Image

ഓണം,പൊന്നോണം (ഓണകവിത: ജോണ്‍ ഇളമത)

Published on 02 September, 2022
ഓണം,പൊന്നോണം (ഓണകവിത: ജോണ്‍ ഇളമത)

വര്‍ണ്ണതുമ്പികള്‍
പാറി പറന്ന്
ഓണമഹോത്സവ-
വരവറിയിച്ചു

തുമ്പയില്ല
തുളസിയില്ല
തൂശനിലയിലെ
ഓണസദ്യക്ക്
പോണമെനിക്ക്

ചങ്ങാതിമരൊക്കെ
ഒത്തുകുടും
ചന്തത്തില്‍
കുമ്മിയടിച്ച് 
തിരുവാതിരയാടാന്‍
സുന്ദരിമാരെത്തും

പ്രവാസികള്‍ക്കൊക്കെ
ഓണമുണ്ട്
ചുറ്റിലും സമാജമുണ്ട്
അത്തപ്പൂമത്സരമുണ്ട്
വടംവലിയുമുണ്ട്

ഓണകോടിയുടത്ത്
വാലിട്ട് കണ്ണെഴുതി
കോമളാങ്കികള്‍
എത്തുന്നുണ്ട്

പൂവാലക്കൂട്ടങ്ങള്‍
പുറകെ അവര്‍ക്ക്
കാവല്‍ നടക്കും
പതിവുമുണ്ട്

അച്ചായന്മാരൊക്കെ
കരമുണ്ടുടുത്ത്
കുപ്പായ ജൂബയുമിട്ട്
കുംഭതിരുമ്മി
എത്താറുണ്ട്

അവരോ ജരാനരകള്‍
മാറ്റി മീശപിരിച്ച്
പൂടകൊഴിഞ്ഞ
സിംഹങ്ങള്‍ കണക്കെ
നടക്കാറുണ്ട്.

അമ്മച്ചിമാരെക്കെ
എത്തും,തരുണിമാരായ്
പച്ചക്കറിയരിഞ്ഞു
കൂട്ടിയപോല്‍

പുത്തനാം കസവു
കോടി വാരിച്ചുറ്റി
സ്വര്‍ണ്ണതിളക്കത്തില്‍
ഉത്സവപറമ്പിലെ
പലഹാര വണ്ടിപോലെ

പോണമെനിക്ക്
ഓണത്തിന്
അറുപതുകൂട്ടം
കറി ഒരുക്കും
സമാജത്തിന്‍
ഓണത്തിന്

തൂശനിലയില്‍
തുമ്പപ്പൂചോറും
ഇലനിറയെ കറികളും
വിളമ്പിതരും
അങ്കനമാരും
അച്ചായന്‍മാരും

എരിശേരി,പുളിശേരി
കാളന്‍,ഓലന്‍
കിച്ചടി,പച്ചടി
കടുമാങ്ങാ ചമ്മന്തി
പലതരമുപ്പിലിട്ടതും
പിന്നെ ഉപ്പേരി,പപ്പടം
പായസമങ്ങനെ!

കൊതിയൂറും
ഓണസദ്യയുണ്ണാന്‍
ഞാന്‍ പോകട്ടെ
കൂട്ടരെ,
ഓണം,പൊന്നോണം,
ഓണമെന്‍
നൊസ്റ്റാള്‍ജിയ!!

ONAM NOLSTAGIA

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക