Image

മഴവിൽ വിരിയും പൊന്നോണം (ജയശ്രീ രാജേഷ്)

Published on 03 September, 2022
മഴവിൽ വിരിയും പൊന്നോണം (ജയശ്രീ രാജേഷ്)

പൂക്കളും പൂവിളിയുമായി  മനസ്സിന്റെ നടുമുറ്റത്തൊരു ബാല്യം പൂത്തുമ്പിയായ് പാറി പറക്കുന്നു . ഓണം മനസ്സിൽ നിറഞ്ഞുനിൽക്കാൻ ആഘോഷങ്ങൾ വേണമെന്നൊന്നുമില്ല . ഒരു മഷിത്തണ്ടിനും മായ്ക്കാൻ കഴിയാത്ത ഒരു പാട് നല്ല ഓർമ്മകൾ കൂടെയുണ്ടായാൽ മതി . 

ജാതിയും മതങ്ങളും പിടി മുറുക്കും മുന്നേ ദേശത്തിന്റെ തന്നെ മുഴുവൻ ഐശ്വര്യമായി നിറഞ്ഞ സന്തോഷത്തിന്റെ മലയാളിയുടെ ഹൃദയമിടിപ്പായിത്തീർന്നിരുന്ന ആ ഓണ നാളുകൾ . സാധാരണ ജീവിതങ്ങളെ അസാധാരണമാക്കി നിറമേകുന്നതിൽ ആഘോഷങ്ങൾക്കുള്ള പങ്ക് ചെറുതൊന്നുമല്ല .  കാലത്തിന്റെ മാറ്റങ്ങൾക്ക് വിധേയമാണെങ്കിൽ കൂടിയും ആഘോഷങ്ങൾ ഇന്നും നമ്മെയെല്ലാം ഇഴ ചേർത്തു നിർത്തുന്നു .  

ചിങ്ങം പിറന്നാൽ പൂക്കൂടയുമായ് എത്തുന്ന തെയ്യോരന്റെ വഴികളിലേക്ക് നോക്കിയിരിക്കുന്ന ഓരോ  കുഞ്ഞു കണ്ണുകളിലും പൂക്കളങ്ങൾ നൃത്തം വെക്കുന്നത് കാണാം .  ഓരോ ദിവസത്തെയും പൂക്കളങ്ങളുടെ ഡിസൈൻ തീരുമാനിക്കലും അങ്ങേ തൊടിയിലേം ഇങ്ങേതൊടിയിലേം വേലിക്കലേം കുന്നത്തെയുമെല്ലാ പൂക്കളും സംഘടിപ്പിക്കൽ ബാലാവകാശങ്ങളായിരുന്നു .  ഓണത്തുമ്പി പാറുന്ന മനസ്സിന്റെ നടുമുറ്റത്ത് തിമിർത്താടുന്നൊരൂഞ്ഞാൽ അങ്ങു ഉയരെ ബാല്യത്തിന്റെ ചെറു ചില്ലകളിൽ തൊട്ടുണരുന്നു   . 

നാട്ടുവഴിയിലെ  'ഹോയ്‌ ഹോയ് '  വിളിയുടെ താളത്തിൽ വേലായുധന്റെയും ചക്കന്റെയും തോളിൽ തൂങ്ങി  യാത്ര തുടങ്ങുന്ന നേന്ത്രവാഴക്കുലകൾ  പൂത്തു നിൽക്കുന്ന പൂക്കളെ പോലെ തന്നെ നിറവിളകളുടെ  പ്രതീകവും . അത്തം പിറന്നെന്ന വിളിച്ചോതലുകൾ  പത്തായത്തിൽ പൊതിഞ്ഞ പുകമണമോടെ ഒളിഞ്ഞിരിക്കുന്ന കുലകളിൽ അമ്മയറിയാതെയുള്ള ഒളിഞ്ഞു നോട്ടങ്ങൾ . 

അമ്മ മണമുള്ള അടുക്കളപുണ്യത്തിൽ തൂശനിലയിൽ നിരക്കുന്ന പൂക്കളങ്ങളെ വെല്ലാനെന്നോണം  അവിയലും എരിശ്ശേരിയും കാളനും  ഓലനും സാമ്പാറും വറവുകളും  റെഡിമെയ്ഡ് യുഗത്തിലേക്കുള്ള കാലത്തിന്റെ അതിവേഗ പ്രയാണത്തിലെ അടയാളപ്പെടുത്തലുകളായി ഇന്നും മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നു . 

ജാതിയോ മതമോ വേലികൾ തീർക്കാത്ത കുന്നിൽ പുറത്തെ തുമ്പിതുള്ളൽ , കൈകൊട്ടിക്കളിയുടെ  മറക്കാനാകാതെ ഇന്നും ഹൃദയത്തിൽ അലയടിക്കുന്നൊരാ താളങ്ങൾ  മായാൻ മടിക്കുന്ന ഭൂതകാലത്തിന്റെ നിറപുത്തരി കാഴ്ചകൾ . 

ഓണം പൂവിളിയാണ്.......
ഓണം പൂപ്പാട്ടുകളാണ്......
ഓണം പുതു വസ്ത്രമാണ് ......
ഓണം ഓർമ്മകളുടെ നിലാപെയ്ത്താണ് ...

തിരക്കേറിയ നഗര ജീവിതത്തിലും ആ പൊന്നോർമ്മകളിൽ മനസ്സു നിറഞ്ഞു ഉല്ലസിക്കാനായ് ഇന്നിന്റെ പ്രവാസി മലയാളികൾ ഓണം നെഞ്ചേറ്റുന്നു .

അത്തം പത്തോണമായ പഴയ നാട്ടുവഴികളിലെ തുമ്പയോടും മുക്കുറ്റിയോടും തെച്ചിയോടും കണ്ണാന്തളിയോടും കുശലം പറഞ്ഞ് പ്രവാസി മലയാളികൾ ഞങ്ങൾ നഗരത്തിന്റെ നാലകത്ത് മാസങ്ങളോളം ഓണപൂവിടുന്നു ,  ഓണക്കളികൾ കളിക്കുന്നു ,  ആർപ്പുവിളിച്ചു ഓണസദ്യയുടെ തൂശനിലകളിൽ മനസ്സ് നിറക്കുന്നു . 
തനിമയുടെ മാറ്റ് കൂട്ടാൻ സെറ്റ് മുണ്ടുകളും സാരികളുടെയും കണ്ണഞ്ചിക്കുന്ന വേഷപകർച്ചകളിൽ ഓണം തിളങ്ങി നിൽക്കുന്നു . 

എന്റെ ആഘോഷം നമ്മുടെ  ആഘോഷമാകുന്നിടത്ത് ആഘോഷങ്ങൾ ഉത്സവങ്ങളായി തീരുന്ന മായാ നഗരത്തിന്റെ ഒരിക്കലും മായാത്ത പൊലിമയിൽ മിഴിഞ്ഞ വട്ടക്കണ്ണിൽ ഒരു പൊന്നോണ പൂക്കളം വിരിയിച്ച് ഒരു പാവാടക്കാരി പൂക്കൂട വീശി നിൽപ്പുണ്ട് മനസ്സിന്റെ നാട്ടുവഴികളിൽ.........

#onam festival

   

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക