Image

കേരളത്തിൽ നിന്നും കമ്മ്യൂണിസം പടിയിറങ്ങുന്നുവോ? (നടപ്പാതയിൽ ഇന്ന്- 49: ബാബു പാറയ്ക്കൽ)

Published on 31 August, 2022
കേരളത്തിൽ നിന്നും കമ്മ്യൂണിസം പടിയിറങ്ങുന്നുവോ? (നടപ്പാതയിൽ ഇന്ന്- 49: ബാബു പാറയ്ക്കൽ)

READ MORE: https://emalayalee.com/writer/170

"എന്താ പിള്ളേച്ചാ ഇന്ന് ചുവന്ന തലേക്കെട്ടും അതിനു മുകളിൽ ഒരു ചെറിയ കറുത്ത കൊടിയും വച്ച് നടക്കാൻ ഇറങ്ങിയത്?"
"എടോ, ഇന്ന് ദൂഖാചരണമാണ്."
"അതെന്തിനാണ്?"
"കേരളത്തിലെ കമ്മ്യൂണിസ്ററ് പ്രസ്ഥാനം വംശനാശം വരാൻ പോകുന്നു. അതുകൊണ്ടാ."
"അതിനു തക്ക എന്ത് സംഭവമാണുണ്ടായത്?"
"താൻ വാർത്തയൊന്നും കാണാറില്ലേ? ലോകായുക്ത നിയമമൊക്കെ എടുത്തു തോട്ടിൽ കളഞ്ഞില്ലേടോ ഇന്ന്?"
"അത് തോട്ടിൽ കളഞ്ഞിട്ടുമൊന്നുമില്ല പിള്ളേച്ചാ. ചില ഭേദഗതികൾ വരുത്തിയെന്നല്ലേയുള്ളൂ. ഏതു നിയമവും കാലാനുസൃതമായി പരിഷ്‌കരിക്കേണ്ടതാവശ്യമല്ലേ?"
"താൻ എന്തറിഞ്ഞിട്ടാ ഈ പറയുന്നത്? ലോകായുക്ത നിയമം എന്താണെന്നറിയാമോ?"
"അത് അഴിമതി അന്വേഷിക്കാനുണ്ടാക്കിയതല്ലേ?"
"അതു തന്നെ. മുഖ്യമായും നമ്മുടെ നാട്ടിൽ മന്ത്രിമാരും മുഖ്യമന്ത്രിയും എം. എൽ. എ മാർ പോലും അഴിമതി ആരോപണങ്ങളിൽ പെട്ടാൽ അന്വേഷിച്ചു നടപടി കൈക്കൊള്ളാനുള്ള ഒരു മാർഗ്ഗമായിരുന്നു. ഇപ്പോൾ അതാണ് വേണ്ടാന്നു വച്ചത്."
"അഴിമതി നടത്തിയില്ലെങ്കിലും അന്വേഷിക്കുന്നവർക്ക്‌ വിരോധമുണ്ടെങ്കിൽ പണി കൊടുക്കാൻ പറ്റുമാരുന്നല്ലോ. അതിപ്പോൾ ഒഴിവാക്കിയെന്നല്ലേയുള്ളൂ."
"അങ്ങനെ വിരോധത്തിന്റെ പേരിൽ ആരെയും ശിക്ഷിക്കാൻ പറ്റില്ലായിരുന്നു. കാരണം, ലോകായുക്തയുടെ അധ്യക്ഷനായിരിക്കുന്നത് റിട്ടയർ ചെയ്‌ത ഹൈക്കോടതി ചീഫ് ജസ്റ്റീസോ സുപ്രീംകോടതി ജഡ്‌ജിയോ മാത്രമായിരിക്കണം എന്നാണ് നിയമം. അന്വേഷണം സുതാര്യവും നീതിയുക്തവും ആക്കാൻ വേണ്ടിയായിരുന്നു അത്."
"എങ്കിൽ പിന്നെ ഇപ്പോൾ എന്തിനാണ് അതെല്ലാം വെട്ടിക്കളഞ്ഞത്?"
"അഴിമതി നടത്താനുള്ള ലൈസൻസ് സ്വയം നേടിയെടുക്കാൻ. അല്ലാതെന്താ?"
“ഇപ്പോൾ, ഈ നിയമ ഭേദഗതി നടപടിയായാൽ പിന്നെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എം. എൽ. എ മാർക്കുപോലും എന്തഴിമതി നടത്തിയാലും അവർ തന്നെ അന്യോന്യം അന്വേഷിച്ചു നടപടി എടുത്താൽ മതി എന്നാണോ?"
"അതെ. കള്ളനെ തന്നെ മോഷണം അന്വേഷിക്കാനുള്ള ചുമതല ഏൽപ്പിക്കുന്നത് പോലെ."
"കമ്മ്യൂണിസ്റ്റുകാർ അഴിമതിക്കെതിരല്ലേ പിള്ളേച്ചാ. പിന്നെ ഇപ്പോൾ എന്തിനാണ് ധൃതിപിടിച്ച്‌ ഇങ്ങനെയൊരു വെട്ടു വെട്ടിയത്?"
"ഇയാൾക്ക് മനസ്സിലായില്ലേ? സ്വർണ്ണക്കടത്തും ഡോളർ കടത്തും സ്പ്രിങ്ക്ളറും ബിരിയാണിച്ചെമ്പും ഈന്തപ്പഴവും പ്രോട്ടോക്കോൾ ലംഘനം നടത്തി ഷാർജാ ഷെയ്ക്കിനെ ക്ലിഫ് ഹൗസിൽ സത്കരിച്ചതും തുടങ്ങി ഇപ്പോൾ എത്രയോ ആരോപണങ്ങളാണ് മുഖ്യമന്ത്രി നേരിടുന്നത്? അതിനു പുറമേ സഹകരണ ബാങ്കിൽ കൂടി 2000 കോടി രൂപ വെളുപ്പിച്ചെന്ന പുതിയ ആരോപണവും. എല്ലാം കൂടി ശരിയായ രീതിയിൽ അന്വേഷിച്ചാൽ ആരൊക്കെ ശിഷ്ടായുസ്സ് എവിടെ കഴിച്ചുകൂട്ടും എന്നൂഹിക്കാവുന്നതല്ലേയുള്ളൂ. അപ്പോൾ പിന്നെ ആ അന്വേഷണം നടത്താനുള്ള നിയമം തന്നെ റദ്ദാക്കിയാൽ ഭയപ്പെടേണ്ടതില്ലല്ലോ."
"ഇനിയും ഗവർണർ ഒപ്പിട്ടെങ്കിലല്ലേ ഇത് നിയമം ആവുകയുള്ളൂ?"
"ആകെയുള്ള ഒരാശ്വാസം ഇനി അത് മാത്രമേയുള്ളൂ. എന്നാൽ സംസ്ഥാന സർക്കാരും കേന്ദ്രവും തമ്മിലുള്ള അന്തർധാര എത്രമാത്രം സജീവമാണെന്നുള്ളതിനെ ആശ്രയിച്ചിരിക്കും അത്. അദ്ദേഹം നട്ടെല്ല് നിവർത്തി ഇത് വീറ്റോ ചെയ്യുമോ അതോ നട്ടെല്ല് പണയം വച്ച് സമ്മർദത്തിനു വഴങ്ങുമോ എന്നാണ് ജനം നോക്കുന്നത്."
"ഈ നിയമ ഭേദഗതി നിയമസഭയിൽ പാസ്സാക്കി എടുത്തതോടെ, 'ഞങ്ങൾ ഈ അഴിമതിയൊക്കെ നടത്തിയതാണെ’ന്നു തുറന്നു സമ്മതിക്കലായില്ലേ, പിള്ളേച്ചാ? കമ്മ്യൂണിസ്റ്റുകാരുടെ അടിസ്ഥാന പ്രമാണത്തിനെതിരല്ലേ അത്?"
"അത് തന്നെയാണെടോ എന്റെ പ്രയാസം. കേരളത്തിന്റെ വികസനത്തിനും ആരോഗ്യ വിദ്യാഭ്യാസ സാംസ്‌കാരിക വളർച്ചയ്ക്കുമെല്ലാം വലിയ സംഭാവന നടത്തിയ ഒരു ചരിത്രമാണ് ഇവിടത്തെ കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിനുള്ളത്. ദശാബ്ദങ്ങളോളം അതിനെ വളർത്തിയവരും പരിപാലിച്ചവരും അഴിമതിരഹിത പ്രത്യയശാസ്ത്രത്തെ അടിസ്ഥാന പ്രമാണമായി കരുതി ആദർശത്തിന്റെ ആൾരൂപങ്ങളായി ജീവിച്ചിരുന്നവരാണ്. ഇന്നത്തെ കഥയതല്ല. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ തന്നെ അവർക്കു ശബ്ദിക്കാനാവില്ല. കാരണം പാർട്ടി ഇന്ന് അഴിമതി വീരന്മാരുടെ കയ്യിലാണ്. ആ നേതാക്കന്മാരാരും കമ്മ്യൂണിസത്തിൽ വിശ്വസിക്കുന്നില്ല. അവർ അമിതമായ സ്വത്തു സമ്പാദനത്തിനു കമ്മ്യൂണിസ്റ് പാർട്ടിയുടെ മുഖാവരണം അണിയുന്നു എന്ന് മാത്രം. ഇങ്ങനെ പോയാൽ കേരളത്തിൽ നിന്നും താമസിയാതെ കമ്മ്യൂണിസ്റ് പാർട്ടി ബംഗാളിലെപ്പോലെ അന്യം നിന്നു പോകും. അത് സങ്കടകരമാണെടോ."
"ഏയ്, അങ്ങനെയൊന്നും സംഭവിക്കില്ല പിള്ളേച്ചാ. ജനങ്ങൾ ഇപ്പോഴും അവരുടെ കൂടെയാണെന്നല്ലേ നേതാക്കൾ പറയുന്നത്."
"അതാണെടോ നേതാക്കന്മാർ സ്തുതിപാഠകരുടെ നടുവിലായാൽ വരുന്ന കുഴപ്പം. ഇവിടെ അഴിമതി മുഖമുദ്രയാക്കിയവരെ  വിമർശിക്കാൻ പാർട്ടിയിൽ നട്ടെല്ലുള്ള ആരെങ്കിലുമുണ്ടോടോ? ഇപ്പോൾ തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള ജനങ്ങളുടെ പ്രിയം മനസ്സിൽ നിന്നും കുടിയിറങ്ങിക്കഴിഞ്ഞു."
"അത് കിറ്റ്‌ കിട്ടിക്കഴിയുമ്പോൾ തിരിച്ചു വരില്ലേ, പിള്ളേച്ചാ? സംസ്ഥാനത്തു വരുത്തിവച്ച മൂന്നേമുക്കാൽ കോടിയുടെ കടബാധ്യതയെപ്പറ്റി ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? അല്ലെങ്കിൽ തന്നെ ഇവിടെ ജനങ്ങൾക്ക് മറിച്ചു ചിന്തിക്കാൻ ആരാണുള്ളത്? തമ്മിലടിച്ചു പരസ്‌പരം പാര വച്ചു നശിച്ച ഒരു കോൺഗ്രസ്സ് പാർട്ടിയും, പാർട്ടി വളരണമെന്ന് യാതൊരു ആഗ്രഹവുമില്ലാത്ത സ്വാർത്ഥമോഹികളായ നേതാക്കന്മാർ മാത്രം തലപ്പത്തുള്ള ബി. ജെ. പി യും! അതുകൊണ്ടു പേടിക്കേണ്ട പിള്ളേച്ചാ, കമ്മ്യൂണിസം പടിയിറങ്ങുമെങ്കിലും സംസ്ഥാനത്തു കമ്മ്യൂണിസ്റ്റ് പാർട്ടി നിലനിൽക്കും. സർക്കാർ സർവ്വീസിൽ ജോലി ലഭിക്കണമെങ്കിലോ കാര്യമായ വിദ്യാഭ്യാസമില്ലാതെ പിൻവാതിലിൽ നിയമനം ലഭിക്കണമെങ്കിലോ പേഴ്‌സണൽ സ്റ്റാഫ് ആയി രണ്ടു വർഷം കൊണ്ട് ജീവിതകാല പെൻഷൻ ലഭിക്കണമെങ്കിലോ പാർട്ടി പ്രവർത്തകനായിരിക്കണം. അതുകൊണ്ട് ചെറുപ്പക്കാരുടെ സ്വപ്‌നമാണ് പാർട്ടിയിൽ കയറിപ്പറ്റുക എന്നത്."
"അതു താൻ പറഞ്ഞത് ശരിയാണെടോ. എങ്കിലും മനസ്സിൽ ഒരു വിങ്ങൽ."
"അതും കാലത്തിന്റെ ഒരു ചുവരെഴുത്തായി കണക്കാക്കിയാൽ മതി പിള്ളേച്ചാ."
"അങ്ങനെയാകട്ടെടോ. പിന്നെ കാണാം."
"ശരി പിള്ളേച്ചാ."

Join WhatsApp News
പടിയറ 2022-08-31 03:57:35
നമുക്ക് പടിയറക്കണം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക