Image

നാല്  ദേശീയഗാനങ്ങൾ പാടി ഉദ്‌ഘാടന സമ്മേളനം; ഫോമക്ക് നന്ദി അർപ്പിച്ചു മന്ത്രി റോഷി അഗസ്റ്റിൻ

Published on 04 September, 2022
നാല്  ദേശീയഗാനങ്ങൾ പാടി ഉദ്‌ഘാടന സമ്മേളനം; ഫോമക്ക് നന്ദി അർപ്പിച്ചു മന്ത്രി റോഷി അഗസ്റ്റിൻ

കാൻ കുൻ, മെക്സിക്കോ: മലയാളി സംഘടനാ ചരിത്രത്തിലാദ്യമായി നാലു ദേശീയ ഗാനങ്ങൾ ആലപിച്ചു കൊണ്ട് ഫോമാ കൺവൻഷന്റെ രണ്ടാം  ദിനത്തിൽ ഔപചാരികമായ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ഇന്ത്യ, അമേരിക്ക,  കാനഡ, എന്നീ രാജ്യങ്ങളുടെ ദേശീയഗാനത്തിനു പുറമെ ഇത്തവണ മെക്സിക്കോയുടെ ദേശീയഗാനവും ആദരപൂർവം ആലപിക്കപ്പെട്ടു.

പ്രമുഖ കേരള കോൺഗ്രസ് (എം) നേതാവും ഇടുക്കി  മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനും പതിനഞ്ചാം കേരളനിയമസഭയിലെ ജല വിഭവ  വകുപ്പ് മന്ത്രിയുമായ  റോഷി അഗസ്റ്റിൻ  വൻകരകൾ താണ്ടിയുള്ള മലയാളിയുടെയും മലയാളത്തിന്റെയും വളർച്ചയിൽ അഭിമാനം കൊണ്ടു. പൊതുസമ്മേളനത്തിൽ ഡി.ജി.പി. ടോമിൻ തച്ചങ്കരി, മുൻ കേന്ദ്രമന്ത്രിയും നടനുമായ നെപ്പോളിയൻ, നടൻ സുരാജ് വെഞ്ഞാറംമൂട്, സംവിധായകൻ കെ. മധു, ദലീമ ജോജോ എം.എൽ.എ. തുടങ്ങിയവർ പങ്കെടുത്തു.

'മലയാളികളെ സംബന്ധിച്ച് അഭിമാനകരമായ ഒരു ദിവസമാണിത്. ഫോമായുടെ ഏഴാമത് ഫാമിലി ഗ്ലോബൽ കൺവൻഷൻ മെക്സിക്കോയിലെ കാൻകൂനിലെ മൂൺ പാലസ് റിസോർട്ടിൽ നടക്കുകയാണ്. ഞാനിന്ന് വളരെയേറെ സന്തോഷത്തോടെ അതിലേറെ അഭിമാനത്തോടെയാണ് ഇവിടെ നിൽക്കുന്നത്.

ഒരു മലയാളിയുടെ  ഹൃദയത്തിൽ ഏറ്റവുമധികം സന്തോഷം ജനിക്കുന്നത് ദേശസ്നേഹവും രാജ്യസ്നേഹവും പ്രകടിപ്പിക്കാൻ അവസരം ലഭിക്കുമ്പോഴാണ്. വിദേശത്തായിരിക്കുന്ന നിങ്ങൾ ഓരോരുത്തർക്കും ഒരുമിച്ചുകൂടുവാനുള്ള ഒരു സന്ദർഭം, അത് ഫോമായുടെ ലഭിച്ചിരിക്കുന്നു. എന്ന് മാത്രമല്ല, ഒരുപക്ഷേ അമേരിക്കയിലെ ഒരു സംഘടന മറ്റൊരു രാജ്യത്ത് കൺവൻഷൻ നടത്തി  അത് വിജയതിലകം അണിയുന്ന സന്ദർഭം കൂടിയായി കണക്കാക്കപ്പെടുമ്പോൾ, ഇത് ആദ്യ അനുഭവമാണെന്ന് എടുത്ത് പറയണം.  ഫോമായുടെ പ്രസിഡന്റ് അനിയൻ ജോർജിനെയും ടീമംഗങ്ങളെയും അഭിമാനപുരസ്സരം അഭിനന്ദിക്കുവാൻ ഞാൻ ഈ അവസരം വിനിയോഗിക്കുകയാണ്.

നമ്മുടെ സമൂഹത്തിലുണ്ടാകുന്ന ഓരോ മാറ്റങ്ങളിലും ഫോമായുടെ പങ്കാളിത്തം   വലിയ അളവിലാണ്. ഒരു രാജ്യത്തുള്ളവർ മറ്റൊരു രാജ്യത്തേക്ക് സമ്മേളനത്തിനായി എത്തിച്ചേരുന്നു എന്ന് പറയുന്നത് ഫോമായുടെ പ്രവർത്തനമികവിനെയാണ് എടുത്ത് കാണിക്കുന്നത്.

ജനങ്ങളുമായുള്ള അവരുടെ ഇടപെടലുകളിലെ മികവ് സംതൃപ്തിയോടെ നോക്കിക്കാണാൻ സാധിച്ചു . ലോകമെമ്പാടുമുള്ള മലയാളികൾ ഓണാഘോഷത്തിന്റെ തിരക്കിലാണ്. മഹാബലിയെ വരവേൽക്കാൻ തയ്യാറെടുക്കുന്നു. ഏത് മുക്കിലും മൂലയിലും ഓണം എന്നത് മലയാളിക്കുള്ളിലെ വികാരമാണ്. സന്തോഷം പങ്കിടാൻ അവസരം ലഭിക്കുന്നത് ഫോമായുടെ കൺവൻഷനുമായി ബന്ധപ്പെട്ട് ഇവിടെ ആയിരിക്കുന്ന സന്ദർഭത്തിൽ ആണല്ലോ എന്നോർക്കുമ്പോൾ സന്തോഷം ഇരട്ടിക്കുന്നു.

മാത്രമല്ല, 14 വർഷക്കാലത്തെ ഫോമായുടെ പ്രവർത്തനങ്ങളിലേക്ക് വിരൽ ചൂണ്ടുമ്പോൾ നാടിന് പ്രയോജനപ്രദമായ നിരവധി ഉപകാരങ്ങൾ ചെയ്തതായി കാണാം. നമ്മുടെ നാടിന്റെ വളർച്ചയിൽ ഫോമായും പങ്കാളിയാണ്. 2008 മുതലുള്ള കാലഘട്ടത്തിൽ ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ അതിന്റെ ഭാഗമാകാൻ എനിക്കും സാധിച്ചിട്ടുണ്ട്.  2018 ലെയും 19 ലെയും പ്രളയ കാലഘട്ടത്തിൽ ഞാൻ പ്രതിനിധീകരിക്കുന്ന ഇടുക്കി നിയോജകമണ്ഡലം തകർന്നടിഞ്ഞു, ഗതാഗതം നിലച്ചു, രക്ഷാപ്രവർത്തനം നിർത്തി, ഏവരും തളർന്ന് അവശരായി, രക്ഷപ്പെടാൻ മാർഗ്ഗമില്ലാതിരുന്ന ആ നാളുകൾ ഓർക്കുകയാണ്...

മാധ്യമസുഹൃത്തുക്കളെ കമ്പം തേനിവഴി അയച്ചു. എന്താണ് മാർഗ്ഗം? എന്റെ കൺമുൻപിൽ മരിച്ചുവീണത് 60 പേരാണ്. ആ മൃതശരീരങ്ങൾ തലചുമടായി മെഡിക്കൽ കോളജിലേക്ക് മാറ്റുന്ന രംഗം മനസ്സിൽ നിന്ന് പോകുന്നില്ല. അന്ന് ഫോമായുമായി ബന്ധപ്പെടാൻ സാധിച്ചതും സംഘടന നൽകിയ കൈത്താങ്ങും വളരെ വലുതാണ്.  ആ സഹായങ്ങളെല്ലാം നെഞ്ചോട് ചേർത്തുവച്ച് ഞാൻ നന്ദി പറയുന്നു.

പ്രവാസിസമൂഹത്തിന് നാടിനോടുള്ള കരുതലാണ് ഇതിലൂടെ വെളിപ്പെടുന്നത്. അനിയൻ ജോർജ്, ലാലി കളപ്പുരയ്ക്കൽ എന്നിങ്ങനെ നിരവധി സുഹൃത്തുക്കൾ നേരിട്ടെത്തി നീട്ടിയ സഹായഹസ്തം മറക്കാനാവില്ല. തിരുവനന്തപുരം ആർസിസി യിലെ പീഡിയാട്രിക് വിഭാഗത്തിനായി ഒന്നര കോടിയോളം മുടക്കി ഫോമാ നടത്തിയ സേവനങ്ങൾ എടുത്തുപറയേണ്ടതാണ്. എന്റെ ഭാര്യ ആർസിസി യിലെ നഴ്‌സാണ്.  

കോവിഡിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ താലൂക്ക് ആശുപത്രികളിലേക്ക് വെന്റിലേറ്റർ വിതരണം ചെയ്തുകൊണ്ടും ഫോമാ നിരവധി ആളുകളെ മരണത്തിൽ നിന്ന് രക്ഷിച്ചു. ഓൺലൈൻ വിദ്യാഭ്യാസത്തിന് ലാപ്ടോപ്പും ടാബ്ലെറ്റുകളും ഇല്ലാതെ നിർധനരായ കുട്ടികൾ വിഷമത്തിലാണെന്ന് അറിയിച്ചപ്പോഴും, ഫോമാ ഭാരവാഹികൾ പഠനോപകരണങ്ങൾ അതിവേഗം എത്തിച്ച് പ്രശ്നം പരിഹരിച്ചു. പാവപ്പെട്ട ഭവനരഹിതർക്ക് നാല്പതോളം വീടുകളും നിർമ്മിച്ചുനൽകി.

അടിയന്തര ധനസഹായത്തിന് അപേക്ഷിച്ചാൽ ഉടനടി അർഹരായവരുടെ കരങ്ങളിലേക്ക് രണ്ടുലക്ഷം രൂപ വരെ എത്തിക്കുന്ന ഫോമായുടെ പദ്ധതിയും സ്തുത്യർഹമാണ്. നാടിനോടുള്ള സ്നേഹത്തിന്റെയും കൂറിന്റെയും ഉദാത്തമായ ഉദാഹരണമാണ് ഫോമാ.

സർക്കാർ നിരവധി വികസനങ്ങൾ  കൊണ്ടുവന്നു. രാജ്യത്തിന് തന്നെ മാതൃകയാകുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്. ഏത് പഞ്ചായത്തിലും ഒരു ആശുപത്രി വീതമുണ്ട്. കോവിഡ്  മഹാമാരിയെപ്പോലും കൃത്യമായ വാക്സിനേഷനിലൂടെ നാം പ്രതിരോധിച്ചു. സർക്കാർ സ്‌കൂളുകളും നന്നേ മെച്ചപ്പെട്ടു. ഓല മേഞ്ഞതും ഷീറ്റുമേഞ്ഞതുമായ സ്‌കൂൾ കെട്ടിടങ്ങൾ ഇന്ന് കേരളത്തിലില്ല. അടിസ്ഥാന സാഹചര്യങ്ങൾ മെച്ചപ്പെട്ടതോടുകൂടി ഗവണ്മെന്റ് സ്‌കൂളുകളോടുള്ള രക്ഷിതാക്കളുടെ വിമുഖത മാറി. ഹയർ എജ്യൂക്കേഷനിലാണ് ഇനി നമുക്ക് മെച്ചപ്പെടേണ്ടിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള അക്ഷീണമായ പരിശ്രമത്തിലാണ് കേരളം.

ഏത് ഭൂഖണ്ഡത്തിൽ കഴിയുന്ന പ്രവാസി മലയാളിയെയും മേഖല തിരിച്ചുകൊണ്ട് നാട്ടിലെ വിഷയങ്ങൾ ചർച്ചചെയ്യാൻ ലോക കേരള സഭ ശക്തമാക്കിയത് കേരളത്തിന്റെ വികസനം മുന്നിൽക്കണ്ടാണ്. പ്രവാസികൾ നാട്ടിൽ ഇൻവെസ്റ്റ് ചെയ്‌താൽ നഷ്ടം വരില്ലെന്ന് സർക്കാരിൽ നിന്നുള്ള ഉറപ്പ് ലഭിച്ചതും നാട്ടിൽ മാറ്റങ്ങൾ സാധ്യമാക്കി.

അമേരിക്കയിലെ കേരളത്തിന്റെ എംബസ്സിയാണ് ഫോമായെന്ന് ഈ അവസരത്തിൽ പറയട്ടെ.ഏത് നാട്ടിലുള്ള മലയാളികൾക്കും ഏത് സമയത്തും ഈ സംഘടനയുമായി ബന്ധപ്പെടാം. see also

ഈ സ്നേഹം അടുത്ത തലമുറയിലും കാണുമോ? ഡി.ജി.പി. ടോമിൻ തച്ചങ്കരി ഐപിഎസ് 

നിങ്ങൾ മുണ്ടുടുക്കും, ഇഡ്ഡലിയും ദോശയും തിന്നും, ഞങ്ങളും അങ്ങനെ തന്നെ: നെപ്പോളിയൻ 

കാൻകുനിൽ വിസ്മയ വർണങ്ങളായി ഫോമാ ഘോഷയാത്ര; മെഗാ തിരുവാതിര മനം കവർന്നു

ഫോമ കണ്‍വന്‍ഷന്‍ (കൂടുതല്‍ ചിത്രങ്ങള്‍)

വനിതാ പ്രതിനിധി   സ്ഥാനത്തേക്ക്  മത്സരിച്ച  5 പേരും  വിജയിച്ചു

ജേക്കബ് തോമസ് പാനൽ എല്ലാ സീറ്റും നേടി

ഫോമാ ലോകം മുഴുവൻ വളരട്ടെ: ദലീമ ജോജോ; കൺ വൻഷനു ഉജ്വല തുടക്കം 

ജനഹൃദയം കവർന്ന്  ഫോമായുടെ ദേശാന്തര  ജൈത്രയാത്ര: പ്രസിഡന്റ് അനിയൻ ജോർജ് 

ഷാജി എഡ്വേർഡും  സിൽവിയയും മികച്ച ദമ്പതികൾ;  ഷൈനിയും അബൂബക്കറും റണ്ണർ അപ്പ് 

കാൻകുനിൽ ഉത്സവം തുടങ്ങി; മൂൺ പാലസ് മറ്റൊരു കേരളമായി 

 

നാല്  ദേശീയഗാനങ്ങൾ പാടി ഉദ്‌ഘാടന സമ്മേളനം; ഫോമക്ക് നന്ദി അർപ്പിച്ചു മന്ത്രി റോഷി അഗസ്റ്റിൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക