മലയും കടലും തഴുകിത്തഴുകി,
ഹരിതം വിളയും നാട്;
കേരങ്ങള്‍ കഥകളിയാടുന്ന,
കേരളമെന്ന നാട്;
മാവേലിക്കഥ മാറ്റൊലിയായ,
മലയാളികളുടെ നാട്;
സസ്യസമൃദ്ധിയിലൂഞ്ഞാലാടി,
മാടിവിളിക്കും ദേശത്ത്,
പഞ്ഞമാസം കര്‍ക്കിടകം പോയ്,
പൊന്നിന് ചിങ്ങം വരവായി;
കര്ഷകനുള്ളിലുണര്വിന്കാലം,
വിളവെടുപ്പിന്നാഹ്ലാദം;
ഇല്ലം നിറയെ വല്ലം നിറയെ -
പതിരില്ലാത്ത പുന്നെല്ല്;
മേലാളര്‍ക്കും, കീഴാളര്‍ക്കും-
ഒരുമിക്കാനൊരു കാലം;
അത്തംതൊട്ട് പത്തുദിനങ്ങള്‍,
ഓണത്തപ്പനെയെതിരേല്ക്കാന്,
പൂവിളികള്‍ക്ക് കാതോര്‍ക്കാന്‍, ഹൈ-
'പൂവെ പൊലി'കള്‍ പാടാന്‍;
തിരുവോണത്തിന് വര്‍ണ്ണ വസന്തം,
തിരുമുറ്റത്ത് പൂക്കളമായ്;
കാണം വിറ്റും പാവങ്ങള്‍ക്ക് -
ഓണമുണ്ണാനതിമോഹം;
മാലോകര്‍ക്ക് കോടിയുടുത്ത്,
മേളിക്കാനൊരു കാലം;
സമത്വ സുന്ദര നാടിന്നോര്മ്മകള്-
കൊട്ടാരം, കുടിലൊരുപോലെ;
സദ്യവട്ടം വിഭവ സമൃദ്ധം-
ആഘോഷങ്ങള്‍ പലമട്ടില്‍;
ഊഞ്ഞാലാട്ടം, കൈകൊട്ടിക്കളി,
കുമ്മാട്ടിക്കളി, പുലിക്കളി,
വഞ്ചിപ്പാട്ടിന്നാവേശത്തില്-
തുഴകള്ക്കമ്പേ, ഗതിവേഗം;
വായ്ത്താരികളാ,യുത്സവ ലഹരി,
കണ്കരളൊപ്പും ദൃശ്യങ്ങള്‍.....
ദൈവത്തിന്റെ സ്വന്തം നാട്ടില്‍,
ഓണം കേമം, കെങ്കേമം.