MediaAppUSA

കോണ്‍ഗ്രസില്‍ നിന്നും മുതിര്‍ന്ന നേതാക്കന്മാരുടെ അവസാനമില്ലാത്ത പലായനം എന്തുകൊണ്ടാണ്? (ദല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 01 September, 2022
കോണ്‍ഗ്രസില്‍ നിന്നും മുതിര്‍ന്ന നേതാക്കന്മാരുടെ അവസാനമില്ലാത്ത പലായനം എന്തുകൊണ്ടാണ്? (ദല്‍ഹികത്ത് : പി.വി.തോമസ് )

ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടിയുടെ സംഘടനാ തിരഞ്ഞെടുപ്പുകള്‍ ശുദ്ധ തട്ടിപ്പും കള്ളത്തരവും ആണെന്ന് പറഞ്ഞുകൊണ്ട് രാജിവെച്ചതിന്റെ രണ്ട് ദിവസം കഴിഞ്ഞാണ് ഓഗസ്റ്റ് 29ന് പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള ഒക്ടോബര്‍ 17-ലെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ്സുമായിട്ട് ആസാദിന് അരനൂറ്റാണ്ട് കാലത്തെ പരിചയമാണുള്ളത്. അദ്ദേഹം നാല് പ്രധാനമന്ത്രിമാരോടൊപ്പം ജോലി ചെയ്തിട്ടുണ്ട്, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, പി.വി.നരസിംഹറാവു, മന്‍മോഹന്‍ സിംങ്ങ്. കൂടാതെ സോണിയാ ഗാന്ധിയുടെ സന്തത സഹചാരിയുമായിരുന്നു അദ്ദേഹം. രാജിക്കൊപ്പം കോണ്‍ഗ്രസ്സിന്റെ ഇടക്കാല അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് എഴുതിയ അതീവ സ്‌ഫോടനാത്മകമായ കത്തില്‍. രാഹുല്‍ ഗാന്ധിയുടെ അപക്വത കോണ്‍ഗ്രസ്സിനെ നശിപ്പിച്ചു എന്ന് ആരോപിച്ചു. ആസാദിന്റെ ആരോപണങ്ങള്‍ അവിടെ തീര്‍ന്നില്ല. സോണിയയുടെയും രാഹുലിന്റെയും മേല്‍നോട്ടത്തില്‍ കോണ്‍ഗ്രസ്സ് രണ്ട് ലോക്‌സഭാ ഇലക്ഷനുകളില്‍ (2014, 2019) അതിദാരുണമായി പരാജയപ്പെട്ടു. തുടര്‍ന്നുണ്ടായ 49 അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ 39 എണ്ണവും കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു(2014-2022). കോണ്‍ഗ്രസ്സ് ഇന്ന് രണ്ടേ രണ്ട് സംസ്ഥാനങ്ങള്‍ മാത്രമാണ് ഭരിക്കുന്നത്(രാജസ്ഥാന്‍, ഛത്തീസ്ഗഡ്). രണ്ട സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സ് ഭരണമുന്നണിയിലെ വളരെ ചെറിയ സഖ്യകക്ഷിയാണ്(ഝാര്‍ഖണ്ട്, തമിഴ്‌നാട്). കഴിഞ്ഞ എട്ട് വര്‍ഷമായി രാഷ്ട്രീയത്തില്‍ യാതൊരു താല്‍പര്യവുമില്ലാത്ത ഒരു നേതാവിനെ ഉന്നതപദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്(രാഹുല്‍ ഗാന്ധി). ഇപ്പോഴത്തെ ഈ സംഘടനാ തിരഞ്ഞെടുപ്പ് ഒരു 'ഫാഴ്്സ്' ആണ്. 'ഷാം' ആണ്. ആസാദ് സോണിയയോട് തുറന്നടിച്ചു.


ആസാദിന്റെ രാജിക്ക് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ആനന്ദ് ശര്‍മ്മ ഹിമാചല്‍ പ്രദേശിലെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പിലെ സമുന്നത പദവിയില്‍ നിന്നും രാജിവെച്ചത്. അദ്ദേഹം കാരണമായി പറഞ്ഞത് അദ്ദേഹം അഗവണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുകയായിരുന്നു എന്നാണ്. പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നില്ല എന്നദ്ദേഹം പറഞ്ഞുവെങ്കിലും ഈ രാജി അതിനു തുല്യമാണ്. കോണ്‍ഗ്രസ്സില്‍ നിന്നും ഇത് ആദ്യമല്ല മുതിര്‍ന്ന നേതാക്കന്‍മാര്‍ രാജിവെച്ച് പോകുന്നത്. മമതാ ബാനര്‍ജി(വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി), ഹേമന്ത് ബിസ്വ സര്‍മ്മ(ആസ്സാം മുഖ്യമന്ത്രി), ക്യാപ്റ്റന്‍ അമരീന്ദ്ര സിംങ്ങ്(മുന്‍ പഞ്ചാബ് മുഖ്യമന്ത്രി), ജിതിന്‍ പ്രസാദ്(മുന്‍ കേന്ദ്രമന്ത്രി), റീത്ത ബഹുഗുണ ജോഷി(മുന്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ-ഉത്തര്‍പ്രദേശ്), വിജയ് ബഹുഗുണ(മുന്‍ മുഖ്യമന്ത്രി-ഉത്തരാഖണ്ഡ്), ജ്യോതിരാദിത്യ സിന്ധ്യ(മുന്‍ കേന്ദ്രമന്ത്രി), ജഗന്‍ മോഹന്‍ റെഡ്ഢി(ഇപ്പോഴത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി), ആര്‍.പി. എന്‍.സിംങ്ങ്(മുന്‍ കേന്ദ്ര മന്ത്രി), അശ്വനി കുമാര്‍(മുന്‍ കേന്ദ്രമന്ത്രി), ജയ് വീര്‍ ഷേര്‍ഗില്‍(മുന്‍ കോണ്‍ഗ്രസ്സ് വക്താവ്), സുനില്‍ ജാക്കര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. എന്തുകൊണ്ടാണ് ഇവരെല്ലാം ഒന്നൊന്നായി കോണ്‍ഗ്രസ്സ് വിട്ടുപോകുന്നത്?

ഇതിന് പല കാരണങ്ങളുണ്ട്. കോണ്‍ഗ്രസ്സിന്റെ ഉന്നത വൃത്തങ്ങള്‍ക്ക് അതായത് ഹൈക്കമാന്‍ഡിന് മറ്റ് നേതാക്കന്‍മാരുമായി ബന്ധമോ ആശയ വിനിമയമോ ഇല്ല. സോണിയ ഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും കാണുവാനായി ഗുഹാവട്ടിയില്‍ നിന്നും ഹൈദരാബാദില്‍ നിന്നും മറ്റും എത്തുന്ന നേതാക്കന്‍മാര്‍ക്ക് ഇവരെ കാണുവാന്‍ ചിലപ്പോള്‍ സാധിക്കാറില്ല. കണ്ടാല്‍ തന്നെയും ഏറെ ദിവസം കാത്തുകിടക്കേണ്ടതായിട്ട് വരും. ഒടുവില്‍ ഫലം കാര്യമായിട്ടൊന്നും ഉണ്ടാവുകയുമില്ല. പാര്‍ട്ടി കുടുംബ വാഴ്ചയുടെ പിടിയിലാണ്. ഹൈക്കമാന്‍ഡ് എന്ന് വച്ചാല്‍ സോണിയ, രാഹുല്‍, പ്രിയങ്കഗാന്ധിമാര്‍ മാത്രമാണ്. മറ്റുള്ള നേതാക്കന്‍മാര്‍ക്കൊന്നും യാതൊരു സ്ഥാനവുമില്ല പ്രസക്തിയുമില്ല. ഇങ്ങനെയുള്ളൊരു പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാക്കന്‍മാര്‍ എത്രനാള്‍, എങ്ങനെ നില്‍ക്കും? രാഷ്ട്രീയമായി ഇവരെല്ലാം ഒരു തരം ശ്വാസംമുട്ടലില്‍ പോലെയാണ്. ജോതിരാദിത്യ സിന്ധ്യയുടെ കഥ എടുക്കുക. മധ്യ പ്രദേശ് കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ അദ്ദേഹം തിളങ്ങി നില്‍ക്കുകയായിരുന്നു. സംസ്ഥാനത്തില്‍ അടുത്ത മുഖ്യമന്ത്രിയായിവരെ കോണ്‍ഗ്രസ്സില്‍ ഉള്ളവരും മറ്റു രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവരും കണ്ടിരുന്നു. എന്നാല്‍ മറ്റ് രണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കന്‍മാര്‍ ദീഗ് വിജയ് സിംങ്ങ്, കമല്‍നാഥ്-അദ്ദേഹത്തെ ഇല്ലാതാക്കുവാന്‍ ശ്രമിച്ചു. ഇവരുടെ മക്കളെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിപ്പിച്ച് സിന്ധ്യക്ക് ബദലായി വളര്‍ത്തി. ഒടുവില്‍ പൊറുതി മുട്ടി മതേതരവാദിയായ സിന്ധ്യ ബി.ജെ.പി.യില്‍ അഭയം തേടി. അദ്ദേഹം മധ്യപ്രദേശില്‍ മന്ത്രിയുമായി.

രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളും ഒട്ടേറെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും ഒന്നിനു പിറകെ ഒന്നായി പരാജപ്പെട്ട കോണ്‍ഗ്രസ്സിന് ഈ അപജയങ്ങള്‍ സംഭവിക്കുന്നതില്‍ അത്ഭുതമില്ല. കാരണം കോണ്‍ഗ്രസ്സ് ഇന്ന് മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പലാണ്. ആ കപ്പലിനുള്ളില്‍ ആര്‍ക്കും വലിയ പ്രതീക്ഷക്ക് വകയില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയം എന്നു പറയുന്നത് അധികാര രാഷ്ട്രീയം ആണ്. അതില്ലാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് നിലനില്‍ക്കുവാന്‍ ആവില്ല. അധികാരം ആണ് രാഷ്ട്രീയത്തിന്റെ ജീവനാഡി. ആദര്‍ശങ്ങളോ തത്വസംഹിതകളോ അല്ല. കോണ്‍ഗ്രസ്സ് നേരിടുന്ന ഏറ്റവും വലിയ ഒരു പ്രതിസന്ധിയും ഇതുതന്നെയാണ്.

ദേശീയ തലത്തില്‍ പ്രതിഛായയുള്ള  ഒരു നേതാവ് ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കരുത്തുറ്റ മുതല്‍ക്കൂട്ടാണ്. കോണ്‍ഗ്രസ്സിന് ഇന്നുള്ള രണ്ട് നേതാക്കന്‍മാര്‍ സോണിയും രാഹുല്‍ഗാന്ധിയുമാണ്. സോണിയയ്ക്ക് ആരോഗ്യം കൊണ്ട് പരിമിതികളുണ്ട്. രാഹുല്‍ഗാന്ധിയാകട്ടെ ഇതുവരെയും ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു നേതാവായിട്ടുമില്ല. അദ്ദേഹത്തെക്കുറിച്ച് നട് വര്‍ സിംങ്ങും ഇപ്പോള്‍ ഗുലാംനബി ആസാദും രാജുക്കുശേഷം പറഞ്ഞത് ശരിയാണ്. രാഹുല്‍ രാഷ്ട്രീയത്തെ ഗൗരവമായിട്ടെടുക്കാത്ത ഒരു 'പാര്‍ട്ട് ടൈം' നേതാവിനെപ്പോലെയാണ് പെരുമാറുന്നത്. കോണ്‍ഗ്രസ്സിന്റെ ഇന്നത്തെ അവസ്ഥയില്‍ ഇത് പോര. ഇപ്പോള്‍ അദ്ദേഹം ആരംഭിക്കുവാനിരിക്കുന്ന കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ഭാരതയാത്ര ശ്ലാഘനീയമാണെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ കരിയറില്‍ വരുന്ന ഗ്യാപ്പുകള്‍ വലിയ പുള്ളിക്കുത്തായി നില്‍ക്കുന്നു. രാഹുലിന്റെ അജ്ഞാതമായ വിദേശയാത്രകള്‍ ഇന്നും ദുരൂഹത നിറഞ്ഞതാണ്. ഏത് ദേശീയ പാര്‍ട്ടിയുടെ നേതാവിനാണ് ഇതുപോലുള്ള അജ്ഞാത വാസങ്ങള്‍ സാധ്യമാകുന്നത്? ഇതുപോലുള്ള അദ്ദേഹത്തിന്റെ ഒരു അജ്ഞാത വിദേശയാത്ര 69 ദിവസങ്ങളോളമാണ് നീണ്ടുനിന്നത്. അന്നദ്ദേഹം കോണ്‍ഗ്രസ്സിന്റെ ഉപാധ്യക്ഷനായിരുന്നു. അദ്ദേഹം ഇത്രയും ദീര്‍ഘകാലം എവിടെയായിരുന്നുവെന്നോ എന്തുചെയ്യുകായിരുന്നു എന്നോ ഇന്നും കോണ്‍ഗ്രസ്സില്‍ പോലും ആര്‍ക്കും അറിയില്ല.
അടുത്തത് സംഘടനാ ശക്തിയാണ്. ഇത് കോണ്‍ഗ്രസ്സിന്റെ വലിയ പരാധീനതയും പരാജയവുമാണ്. വിരലില്‍ എണ്ണാവുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ്സിന് ശ്കതമായ ഒരു സംഘടനയോ ഊര്‍ജ്ജസ്വലരായ യുവനേതൃനിരയോ ഉള്ളത്. കാശ്മീര്‍, ബംഗാള്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഒഡീഷ, അസ്സം, മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ സംഘടന വളരെ ദുര്‍ബലമാണ്. ശക്തമായ ഒരു സംഘടന ഇല്ലാതെ ഒരു രാഷ്ട്രീയ കക്ഷിക്കും നിലനില്‍ക്കുവാന്‍ ആവുകയില്ല.

കോണ്‍ഗ്രസ്സിന്റെ സംഘടന അദ്ധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് ചുരുങ്ങിയത് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് നടക്കുന്നത്. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം രാഹുല്‍ഗാന്ധി അദ്ധ്യക്ഷസ്ഥാനം രാജിവെച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത് നടക്കുന്നത്. ഇടക്കാലത്തേക്ക് സോണിയാഗാന്ധി തന്നെ അധികാരം ഏറ്റെടുത്തെങ്കിലും അത് ഇനിയും തുടരുവാന്‍ സാധ്യമല്ലാത്ത ഒരു സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. ഗുലാം നബിയുടെയും കപില്‍ സിബലിന്റെയും നേതൃത്വത്തിലുള്ള ജി-23 ആവശ്യപ്പെട്ടത് ഒരു ഫുള്‍ടൈം അദ്ധ്യക്ഷനെയാണ്. ആ അദ്ധ്യക്ഷനാകട്ടെ മറ്റുള്ളവര്‍ക്ക് പ്രാപ്യനും ആയിരിക്കണം. ഇതില്‍ ആസാദും സിബലും കോണ്‍ഗ്രസ്സ് വിട്ടുകഴിഞ്ഞു. സിബല്‍ സമജ് വാദി പാര്‍ട്ടിയുടെ പിന്തുണയോടെ രാജ്യസഭയില്‍ സ്വതന്ത്ര അംഗവുമായി. കോണ്‍ഗ്രസ്സിന് എന്തുകൊണ്ട് നെഹ്‌റുഗാന്ധി കുടുംബത്തിന് വെളിയില്‍ നിന്നും ഒരു അദ്ധ്യക്ഷനെ കണ്ടെത്തിക്കൂടാ. രാഹുല്‍ഗാന്ധി ഇന്നുവരെ ഒരേ നിലപാടാണ്. അതായത് അദ്ദേഹം കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരില്ലെന്ന്. അപ്പോള്‍ പ്രിയങ്കാഗാന്ധിയുടെ പേരും കുടുംബത്തിന്റെ സ്തുതി പാഠകര്‍ നിര്‍ദേശിക്കുകയുണ്ടായി. എന്നാല്‍ ഒടുവില്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്നതാണ് ഗാന്ധിമാരുടെ തീരുമാനം. ഇതിന്റെ ദൂഷ്യവശം അധികാരമില്ലാതെ അധികാരം കയ്യാളാം എന്നുള്ളതാണെങ്കില്‍ അത് പെട്ടെന്ന് വെളിപ്പെടും. മന്‍മോഹന്‍ സിംങ്ങിന്റെ കാലത്ത് സോണിയഗാന്ധി പ്രധാനമന്ത്രി ആകാതെ തന്നെ അധികാരം ഉപയോഗിച്ചതുപോലെ. മറ്റൊന്ന് ഗാന്ധി കുടുംബത്തോട് ഭക്തിയുളള ഒരു പപ്പെറ്റിനെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് അവരോധിച്ചാല്‍ അതും നിഷ്പ്രയോജനമായിരിക്കും.

ഗാന്ധി കുടുംബത്തില്‍ നിന്നും ആരും മത്സരിക്കുന്നില്ല എന്നറിഞ്ഞപ്പോള്‍ ജി-23യുടെ മറ്റൊരു നേതാവായ ശശി തരൂര്‍ രംഗത്തുണ്ടായിരിക്കുമെന്ന് ശ്രുതിയുണ്ട്. തരൂര്‍ ഇതിനെ സ്ഥിരീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്തില്ല. തരൂര്‍ നല്ല ഒരു സ്ഥാനാര്‍ത്ഥി ആയിരിക്കും. കോണ്‍ഗ്രസ്സ് നേരാവണ്ണം മുന്നോട്ട് പോകുവാനാണ് ഉദ്ദേശമെങ്കില്‍.... ആരോഗ്യപരമായ ഒരു മത്സരത്തിന് വഴിയൊരുക്കുവാന്‍ തരൂരിന് സാധിക്കും. കുടുംബ ഭക്തനും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗലോട്ട് ആയിരിക്കും ഔദ്യോഗിക സ്ഥാനാര്‍ത്ഥി എന്നറിയുന്നു. അങ്ങനെയൊരു സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കുവാനും തരൂരിനോ വിമതര്‍ക്കോ സാധിക്കുക ബുദ്ധിമുട്ടാണ്. എന്തുകൊണ്ട് കുടുംബത്തിന് പുറത്തു നിന്നും ഒരു അദ്ധ്യക്ഷന്‍ കോണ്‍ഗ്രസ്സിന് ഉണ്ടായിക്കൂടാ? പി.വി. നരസിംഹറാവുവും സീതാരാം കേസരിയും കോണ്‍ഗ്രസ്സിന്റെ അദ്ധ്യക്ഷന്‍മാരായിട്ട് എന്തു സംഭവിച്ചു? ഒന്നും സംഭവിച്ചില്ല. കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആരോഗ്യകരമായ ഒരു മത്സരമുണ്ടായാല്‍ അതിലെന്താണ് തെറ്റ്? 2000-ത്തില്‍ സോണിയ ഗാന്ധിക്കെതിരെ ജിതേന്ദ്ര പ്രസാദ് മത്സരിച്ചതല്ലേ? പ്രസാദ ജയിക്കുകയില്ലെന്ന് അറിയാമായിരുന്നുവെങ്കിലും സോണിയ ഗാന്ധിക്കെതിരെ മല്‍സരിക്കുവാനുള്ള ചങ്കൂറ്റം അദ്ദേഹം കാണിച്ചതുതന്നെ എടുത്തു പറയേണ്ടതാണ്. സോണിയ ഗാന്ധിക്ക് 7542 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പ്രസാദക്ക് ലഭിച്ചത് വെറും 94 വോട്ടുകള്‍ ആയിരുന്നു. 1997-ലും കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വാശിയേറിയ മല്‍സരം നടന്നു. സീതാരാം കേസറിയെ എതിര്‍ത്തത് ശരത് പവാറും രാജേഷ് പൈലറ്റും ആയിരുന്നു. ഇവര്‍ക്ക് 1236 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കേസരിക്ക് 7460 വോട്ടുകള്‍ ലഭിച്ചു. വോട്ടര്‍ പട്ടിക അപ്പോള്‍ വിവാദം ഉയര്‍ത്തിയിരുന്നു. ഇപ്പോഴും അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

തുടര്‍ച്ചയായുള്ള നേതാക്കന്‍മാരുടെ പ്രവാഹവും അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശരിയായ വിധത്തിലുള്ള തിരഞ്ഞെടുപ്പ് നടക്കാത്തതുമാണ്  കോണ്‍ഗ്രസ്സിന്റെ വലിയ രണ്ടു പരാജയങ്ങള്‍. ഈ കൂട്ടുപലായനത്തെ ആര്‍ക്ക് തടയാനാവും? അദ്ധ്യക്ഷ സ്ഥാനത്തേക്ക് നെഹ്‌റു ഗാന്ധി കുടുംബത്തിന് വെളിയില്‍ നിന്നും അല്ലെങ്കില്‍ അതിന്റെ പ്രോക്‌സി അല്ലാത്ത ഒരു നേതാവിനെ തെരഞ്ഞെടുക്കുവാന്‍ സാധിക്കുമോ? കോണ്‍ഗ്രസ്സിന്റെ ഈ പ്രശ്‌നം വളരെ പണ്ടേ നിലനിന്നിരുന്നതാണ്. അതുകൊണ്ടാണ് വര്‍ഷങങള്‍ക്കു മുമ്പ് ടൈംസ് ഓഫ് ഇന്ത്യയുടെ കാര്‍ട്ടൂണിസ്റ്റായ ആര്‍.കെ. ലക്ഷ്മണ്‍ ഒരു കാര്‍ട്ടൂണിന്റെ അടികുറിപ്പായി എഴുതിയത്: രംഗം കോണ്‍ഗ്രസ്സ് ഓഫീസ്. ഒരു മുതിര്‍ന്ന നേതാവ് അനുയായികളോട് പറയുകയാണ്, തെരഞ്ഞെടുക്കപ്പെടുന്നത് ആരായാലും ശരി സാരമില്ല. ഗാന്ധി കുടുംബത്തില്‍ നിന്നും അല്ലാത്ത  ഒരാളാണെങ്കില്‍ അയാളുടെ പേരിന്റെ അവസാനം ഗാന്ധി എന്നാക്കുക.

PV Thomas on the exodus of leaders from Congress Party

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക