
ഓണം നാലാം നാൾ സംസ്ഥാനത്തിൻ്റെ സാംസ്കാരിക തലസ്ഥാനത്ത് അരങ്ങേറുന്ന പുലിക്കളി, തൃശ്ശൂർ പൂരത്തേക്കാളേറെ ആവേശത്തിൽ നെഞ്ചിലേറ്റുന്നവർ അനവധിയാണ്. എന്നാൽ, പുലിക്കളിയുടെ ചരിത്രം ചർച്ച ചെയ്യപ്പെടുമ്പോൾ പൂരനഗരിയിലുള്ളവർ എക്കാലത്തും പല ചേരികളിലായി തിരിയുന്നു.
നമ്മുടെ സാംസ്കാരികോത്സവമായ ഓണത്തിന് വന്യമായൊരു നൃത്തരൂപം ചേരുമെന്നെ രാജാ രാമവർമ്മ ശക്തൻ തമ്പുരാൻ്റെ ചിന്തയിൽ നിന്ന് രൂപംകൊണ്ടതാണ് പുലിക്കളിയെന്ന് ഒരു വിഭാഗം വാദിയ്ക്കുമ്പോൾ, ഇതിൻ്റെ വേരുകൾ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം തൃശ്ശൂരിൽ പ്രവർത്തിച്ചിരുന്ന പട്ടാള കേമ്പിലാണ് ആഴ്ന്നിറങ്ങിയിട്ടുള്ളതെന്ന് മറു പക്ഷം വിശ്വസിക്കുന്നു.
ഇതു രണ്ടുമല്ലെന്ന് നിർണ്ണയിക്കുന്നവരുമുണ്ട്. മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താൻ ഓരോ പ്രദേശവും ആക്രമിച്ചു കീഴടക്കുമ്പോൾ, സുൽത്താൻ്റെ കൊടിയടയാളമായ പുലി രൂപംപൂണ്ട് പട്ടാളക്കാർ നൃത്തമാടിയിരുന്നു. ഈ സൈനിക പ്രകടനത്തിൻ്റെ പരിഷ്കൃത രൂപമാണ് ഇന്നു കാണുന്ന പുലിക്കളിയെന്ന് ഈ വിഭാഗം സ്ഥാപിക്കാൻ ശ്രമിയ്ക്കുന്നു.
തൃശ്ശൂരിനെ സാംസ്കാരിക തലസ്ഥാനമാക്കി വികസിപ്പിച്ച്, അവിടെ ലോകപ്രശസ്തമായ പൂരം ആരംഭിച്ച ശക്തൻ തമ്പുരാൻ തന്നെയാണ് ഈ നഗരത്തിൽ പിറവികൊണ്ട പുലിക്കളിയുടെയും ഉപജ്ഞാതാവെന്നു വിശ്വസിക്കാനാണ് പൊതുവെ പലർക്കുമിഷ്ടം. പക്ഷെ, ഇഷ്ടാനിഷ്ടങ്ങൾക്കപ്പുറത്ത്, യാഥാർത്ഥ്യം ഒരു ചരിത്രപരമായ കീറാമുട്ടിയായി ഇന്നും നിലകൊള്ളുന്നു. വൈകാരികമായ മുൻഗണനകൾ പലപ്പോഴും പരമാർത്ഥങ്ങളുമായി ചേർന്നു പോകാറില്ലല്ലൊ!
"ശക്തൻ തമ്പുരാന് പുലിക്കളിയുമായി യാതൊരു ബന്ധവുമില്ല. 1805-ആം ആണ്ടിൽ അദ്ദേഹം തീപ്പെട്ടു (അന്തരിച്ചു). എന്നാൽ, സ്വരാജ് റൗണ്ടിൽ അരങ്ങേറുന്ന പുലിക്കളിയ്ക്ക് ഏറിയാൽ എഴുപതു വർഷത്തെ പഴക്കമേയുള്ളൂ," നായ്ക്കനാൽ പുലിക്കളി സമാജം പ്രസിഡൻ്റും, വടക്കുംനാഥൻ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറിയുമായ ടി. ആർ. ഹരിഹരൻ പറയുന്നു.
ഒട്ടേറെ അച്ചടി മാധ്യമങ്ങളും പുസ്തകങ്ങളും, തൃശ്ശൂർ തലസ്ഥാനമാക്കി കൊച്ചി നാട്ടുരാജ്യം ഭരിച്ച ശക്തൻ തമ്പുരാനുമായി പുലിക്കളി ബന്ധപ്പെടുത്തിയും, 200 വർഷത്തെ പ്രാചീനത അതിനുണ്ടെന്നും രേഖപ്പെടുത്തിയത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, തൃശ്ശൂരിൽ കേമ്പുചെയ്തിരുന്ന പട്ടാളക്കാരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന പുലികെട്ടിക്കളി ആഘോഷവുമായി, റൗണ്ടിൽ ഇന്നു കാണുന്ന പുലിക്കളിയെ തെറ്റിദ്ധരിച്ചതായിരിയ്ക്കാം ഇത്തരത്തിലുള്ള ധാരണകൾക്ക് കാരണമെന്ന് ഹരിഹരൻ വ്യക്തമാക്കി.
എൺപത്തിരണ്ട് വയസ്സുള്ള ഹയാത്ത് ഖാൻ തൃശ്ശൂർ നഗരത്തിലെ പോസ്റ്റാഫീസ് റോഡിലുള്ള ഹനസി സുന്നത്ത് ജമായത്ത് പള്ളിയിലെ മുത്തവല്ലിയാണ് (പ്രസിഡൻ്റ്). പഠാൺ സമൂഹത്തിൽപ്പെട്ട അദ്ദേഹത്തിൻ്റെ മുത്തച്ഛൻ യൂസഫ് ഖാൻ, ടിപ്പുവിൻ്റെ പട്ടാളത്തിലെ ഒരു ഭടനായിരുന്നു. സൈന്യത്തിനൊപ്പം തിരിച്ചു പോകാതെ, യൂസഫ് ഖാൻ ഈ പള്ളിയ്ക്കു സമീപം താമസമാക്കി.
"എൻ്റെ കുട്ടിക്കാലത്ത്, അബ്ബയും (പിതാവ്) ധാധുവും (മുത്തച്ഛൻ) ടിപ്പുവിൻ്റെ പഠാണികളായ സൈനികർ പുലികെട്ടിക്കളി അവതരിപ്പിയ്ക്കുന്നതിനെ കുറിച്ചു സംസാരിക്കുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്," ഹയാത്ത് ഖാൻ ഓർക്കുന്നു.
താൻ ഹൈസ്കൂളിൽ പഠിയ്ക്കുന്ന കാലത്താണ് പുലിക്കളി അവതരണം ആദ്യമായി സ്വരാജ് റൗണ്ടിൽ കണ്ടതെന്നും ഹയാത്ത് ഖാൻ പങ്കുവെക്കുന്നു. ഏറെ ചരിത്രങ്ങൾക്ക് സാക്ഷിയായ മുത്തവല്ലിയുടെ ഓർമ്മകൾ ശരിയാണെങ്കിൽ, സ്വരാജ് റൗണ്ടിൽ പുലികളിറങ്ങാൻ തുടങ്ങിയിട്ട് ഏകദേശം 65 വർഷമേ ആയിക്കാണൂ.
അറുപത്തഞ്ച് വർഷം മുന്നെ, തൻ്റെ പിതാവ് തോട്ടുങ്ങൽ രാമൻകുട്ടി ചിട്ടപ്പെടുത്തിയതാണ് പുലിമേളമെന്ന് പ്രശസ്ത പുലിക്കൊട്ട് ആശാനായ പൊന്നൻ പറയുന്നു. മറ്റൊരു മേളത്തിനോടും ഇതിന് സാമ്യമില്ല, തൃശ്ശൂരല്ലാതെ മറ്റൊരിടത്തും ഈ കൊട്ട് പ്രചാരത്തിലുമില്ല.
"അച്ഛൻ പുലിക്കൊട്ട് ചിട്ടപ്പെടുത്തുന്ന കാലത്ത് ഞാൻ ചെറുതായിരുന്നു. ഇന്ന് റൗണ്ടിൽ കാണുംവിധം പുലിക്കളിയും പുലിക്കൊട്ടും മുന്നെത്തന്നെ ഉണ്ടായിരുന്നെങ്കിൽ, പുതിയതായൊന്നും അന്ന് ചിട്ടപ്പെടുത്തേണ്ടിവരുമായിരുന്നില്ലല്ലൊ," എഴുപതുകാരൻ പൊന്നൻ വിസ്മയപ്പെട്ടു.
പ്രശസ്ത ഗ്രന്ഥകാരൻ പുത്തേഴത്ത് രാമൻ മേനോൻ രചിച്ച 'തൃശൂർ-ട്രിച്ചുർ' എന്ന ചരിത്ര പുസ്തകത്തിലും പുലിക്കളിയുടെ ഉത്ഭവം രേഖപ്പെടുത്തിയിട്ടുണ്ട്. നഗരത്തിൻ്റെ പടിഞ്ഞാറുള്ള പൂത്തോൾ പ്രദേശത്ത് വസിച്ചിരുന്ന ഒരു മെയ്യാഭ്യാസിയെക്കുറിച്ചുള്ളതാണ് അതിലെ പുലിക്കളി പരാമർശം. വെളുത്തേടത്ത് ശങ്കരൻ എന്ന ഈ ആജാനബാഹുവാണത്രെ മുഹറം ആഘോഷത്തിൻ്റെ ഭാഗമായി പുലികെട്ടി കളിച്ചിരുന്ന മുസ്ലീം പട്ടാളക്കാർക്ക് ചേലൊത്ത ശാരീരിക വ്യവഹാരങ്ങൾ അഭ്യസിപ്പിച്ചത്.
ഇക്കളിയെന്തുകൊണ്ട് തിരുവോണം കഴിഞ്ഞൊരു നാളിൽ അവതരിപ്പിച്ചുകൂടെന്ന് ശങ്കരനു തോന്നിയപ്പോൾ, അദ്ദേഹത്തിൻ്റെ ഭവനത്തിൽ സമ്മേളിച്ച പട്ടാളപ്പുലികളുമൊത്ത് സ്വരാജ് റൗണ്ടിലെത്തി അഭ്യാസങ്ങൾ കാണിച്ചിട്ടുണ്ടെന്ന് രാമൻ മേനോൻ രേഖപ്പെടുത്തുന്നു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോൾ, പട്ടാളക്കാർ തിരിച്ചുപോയി. അനന്തരം നിലച്ചുപോയ പുലിയാട്ടം പിന്നീടേതോ നാളിൽ പരിസരങ്ങളിലുള്ള ചെറുപ്പക്കാർ പുനരവതരിപ്പിയ്ക്കാൻ തുടങ്ങിയെന്നുമാണ് 'തൃശൂർ-ട്രിച്ചുറി'ൽ പ്രതിപാദിച്ചിട്ടുള്ളത്.
കൃത്യമായി പറയാൻ സാദ്ധ്യത തെളിയിക്കാതെ പുലിക്കളിയുടെ പിറവി ഒരു വിവാദ വിഷയമായി ഇന്നും തുടരുന്നു. എന്നാൽ, ആവിഷ്കാര കലകളുടെ ചരിത്രം ഒരു അക്കാഡമിക് വിഷയം മാത്രമാണെന്നു പറയുന്നവർ ധാരാളം. പഴയ കഥ എന്തായാലും ശരി, ഇന്ന് കാണുന്ന അവതരണങ്ങൾക്ക് പൊതു സ്വീകാര്യതയുണ്ടെങ്കിൽ, കൂലങ്കഷമായൊരു ചരിത്ര പരിശോധനയ്ക്ക് ജനപ്രിയതയില്ലെന്നും ഈ ചിന്താഗതിക്കാർ പറഞ്ഞെത്തുന്നു. അങ്ങനെ വിലയിരുത്തിയാൽ, കാലഗതിയിൽ തൃശ്ശൂർ പൂരത്തിൻ്റെ പ്രധാന ആകർഷണങ്ങളായിത്തീർന്ന ഇലഞ്ഞിത്തറമേളവും കുടമാറ്റവും പോലെ, ഓണാഘോഷത്തിൻ്റെ ഭാഗമായി മാറിയ ഒരു ജനകീയ ആവിഷ്കാരമാണ് പുലിക്കളി. അതിനാൽ, തൃശ്ശൂരിലെ സ്വരാജ് റൗണ്ടിൽ നാലാം ഓണത്തിൻ്റെയന്ന് ദർശിക്കാവുന്ന പ്രകടനങ്ങൾക്ക് പ്രസക്തിയേറെ.
ചീറ്റപ്പുലി, വരയൻപുലി, കരിമ്പുലി, കടുവപ്പുലി, പുള്ളിപ്പുലി, മഞ്ഞപ്പുലി, ഹിമപ്പുലി മുതൽ ഇവയുടെയെല്ലാം കുട്ടികളും, കൊച്ചു കുഞ്ഞുങ്ങളും വരെ ഇവിടെയെത്തുക പതിവാണ്. ഒരുപക്ഷേ, ഇത്രയധികം പുലിയിനങ്ങൾ കാട്ടിൽ പോലും കണ്ടെന്നു വരില്ല. എൽ.ഇ.ഡി പുലികൾക്കും, മിന്നിത്തിളങ്ങുന്ന ഫ്ലൂറസൻ്റ് പുലികൾക്കും, മേലാസകലം അഗ്നിജ്വാലകൾ ഉയർത്തി തലകീഴായ് മറിഞ്ഞു മുന്നോട്ടു നീങ്ങുന്ന 'സർക്കസ്' പുലികൾക്കും തൃശ്ശൂരിൽ വംശനാശമില്ല. കുട്ടിയെ കടിച്ചുപിടിച്ച തള്ളപ്പുലി, മാൻ കിടാവിനെ കടിച്ചുപിടിച്ച തെങ്ങോലവരയൻ പുലി, മലമ്പാമ്പിനെ കീഴടക്കിയ ശൂരപ്പുലി മുതലായ ഒട്ടനവധി സങ്കര ഇനങ്ങളും പ്രേക്ഷകരെ കിടിലം കൊള്ളിയ്ക്കുന്നു!
2016-ൽ, ആദ്യമായി മൂന്നു പെൺപുലികൾ ശക്തൻ തമ്പുരാൻ്റെ രാജവീഥികളിൽ തിമിർത്താടിയതോടെ, പുലിക്കളിയ്ക്ക് അതുവരെ ഉണ്ടായിരുന്ന ഒരു കുറവ് നികത്തപ്പെട്ടു. വിയ്യൂർ മടയിൽനിന്നെത്തിയ വിനയയും, സക്കീനയും, ദിവ്യയും റൗണ്ടിലെത്തി പുലിനൃത്തമാടി. വീക്ക് ചെണ്ടയും, ഉരുട്ട് ചെണ്ടയും, ഇലത്താളവും സൃഷ്ടിച്ച മാസ്മരികമായ പുലിക്കൊട്ടിനൊത്ത്, തൃശ്ശൂർ രാമവർമപുരം പോലീസ് അക്കാഡമിയിലെ എ.എസ്.ഐ-യും, കോഴിക്കോട്ടെ ഫേഷൻ ഡിസൈനറും, നിലമ്പൂരിലെ ഹൈസ്‌കൂൾ അധ്യാപികയും ചുവടുവച്ചു കയറിയത് ജനഹൃദയങ്ങളിലേക്കു മാത്രമായിരുന്നില്ല, ചരിത്രത്തിലേക്കും കൂടിയായിരുന്നു! തുടർന്ന് പുലിക്കളിയിൽ പെൺസാന്നിദ്ധ്യം ഒരു പതിവായി മാറി.
വിയ്യൂർ മടയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്, മറ്റു ട്രൂപ്പുകാരും തുടർവർഷങ്ങളിൽ പെൺപുലികളെയിറക്കി. 2019-ൽ, വിയ്യൂർ തന്നെ വീണ്ടും മൂന്നു പെൺപുലികളുമായി റൗണ്ടിലെത്തി. അതിലൊരാളായ പാർവ്വതി നായർ ദൃശ്യ-അച്ചടി മാധ്യമങ്ങൾക്ക് 'വൈറൽ' വിരുന്നുമായി.
നൃത്തത്തിനിടയിൽ സ്ത്രീകൾക്കുള്ള പ്രത്യേക പുലിമുഖാവരണം തലയിലേക്കു മടക്കിവെച്ച്, സകലർക്കും ചിരി സമ്മാനിച്ചിരുന്ന പാർവ്വതി, പുലിയല്ല 'പുപ്പുലി' ആയി മാറിയ കഥ ഇന്നും സജീവമായി ചർച്ച ചെയ്യപ്പെടുന്നു!
ആദ്യമായി ഒരു കുട്ടിപ്പുലിയെ റൗണ്ടിലിറക്കി, പുതിയൊരു ട്രെൻഡ് സൃഷ്ടിച്ചത് ഈയിടെ അന്തരിച്ച കോനിക്കര ഗിരീഷ് എന്ന കലാകാരനായിരുന്നു. 2009-ൽ, ഗിരീഷും മകൻ രാഹുലും 'അച്ഛൻ-പുലി-മകൻ-പുലി' കെട്ടിയാടിയത് പ്രേക്ഷകരിൽ വൻ കൗതുകമാണ് ഉണർത്തിയത്. സ്ത്രീ സാന്നിദ്ധ്യം പുലിക്കളിയിലെ ആകർഷണമാകുന്നതിന് ഏഴു വർഷം മുന്നെയാണ് ഒമ്പതു വയസ്സുകാരൻ രാഹുൽ കുട്ടിപ്പുലി വേഷമണിഞ്ഞ് പുലിപ്പിതാവുമൊത്ത് നൃത്തം ചെയ്ത് പ്രേക്ഷകരെ കുളിരണിയിച്ചത്.
പുലി വേഷമിടുന്ന ഒരു കലാകാരനു വേണ്ട പ്രഥമ യോഗ്യത കുടവയറാണ്. ബൃഹത്തായ ഉദരപ്പുറത്താണ് മേൻമയേറിയ വരകൾ അരങ്ങേറുന്നത്. അയാൾക്ക് ലഭിയ്ക്കുന്ന പ്രതിഫലം കർശനമായും വയർ മുഴുപ്പിന് ആനുപാതികവുമാണ്. മുഖാവരണം റെഡി-മേഡ് മാസ്ക് മാത്രമായതിനാൽ, അതത്ര തലപുകയുന്ന കാര്യമേയല്ല. എന്നാൽ, മെയ്യെഴുത്തു കലയുടെ ഏറ്റവും മുന്തിയ മാതൃകയായി കരുതപ്പെടുന്നത് വയറ്റത്ത് വരച്ചുണ്ടാക്കുന്ന പുലിത്തലയാണ്. അതാണ് തൃശ്ശൂർ പുലിയുടെ വാഴ്ത്തപ്പെട്ട മുഖം!
ഇരയെ കടിച്ചു കീറാനുള്ള നീണ്ടു കൂർത്ത പല്ലുകളും, പുറത്തേയ്ക്ക് ഞാണ്ടു കിടക്കുന്ന ചോരച്ച നാക്കും, മിന്നിത്തിളങ്ങുന്ന കണ്ണുകളും, പ്രൗഢമായ നാസികയും, ശൗര്യത്തിൽ ഉയർന്നു നിൽക്കുന്ന മീശരോമങ്ങളും ഉൾപ്പെടുന്ന വ്യാഘ്രമുഖം ചേലോടെ രചിക്കാൻ വേണ്ടത്ര ഇടം വയറിന്മേൽ വേണം.
ഒരു പുലിയെങ്കിലും പങ്കുകൊള്ളാത്ത പൊതു ആഘോഷങ്ങളോ, ഘോഷയാത്രകളോ, ഉൽഘാടനങ്ങളോ, പ്രചരണ പരിപാടികളോ, ആഡംബര വിവാഹങ്ങളോ സാധ്യമല്ലാത്തൊരു കാലത്തെയാണ് കോവിഡ് സമഗ്രമായി ഗ്രഹിച്ചുകളഞ്ഞത്. പകർച്ചവ്യാധിക്കാലത്ത് പുലികലാകാരന്മാരുടെ അതിജീവനവും അതിനാൽ ലോക്ഡൗണിലായിരുന്നു. തുടങ്ങിയതിൽ പിന്നെ തുടർച്ച അവകാശപ്പെടാൻ കഴിയുന്ന തികച്ചും വിഭിന്നമായൊരു ആവിഷ്കാര കലാശാഖയാണ് പുലിക്കളി. മഹാമാരി മൂലം കഴിഞ്ഞ രണ്ട് ഓണങ്ങൾക്കും, പ്രളയം സംസ്ഥാനത്തെ മുൾമുനയിൽ നിറുത്തിയതിനാൽ 2018-ലും മാത്രമേ പുലികൾ സ്വരാജ് റൗണ്ടിൽ എത്താതിരുന്നിട്ടുള്ളൂ.
കസ്റ്റമേഴ്സിനെ ആകർഷിയ്ക്കാൻ, ഷോപ്പിങ്ങ് മാളുകളിലും, തുണിക്കടകളുടെയും സ്വർണ്ണക്കടകളുടെയും മുൻവശത്തും, ഒറ്റയാൻ പുലികൾ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
ഒരൊറ്റ ദിവസത്തെ പരിപാടിയാണ് സ്വരാജ് റൗണ്ടിലെ പുലിക്കളിയെങ്കിലും, അതിനു പുറകിൽ ഒട്ടേറെ കലാകാരന്മാരുടെയും സംഘാടകരുടെയും നാലഞ്ചുമാസത്തെ കഠിനാദ്ധ്വാനമുണ്ട്. പലർക്കും അത് ഇത്രയും കാലത്തെ വരുമാന മാർഗ്ഗവുമാണ്.
അമ്പത്തൊന്നു പുലികളും, അത്രതന്നെ പുലിക്കൊട്ടുകാരും, തുറന്ന ട്രക്കുകളിൽ ചുരുങ്ങിയത് മൂന്നു വൻ ടേബ്ലോകളും, പിൻതുണയ്ക്കും സേവനങ്ങൾക്കുമായി മുപ്പത്തഞ്ച് സംഘാടകരുമാണ് റൗണ്ടിലെത്തുന്ന ഒരു ട്രൂപ്പിലെ മുന്നണിക്കാർ. അമ്മിക്കല്ലുകളിൽ ചായം അരച്ചുണ്ടാക്കുന്നവരും, മെയ്യെഴുത്ത് കലാകാരന്മാരുമുൾപ്പെടെ പത്തറുപതു പേർ അണിയറയിലും അത്യാശ്യമാണ്. എല്ലാം നടക്കുന്നത് നഗരസഭയുടെ മേൽനോട്ടത്തിൽ. പുലിക്കൊട്ട് അതിൻ്റെ ആ മനോഹാരിയായ ശ്രുതിയിൽ തന്നെ ആയിരിക്കണമെന്നും, പഞ്ചാരിയിലേക്കോ, ശിങ്കാരിയിലേക്കോ വഴുതി വീഴരുതെന്നും വരെയുള്ള സൂക്ഷ്മമായ കാര്യങ്ങൾക്ക് നിർദ്ദേശങ്ങളുണ്ട്.
മികച്ച പുലിനൃത്തം, പുലിവേഷം, പുലിക്കൊട്ട്, മെയ്യെഴുത്ത്, നിശ്ചലദൃശ്യം, പുലിച്ചമയ പ്രദർശനം, അച്ചടക്കം മുതലായവയ്ക്കാണ് പുരസ്കാരങ്ങളുള്ളത്. അച്ചടക്കം വിലയിരുത്തുന്നത് കേരള പോലീസും, ബാക്കിയുള്ളവയുടെ മൂല്യനിർണ്ണയം ലളിതകലാ അക്കാദമിയിൽ നിന്നെത്തുന്ന മുതിർന്ന കലാകാരന്മാരുമാണ് നിർവഹിക്കുന്നത്.
നായ്ക്കനാൽ, വിയ്യൂർ ദേശം, വിയ്യൂർ സെൻ്റർ, കോട്ടപ്പുറം ദേശം, കോട്ടപ്പുറം സെൻ്റർ, അയ്യന്തോൾ ദേശം, തൃക്കുമാരകുടം, പൂങ്കുന്നം, പാട്ടുരായിക്കൽ, കൊക്കാല, കുട്ടൻകുളങ്ങര, മൈലിപ്പാടം, ചെമ്പൂക്കാവ്, പെരിങ്ങാവ് മുതലായവയാണ് പേരെടുത്ത മറ്റു പുലിമടകൾ. അത്ര ദൂരെയല്ലാത്ത കാലത്ത് പതിനെട്ടു മടകളിൽ നിന്നുവരെ പുലിക്കൂട്ടങ്ങൾ ഇറങ്ങിയിരുന്നെങ്കിലും, 2019 എത്തുമ്പോഴേക്കും അത് എട്ടു ട്രൂപ്പുകളായി ചുരുങ്ങി. സാമ്പത്തിക ഞെരുക്കം തന്നെ കാരണം. ഒരു പുലിക്കൂട്ടത്തെ ഇറക്കാൻ ചുരുങ്ങിയത് 15 ലക്ഷം രൂപ ചിലവുണ്ട്.
KTDC-യുടെ ടൂറിസം വാരാഘോഷത്തിൻ്റെ സമാപനമാണ് തൃശ്ശൂരിലെ പുലിക്കളി. പക്ഷെ, KTDC-യിൽ നിന്ന് വാഗ്ദാനങ്ങളല്ലാതെ ധനസഹായങ്ങളൊന്നും ലഭിയ്ക്കാറില്ലെന്ന് ഭാരവാഹികൾ പരാതിപ്പെടുന്നു. കോർപ്പറേഷൻ തരുന്ന ചെറിയൊരു സംഖ്യയൊഴിച്ചു ബാക്കിയുള്ളതെല്ലാം ഓരോ മടയുടെയും സംഘാടകർ പൊതുജനങ്ങളിൽ നിന്ന് പിരിച്ചുണ്ടാക്കണം. ഒടുവിൽ പുലിക്കളി അരങ്ങേറിയ 2019-ൽ, വലിയ സാമ്പത്തിക ബാധ്യതയാണ് മടകളുടെ ഭാരവാഹികൾക്ക് ഏറ്റെടുക്കേണ്ടിവന്നത്.
പ്രളയാനന്തരം കൊറോണയുമെത്തി. കച്ചവട മേഖല ഗുരുതരമായ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഈ വർഷത്തെ പുലിക്കളിയെത്തുന്നത്. വ്യാപാര മേഖല ആകെ തകർന്നിരിക്കുന്നതിനാൽ ആരിൽ നിന്നും കാര്യമായ സംഭാവനയൊന്നും ലഭിക്കാനിടയില്ല. പുലിക്കളിയിൽ നിന്ന് ചില മടകൾ പിൻവാങ്ങുകയാണെന്നും വാർത്തകളുണ്ട്.
പുലിക്കളിയ്ക്ക് തുടക്കമിട്ടത് ആരായിരുന്നാലും, തുടങ്ങിവെച്ചത് നിലനിർത്തി കൊണ്ടുപോകാനാണ് കലാസ്നേഹികൾ ഇന്ന് പ്രയത്നിക്കേണ്ടത്. ഈ വന്യനൃത്തം ശക്തൻ്റെ ആശയമെന്നു നിരൂപിയ്ക്കാൻ മതിയായ തെളിവുകളില്ലെങ്കിലും, ഒരു കാര്യത്തിൽ വ്യക്തതയുണ്ട്. അറുപത്തഞ്ചേക്കർ വിസ്തീർണ്ണമുള്ള ഒരിടത്ത് നിലകൊള്ളുന്ന വടക്കുംനാഥൻ ക്ഷേത്രം കേന്ദ്രമാക്കി, ചുറ്റുപാടും രണ്ടു കിലോമീറ്റർ ചുറ്റളവുള്ളൊരു രാജവീഥിയും, അതിൽ നഗരത്തിലെ 19 പാതകളെ ബന്ധിപ്പിക്കുയും ചെയ്ത്, അത്യന്തം ശ്രദ്ധേയമായൊരു വേദി പുലിക്കളി അരങ്ങേറാൻ ഒരുക്കിവച്ചത് ശക്തൻ തമ്പുരാനാണ്. അദ്ദേഹം കേരളം കണ്ട ഏറ്റവും പ്രഗൽഭനായ സിറ്റി പ്ലാനർ!
0MAN PULIKALI