക്ക്, ദൈവാനുഗ്രഹംനിറഞ്ഞ അനേകം പിറന്നാളുകളുണ്ടാകട്ടെ എന്നു മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നു.

121
'ജോക്കര്‍'
കൊച്ചുപെണ്ണു ലീസിനെടുത്തിരുന്ന 'റാസ്‌കല്‍' എന്ന കുതിര, പേരുപോലെതന്നെ അല്‍പ്പം കുറുമ്പനായതുകൊണ്ട്, ലായത്തിനു പുറത്തു കൊണ്ടുപോകുന്നത് അത്ര സുരക്ഷിതമായിരുന്നില്ല. കൂട്ടുകാരൊക്കെ അവരവരുടെ കുതിരകളുമായി ട്രെയ്ല്‍ റൈഡിനു പോകുമ്പോള്‍, കൊച്ചുറാസ്‌കലുമായി സൊറപറഞ്ഞിരിക്കുകയേ അവള്‍ക്കു നിവൃത്തിയുണ്ടായിരുന്നുള്ളു. അതുകൊണ്ടുതന്നെ, നല്ല പരിശീലനം കിട്ടിയ ഒരു കുതിരയെ സ്വന്തമാക്കണമെന്ന ആഗ്രഹം അവളില്‍ ദിനംപ്രതി വളര്‍ന്നുകൊണ്ടിരുന്നു. ഒരുപാടുനാള്‍ ആ ആഗ്രഹം കണ്ടില്ലെന്നു നടിക്കാന്‍ കഴിഞ്ഞില്ല.

ലെയ്ൻ, റെയ്ന

അനുവാദം കിട്ടിയതോടെ, പറ്റിയ ഒരെണ്ണത്തിനായുള്ള അന്വേഷണം ഓണ്‍ലൈനായി അവളാരംഭിച്ചു. 'ജോക്കര്‍' എന്നു പേരുള്ള പതിനാലുകാരനായ കുതിര, അവള്‍ക്കിണങ്ങുന്ന രീതിയില്‍ പരിശീലനം കിട്ടിയിട്ടുള്ള കൂട്ടുകാരനാണെന്നു തിരിച്ചറിഞ്ഞതോടെ, അടുത്ത ദിവസംതന്നെ അവനെ സ്വന്തമാക്കി. ചെറുതും കൂട്ടുകാരികളുംകൂടി, ആഘോഷത്തോടെ അവനെ വരവേറ്റു.

122
ആദ്യമായി ചെറുതിനെപ്പിരിഞ്ഞ് ഒരു യാത്ര!
കുഞ്ഞുങ്ങളുണ്ടായതിനുശേഷം ആദ്യമായാണ്, തമ്പിയും ഞാനും മാത്രമായി ഒരു യാത്ര. ചെറുത് സ്വന്തം കാര്യം മാത്രമല്ല, രണ്ടു പട്ടികളുടെയും ഒരു കുതിരയുടെയും കാര്യങ്ങള്‍കൂടി നോക്കാന്‍ പ്രാപ്തയായെങ്കിലും അവളെക്കൂടാതെ യാത്രചെയ്യാന്‍ ഞാന്‍ തയ്യാറായോ എന്നൊരു സംശയം ഇപ്പോഴും അവശേഷിക്കുന്നു. എല്‍മറും ഊനോയുമായി, നോയലിനൊപ്പം ചേച്ചിയുടെയടുത്തേക്കുള്ള നീണ്ട കാര്‍യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണവള്‍. ജോക്കറിനെ കൂടെക്കൂട്ടാന്‍ പറ്റാത്തതിലുള്ള വിഷമം മാത്രം!

123
കുതിരയും മോട്ടോര്‍ സൈക്കിളും
ഒരു മോട്ടോര്‍ സൈക്കിള്‍ വാങ്ങാനാലോചിക്കുന്നതായി, കഴിഞ്ഞ ദിവസം നോയല്‍ പറഞ്ഞിരുന്നു. 'ചെറുതിനു കുതിരയെ മേടിക്കാമെങ്കില്‍ നിനക്കെന്തുകൊണ്ടു മോട്ടോര്‍ ബൈക്ക് മേടിച്ചുകൂടാ' എന്നാണു ഞാന്‍ ചോദിച്ചത്. അപകടം എല്ലായിടവും പതിയിരിക്കുന്നുണ്ട്. എടുത്തുചാടി അവരൊന്നും ചെയ്യില്ലെന്ന് എനിക്കുറപ്പുള്ളതുകൊണ്ട്, ഉള്ളില്‍ ആളലുണ്ടെങ്കിലും അവരുടെ ആഗ്രഹങ്ങളെ ഞാനെതിര്‍ക്കാറില്ല.
പണ്ടു ഞാനൊരു സ്‌കൂട്ടര്‍ വാങ്ങി. എറണാകുളത്തെ ഇടവഴികളിലൂടെയോടിക്കാനാണ് അന്നതു വാങ്ങിയത്. പക്ഷേ, ഒരിക്കല്‍ ഞാനതുമായി മറൈന്‍ ഡ്രൈവില്‍ ധ്യാനംകൂടാന്‍ പോയി. ഇടവഴിയില്‍നിന്നു മെയിന്‍ റോഡിലേക്ക് ഓടിച്ചുകയറ്റിയപ്പോള്‍ത്തോന്നിയ ത്രില്‍ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു! ഒന്‍പതുകാരന്‍ തോമായും പന്ത്രണ്ടുകാരി റോഷും ആ സ്‌കൂട്ടറോടിച്ചു പഠിക്കുന്നത് ഉള്ളിലൊരാന്തലോടെ നോക്കിനിന്നതുമോര്‍ക്കുന്നു.
ഇന്ന്, ചെറുതിനെ റാഞ്ചില്‍ക്കൊണ്ടാക്കിയിട്ട്, കുട്ടികള്‍ കുതിരകളെ ഓടിക്കുന്നതുകണ്ട് അവിടെത്തന്നെയിരുന്നുപോയി. അവളുടെ ട്രെയ്‌നര്‍ക്കു രണ്ടു പെണ്‍കുട്ടികളാണ്. രണ്ടാളും ജനിച്ചുവീണപ്പോഴേ കുതിരകളെ പറപ്പിച്ചുതുടങ്ങിയതാണെന്നു തോന്നും അവരുടെ റൈഡിംഗ് കണ്ടാല്‍! എത്ര അനുസരണയില്ലാത്ത കുതിരയേയും കൈപ്പിടിയിലൊതുക്കും.
ഇതിനിടയില്‍, ഞങ്ങളുടെ അയല്‍പക്കത്തുള്ള ഒരു ഇരുപതുകാരിപ്പെണ്‍കുട്ടിയും അവളുടെ കൂട്ടുകാരും ഫോര്‍മല്‍ വേഷത്തില്‍ നടന്നുവരുന്നതു കണ്ടു. ആ കുട്ടിയുടെ എന്‍ഗേജ്‌മെന്റ് പാര്‍ട്ടിയാണോ എന്നൊരു ചെറിയ സംശയമുണ്ടാകാതിരുന്നില്ല.
പിന്നീടാണറിഞ്ഞത്, ആ പെണ്‍കുട്ടിയുടെ സഹോദരന്‍ മോട്ടോര്‍ബൈക്കപകടത്തില്‍ രണ്ടാഴ്ചമുമ്പു മരിച്ചെന്നും ഡിപ്രഷനിലായ ആ കുട്ടിയെ അവളുടെ പ്രിയപ്പെട്ട, ഏന എന്നു വിളിപ്പേരുള്ള കുതിരയുടെയടുത്തേക്കു കൂട്ടുകാരെല്ലാവരുംകൂടി കൊണ്ടുവന്നതാണെന്നും.
ബൈക്കിന്റെ വിശേഷങ്ങള്‍ കുത്തിക്കുറിച്ച ദിവസംതന്നെ ഇത്തരമൊരു ദാരുണമായ സംഭവമറിഞ്ഞതോടെ, കൊച്ചുപെണ്ണിനും എനിക്കും വീണ്ടും പേടിയായി; നോയലിന്റെ ബൈക്കിന്റെ കാര്യമോര്‍ത്ത്!

124
സ്‌നേഹച്ചൂട്
രാത്രിയെപ്പോഴോ കണ്ണു തുറന്നപ്പോള്‍ കുറച്ചുദിവസത്തേക്കാണെങ്കിലും ചെറുതിനെ പിരിഞ്ഞിരിക്കണമല്ലോ എന്നോര്‍ത്ത് ഉള്ളിലൊരാധിയുണ്ടായി.
മക്കളെ അരിസോണയ്ക്കയച്ച്, ഡല്‍ഹി യാത്രയ്ക്കു ഞങ്ങള്‍ തയ്യാറായി. പട്ടികളെ അവര്‍ കൊണ്ടുപോയി.
ഇന്നലെ, ചെറുതിന്റെ കുതിരക്കാര്യത്തിനായി ഓടിനടക്കുന്നതിനിടയില്‍, വഴിയില്‍ തടഞ്ഞുനിര്‍ത്തി, ഷീജാമ്മ കുറച്ച് ആപ്രിക്കോട്ടുകള്‍ തന്ന്, കളയാതെ കഴിക്കണമെന്നു സ്‌നേഹത്തോടെ പറഞ്ഞു. അമ്മച്ചിയെയാണ് അപ്പോഴെനിക്കോര്‍മ വന്നത്. യാത്ര തുടങ്ങിയപ്പോഴും ആ ആപ്രിക്കോട്ടുകള്‍ സ്‌നേഹത്തോടെ എന്റെ മടിയില്‍ സ്ഥാനംപിടിച്ചു.
അരിസോണയിലേക്കുള്ള യാത്രയ്ക്കിടയില്‍, കറുമ്പന്‍ എല്‍മര്‍ കാറില്‍നിന്നിറങ്ങിയോടി, നീണ്ട കാര്‍യാത്രയുടെ പ്രതിഷേധമറിയിച്ചശേഷം തിരിച്ചെത്തിയത്രേ!
വിന്‍ഡോസീറ്റ് കിട്ടാഞ്ഞതിനാല്‍ മേഘങ്ങള്‍പോലുമന്യമായ ഈ വിമാനയാത്രയില്‍, താജ്മഹലിനെക്കുറിച്ചുള്ള സ്വപ്നങ്ങളാണാശ്വാസം. ആ മനോഹരസൗധം കണ്‍നിറയെ കാണുന്ന നിമിഷങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ത്തന്നെ മനസ്സ് തുള്ളിച്ചാടുന്നു.
ഇന്നുരാവിലെ യാത്ര പറയാനായി ചെറുതിനെ നെഞ്ചോടു ചേര്‍ത്തപ്പോള്‍ ജീവന്റെ ഒരംശം എന്റെ നെഞ്ചിന്‍കൂടിനുള്ളില്‍, ഒരുതരി ചൂടായി കടന്നുകൂടിയതായിത്തോന്നി!

125
റോഡിയോ!
'റോഡിയോ, റോഡിയോ' എന്നു കേട്ടിട്ടുള്ളതല്ലാതെ എന്താണെന്ന് ഒരൈഡിയയുമുണ്ടായിരുന്നില്ല. പുതിയൊരു ലോകത്തു ചെന്നുപെട്ടതുപോലെ തോന്നി. പ്രത്യേകവേഷവിധാനങ്ങളോടൊപ്പം തൊപ്പിയും ബൂട്‌സുമണിഞ്ഞ പതിനായിരക്കണക്കിനു കാഴ്ചക്കാര്‍! നൂറുകണക്കിന്, സുന്ദരന്‍മാരും സുന്ദരികളുമായ കുതിരകള്‍! പ്രത്യേകതരം താളമുള്ള പാട്ടകള്‍!
എന്നെപ്പോലെ അന്തവും കുന്തവുമില്ലാതിരിക്കുന്ന ആരെങ്കിലുമുണ്ടാകുമോ എന്ന്, പതിയെ ചുറ്റുമൊന്നു പാളിനോക്കി. ആരുമില്ല! എന്റെ ചെറുതും തൊപ്പിയൊക്കെവച്ച് ആകെ ത്രില്ലടിച്ചിരിക്കുന്നു.

റോഡിയോ

ഇത്രയുമൊക്കെയായപ്പോഴേക്കും 'ഇതൊക്കെയെന്ത്' എന്ന മട്ടില്‍ ഞാനുമിരുന്നു! പുതിയ കുറേ കാഴ്ചകള്‍ കണ്ടതിന്റെ സന്തോഷം ഒന്നു വേറേതന്നെ!

126
സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ അനുസ്മരണം
അമേരിക്കയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ അനുസ്മരണദിനത്തിന്റെ തുടക്കം പരേഡും ഒടുക്കം വെടിക്കെട്ടുമാണ്.
തലേന്നുതന്നെ ജോക്കര്‍ കുളിച്ചുകുട്ടപ്പനായി. കവാല റാഞ്ചിനെ പ്രതിനിധീകരിച്ചു പത്തിരുപതു കുതിരകള്‍ പരേഡില്‍ പങ്കെടുത്തിരുന്നു. ജോക്കര്‍ പ്രശ്‌നക്കാരനല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. പിന്നിച്ചീകിയ വാലില്‍ റിബണും, ദേഹമാസകലം തിളങ്ങുന്ന പൊടിയുമണിഞ്ഞ്, ഭംഗിയുള്ള മൂക്കുകയര്‍ ധരിച്ച്, മറ്റു കുതിരകള്‍ക്കൊപ്പം, ഒട്ടും ഗൗരവം വിടാതെ ജോക്കറും നടന്നു.
മിസ്സി എന്നു പേരുള്ള സുന്ദരിക്കുതിര ചാടിത്തുള്ളി തിരിച്ചുപോയി! മുപ്പതിനുമേല്‍ പ്രായമുള്ള ബെറ്റി എന്ന കുതിര ഭയന്നുവീഴുന്നതും കണ്ടു.

ഇൻഡിപെൻഡൻസ് ഡേ

പതിനഞ്ചു മിനിട്ടിന്റെ വെടിക്കെട്ടുകാണാന്‍ കുട്ടികളും പട്ടികളുമൊക്കെയായി വൈകുന്നേരം മുഴുവന്‍ പ്രധാനപാര്‍ക്കുകളില്‍ ഒരുമിച്ചു ചെലവഴിക്കുന്നവരാണധികവും.
പകലത്തെ പരേഡിന്റെ ക്ഷീണം മാറാത്തതുകൊണ്ടും ആകാശത്തിന് അതിരുകളില്ലാത്തതുകൊണ്ടും വെടിക്കെട്ടിന്റെ ചെറിയൊരു കഷണം വീട്ടിലിരുന്നു കണ്ടു!

127
വേരുകള്‍ തേടി
പലരും വേരുകള്‍ തേടി പലപല രാജ്യങ്ങളിലേക്കു പോയപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ വേരുകള്‍ തേടിപ്പോയതു തൊട്ടടുത്ത സിറ്റിയിലേക്കാണ്; ചെറുതിന്റെ ചെറുപ്പമാഘോഷിച്ച സ്ഥലത്തേക്ക്!
കുഞ്ഞുങ്ങളുടെകൂടെ വീട്ടിലിരിക്കുന്നത് അമേരിക്കയിലെ ആഡംബരമാണെന്നറിയാതെ, ജോലിക്കുപോകാതെ അവള്‍ക്കു കൂട്ടിരുന്ന ദിവസങ്ങള്‍. സ്‌കൂളില്‍ പോയിത്തുടങ്ങുംമുമ്പ് എല്ലാ ദിവസവും അവളെയുംകൊണ്ടു കറങ്ങിയിരുന്ന സ്ഥലങ്ങളിലൂടെ, ഏഴു വര്‍ഷങ്ങള്‍ക്കുശേഷം ഞങ്ങള്‍ രണ്ടാളുംകൂടി ഒരു തിരിച്ചുപോക്കു നടത്തി.
കുഞ്ഞുങ്ങളേയുംകൊണ്ട് അന്യരാജ്യങ്ങളില്‍നിന്ന് ഇവിടെ വരുന്നവര്‍ ആദ്യം ചെന്നുചാടുന്നത് ലൈബ്രറിയിലേക്കായിരിക്കും. കുട്ടികളുടെ പലപല ആക്ടിവിറ്റീസിലേക്കും പതുക്കെപ്പതുക്കെ ചുവടുവച്ചുതുടങ്ങുന്നത് അവിടെനിന്നാണ്. തൊട്ടടുത്തുള്ള മനോഹരമായ പാര്‍ക്കിലായിരുന്നു ദിവസത്തിന്റെ പകുതിയിലധികം സമയം ഞങ്ങള്‍ ചെലവഴിച്ചിരുന്നത്. ആ പ്രായത്തിലെ ഭൂരിഭാഗം കുട്ടികളും ഡേ കെയറിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടാന്‍ വിധിക്കപ്പെട്ടവരായിരുന്നു.
അവള്‍ക്കുവേണ്ടി ഒന്നും കരുതിവച്ചില്ലെങ്കില്‍ക്കൂടി, അവള്‍ക്കൊപ്പം ചെലവഴിച്ച ആ മനോഹരദിവസങ്ങള്‍തന്നെയാണ് ഞങ്ങള്‍ രണ്ടാളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം!

128
മാറ്റം കൊതിക്കുന്ന മനസ്സ്!
ഒരുപാടു വെല്ലുവിളികളുണ്ടായിരുന്ന ജോലി ആയാസരഹിതമായിക്കഴിഞ്ഞപ്പോള്‍ അതിനോടുള്ള ആവേശം കുറഞ്ഞെന്നും പുതിയ ജോലിയും പുതിയ സ്ഥലവും തേടുന്നെന്നും നോയല്‍ പറഞ്ഞപ്പോള്‍ എനിക്കൊട്ടും അത്ഭുതം തോന്നിയില്ല. കാരണം, അവന്‍ എന്റെയല്ലേ മകന്‍!
ഇടയ്ക്കിടെ സ്ഥലം മാറുന്നതും വീടു മാറുന്നതുമൊക്കെ എനിക്കും വലിയ ഹരമായിരുന്നു. പുതിയ ചക്രവാളത്തിന്‍കീഴില്‍ ഒന്നില്‍നിന്നു പിടിച്ചുകയറാനുള്ള മോഹം. മുകളിലെത്തിക്കഴിഞ്ഞാല്‍ ഒന്നും ചെയ്യാനില്ലാതെ പകച്ചുനില്‍ക്കുന്ന അവസ്ഥ! ഞാനായി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാറില്ലെങ്കിലും മാറ്റത്തിന് ഒരു സാധ്യത തെളിഞ്ഞുവന്നാല്‍ ആവേശത്തോടെ വീട്ടുകാരെയുംകൂട്ടി കെട്ടിപ്പെറുക്കി പുതിയ മേച്ചില്‍പ്പുറം തേടിപ്പോകാന്‍ ഞാന്‍ തയ്യാറായിരുന്നു. ഇനിയിപ്പോള്‍ അതിനൊക്കെ ബാല്യമുണ്ടോ എന്നറിയില്ല. എവിടെയെങ്കിലും ഒതുങ്ങിക്കൂടുന്നതിനുമുമ്പ്, ഒരു മാറ്റംകൂടി ആഗ്രഹിക്കുന്നുണ്ടോ എന്നൊരു സംശയമില്ലാതില്ല!

129
ഒരു കുഞ്ഞു കഥ!
ഒരിക്കല്‍, ഒരിടത്ത്, ഒരു കുഞ്ഞനുജത്തിക്കായി ദാഹിച്ചുമോഹിച്ചു കാത്തിരുന്ന ഒരു കൊച്ചു പെണ്‍കുട്ടിയുണ്ടായിരുന്നു. അവള്‍ക്കു പതിനഞ്ചു വയസ്സായപ്പോഴാണ് ഒരു കുഞ്ഞനുജത്തിയെ കിട്ടിയത്. സ്‌കൂള്‍ വിട്ടുവന്നാല്‍ ആ കുഞ്ഞിനെ കൈവെള്ളയില്‍നിന്നു താഴെ വയ്ക്കാതെയായി.

റോഷേൽ, നോയൽ, ലെയ്ൻ ചാർളി, മിറ

അധികം താമസിയാതെ, ചേച്ചിക്കുട്ടി പഠനാവശ്യത്തിനായി ദൂരേക്കു പറന്നു. അനിയത്തിക്കുട്ടി നിശ്ശബ്ദയായി കണ്ണീര്‍ വാര്‍ത്തു.
പന്ത്രണ്ടു വയസ്സിനിളയ കുഞ്ഞനുജത്തിയെ ചേര്‍ത്തുനിര്‍ത്ത് കണ്ണീര്‍ തുടച്ചു, അവളുടെ കൊച്ചേട്ടന്‍. അവളുടെ സന്തോഷമായിരുന്നു അവന്റെ സന്തോഷം.
ഒരുനാള്‍, പഠനത്തിനായി അവനും പറക്കേണ്ടിവന്നു. അമ്മക്കിളി അവളെ മാറോടുചേര്‍ത്ത്, കഥകള്‍പറഞ്ഞുറക്കി. വര്‍ഷങ്ങള്‍ അനുവാദം ചോദിക്കാതെ കടന്നുപോയി. കുഞ്ഞേച്ചിയും കൊച്ചേട്ടനും മറ്റൊരിടത്തു കൂടുകൂട്ടി. കുഞ്ഞനുജത്തിയേയും കൂടെക്കൂട്ടി. അവരൊന്നിച്ചായതില്‍ മനസ്സു നിറഞ്ഞെങ്കിലും അവളെ പിരിയെണ്ടിവന്നതിന്റെ നൊമ്പരം കടിച്ചമര്‍ത്തി, ആ അമ്മക്കിളി കുഞ്ഞിക്കിളിയെ ഓര്‍ത്തോര്‍ത്തിരുന്നു!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക