MediaAppUSA

കരാമ ഷെയ്ഖ് കോളനി 244-45 Flat No 1 (നാലാം ഭാഗം:മിനി വിശ്വനാഥന്‍)

Published on 02 September, 2022
കരാമ ഷെയ്ഖ് കോളനി 244-45 Flat No 1 (നാലാം ഭാഗം:മിനി വിശ്വനാഥന്‍)

READ MORE: https://emalayalee.com/writer/171

"ചേച്ചീ, നാട്ടിലാണോ, അവിടെ സുഖമല്ലേ ? പിന്നെ കുറച്ചു സങ്കടപ്പെടുത്തുന്ന ഒരു വിശേഷം പറയാനുണ്ടായിരുന്നു. നമ്മുടെ 244- 245 ന് ഡിമോളിഷിങ്ങ് നോട്ടീസ് കിട്ടി. ചേച്ചിക്ക് ആ ബിൽഡിങ്ങിനോടും ഫ്ലാറ്റിനോടുമുള്ള അറ്റാച്ച്മെന്റ് അറിയുന്നത് കൊണ്ട് അറിയിച്ചതാണേ" എന്ന ബദറുക്കയുടെ മെസേജ് കേട്ടതും ഞാനാകെ തളർന്നു. വിയർത്തു.

യൗവനത്തിളപ്പിൽ നിന്ന് വാർദ്ധക്യത്തിന്റെ വയ്യായ്മകളിലേക്ക് ആ കെട്ടിട സമുച്ചയം അമർന്നു തുടങ്ങിയിരുന്നെന്ന് അറിയാമായിരുന്നിട്ടും എന്റെ കണ്ണുകൾ നിറഞ്ഞു. അയ്യോ എന്നോ ഊയി എന്നോ പറയാതെ എന്റെ ഫ്ലാറ്റിന്റെ ഒരു ഫോട്ടോ എടുത്തയച്ച് തരാമോ എന്ന് ഞാൻ ആവശ്യപ്പെട്ടു.

ബദറുക്ക ഞങ്ങളുടെ ഫ്ലാറ്റിനു തൊട്ടടുത്തുള്ള ഗ്രോസറിയുടെ കെയർടെയ്ക്കറാണ്. ഒരു എഴുത്തുകാരൻ കൂടിയായ അദ്ദേഹത്തിന് എന്റെ മാനസിക നില മനുസ്സിലാവുന്നത് കൊണ്ട് അടുത്ത നിമിഷം തന്നെ ഫോട്ടോ വന്നു.

അതു കണ്ടപ്പോൾ എനിക്ക് പെട്ടെന്ന് നെഞ്ച് വേദനിച്ചു. അമ്മയില്ലാത്തത് കൊണ്ട് എണ്ണ തേച്ച് മുടി കോതിമിനുക്കി 
സുന്ദരനാവാൻ പറ്റാത്ത അനാഥക്കുട്ടിയെപ്പോലെ എന്റെ പാവം ഫ്ലാറ്റ്, ഡിമോളിഷിങ്ങ് നോട്ടീസ് നെഞ്ചിലൊട്ടിച്ച് വിതുമ്പി നിൽക്കുന്നതു പോലെ തോന്നി എനിക്ക് .
 
അതു വെറുമൊരു രണ്ട് മുറിഫ്ലാറ്റ് മാത്രമായിരുന്നില്ലല്ലോ എനിക്ക് .  എന്റെ വേരുകൾ മുഴുവൻ പറിച്ചു മാറ്റാൻ പറ്റാത്തതു പോലെ അവിടെ ആഴ്ന്ന് കിടക്കുകയാണ്. ഒരു മനുഷ്യായുസ്സിലെ ഇരുപത്തി ആറു കൊല്ലമെന്നത് ചുരുങ്ങിയ കാലയളവല്ല. അത്രയും കാലം ഞാനീ വീടിനെ ചുറ്റിപ്പിടിച്ചു നടന്നു. അതിനെ സ്നേഹിച്ചും , കലഹിച്ചും ശാസിച്ചും പരിഭവങ്ങൾ പറഞ്ഞും സങ്കടങ്ങൾ കരഞ്ഞൊഴുക്കിയും ഞാനാ വീടിനെ എന്റെ ഹൃദയത്തോട് ചേർത്തു വെച്ചു. 

ആ വീടിനെ ചിലപ്പോഴൊക്കെ നാട്ടിലെ വീടിന്റെ പേരായ തേവാരമെന്ന് പേരിട്ടു വിളിച്ചു. വടക്ക് പുറവും കിഴക്കേ ഇറയവുമായി അതിന്റെ മുറികളെ വിഭജിച്ചു. കതിരൂരിലെ മീൻ ചാപ്പയും അനാദിപീടികയുമായി ഞാൻ ആ ഏരിയയിലെ കടകളെ സങ്കല്ലിച്ചു. വീടിനടുത്തുള്ള പച്ചക്കറിക്കടയിലെ ചെറുപ്പക്കാർ എന്റെ അയൽപക്കത്തെ അനിയൻമാരായിരുന്നു. ഓണത്തിനും വിഷുവിനും എന്റെ അടുക്കള തനി നാടൻ വിഭവങ്ങളെ ക്കൊണ്ട് നിറച്ചിരുന്നതവരാണ്. വിഷുവിന് കണിവെക്കാൻ ഉതിർന്ന് വീഴാത്ത കൊന്നപ്പൂവും കണ്ണിമാങ്ങയും ആരും കാണാതെ എന്റെ സഞ്ചിയിൽ ഒളിച്ച് വെക്കുമായിരുന്നു അവർ. 

എന്റെ കതിരൂർ തന്നെയായിരുന്നു എനിക്ക് കരാമ . ഗ്രോസറിക്കാരും പച്ചക്കറിക്കടക്കാരും തൊട്ടടുത്ത കറാച്ചി സിറ്റി റസ്ന്റോറന്റിലെ കാഷ്യരും എന്റെ ശബ്ദം കേട്ടാൻ 245- Flat No 1 ലെ ഓർഡർ എന്ന് തിരിച്ചറിയുമായിരുന്നു. അവർക്കൊക്കെ 244-245- Flat No 1 എന്നതായിരുന്നു ഞാൻ. എന്റെ ഐഡന്റിറ്റിയും മേൽവിലാസവും അതായിരുന്നു.
ആ വീടിന്റെ നെഞ്ചത്ത് ഒരു ജെസിബി കയറി നിൽക്കുന്ന ചിത്രം കൂടി പിന്നീട് അയച്ചു കിട്ടിയപ്പോൾ ഞാൻ ശരിക്കും തകർന്നു പോയി .  

ഒരു പാവാടക്കാരിയുടെ കൗതുകത്തോടെ ഇരുപത്തിയാറ് കൊല്ലങ്ങൾക്ക് മുൻപ് ആ വീടിന്റെ മുറികൾ കയറിയിറങ്ങുമ്പോൾ ഇത്രയും കാലം സ്നേഹപാശത്താൻ ഈ വീട് എന്നെ തന്നിലേക്ക് കെട്ടിയിടുമെന്ന
ഞാൻ ഒരിക്കലും വിചാരിച്ചിരുന്നതുമല്ല. മിനിയിൽ നിന്ന് മിനിച്ചേച്ചിയിലേക്കും മിനിയമ്മയിലേക്കും എന്നെ വളർത്തി വലുതാക്കിയത് ഈ വീടാണ്.

അന്ന് ആദ്യമായി വീട്ടിലെ മുറികളിലൂടെ കയറിയിറങ്ങി കിച്ചൺ ഒന്ന് എത്തി നോക്കി ഹാളിലെ സോഫയിലിരുന്നപ്പോഴാണ് സൈഡ് ടേബിലെ ഫോൺ ശ്രദ്ധിച്ചത്. ഒരു മദാമ്മപ്പെണ്ണിനെപ്പോലെ വെളുത്തു പതുങ്ങിയിരിക്കുന്ന അത്തരം ഫോൺ ഞാനാദ്യമായി കാണുകയായിരുന്നു. കറുത്ത വണ്ടിന്റെ തോടിന്റെ തിളക്കമുള്ള കറക്കി വിളിക്കുന്ന ഒരു ഫോൺ കണ്ണൂരിലെ മഹാത്മാ കോളേജിലുണ്ടായിരുന്നു. അതിൽ നിന്നുയരുന്ന മണിയടി ശബ്ദങ്ങൾ മിക്കപ്പോഴും  ലീവ് പറയാൻ വിളിക്കുന്നതാവും. ആരെങ്കിലും ലീവ് ആയാൽ ഗ്യാപ്പ് ഫില്ലിങ്ങ് മലയാളം ടീച്ചർമാരുടെ തലയിലാവുന്നത് കൊണ്ട് ആ ഫോണിനോട് മാനസിക അടുപ്പം ഉണ്ടായതേയില്ല. പക്ഷേ വീട്ടിൽ സ്വന്തമായി ഒരു ഫോൺ വേണമെന്നത് അക്കാലത്തെ വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. ടെലഫോൺ എന്നത് അത്യാവശ്യമല്ലാതിരുന്ന ആ കാലത്ത് വീട്ടിലൊരു ഫോൺ എന്നത് ഡാഡിയുടെ കണക്കിൽ അനാവശ്യച്ചിലവും ആഡംബരമായിരുന്നു. വിവരങ്ങളറിയാൻ കത്തെഴുതൽ ധാരാളം എന്ന പക്ഷക്കാരനായിരുന്നു ഡാഡി. ഒരു സ്വപ്നം സ്വന്തമായ സന്തോഷത്തിൽ ഞാൻ ആ സുന്ദരി ഫോണിനെ നോക്കിയിരുന്നു.

മൃദുവായി നമ്പറുകളിൽ അമർത്തി വിശ്വേട്ടൻ ആരെയോ വിളിച്ചു. ഇവിടെ വെള്ളിയാഴ്ചയിലൊഴികെ  ഇന്റർനാഷണൽ കോളുകൾക്ക് പൊള്ളുന്ന പൈസയാണെങ്കിലും ലോക്കൽ കാൾ ഫ്രീയാണെന്നും പറഞ്ഞു വീണ്ടും  മിനി വന്നിട്ടുണ്ട് , വൈഫ് വന്നിട്ടുണ്ട് എന്നിങ്ങനെ ഞാൻ ദുബായിലെത്തിയ വിവരം ആരോടെല്ലാമോ പറഞ്ഞു തുടങ്ങി. പിന്നീട് 3379052 എന്നതാണ് ഇവിടത്ത നമ്പർ എന്ന് ഒരു നോട്ട് പാഡിൽ എഴുതിവെച്ചു.  23379052 എന്ന് മാറിയെങ്കിലും 245 പോലെ എനിക്ക് പ്രിയപ്പെട്ടതായിരുന്നു ആ ഫോൺ നമ്പറും. ഏത് അബോധത്തിലും മറക്കാനാവാത്ത രണ്ട് നമ്പറുകൾ. സൗഹൃദത്തിന്റെയും സാമൂഹ്യജീവിതത്തിന്റെയും വലക്കെട്ടുകളിലേക്ക് എന്നെയും കൂട്ടിച്ചേർക്കാൻ കാരണമായ ആ ഫോണിനെ ഞാനെങ്ങനെ മറക്കാനാണ് !

ഈ വീട്ടിലെ അയൽക്കാർ ആരൊക്കെയാണെന്നായിരുന്നു എനിക്ക് അടുത്തതായി അറിയേണ്ടത്. മുൻപിലെ രണ്ടു വീടുകളിൽ മലയാളികളാണെന്നും തൊട്ടടുത്ത് ഒരു സിന്ധിഫാമിലിയാണെന്നും മുകളിൽ ആരൊക്കെയാണെന്ന് അറിയില്ലെന്നും പറഞ്ഞ് മൂപ്പർ ഞാൻ നാട്ടിൽ നിന്നും കൊണ്ടുവന്ന പലഹാരക്കെട്ടുകൾ അഴിക്കാൻ തുടങ്ങി. കൂട്ടത്തിൽ ദുബായിലെ ഫ്ലാറ്റ് ജീവിതത്തിന്റെ പെരുമാറ്റച്ചട്ടങ്ങൾ പഠിപ്പിക്കുന്നതിനിടെ ഞാൻ വീണ്ടും പുറത്തേക്ക് എത്തിനോക്കി. പുറത്തെ തെരുവിലൂടെ ജോലി കഴിഞ്ഞ് തളർന്നു വരുന്ന ദുബായ്ക്കാരെ ഞാൻ കൗതുകത്തോടെ ശ്രദ്ധിച്ചു. നാട്ടിൽ നിന്ന് കാണാറുള്ള അത്തറ് മണമുള്ള തിളങ്ങുന്ന മുഖമുള്ള ഒരു ദുബായ്ക്കാരൻ പോലും ആ കൂട്ടത്തിലില്ലെന്ന് ഞാൻ പെട്ടെന്ന് തിരിച്ചറിഞ്ഞു. വരണ്ട ചുണ്ടുകളും ജീവനില്ലാത്ത കണ്ണുകളുമായി ഒരു കൂട്ടം പെണ്ണുങ്ങൾ എന്നെ തുറിച്ച് നോക്കിക്കൊണ്ട് കടന്നുപോയി.
അവരുടെ മുട്ട് കവിയാത്ത ഉടുപ്പിലേക്ക് ഞാനും സൂക്ഷിച്ച് നോക്കിയിട്ടുണ്ടാവും. ഞങ്ങളുടെ ബിൽഡിങ്ങിലും വാതിലുകൾ അടയുകയും തുറക്കുകയും ചെയ്യുന്ന ശബ്ദങ്ങൾ കേട്ടു തുടങ്ങി. സൈക്കിളും ക്രിക്കറ്റ് ബാറ്റും സ്കേറ്റിങ്ങ് ഷൂസുകളുമായി പുറത്ത് കളിക്കാനിറങ്ങിയ കുഞ്ഞുങ്ങളുടെ ബഹളത്താൽ തെരുവ് നിറഞ്ഞു. 

എന്റെ പുതിയ കാഴ്ചകളും ജീവിതവും അവിടെ തുടങ്ങുകയായിരുന്നു.....

(തുടരും )

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക