Image

വിനയപൂർവം വരത്തൻ  (മനക്കലൻ)

Published on 04 September, 2022
വിനയപൂർവം വരത്തൻ  (മനക്കലൻ)

ചാലിയാർ പുഴയുടെ പടിഞ്ഞാറെ കരയിലാണ് ഞങ്ങളുടെ ഗ്രാമമായ പെരുമ്പറമ്പ്.. ഒരുപാട് മഹാന്മാർ ജീവിച്ച് മരിച്ച് പോയ നാട്. ഒളിവിലും തെളിവിലും ചില സമര യോദ്ധാക്കൾ പടയൊരുക്കം നടത്തിയ നാട്. കഥ നടക്കുന്നത് അവിടെയാണ്.

പ്രേംജിത്ത് കുട്ടാ ഇങ്ങിനെ ഇരുന്നാ മതിയോ? ചെറുപ്പന്നെ ഞാൻ മകനെപ്പോലെ സ്നേഹിക്കുന്ന പ്രേംജിത്ത്. എൻ്റെ അയൽവാസി. എൻ്റെ മകളുടെ സഹപാഠി.
ഇന്നവൻ ഒരു ഒത്ത യുവാവാണ്.. മോഹങ്ങളും ഭംഗങ്ങളും ഏതൊരു യുവാവിനെയും പോലെ അവനെയും പിടികൂടിയിരിക്കണം!!

ഞാനവനെ ഇത്തിരി നേരമായി പിന്തുടരുന്നുണ്ട്... അവൻ കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി വളരെ അലസമായി പുഴയോരം ലക്ഷ്യംവെച്ച് നടക്കുകയാണ്. നടന്ന് നടന്നവൻ പുഴവക്കിലെ തിണ്ണയിൽ ഇരുന്നു. പുഴ വക്കത്തെ വെള്ളാരം കല്ലുകൾ ഓരോന്നായി അവൻ പുഴയിലേക്ക് എറിഞ്ഞു കൊണ്ടിരുന്നു. വളരെ അലസവും അലക്ഷ്യവുമായ ഒരു പ്രകടനം.. അടുത്തെത്തിയപ്പോൾ എനിക്ക് തോന്നിയത് ആലസ്യമല്ല; ലക്ഷ്യം 
തെറ്റിപ്പോയ തൻ്റെ അകതാരിൽ ആഞ്ഞ് തറക്കുന്ന വെള്ളാരം കല്ലുകൾ ഓരോന്നായി പിഴുതെടുത്ത് പ്രതിഷേധിക്കുകയാണവൻ.

പ്രേംജിത്ത്!? ഞാൻ നിന്നെ എത്ര നേരമായി വിളിക്കുന്നു... അഹ... ആരിത്... മനക്കലെ കാക്കയോ? നിങ്ങൾ എങ്ങനെ ഇവിടെയെത്തി? എടാ ഞാൻ നിന്നെ തിരക്കി വന്നതാ... രണ്ടു നാൾ മുമ്പ് നിൻ്റെ അമ്മയെ കണ്ടിരുന്നു. അമ്മക്ക് നിന്നെക്കുറിച്ച് വലിയ പരാതിയുണ്ട്. നീ വിവാഹം ചെയ്തു കാണാനുള്ള അമ്മയുടെ ആഗ്രഹത്തിന് നീ എന്താ പുറം തിരിഞ്ഞു നിൽകുന്നെത് കുട്ടാ?
നീ അമ്മയോട് "കാലം ഇനിയും ഒരുപാട് ഇല്ലെ അമ്മെ" എന്ന് പറഞ്ഞത് അവർക്ക് വലിയ വേദനയാണ് സമ്മാനിച്ചത്. എൻ്റെ മരണ ശേഷമാണോ അവൻ പിന്നെ കെട്ടാൻ പോണത്? നിങ്ങൾ അവൻ്റെ അച്ഛൻ്റെയും, അവന്റെയും സുഹൃത്തല്ലെ. ഒന്ന് പറഞ്ഞു മനസ്സിലാക്കിക്കൊടുത്ത് കൂടെ..

 പ്രേംജീ കാലത്തെ നമുക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. ഒരു വിനാഴികയിൽ തുടങ്ങുന്ന കാലം വ്യാഴ വട്ടങ്ങളിലൂടെ യുഗാന്തരങ്ങളെ പ്രണയിച്ചു മന്വന്തരങ്ങളെ പുൽകുന്നൂ. അതെ, പതിനാല് മന്ന്വന്തരങ്ങൾ ചേർന്നതാണ് ഒരു കൽപം. അഥവാ കൽപാന്ത കാലം എന്ന് പറഞ്ഞാൽ... അസംഭവ്യം ആയ ഒരു കാല ഗണനയാണ് കുട്ടാ. നിനക്ക് അറിയുമോ 429.5 കോടി വർഷം... അതൊക്കെ സാഹിത്യകാരന്മാർ തങ്ങളുടെ കാല്പനിക സങ്കല്പങ്ങൾക് സമൂർത്ത രൂപം നൽകാൻ നടത്തുന്ന വൃഥാ ശ്രമങ്ങൾ മാത്രം. അത്ര നാൾ കാത്തിരിക്കാൻ ആണോ നിൻ്റെ ഭാവം? നിൻ്റെ അമ്മയുടെ ആശങ്ക അതുകൊണ്ട് തന്നെ ശരിയല്ലേ. നീ വേഗം നോക്ക്. ഇതിന് മുമ്പും ഇക്കാര്യം ഞാൻ നിന്നെ ഉണർത്തിയതാണ്.
അതെ ഇക്കാ നോക്കാം. ഞാൻ എൻ്റെ മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്. വിനാഴികകൾ കൊണ്ട് ആവില്ലെങ്കിലും താമസം വിനാ നടത്താൻ ഉദ്ദേശം ഉണ്ട്. ഞാൻ തന്നെ അത് അമ്മയോട് പറയാം.  

ഇന്നിപ്പോൾ എനിക്ക് ഇക്കയോട് പറയാൻ വിഷമമുണ്ട്. ഹൃദയവും ഹൃദയവും തമ്മിലുള്ള എക്സ്ചേഞ്ച് ആണ് വിവാഹമെങ്കിൽ അത് എന്നോ നടന്ന് കഴിഞ്ഞിരുന്നു. കല്യാണ രൂപനാം കണ്ണൻ തൻ കരളിനെ കവർന്നെടുത്ത രാധികയെപ്പോലെ അവള് എൻ്റെ ഹൃദയത്തിൽ കയറിയ അവിസ്മരണീയ നിമിഷങ്ങൾ.... മറക്കാനാവുമോ?

ഇക്ക പറയൂ.. ഞാനെങ്ങനെ മറക്കും! കണ്ണടച്ചാലും എൻ്റെ കൺമുന്നിൽ ഒഴുകുന്ന കല്ലോലിനിയായിരുന്നു അവൾ.
സ്നേഹം എന്ന പദത്തിൻ്റെ അകാരാദി ഞാൻ പഠിച്ചത് അവളിൽ നിന്നായിരുന്നു... അതെ കടലിലെ ഓളങ്ങളും കരളിലെ മോഹങ്ങളും മരിക്കുമോ എൻ്റെ പൊന്ന് ഇക്കാ. കർപ്പൂരം എരിയുന്ന എൻ്റെ കതിർമണ്ഡപത്തിൽ കാർത്തിക വിളക്ക് ആയി തെളിയാൻ നിന്ന അവളെന്തെ പിന്നെ..... ആത്മാവിലെ അഗ്നിസ്ഫുലിംഗം അണച്ചു കളഞ്ഞു!?

പ്രേംജി നിൻ്റെ വേദനകൾ ഞാൻ വേണ്ടപോലെ ഉൾകൊള്ളുന്നു... കാലം ഉണക്കാത്ത മുറിവുകളോ കാറ്റിൽ ഉണങ്ങാത്ത നനവുകളോ ഉണ്ടോ!? നീ നിൻ്റെ ജീവിതത്തെ ഹോമിച്ചു കളയരുത്.
മനുഷ്യ ജീവിതത്തിൻ്റെ പരമമായ ലക്ഷ്യം മറന്നിട്ട് വേണ്ട കുട്ടാ കളി. 

ഞാൻ ഹൃദയ ശുന്യൻ ആണെന്ന്.... ഒരു കിംവദന്തി അവളുടെ ചെവിയിൽ എങ്ങനെയോ എത്തിയതാണ് കാര്യം. ഏഴാം വയസ്സിൽ കണ്ടെത്തിയ ഒരു ഹൃദയ വാൽവിൻ്റെ ചികിത്സ പുട്ടപർത്തിയിലെ സായ്ബാബാ ഹോസ്പിറ്റലിൽ നടന്നിരുന്നു. 

ഏതായാലും എൻ്റെ ഹൃദയത്തിന് അഗാധമായ മുറിവേല്പിച്ചു കൊണ്ടാണ് കാര്യങ്ങൾ നീങ്ങി കൊണ്ടിരുന്നത്. ഇന്നിപ്പോൾ ഞാൻ എൻ്റെ പ്രിയപ്പെട്ട അമ്മയ്‌ക്ക് വേണ്ടി ജീവിക്കട്ടെ. ഏതൊരു അമ്മയ്‌ക്കും തോന്നുന്ന ശക്തമായ വികാരമാണ് എൻ്റെ അമ്മക്കും എന്നോട് തോന്നുന്നത്. ആ സ്നേഹ വായ്പിന് മുമ്പിൽ കൂപു കൈ.... ഇങ്ങനെയായിരുന്നു പ്രേംജി അവസാനിപ്പിച്ചത്.

അതെ, അവൻ എൻ്റെ പ്രേംജിത്. പുതിയ ജീവിതം തുടങ്ങുന്നു. മനക്കലെ വരത്തൻ കാക്കെ, നന്ദിയുണ്ട് കേട്ടോ, എൻ്റെ അമ്മയ്‌ക്ക് വേണ്ടി, എനിക്ക് വേണ്ടി, പിന്നെ പിന്നെ എൻ്റെ അവൾക്ക് വേണ്ടിയും. 

ഓകെ ഡാ....

വിനയ പൂർവ്വം നിൻ്റെ വരത്തൻ നിനക്ക് വേണ്ടി, നിൻ്റെ അമ്മയ്‌ക്ക് വേണ്ടി, നിൻ്റെ ഡാഷിന് വേണ്ടി...
ഈ കഥ ഇവിടെ അവസാനിപ്പിച്ചോട്ടെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക